ആരായിരുന്നു ഗേബാര്‍? ശലമോന്‍ (സോളമന്‍) രാജാവിന്റെ ഭരണകൂടത്തിലെ ശക്തനായ ഒരു അധികാരിയായിരുന്നു എന്ന് അനുമാനിക്കാനേ കഴിയൂ.
പലസ്തീനായിലെ പ്രശസ്തമായ ഒരു പാരമ്പര്യപശ്ചാത്തലത്തില്‍ ഗേബാര്‍ വലിയ സമ്പന്നനായിരുന്നു. നമ്മുടെ ആധുനികഭാഷയില്‍ പറഞ്ഞാല്‍ ശതകോടീശ്വരന്‍!
കണ്ണെത്താത്ത ദൂരത്തോളം ഗോതമ്പുവയല്‍; എണ്ണിയാല്‍ തീരാത്ത മുന്തിരിത്തോപ്പുകള്‍ - ഇവയുടെയെല്ലാം അധിപനായിരുന്നു ഗേബാര്‍.
ഭൗതികസമ്പത്ത് പെരുത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം അഹങ്കാരിയോ പിശുക്കനോ ആയിരുന്നില്ല. യഹോവയുടെ ന്യായപ്രമാണങ്ങള്‍ക്കനുസരിച്ചു ജീവിച്ച കാരുണ്യവാനും വിവേകിയുമായ മനുഷ്യനായിരുന്നു അദ്ദേഹം. എല്ലാവരെയും അദ്ദേഹം സഹോദരന്മാരെപ്പോലെ കരുതി; സ്‌നേഹിച്ചു. കലവറയില്ലാതെ എല്ലാവരെയും സഹായിച്ചു. ദാനശീലനായ ധനവാന്‍ എന്നാണ് പലസ്തീനായിലെ ജനങ്ങള്‍ ഗേബാറിനെ വിളിച്ചിരുന്നത്.
ഗേബാറിന്റെ കൃഷിയിടങ്ങളിലെ വിളവെടുപ്പുകാലം അന്നാട്ടിലെ ജനങ്ങള്‍ക്ക് ഉത്സവമായിരുന്നു. കൊയ്ത്ത് ആരംഭിക്കുമ്പോള്‍ നാട്ടുകാരൊത്തുകൂടും. കൊയ്ത്തും മെതിയും കഴിഞ്ഞ് ധാന്യമളക്കുമ്പോള്‍ അവര്‍ക്കെല്ലാം വേണ്ടുവോളം കൊടുക്കും. എന്നിട്ടും ഗേബാറിന്റെ കളപ്പുരയില്‍ ധാന്യം നിറഞ്ഞുകവിയും. ഇതൊക്കെ കാണുമ്പോള്‍ നാട്ടുകാര്‍ പറയും; ''ഗേബാര്‍ കൈ അയയ്ക്കും, യഹോവ ഗേബാറിന്റെ കളം നിറയ്ക്കും!''
ഇതൊന്നും ഗേബാറിന്റെ മക്കള്‍ക്കു രസിച്ചില്ല. ഒരുമണി ഗോതമ്പുപോലും മറ്റാര്‍ക്കും കൊടുക്കരുതെന്നായിരുന്നു അവരുടെ ചിന്ത. മുറുമുറുത്തുകൊണ്ടാണവര്‍ പിതാവിനെ അനുസരിച്ചിരുന്നത്.
നാളുകള്‍ കടന്നുപോയി. ഗേബാറിനു പ്രായമായി. അദ്ദേഹം മരിച്ചു. കൃഷികാര്യങ്ങളുടെയെല്ലാം ചുമതല മക്കള്‍ക്കായി.
കൊയ്ത്തുകാലമായപ്പോള്‍ മക്കളെല്ലാം ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ഇനിമുതല്‍ കൊയ്ത്തുകഴിഞ്ഞാല്‍ ഒരു മണി ഗോതമ്പുപോലും ആര്‍ക്കും കൊടുക്കരുത്. അവര്‍ തങ്ങളുടെ വീടിനടുത്ത് വലിയ കളപ്പുരയും ഉയരത്തില്‍ ചുറ്റുമതിലും തീര്‍ത്തു. കൊയ്ത കറ്റകള്‍ നേരേ മതില്‍ക്കെട്ടിനകത്ത് എത്തിക്കണം. മെതിയും അളവുമൊക്കെ മതില്‍ക്കെട്ടിനകത്ത്. അയല്‍ക്കാരും നാട്ടുകാരുമൊക്കെ പുറത്ത്. ഇതായിരുന്നു അവരുടെ തീരുമാനം.
ഗേബാറിന്റെ മൂത്ത മകന് ഇതിനോടൊന്നും തീരെ യോജിപ്പുണ്ടായിരുന്നില്ല. അയാള്‍ സഹോദരന്മാരെ ഉപദേശിച്ചു. ആരു കേള്‍ക്കാന്‍? നിവൃത്തിയില്ലാതെ അയാള്‍ക്കു വായ് പൂട്ടേണ്ടി വന്നു.
ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞു. ഗേബാറിന്റെ മക്കളുടെ ദുര മൂത്തുകൊണ്ടേയിരുന്നു. ഇതിനിടെ ഗേബാറിന്റെ വയലുകളില്‍ വിളവു കുറഞ്ഞുതുടങ്ങി. നൂറുമേനി വിളഞ്ഞിരുന്ന വയലുകളാണ്!
ഇതൊക്കെ യഹോവ തങ്ങള്‍ക്കു നല്കുന്ന മുന്നറിയിപ്പാണെന്നു മൂത്തമകന്‍ സഹോദരങ്ങളോടു പറഞ്ഞു. പക്ഷേ, അവര്‍ കൂടുതല്‍ അത്യാഗ്രഹികളായിക്കൊണ്ടേയിരുന്നു.
അടുത്ത വിളവെടുപ്പിനു സമയമായി. കൊയ്ത്തുകാരെയുംകൂട്ടി ഗേബാറിന്റെ മക്കള്‍ വയലിലേക്കു നടന്നു. വയലില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച! അവര്‍ നടുങ്ങിപ്പോയി. വിളവത്രയും കത്തിച്ചാമ്പലായിരിക്കുന്നു. നോക്കെത്താദൂരത്തോളം വയലുകളില്‍ വിളഞ്ഞ ഗോതമ്പുമണികള്‍ മുഴുവന്‍ ഒരുപിടിച്ചാരം!
ആ സഹോദരന്മാര്‍ ചുറ്റുംനോക്കി. കത്തിനശിച്ചത് തങ്ങളുടെ വിളമാത്രം. അവര്‍ക്കു സഹിക്കാനായില്ല. അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു! 
കരച്ചില്‍ ഒട്ടൊന്നു ശമിച്ചപ്പോള്‍ മൂത്ത സഹോദരന്‍ പറഞ്ഞു:
''നമുക്കു തെറ്റുപറ്റി. പിതാവിന്റെ വഴി നമ്മള്‍ പിന്തുടര്‍ന്നില്ല. നമ്മുടെ പിതാവിന്റെ കൈ അയഞ്ഞതുകൊണ്ടാണ് നമ്മുടെ കളപ്പുരകള്‍ നിറഞ്ഞുകവിയാന്‍ യഹോവ ഇടയാക്കിയത്.''
മൂത്ത സഹോദരന്റെ വാക്കുകള്‍ മറ്റു സഹോദരന്മാരുടെ കണ്ണു തുറപ്പിച്ചു. അവര്‍ പശ്ചാത്തപിച്ച് യഹോവയോടു മാപ്പപേക്ഷിച്ചു.
							
 പീറ്റര്‍ കുരിശിങ്കല്‍
                    
                    