•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

മണിപ്പുര്‍ വീണ്ടും പുകയുമ്പോള്‍

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 19 September , 2024

രാജ്യത്തിന്റെ വടക്കുകിഴക്കന്‍മേഖലയിലുള്ള മണിപ്പുര്‍സംസ്ഥാനം മനുഷ്യമനഃസാക്ഷിയുടെ ഉള്ളുലയ്ക്കാന്‍ തുടങ്ങിട്ട് ഒന്നരവര്‍ഷമായി. കഴിഞ്ഞ 16 മാസമായി സമാധാനമെന്തെന്നറിഞ്ഞിട്ടില്ലാത്ത ആ സംസ്ഥാനത്തു വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. മെയ്‌തെയ്കളും കുക്കികളും കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമുട്ടലിനു ഡ്രോണുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ഉപയോഗിച്ചതോടെ അതിര്‍ത്തികളില്‍ താമസിക്കുന്നവരുള്‍പ്പെടെ കടുത്ത ഭീതിയിലാണ്. ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അരങ്ങേറുന്നത് മണിപ്പുരില്‍ ഇതാദ്യമാണ്.
   രാജ്യം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ കലാപത്തില്‍ ഔദ്യോഗികകണക്കനുസരിച്ചുതന്നെ 225 പേര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ അറിയിച്ച കണക്കനുസരിച്ച്, കലാപത്തില്‍ 59,564 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 11,133 വീടുകള്‍ അഗ്നിക്കിരയാക്കി. പലയിടങ്ങളിലും മെയ്‌തെയ് - കുക്കി വിഭാഗങ്ങള്‍ തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്ക്കുന്നതു മണിപ്പുരില്‍മാത്രമല്ല, രാജ്യമൊട്ടാകെ ആശങ്ക പരത്തിയിരിക്കുകയാണ്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതും സംഘര്‍ഷാവസ്ഥയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
   മെയ്‌തെയ്, കുക്കിവിഭാഗങ്ങള്‍ തമ്മിലുള്ള വംശീയകലാപത്തിന് 2023 മേയ് മൂന്നിനാണ് തുടക്കംകുറിച്ചത്. മണിപ്പുര്‍ താഴ്‌വരയിലെ പ്രബലവിഭാഗമായ മെയ്‌തെയ്കള്‍ക്ക് പട്ടികവര്‍ഗപദവി കൊടുക്കുന്നതിനെക്കുറിച്ചുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം പുകഞ്ഞുതുടങ്ങിയത്. ജനസംഖ്യയില്‍ 53 ശതമാനം വരുന്ന ഇവര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസുകളിലും രാഷ്ട്രീയത്തിലുമെല്ലാം സ്വാധീനമുള്ളത്. ഇപ്പോള്‍ ഒബിസി വിഭാഗത്തിലുള്ള മെയ്‌തെയ്കളാണ് മണിപ്പുര്‍ നിയമസഭയിലും ഭൂരിപക്ഷം. മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള അനധികൃതകുടിയേറ്റം താഴ്‌വരകളിലെ സമാധാനം തകര്‍ത്തെന്നും ജീവിതവും സംസ്‌കാരവും സ്വത്വവും നിലനിര്‍ത്താന്‍ ഗോത്രവിഭാഗങ്ങള്‍ക്കുള്ളതുപോലെ പ്രത്യേക പരിരക്ഷ തങ്ങള്‍ക്കു വേണമെന്നുമായിരുന്നു മെയ്‌തെയ്കളുടെ ആവശ്യം.
   മണിപ്പുരിലെ മലനിരകളില്‍ താമസിക്കുന്നവരാണ് നാഗാവംശജരും കുക്കിവംശജരും. ഇവര്‍ ജനസംഖ്യയുടെ 40 ശതമാനത്തോളമാണുള്ളത്. മെയ്‌തെയ്കള്‍ക്ക് പട്ടികവര്‍ഗപദവി നല്കുന്നതോടെ പര്‍വതമേഖലയില്‍ കഴിയുന്ന ഗോത്രവിഭാഗങ്ങള്‍ക്കു സംവരണാനുകൂല്യം നഷ്ടപ്പെടുമെന്നുവന്നതോടെയാണ് നാഗാ, കുക്കി വംശജര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടൊപ്പംതന്നെ, കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെപേരില്‍ മലനിരകളില്‍ നടത്തിയ സര്‍ക്കാര്‍നടപടിയും സംഘര്‍ഷത്തിനു കാരണമായി. പ്രതിഷേധം ദിവസംചെല്ലുന്തോറും കലാപത്തിലേക്കു വഴിമാറി.
   സംസ്ഥാനസര്‍ക്കാര്‍ കലാപം കണ്ടുനില്‍ക്കുകയാണെന്നു കുറ്റപ്പെടുത്തി, മണിപ്പുരില്‍ സമ്പൂര്‍ണഭരണത്തകര്‍ച്ചയെന്നു സുപ്രീംകോടതി ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. മെയ്‌തെയ് തീവ്രവാദസംഘടനകളെ മുഖ്യമന്ത്രി ബിരേന്‍സിങ് പിന്തുണയ്ക്കുന്നുണ്ടെന്ന വിമര്‍ശനം ശരിവയ്ക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റേതെന്ന വിധത്തില്‍ കഴിഞ്ഞ മാസം 'ദ വയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട ശബ്ദരേഖ. സംസ്ഥാനപൊലീസിന്റെ ആയുധസംഭരണികള്‍ തീവ്രവാദികള്‍ക്കു തുറന്നുകൊടുത്തുവെന്ന് ഈ ശബ്ദരേഖയില്‍ ബിരേന്‍ തുറന്നടിക്കുന്നുണ്ട്. മേയ് മൂന്നു മുതല്‍ അഞ്ചു വരെ മണിപ്പുര്‍ താഴ്‌വരയിലുണ്ടായ ആക്രമണങ്ങള്‍ മുഖ്യമന്ത്രിയുടെ  നേതൃത്വത്തില്‍ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയാണെന്നും ഈ ആക്രമണത്തില്‍ പൊലിഞ്ഞ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള 286 പേരുടെ ജീവനും, ഭൂരഹിതരാക്കപ്പെട്ട 60,000 ല്‍പരം ജനത്തിന്റെ സ്വത്തിനും ഉത്തരവാദിത്വം മുഖ്യന്റെ ചുമലിലാണെന്നും കൃത്യമായ രാഷ്ട്രീയനിരീക്ഷണമുണ്ട്. മണിപ്പുര്‍കലാപങ്ങളുടെ സൂത്രധാരന്‍ മുഖ്യമന്ത്രിയായ ബിരേനാണെന്നു നിഷ്പക്ഷമതികള്‍ക്കുവരെ വ്യക്തമായിരിക്കേ, ഇദ്ദേഹത്തിന്റെ കൈയില്‍ അധികാരം തുടരുന്നതിന്റെ അര്‍ഥശൂന്യതയെക്കുറിച്ചു രാഷ്ട്രീയവൃത്തങ്ങളില്‍ കടുത്ത പ്രതിഷേധമുണ്ട്.
    മണിപ്പുരിലെ വംശീയ-വര്‍ഗീയകലാപം ജനങ്ങളെ ആഴത്തില്‍ വിഭജിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വിവേകപൂര്‍ണമായ നടപടികളിലൂടെ അവിടെ ശാശ്വതസമാധാനത്തിനു വഴിതുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പ്രശ്‌നപരിഹാരത്തിനു പാര്‍ലമെന്റില്‍ ആത്മാര്‍ഥമായ ചര്‍ച്ചയുണ്ടാകണം. പ്രതിപക്ഷത്തെയും സമാധാനകാംക്ഷികളെയും ഒന്നിച്ചിരുത്തി പരിഹാരത്തിനായി പരിശ്രമിക്കണം. ഒപ്പം, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു പ്രകോപനപരമായ ഇടപെടലുകള്‍ ഉണ്ടാവാതിരിക്കാന്‍ കേന്ദ്രം ജാഗ്രത പുലര്‍ത്തുകയും വേണം. 
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, മണിപ്പുരില്‍ പോകില്ലെന്ന ദുര്‍വാശി പ്രധാനമന്ത്രി അവസാനിപ്പിച്ചേ പറ്റൂ. യുക്രെയ്‌നിലും റഷ്യയിലും ഗാസയിലും സമാധാനശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന മോദി, മണിപ്പുര്‍ കലാപത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് രാജ്യത്തിനാകെ അപമാനമാണ്. പ്രധാനമന്ത്രിജീ, അങ്ങു മൗനം വെടിഞ്ഞ് സങ്കടമനുഭവിക്കുന്ന മണിപ്പുരിന്റെ മണ്ണില്‍ നേരിട്ടെത്തി സമാധാനശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കണമെന്ന് മണിപ്പുരിലെ മക്കളോടൊപ്പം ആ ഭൂമിയെ സ്‌നേഹിക്കുന്നവരെല്ലാം ഹൃദയപൂര്‍വം ആഗ്രഹിക്കുന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)