•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

നമ്മള്‍ ഒന്നാണ്

ലയാളിയെ സംബന്ധിച്ചിടത്തോളം ഓണം എന്നത് അനുഭൂതിദായകവും ആനന്ദസംദായകവുമായ ഒരു ജീവിതാവസ്ഥയുടെ ഓര്‍മപ്പെരുന്നാളാണ്. ജാതി, മത, വര്‍ണ, വര്‍ഗ, ദേശ, കാലഭേദങ്ങള്‍ക്കതീതമായി മനുഷ്യരെല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന ഒരു ഭൂതകാലത്തിന്റെ സ്വപ്‌നാടനം. മനുഷ്യരെല്ലാവരും ഒരുമിച്ചുജീവിക്കേണ്ടതിന്റെ ഏറ്റവും വലിയ അനിവാര്യതയെ കൂടെക്കൂടെ നമ്മെ മധുരോദാരമാംവിധം ഓര്‍മിപ്പിക്കുന്ന അനുഭൂതിവിശേഷം. ഇങ്ങനെയൊന്ന് കേരളത്തില്‍ നമ്മള്‍ കൊണ്ടാടുമ്പോള്‍ ഇന്ത്യയില്‍ത്തന്നെ ഇത്രയേറെ മനുഷ്യരെ സംയോജിപ്പിക്കുന്ന മറ്റൊരു ദേശീയോത്സവം ഉണ്ടോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. മാവേലി എന്നൊരാള്‍ ജീവിച്ചിരുന്നെന്നോ ഇല്ലെന്നോ എന്തുമാകട്ടെ തര്‍ക്കം. ഒരു കാര്യം വളരെ വ്യക്തമാണ്: വേല ചെയ്യുന്ന, വിയര്‍പ്പൊഴുക്കുന്ന മനുഷ്യര്‍, അവര്‍ക്കു സ്വപ്‌നം കാണാനും ഒരുമിച്ചു ജീവിക്കാനും കഴിയുന്ന ഒരു നല്ല കാലത്തിന്റെ ഓര്‍മ - അത് നമുക്കു വരാനിരിക്കുന്ന കാലഘട്ടത്തിലേക്കും ഒരുമിച്ചുജീവിക്കാനുള്ള ഏറ്റവും വലിയ സന്ദേശമായിത്തീരുകയാണു ചെയ്യേണ്ടത്. 
    കാര്‍ഷികസംസ്‌കൃതിയുടെ മഹിതമായ കാഴ്ചപ്പുറങ്ങള്‍ അനുഭൂതിദായകമായി നമ്മെ അനുഭവിപ്പിക്കുന്ന ജില്ല കേരളത്തില്‍ മറ്റേതിനെക്കാളും നിശ്ചയമായും കോട്ടയമാണ്. ജാതി, മതം, വര്‍ണം, വര്‍ഗം ഇവയ്‌ക്കെല്ലാമതീതമായി മാനുഷരെല്ലാരും ഒന്നുപോലെ കഴിയുന്ന ഒരു ദേശം. ഇവിടെ ജനിക്കാന്‍ കഴിഞ്ഞതില്‍, ഒരു മലയാളിയായി വളരാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനവും സന്തോഷവും തോന്നിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ പോകുകയും അവിടുത്തെ മനുഷ്യരുമായി പരിചയപ്പെടുകയുമൊക്കെ ചെയ്യുമ്പോള്‍ വളരെ അഭിമാനകരമായ ഒരു കലാസാംസ്‌കാരികപാരമ്പര്യം മലയാളിക്ക്എല്ലാ കാലത്തും ഉണ്ടാകാറുണ്ടല്ലോ.
അതു കാര്‍ഷികസംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് എന്നുള്ളത് നിസ്തര്‍ക്കമായ കാര്യമാണ്.
  ഉഴുതുമറിക്കുവിന്‍
  ഉഴുതുമറിക്കുവിന്‍
  ഉഴവന്മാരേ താഴ്‌വരകള്‍
  ഇവിടെ വിതയ്ക്കുവിന്‍
  ഇവിടെ വിതയ്ക്കുവിന്‍
  ഇനിയ ഫലങ്ങള്‍ വിളയിക്കാന്‍
    ഇങ്ങനെയുള്ള കവിതകള്‍ ഒരു കാലഘട്ടത്തില്‍  മലയാളദേശത്തു സജീവമായിരുന്നു. 
    ഓണത്തോടനുബന്ധിച്ച് ഓരോ ദിനപത്രവും വിശേഷാല്‍പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ പതിപ്പുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ ഭൂതകാലജീവിതത്തിന്റെ നന്മകളെ സ്വപ്‌നംകാണുന്ന ഒരു കാലഘട്ടത്തെ കുറിക്കുന്നു എന്നത് അഭിമാനകരമാണ്. പാഴ്‌സിയെന്നോ ജൂതനെന്നോ ജൈനനെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ ഹിന്ദുവെന്നോ ഉള്ള വിഭാഗീയതകള്‍ ഒന്നുമില്ലാതെ വിയര്‍പ്പാണു പരമമായ സത്യം, മനുഷ്യസ്‌നേഹമാണ് ഏറ്റവും വലിയ സന്ദേശം എന്ന് നമ്മെ ഓര്‍മിപ്പിച്ചുകൊണ്ട് ഓണം ഓരോ വര്‍ഷവും ഒരുമിച്ചുജീവിക്കാനുള്ള ഏറ്റവും വലിയ പ്രേരകശക്തിയായി മാറുന്നു. കുട്ടികള്‍ ഊഞ്ഞാലില്‍ ആടിത്തിമിര്‍ക്കുന്നതും കളിച്ചുരസിക്കുന്നതും വീട്ടിലും നാട്ടിലും ഉള്ളതെല്ലാം വച്ചുപെറുക്കി മനോഹരമായ സദ്യ ഒരുക്കുന്നതും മലയാളികള്‍ക്ക് ആവേശമുള്ള കാര്യമാണ്.
   ഓണവും വിഷുവും ക്രിസ്തുമസും ദീപാവലിയും എല്ലാം പരസ്പരം പങ്കിട്ട്  
സ്‌നേഹത്തിന്റെ മഹാസന്ദേശം ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമാക്കി മാറ്റുകയാണല്ലോ നമ്മള്‍ ചെയ്യുന്നത്. 
    കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം' എന്ന മഹാബലിയെക്കുറിച്ചുള്ള പാട്ട്, മഹാബലി വാണിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചുള്ള കവിതകള്‍, നാടകങ്ങള്‍, മറ്റുതരത്തിലുള്ള കലാപരിപാടികള്‍ എല്ലാം ചേര്‍ന്ന് നമ്മളൊന്ന് എന്ന സന്ദേശം ലോകത്തിന്റെ മുമ്പില്‍ അഭിമാനത്തോടെ കാഴ്ചവയ്ക്കുകയാണു മലയാളി. അതുകൊണ്ട്, മലയാളിയുടെ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അഭിമാനകരമായ ഒരു കാര്യമാണ്. കല്‍ക്കട്ടയിലും ബോംബെയിലും കേരളത്തില്‍ത്തന്നെയുള്ള മറ്റു ജില്ലകളിലും ഗള്‍ഫുരാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ഓണക്കാലത്തു കഴിയാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അവിടെയെല്ലാം ജാതിക്കും മതത്തിനും അതീതമായി മലയാളികള്‍ ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിയുന്നു എന്നുള്ളത് നമുക്ക് അഭിമാനവും സന്തോഷവും തരുന്നതാണ്. ജാതിയുടെയും മതത്തിന്റെയും മറ്റു വിഭാഗീയതയുടെയുമൊക്കെ പേരില്‍ നമ്മള്‍ ചേരിതിരിഞ്ഞു നില്ക്കാതിരിക്കുന്നുവോ, അഥവാ മനുഷ്യനെ പരസ്പരം ഭിന്നിപ്പിക്കുന്ന സ്വാധീനങ്ങളില്‍നിന്ന് അകന്നുമാറി നില്ക്കുന്നുവോ അവിടെയാണ് ഓണം നമുക്കു സന്ദേശമായിത്തീരുന്നത്. 
    മനുഷ്യര്‍ ഒന്നാണ് എന്നുള്ള സന്ദേശം മുന്നോട്ടുവയ്ക്കുന്നതിന് നിശ്ചയമായും ഇങ്ങനെ ഒരു അവസരം ഉണ്ടാക്കിത്തന്നതിന് ദീപനാളം എന്ന പ്രസിദ്ധീകരണത്തോട് എനിക്ക് ഉള്ളുതുറന്ന അഭിമാനവും ആനന്ദവുമുണ്ട്. ദീപനാളം കൃത്യമായി അയച്ചുതരുന്നത് വായിക്കാന്‍കൂടി കഴിയുന്നുവെന്നതാണ് എന്നെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന കാര്യം. സമകാലിക ജീവിതാവസ്ഥകളെ മുഴുവന്‍ അപ്രഗഥിച്ചുകൊണ്ട് അതില്‍നിന്നെല്ലാമുള്ള നന്മകളെ സ്വാംശീകരിക്കാന്‍ ദീപനാളം നമുക്കു വലിയ പ്രേരണയായിത്തീരുന്നുവെങ്കില്‍, അതു മലയാളക്കരയില്‍ സ്‌നേഹത്തിന്റെ കൊടിയടയാളമായിത്തന്നെ മാറുന്നുണ്ടെന്നു പറയുന്നതില്‍ അതിശയോക്തിയൊന്നുമില്ല. ഈയൊരു പുതിയ കാലഘട്ടത്തെ വരവേല്ക്കാന്‍, ഓണത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കാന്‍, പൂക്കളം നിര്‍മിക്കാന്‍, ഊഞ്ഞാലിലാടാന്‍, സദ്യയുണ്ണാന്‍, വള്ളം തുഴയാന്‍, ഗുസ്തി പിടിക്കാന്‍ അങ്ങനെ അത്തരം ആരോഗ്യകരമായ മുഴുവന്‍ മത്സരങ്ങളിലൂടെയും സാംസ്‌കാരികരംഗത്ത് ഒരു ഉഴുതുമറിക്കല്‍പ്രക്രിയയ്ക്കുള്ള കളമൊരുക്കലാണ് ഓരോ വര്‍ഷത്തെയും ഓണം നമുക്കു സംഭാവന ചെയ്യുന്നത്. ആ ഉഴുതുമറിക്കല്‍പ്രക്രിയയിലൂടെ അടിസ്ഥാനപരമായി നാം ലോകത്തിനു കൈമാറുന്ന സന്ദേശം നമ്മള്‍ ഒന്നാണ്  എന്നതുതന്നെയാണ്. 
     ഫാ. ഡാമിയന്‍, മൊളോക്കോയി ദ്വീപില്‍ച്ചെന്നു താമസിച്ച് കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാപ്രതിഭയായ ഒരു യതിവര്യന്‍ ആയിരുന്നുവല്ലോ.  അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി താരാശങ്കര്‍ ബാനര്‍ജി എന്ന ലോകപ്രസിദ്ധനായ ഇന്ത്യന്‍ നോവലിസ്റ്റ് ഒരു നോവല്‍ എഴുതിയിട്ടുണ്ട്: 'ഏഴുചുവട്'. ആ ബംഗാളി നോവലിനെ അധികരിച്ച് ഒരു സിനിമയും മലയാളത്തില്‍ വന്നു. 'സ്‌നേഹദീപമേ മിഴിതുറക്കൂ' എന്നാണ് അതിന്റെ പേര്. ആ സിനിമയിലെ ഒരു പാട്ടില്‍ ആവര്‍ത്തിച്ചുപറയുന്നത് 'ലോകം മുഴുവന്‍ സുഖംപകരാനായി സ്‌നേഹദീപമേ മിഴിതുറക്കൂ' എന്നാണ്. ഫാ. ഡാമിയന്റെ ചിന്ത മഹാബലിയുടെ ചിന്തകള്‍ക്കൊപ്പം ചേര്‍ത്തുവായിക്കുന്നിടത്താണ് മലയാളിയുടെ മഹത്ത്വപൂര്‍ണമായ മനസ്സിന്റെ മഹാശോഭ നമ്മള്‍ അറിയുന്നത്. 
   തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി മുറിഞ്ഞുകിടന്നിരുന്ന കേരളം ഒന്നായിത്തീര്‍ന്നത് നമുക്കേവര്‍ക്കും അഭിമാനമുള്ള കാര്യമാണല്ലോ. ഒരമ്മപെറ്റ മക്കളെപ്പോലെ ആളുകള്‍ പുലരുന്ന ഈ ദേശത്തെക്കുറിച്ചാണ് ഒ.എന്‍.വി. എഴുതിയത്:
മൂന്നുകോണില്‍ നിന്നുവന്നേ
ഇന്നലെ നാം പാടിയല്ലോ 
നമ്മളൊന്നാണേ
പാടാം നമ്മളൊന്നാണേ.
ഓണക്കാലത്തുമാത്രമല്ല എക്കാലവും ഒരുമയോടെ ജീവിക്കാന്‍ നമുക്കു പ്രേരകമായിത്തീരട്ടെ എന്ന പ്രാര്‍ഥനയോടെ, ഒറ്റമനസ്സോടെ  സ്‌നേഹത്തിന്റെ രഥങ്ങളിലേറി അതിന്റെ പതാകവാഹകരായിത്തീരുന്നതിന് മുഴുവനാളുകള്‍ക്കും കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്, ദീപനാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും എന്റെ ഹൃദയപൂര്‍വമായ ഓണാശംസകള്‍ നേരുന്നു. 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)