•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

പാവങ്ങള്‍ക്കു പാതയൊരുക്കിയ പാവനചരിതന്‍

ഒക്‌ടോബര്‍ 16  വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍

   രാമപുരത്ത് തേവര്‍പറമ്പില്‍ കെ.എം. അഗസ്റ്റിന്‍ എന്ന കുഞ്ഞാഗസ്തി, ഏതു മാനദണ്ഡം വച്ച്  അളന്നാലും ബാല്യത്തില്‍ ഒരു തനിനാടന്‍ ഗ്രാമീണബാലനായിരുന്നു. മറ്റു കുട്ടികളുമായുള്ള താരതമ്യത്തില്‍ പറഞ്ഞാല്‍ മെലിഞ്ഞു തീരെ പൊക്കം കുറഞ്ഞ ഒരു പയ്യനായിരുന്നു കുഞ്ഞാഗസ്തി. പക്ഷേ, അപ്പോഴും പ്രാര്‍ഥനാനമസ്‌കാരങ്ങളൊക്കെ മനഃപാഠമാക്കിവയ്ക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. കുടുംബത്തില്‍ത്തന്നെയുണ്ടായിരുന്ന രണ്ടുമൂന്നു വല്യച്ചന്മാരും അഗസ്റ്റിന്റെ പഠനപ്രാവീണ്യത്തില്‍ അഭിമാനം കൊണ്ടിരുന്നവരായിരുന്നുവെന്നാണ് സതീര്‍ഥ്യരുടെ സാക്ഷ്യം. ആശാന്‍കളരിയിലെയും രാമപുരം സ്‌കൂളിലെയും പഠനം കഴിഞ്ഞപ്പോള്‍ ഹൈസ്‌കൂള്‍പഠനാര്‍ഥം അഗസ്റ്റിന്‍ അയയ്ക്കപ്പെട്ടത് മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിലേക്കായിരുന്നു. കര്‍മലീത്താ സന്ന്യാസവൈദികരുടെ ശിക്ഷണത്തിലായിരുന്നു അഗസ്റ്റിന്റെ പഠനപരിശീലനങ്ങള്‍. അക്കാലത്ത് മീനച്ചില്‍ പ്രദേശത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ പൊതുവേ ഹൈസ്‌കൂള്‍ പഠനത്തിനായി പോയിരുന്നത് മാന്നാനത്തേക്കും തുടര്‍പഠനത്തിനു പോയിരുന്നത് ഈശോസഭാവൈദികര്‍ നടത്തിയിരുന്ന തൃശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജിലേക്കുമായിരുന്നു. ചുരുക്കമായി ചിലര്‍ പാളയംകോട്ട  കോളജിലേക്കും - അതും ഈശോസഭാ വൈദികരുടെ സ്ഥാപനമായിരുന്നു. 
   തേവര്‍പറമ്പില്‍ അഗസ്റ്റിന്‍ തന്റെ ജീവിതവഴിയായി വളരെ ചെറുപ്രായത്തില്‍ത്തന്നെ വൈദികവൃത്തിയെ മനസ്സില്‍ കണ്ടിരുന്നതുകൊണ്ട് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ത്തന്നെ വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയിലേക്കാണ് അയയ്ക്കപ്പെട്ടത്. അന്നു ചങ്ങനാശേരിമെത്രാനായിരുന്ന പുണ്യശ്ലോകനായ മാര്‍ തോമസ് കുര്യാളശ്ശേരിപ്പിതാവിന് അഗസ്റ്റിന്റെ പൊക്കക്കുറവിനെക്കുറിച്ചു ചെറിയ സംശയമുണ്ടായിരുന്നെങ്കിലും ചങ്ങനാശ്ശേരി പെറ്റിസെമിനാരിയുടെ ചുമതലക്കാരായ വൈദികരുടെ ശക്തമായ ശിപാര്‍ശയില്‍ വരാപ്പുഴസെമിനാരിയിലേക്ക് അയയ്ക്കുകയായിരുന്നു. ആരാധനകളിലും പ്രാര്‍ഥനകളിലും തേവര്‍പറമ്പില്‍ ശെമ്മാശ്ശന്‍ പുലര്‍ത്തിയ തീക്ഷ്ണതയും പരിശീലനകാലത്ത് അദ്ദേഹം സാക്ഷ്യപ്പെടുത്തിയ അച്ചടക്കവും സ്വഭാവശുദ്ധിയുമാവണം അഗസ്റ്റിനെ തുടര്‍
െെവദികപഠനത്തിനയയ്ക്കാന്‍ കുര്യാളശ്ശേരിപ്പിതാവിനെയും പ്രേരിപ്പിച്ചത്. പഠനകാര്യങ്ങളിലും അഗസ്റ്റിന്‍ സമര്‍ഥനായിരുന്നുവെന്ന് സതീര്‍ഥ്യരും പില്ക്കാലത്തു സാക്ഷ്യപ്പെടുത്തിയിരുന്നല്ലോ.
   പതിനാറാം നൂറ്റാണ്ടിലാണ് വിശുദ്ധ ആഗസ്തീനോസിന്റെ നാമധേയത്തിലുള്ള ദൈവാലയം രാമപുരത്തു സ്ഥാപിതമായതെന്നാണു കണക്കാക്കപ്പെടുന്നത്. സെന്റ് അഗസ്റ്റിന്റെ പേരില്‍ കേരളത്തില്‍ സ്ഥാപിതമായ ആദ്യപള്ളിയും രാമപുരംപള്ളിതന്നെ. പാലാ വലിയ പള്ളിയില്‍ ശുശ്രൂഷ ചെയ്തിരുന്ന രാമപുരം ചോലപ്പള്ളി കുടുംബത്തില്‍പ്പെട്ട യൗസേപ്പു കത്തനാരുടെ നേതൃത്വത്തിലാണ് രാമപുരംപള്ളിയുടെ പണിയാരംഭിക്കുകയും പൂര്‍ത്തിയാക്കപ്പെടുകയും ചെയ്തത്. ചോലപ്പള്ളി കുടുംബം മാര്‍ത്തോമ്മാ ശ്ലീഹായില്‍നിന്നു വിശ്വാസവും ജ്ഞാനസ്‌നാനവും സ്വീകരിച്ചതായി വിശ്വസിക്കപ്പെടുന്ന നാലു കുടുംബങ്ങളില്‍ - പകലോമറ്റം, ശങ്കരപുരി, കള്ളിയില്‍, കാളികാവ് - ശങ്കരപുരി കുടുംബത്തിന്റെ ശാഖയായിട്ടാണ് അന്നും ഇന്നും കരുതപ്പെടുന്നത്. ചോലപ്പള്ളിയുടെ ശാഖാകുടുംബങ്ങളില്‍പ്പെടുന്നതാണ് എടക്കര, നാട്ടുനിലം, കുഴുമ്പില്‍, കച്ചിറമറ്റം, രാമപുരം, മുണ്ടയ്ക്കല്‍, കരിപ്പാക്കുടിയില്‍, ആറ്റുപുറം തുടങ്ങി ഒട്ടേറെ കുടുംബങ്ങള്‍. ചോലപ്പള്ളി യൗസേപ്പു കത്തനാര്‍ കഴിവിനും കാര്യപ്രാപ്തിക്കും പേരുകെട്ട ഒരു വൈദികശ്രേഷ്ഠനായിരുന്നുവെന്നാണ് പറഞ്ഞുകേള്‍ക്കുന്ന വായ്‌മൊഴിസാക്ഷ്യങ്ങളും.
    രാമപുരത്തിന്റെ സാംസ്‌കാരികപാരമ്പര്യം മതസൗഹാര്‍ദ്ദത്തിന്റേതുമാത്രമല്ല, സമുദായമൈത്രിയുടെതുമാണ്. നാനാജാതികളും സമുദായങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞുകൂടുന്ന വലിയ ഒരു സാംസംകാരികത്തനിമയാണ് രാമപുരത്തിന് അവകാശപ്പെടാനുള്ളത്. രാമപുരത്തുവാര്യര്‍മുതല്‍ ലളിതാംബിക അന്തര്‍ജനംവരെ അതിന്റെ ഭാഗവുമാണ്. അതോടൊപ്പം നില്‍ക്കുന്ന സാംസ്‌കാരികത്തനിമയിലാണ് മലയാളത്തിലെ ആദ്യസഞ്ചാരസാഹിത്യകൃതിയായ 'വര്‍ത്തമാനപ്പുസ്തകം'എഴുതിയ പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ സാഹിത്യപ്രഭാവം. തന്റെ റോമായാത്രയുടെ വിശദാംശങ്ങള്‍ വിശദീകരിച്ചെഴുതിയ ഒരു ദിനൃവൃത്താന്തഡയറിയാണ് വര്‍ത്തമാനപ്പുസ്തകമെന്നു പറയുന്നതിലും തെറ്റില്ല. കടലിലൂടെയുള്ള  കപ്പല്‍യാത്രകള്‍മാത്രമല്ല കരവഴിയാത്രകളും ദുര്‍ഘടമായിരുന്ന ഒരു കാലത്താണ് മാര്‍ ജോസഫ് കരിയാറ്റിക്കൊപ്പം പാറേമ്മാക്കലച്ചനും റോമില്‍പ്പോയി മാര്‍പാപ്പായെ കണ്ടു മടങ്ങിയത്. അന്നും ഇന്നും അതു തികച്ചും ഉദ്വേഗജനകമായ ഒരു ചരിത്രയാഥാര്‍ഥ്യമായി നില്ക്കുന്നുവെന്നതാണ് സത്യം. കേരളത്തിലെ സുറിയാനി ക്രിസ്ത്യന്‍ വിശ്വാസിസമൂഹത്തിന്റെ ആദ്യപടത്തലവന്‍മാരില്‍ മുന്‍നിരയില്‍ത്തന്നെയാണ് ഗോവര്‍ണദോറുടെ സ്ഥാനം. പാറേമ്മാക്കലച്ചനെ കബറടക്കിയിരിക്കുന്നതും രാമപുരം പള്ളിയിലാണല്ലോ.
     മരണാനന്തരം വിശുദ്ധപദവിയിലേക്കു സഭ പരിഗണിക്കുന്ന ഈ പുണ്യപുരോഹിതന്‍ ജീവിച്ചിരുന്ന കാലത്ത് സമുദായത്തിലെയോ സമൂഹത്തിലെയോ 'കുഞ്ഞച്ചന്മാരെ'യൊന്നും വണങ്ങിയതേയില്ല എന്നതാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ വ്യത്യസ്തനാക്കുന്നത്. രാമപുരം പള്ളിയിലെ സഹായവൈദികനെന്ന നിലയില്‍ അച്ചന്റെ ശുശ്രൂഷാനിയോഗം രാമപുരത്തും ചുറ്റുപാടുകളിലുമുള്ള അധഃസ്ഥിതരും അവഗണിക്കപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ആത്മീയകാര്യങ്ങളുടെ ചുമതലക്കാരനായിട്ടായിരുന്നു. അച്ചന്റെ ശാരീരികപരിമിതികളുടെ പേരിലും ചിലരൊക്കെ അച്ചനെ അവമതിച്ചിരുന്നു. അധഃസ്ഥിതര്‍ക്കുവേണ്ടി തന്നിലേല്പിക്കപ്പെട്ട ചുമതലകളെ നൂറുശതമാനത്തിനുമപ്പുറം ഇരുനൂറുശതമാനം അര്‍പ്പണബോധത്തോടെ നിര്‍വഹിച്ചു തുടങ്ങിയപ്പോള്‍ ചിലരെങ്കിലും അതില്‍ അതൃപ്തിയും എതിര്‍പ്പും പ്രകടിപ്പിക്കുവാനും മടിച്ചില്ല. എന്നാല്‍, അതൊന്നും അധഃസ്ഥിതര്‍ക്കൊപ്പമുള്ള തന്റെ ഉറച്ച നിലപാടുകളില്‍ ഒരു വ്യതിയാനവും വരുത്തുവാന്‍ അച്ചന്‍ സമ്മതിച്ചതുമില്ല.
    രാമപുരം പള്ളിയില്‍ എല്ലാ പ്രഭാതങ്ങളിലും ആദ്യത്തെ കുര്‍ബാന ചൊല്ലി അതിരാവിലെതന്നെ, തന്നിലേല്പിക്കപ്പെട്ട അധഃസ്ഥിതവിഭാഗത്തില്‍പ്പെട്ട 'ആളുകളെ' അന്വേഷിച്ച് അച്ചന്‍ തന്റെ യാത്രകള്‍ ആരംഭിച്ചിരിക്കും. താന്‍തന്നെ പുഴുങ്ങിയെടുത്ത ഒന്നോ രണ്ടോ മുട്ടകളും തന്റെ ളോഹയുടെ പോക്കറ്റില്‍ കരുതും. തന്റെ തുകല്‍ച്ചെരുപ്പുമിട്ട് കാല്‍നടയായി കിലോമീറ്ററുകള്‍ നടന്നുചെന്നാണ് അച്ചന്‍ അന്നത്തെ പുലയക്കുടിലുകളിലും പറയക്കുടിലുകളിലും സുവിശേഷം പറഞ്ഞത്. അവര്‍ക്കൊപ്പം അവരുടെ കുടില്‍ത്തിണ്ണകളില്‍ അവര്‍ വിരിച്ച നേരപ്പായകളിലോ (അവര്‍ക്കൊന്നും അന്നു മെത്തപ്പായകള്‍ ഉപയോഗിക്കുവാനുള്ള അനുവാദംപോലുമുണ്ടായിരുന്നില്ലല്ലോ.) അവര്‍ നല്കിയ കൊരണ്ടിപ്പലകകളിലോ ഇരുന്നാണു അവരോട് അച്ചന്‍ കര്‍ത്താവിനെക്കുറിച്ചും അവിടുത്തെ  രക്ഷയെക്കുറിച്ചും സ്വര്‍ഗ-നരഗങ്ങളെക്കുറിച്ചും പുണ്യ-പാപങ്ങളെക്കുറിച്ചും 'സുവിശേഷം പ്രസംഗിച്ച'തും അവരെ നമസ്‌കാരങ്ങള്‍ പഠിപ്പിച്ചതും. അച്ചന്റെ പ്രവര്‍ത്തനശൈലികളും അധഃസ്ഥിതരുമായുള്ള ആത്മബന്ധവും അവരോടു കുഞ്ഞച്ചന്‍ കാണിച്ച പരിഗണനയും കരുതലും കാരുണ്യവും തീരെ ഇഷ്ടപ്പെടാത്തവരും സമൂഹത്തില്‍മാത്രമല്ല, ഇടവകയിലുമുണ്ടായിരുന്നിരിക്കണം. സഭാധികാരികള്‍ക്കു മുന്നിലേക്കു പരാതിപ്രളയവും ഉണ്ടാകാതെയിരുന്നില്ല. പക്ഷേ, തന്റെ മുന്‍ഗാമിയായിരുന്ന കുര്യാളശ്ശേരിപ്പിതാവിന്റെ മാനസപുത്രനായിരുന്ന ''അവശന്മാരുടെ'' ഈ മധ്യസ്ഥനില്‍ അഭിവന്ദ്യകാളാശ്ശേരിപ്പിതാവിനും വലിയ വിശ്വാസമായിരുന്നു. പാലായുടെ പ്രഥമബിഷപ്പായി വയലില്‍പ്പിതാവു വന്നപ്പോഴും കുഞ്ഞച്ചന്റെ അധഃസ്ഥിതര്‍ക്കിടയിലുള്ള പ്രേഷിതപ്രവര്‍ത്തനങ്ങളെ പിന്‍തുണച്ചതേയുള്ളൂ. പള്ളിക്കാപറമ്പില്‍പിതാവു കുഞ്ഞച്ചന്റെ മാതൃഗൃഹമായ രാമപുരത്തു കോയിപ്പള്ളി തറവാട്ടിലായിരുന്നല്ലോ ജനിച്ചത്. പിതാവിന്റെ ജ്ഞാനസ്‌നാനവേളയില്‍ തേവര്‍പറമ്പില്‍ കുഞ്ഞച്ചനും കാര്‍മികനായി ഉണ്ടായിരുന്നതുകൊണ്ടുകൂടിയാവാം പള്ളിക്കാപറമ്പില്‍പ്പിതാവും കുഞ്ഞച്ചന്റെ നാമകരണനടപടികള്‍ക്കു വേഗം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ അഭിവന്ദ്യ കല്ലറങ്ങാട്ടുപിതാവ് പാലാ രൂപതയിലെ ഏതു പള്ളിയിലെ പൊതുവേദികളില്‍ പ്രസംഗിക്കുമ്പോഴും പ്രാര്‍ഥിക്കുമ്പോഴും വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനുമാണല്ലോ നമ്മെയെല്ലാം സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നത്. പിതാവിന്റെ സഭാശൂശ്രൂഷാകാലത്തുതന്നെ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും അള്‍ത്താരവണക്കത്തിനു യോഗ്യനായി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനിടയാകട്ടെ എന്ന് ഒരൊറ്റ വിശ്വാസിസമൂഹസമൂഹമായിനിന്ന് ഈ തിരുനാള്‍ സന്ദര്‍ഭത്തില്‍ നമുക്കും ഹൃദയസമര്‍പ്പണത്തോടെ പ്രാര്‍ഥിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)