ഓണംവന്നോണം വന്നോണം
ഒന്നിച്ചുകൂടേണം നമ്മള്‍
ഓണം തിമിര്‍ത്തു രസിക്കാന്‍
കാണവും വില്‌ക്കേണം നമ്മള്‍
അത്തം കഴിഞ്ഞെത്ര നാളായ്
പത്തായം പയ്യെത്തുറക്കാം
ഏത്തനും പൂവനും ഞാലീം
താഴെത്തെടുത്തങ്ങുവയ്ക്കാം
മൊത്തം പഴുത്തില്ലയെങ്കില്‍
കത്തുന്ന ചൂട്ടില്‍ പുകയ്ക്കാം
താഴെത്തൊടിയിലായ്‌പ്പോകാം
വാഴക്കുലകളെ നോക്കാം
കാലില്‍ത്തലകുത്തിത്തൂങ്ങും
വമ്പിച്ച വാവലിന്‍ കൂട്ടം
കുലകളറുത്തിട്ടുണ്ടാമോ
പിഞ്ചുകായ്‌പോലും ചവച്ചോ
പന്നിയുമാനയും പോത്തും
കേറി നിരങ്ങീട്ടുണ്ടാമോ
പുഞ്ചനെല്‍പ്പാടങ്ങളെല്ലാം
ചാഞ്ചാടി നില്ക്കുന്നനേരം
കൊത്തിയെടുത്തു പറക്കാന്‍
ഓണമവര്‍ക്കും ഘോഷിക്കാന്‍
ഇങ്ങനെയല്ലോ നടക്കൂ
കുഞ്ഞനുറുമ്പിനെപ്പോലും
ഓണമൂട്ടുന്നവര്‍ നമ്മള്‍
മാരി ചൊരിഞ്ഞ വിനകള്‍
മാനവരെന്നു മറക്കും
കൂടെ വസിച്ചവരെല്ലാം
ഉരുളിന്‍കൂടെ മറഞ്ഞോര്‍
ഭീകരതാണ്ഡവരാത്രി
ഓര്‍ക്കുവാനാവതല്ലാര്‍ക്കും
ആര്‍ത്തദിനങ്ങള്‍ മറക്കാന്‍
മര്‍ത്ത്യനു ചോദനയേകാന്‍
നല്ലൊരുദയം കിഴക്കിന്‍
വര്‍ണവാനത്തിലുണരാന്‍
കണ്ണുകള്‍ നട്ടങ്ങിരിപ്പോര്‍
എണ്ണിയാല്‍ത്തീരാത്ത മക്കള്‍
കൂടെപ്പിറപ്പുകളെല്ലാം
അങ്ങങ്ങു ദൂരെയായുണ്ടേ?
ആയവര്‍ക്കായിന്നു ഞങ്ങള്‍
പായസച്ചോറുമൊരുക്കും
ആടിക്കാറോടി മറഞ്ഞേ
ആടലിന്‍ കാലം കഴിഞ്ഞേ
കാറെല്ലാം നീങ്ങി മറഞ്ഞേ
കാരുണ്യനാളുകളായേ
ഓണമേ വന്നു നീ വേഗം
സാന്ത്വനമിന്നിവര്‍ക്കേകൂ!