ഞാന്‍ ദീപനാളം വരാന്‍ കാത്തിരിക്കും. വന്നാലുടനെ ഒറ്റയിരുപ്പിന് എല്ലാ ലേഖനങ്ങളും വായിച്ചുതീര്‍ക്കും. ഇത്തവണത്തെ ഓണപ്പതിപ്പ് കൈയില്‍ കിട്ടിയതേ ആദ്യം ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ ''നമ്മള്‍ ഒന്നാണ്'' എന്ന ലേഖനം വളരെ താത്പര്യത്തോടെ വായിച്ചു. സ്‌നേഹത്തിന്റെ മഹാസന്ദേശം വിളംബരം ചെയ്യുന്ന ഒരു നല്ല ലേഖനമായിരുന്നു അത്. പ്രൊഫസര്‍ മാടവന ബാലകൃഷ്ണപിള്ളയുടെ 'പ്രതീക്ഷയുടെ മഹോത്സവം,' ഡോ. സജിത്ത് ഏവുരേത്തിന്റെ 'ഇതളുകള്‍ ശലഭങ്ങളോടു കിന്നരിച്ച നാളുകള്‍', ഡോ. സെല്‍വി സേവ്യറിന്റെ 'മനോജ്ഞമായ ഭൂതകാലം', ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കലിന്റെ 'ഓണം ഒരു സാംസ്‌കാരികാഘോഷം', ഡോ. സി. തെരേസ് ആലഞ്ചേരിയുടെ 'വീണ്ടെടുപ്പുത്സവം.' മുതലായ ലേഖനങ്ങള്‍ എല്ലാം നല്ല നിലവാരം പുലര്‍ത്തി. ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ 'അന്‍വറിന്റെ ബോംബും' നല്ല ശബ്ദത്തോടെ പൊട്ടിച്ചിതറി! ഫാ. തോമസ് പാട്ടത്തില്‍ചിറയുടെ 'ഓണസ്മരണ' എന്ന കവിതയും ളാക്കാട്ടൂര്‍ പൊന്നപ്പന്റെ 'ഓണമേ സാന്ത്വനമേകൂ' എന്ന കവിതയും പ്രദീഷ് അരുവിക്കരയുടെ 'ഇക്കൊല്ലമോണമില്ലെന്റെ കുഞ്ഞീ' എന്ന കവിതയും വളരെ നന്നായിരുന്നു.
ഇഗ്നേഷ്യസ് കലയന്താനിയുടെ 'കിഴക്കന്‍കാറ്റിന്' നല്ല തണുപ്പും ചൂടുമുണ്ട്. പുകയുന്ന മണിപ്പുരിനെപ്പറ്റി എഴുതിയ എഡിറ്റോറിയല്‍ ഗംഭീരമായി.
മറ്റെല്ലാ ലേഖനങ്ങളും ഒന്നിനൊന്നു മെച്ചം. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
കോട്ടയം ബാബു നട്ടാശേരി
ഗുരുബോധത്തിന്റെ രണ്ടാം പിറവി
പ്രഫ. സിജു ജോസഫിന്റെ ലേഖനം 'ഗുരുബോധത്തിന്റെ രണ്ടാംപിറവി' ഉന്നതനിലവാരം പുലര്‍ത്തി. ഇവിടെ മൂല്യഭ്രംശം സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും സംഭവിച്ച ഗുരുവിന്റെ ആത്മാഹുതിയാണ് ശിഖണ്ഡിയാല്‍ കൊല്ലപ്പെട്ട ഗുരു ദ്രോണര്‍ക്കു സംഭവിച്ചിട്ടുള്ളത് എന്നതു ചിന്തനീയമാണ്. ശിഷ്യന്റെ അന്ധകാരത്തെ രോധിക്കേണ്ട ഗുരുമനസ്സില്‍ അന്ധകാരം കൂടുകെട്ടിയാല്‍ തൊണ്ടയില്‍ കാരമുള്ളുമായി ജനിക്കുന്നവന്റെ അവസ്ഥയായിരിക്കും സംജാതമാവുക. ശിഷ്യന് അറിവിന്റെ പുനര്‍ജനി സമ്മാനിക്കേണ്ട ഗുരുവിന്റെ മൂല്യച്യുതി, കാലഘട്ടത്തിന്റെ മൂല്യങ്ങളെ ഉല്ലംഘിക്കുന്ന മൂല്യങ്ങളെ പടുത്തുയര്‍ത്തേണ്ട അധ്യാപകമനസ്സുകള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്.
ജിജോ ജോസഫ് എന്‍. കുറവിലങ്ങാട്