•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

കേരളമക്കളുടെ ജീവന് ആരു കണക്കുപറയും?

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 18 June , 2020

രാജ്യത്തിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് കഴിഞ്ഞമാസം മുപ്പതിന് വയനാട്ടിലുണ്ടായത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ തുടച്ചുനീക്കിയ വന്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ കൃത്യമായി തിട്ടപ്പെടുത്താന്‍പോലും (നാനൂറിലധികമെന്നു മാധ്യമറിപ്പോര്‍ട്ടുകള്‍) നമുക്കായിട്ടില്ല.
     പ്രകൃതിയുടെ ഭീകരതാണ്ഡവം വയനാടന്‍ജനതയെ വല്ലാതെ ഉലച്ചിരിക്കുകയാണ്. അതിരൂക്ഷ ഉരുള്‍പൊട്ടല്‍സാധ്യതകളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മലയോരമേഖലയില്‍ മാത്രമല്ല, കേരളത്തിലെ ജനമനസ്സുകളിലാകെ ഭയം നിറഞ്ഞിരിക്കുകയാണ്. അതിതീവ്രമഴയും കാലാവസ്ഥാവ്യതിയാനവും ഭൂകമ്പസാധ്യതയുംനിമിത്തം ഭയത്തിന്റെ ഇരുട്ടറയില്‍ ദിനരാത്രങ്ങള്‍ തള്ളിവിടുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകുകയാണ്.
അതിനിടയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആയുസ്സിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ഊഹാപോഹങ്ങളും കൊഴുക്കുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും വിലകല്പിക്കാന്‍, സുരക്ഷയൊരുക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കോ കോടതിക്കുപോലുമോ സാധിക്കുന്നില്ലേയെന്ന് ഹൃദയംനുറുങ്ങി ചോദിക്കുന്ന 35 ലക്ഷത്തോളം കേരളീയരുടെ നിസ്സഹായതയുടെ ചരിത്രഗാഥകൂടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനുള്ളത്. 
    അമേരിക്കന്‍ പത്രമായ 'ന്യൂയോര്‍ക്ക് ടൈംസ്' 2023 സെപ്റ്റംബര്‍ 17 ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ളതും ഭൂകമ്പമേഖലയിലുള്ളതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ എടുത്തുപറഞ്ഞത്. 2023 സെപ്റ്റംബര്‍ 10 ന് രാത്രിയിലുണ്ടായ കനത്ത മഴയില്‍ ലിബിയയിലെ വാഡി, ഡെര്‍ണ ഡാമുകള്‍ തകര്‍ന്ന് 12,000 പേര്‍ മരിക്കുകയും 10,000 പേരെ കാണാതാവുകയും ചെയ്തത് മുന്‍കൂട്ടി അറിയാനും തടയാനും കഴിയുമായിരുന്നു എന്നാണ് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്ത് പലയിടത്തും സമാനദുരന്തങ്ങള്‍ കാത്തിരിപ്പുണ്ടെന്നു പറഞ്ഞതിന്റെ കൂട്ടത്തിലാണ് നിര്‍മാണസാമഗ്രികളുടെ ശോഷണംമൂലം ഒരു കല്‍ക്കെട്ടുമാത്രമായി മാറിയ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചത്.
    തുംഗഭദ്രഡാമിന്റെ ഷട്ടര്‍ കഴിഞ്ഞയാഴ്ച തകരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാര്‍ സുരക്ഷിതമോ എന്നത് അതീവഗൗരവത്തോടെ കേരളം ചര്‍ച്ച ചെയ്യുന്നത്. സിമന്റു ചേര്‍ത്ത കോണ്‍ക്രീറ്റിന്റെ ഉപയോഗം പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ഇഷ്ടികപ്പൊടിയും മണലും ചുണ്ണാമ്പുകല്ലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ച രാജ്യത്തെ രണ്ടുവലിയ അണക്കെട്ടുകളാണ് മുല്ലപ്പെരിയാറും തുംഗഭദ്രയും.
   1895 ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ ഡാം 999 വര്‍ഷത്തേക്ക് തമിഴ്‌നാടിന് പാട്ടത്തിനു കൊടുത്താണ് കരാര്‍ എഴുതിയിരിക്കുന്നത്. 50 വര്‍ഷം മാത്രം ആയുസ്സു കല്പിക്കപ്പെട്ട അണക്കെട്ടിനു 999 വര്‍ഷത്തെ കരാര്‍! വിചിത്രമെന്നല്ലാതെ എന്തുപറയാന്‍! പെരിയാര്‍ പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നതിനാല്‍ അണക്കെട്ടിന്റെ കരാറില്‍ അന്നത്തെ ഭരണാധികാരിയെന്ന നിലയില്‍ വിശാഖം തിരുനാള്‍ രാമവര്‍മ ഒപ്പിടണമായിരുന്നു. പെരിയാര്‍ ലീസ് എഗ്രിമെന്റിനോട് വിയോജിപ്പുണ്ടായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്പിക്കുകയായിരുന്നു. 'എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാന്‍ ഒപ്പുവയ്ക്കുന്നത്' എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ചു പ്രതികരിച്ചത്. 99 വര്‍ഷത്തേക്കുള്ള ഉടമ്പടിയാണെന്നു മഹാരാജാവിനെ തെറ്റിധരിപ്പിക്കുകയും പിന്നീടെപ്പോഴോ ഒരു '9' കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിചിത്രമെന്നു പറയട്ടെ, 1970 മേയ് 29 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍, കേരളത്തിന്റെ ശാപമായി മാറിയ 1886 ഒക്‌ടോബര്‍ 29 ലെ കരാര്‍ പുതുക്കിക്കൊടുത്ത് ഒപ്പിട്ടതുവഴി പരാജയങ്ങളുടെ ഒരു പുതുയുഗം പിറവികൊള്ളുകയായിരുന്നു. പഴയ വ്യവസ്ഥകള്‍ നിലനിര്‍ത്തുകയും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുമതി പുതിയ കരാറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണു ദയനീയം. 
  അതേസമയം, സ്വാതന്ത്ര്യലബ്ധിയോടെ ബ്രിട്ടീഷ് സര്‍ക്കാരും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുമായുള്ള എല്ലാ പാട്ടക്കരാറുകളും റദ്ദുചെയ്തതായി 'ഇന്ത്യ ഇന്‍ഡിപെന്‍ഡന്റ് ആക്ട്' ഉദ്ധരിച്ചു വാദിക്കുന്നവരുണ്ട്. മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂറും ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെ 1886 ലെ പെരിയാര്‍ ലീസ് കരാറിനു സാധുതയില്ലെന്നും ഇവര്‍ സമര്‍ഥിക്കുന്നു. സുപ്രീംകോടതി അടിസ്ഥാനസ്വഭാവമുള്ള ഇത്തരം വാദമുഖങ്ങള്‍ ഉള്‍പ്പെടെ  സൂക്ഷ്മമായി വിലയിരുത്തുന്ന സമയമാണിത്.
തര്‍ക്കവിതര്‍ക്കങ്ങള്‍ ചൂടുപിടിക്കുമ്പോഴും സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള അമിതമായ ആശങ്കകള്‍ തള്ളിക്കളയുകയാണ്. മുല്ലപ്പെരിയാറിലേത് ഗ്രാവിറ്റി ഡാമാണ്. അടിയില്‍ വീതി വളരെ കൂടുതലും മുകളിലേക്കു വീതി കുറഞ്ഞതുമായ ഭാരാശ്രിതനിര്‍മാണരീതിയാണിത്. വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗം കുത്തനെയും മറുഭാഗം ചെരിഞ്ഞുമാണ്. ഡാമിന്റെ വലിയ ഭാരത്തെ തള്ളിമാറ്റാന്‍ മറുഭാഗത്തെ വെള്ളത്തിന്റെ കുറഞ്ഞബലത്തിനു കഴിയില്ലെന്ന ഫിസിക്‌സിലെ തത്ത്വമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സുര്‍ക്കി മിശ്രിതം കാലക്രമേണ ഇളകിപ്പോയതിനാല്‍, കോണ്‍ക്രീറ്റുപയോഗിച്ചു ഡാം ബലപ്പെടുത്തി. ഉരുക്കുകേബിള്‍ ഉപയോഗിച്ച് വെള്ളത്തിനടിയിലെ പാറയും ഡാമിന്റെ മുകളിലെ കോണ്‍ക്രീറ്റും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഡാമിന്റെ തറവിസ്തീര്‍ണം കൂടിയിട്ടുണ്ട് എന്നതും അമിതമായി ഉത്കണ്ഠ വേണ്ടെന്നു പറയുന്നവരുടെ വാദമുഖങ്ങളാണ്. 
ഒരു മനുഷ്യനിര്‍മിതിയും അനന്തകാലത്തേക്കു നിലനില്ക്കുന്നതല്ല. അതിനാല്‍, ഗൃഹപാഠം ചെയ്യാതെ കേരളം ഇനിയും കോടതിവരാന്തകള്‍ കയറിയിറങ്ങരുത്. ''തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും'' എന്ന ഫോര്‍മുല പ്രായോഗികമായ ഒരു പരിഹാരംതന്നെയാണ്. കോടതിവിധിക്കായി നമുക്കിനിയും കാത്തിരിക്കാനാവില്ല. പ്രശ്‌നത്തിനു വേണ്ടത് നിയമപരമെന്നതിനെക്കാള്‍ രാഷ്ട്രീയമായ പരിഹാരമാണ്. കേരള - തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ ഒരുമിച്ചിരുന്നാല്‍ തീരുന്ന പ്രശ്‌മേയുള്ളൂ ഇത്. പുതിയ ഡാം പണിത് തമിഴ്‌നാടിനു തുടര്‍ന്നും വെള്ളമുറപ്പാക്കുന്ന ചര്‍ച്ചകള്‍ക്കു തടയണ കെട്ടേണ്ടതില്ല. ഇരുസര്‍ക്കാരുകളും ഇന്ത്യാസഖ്യത്തിന്റെ ഭാഗമായിരിക്കേ, സഹകരണാധിഷ്ഠിത ഫെഡറലിസത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാന്‍ സഖ്യം നേതൃത്വം കൊടുക്കാന്‍ തയ്യാറാകുന്ന കാലം വിദൂരമല്ലെന്നു പ്രത്യാശിക്കാം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)