വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വാക്കുകള്‍ കൊണ്ടു ശബ്ദമുഖരിതമാണ് നമ്മുടെ രാഷ്ട്രീയഭൂമിക.  വിഷമുനയുള്ള വാക്കുകള്‍കൊണ്ട് അസ്ത്രമെയ്യുന്ന രാഷ്ട്രീയക്കോമാളികളുടെ കേളീരംഗമായി കേരളം അധഃപതിച്ചിരിക്കുന്നു! രാഷ്ട്രീയപ്രസംഗങ്ങളിലെ അനൗചിത്യവും അപമര്യാദയും അപക്വതയുംകൊണ്ടു മുറിവേറ്റു പിടയുന്നവരുടെ ആത്മരോദനം കേള്‍ക്കാനോ അവരുടെ സങ്കടക്കണ്ണീര്‍ തുടയ്ക്കാനോ ആരുമില്ലെന്നുവരുമ്പോള്‍ ജീവിതത്തില്‍നിന്നുതന്നെ വിടപറയാന്‍ അവര്‍ നിര്‍ബന്ധിതരായേക്കാം. ആ മടക്കയാത്രയ്ക്കു മറുപടി പറയേണ്ട ഉത്തരവാദിത്വപ്പെട്ടവരുടെ ലിസ്റ്റില്‍ ഞാനും നിങ്ങളുമടങ്ങുന്ന സമൂഹമുണ്ടാവുന്നുണ്ടെങ്കില്‍ ആത്മവിമര്‍ശം കൊള്ളേണ്ടതും അഴിച്ചുപണി നടത്തേണ്ടതും നാമോരോരുത്തരുമാണ്. രോഷം കൊള്ളേണ്ടത് ഈ സമൂഹം  കൊട്ടിയാഘോഷിക്കുന്ന കല്ലേറുമനോഭാവങ്ങളോടാണ്.
     പറഞ്ഞുവരുന്നത്, കണ്ണൂര്‍ കളക്‌ട്രേറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന (ഒക്‌ടോബര്‍ 14) യാത്രയയപ്പും യാത്രയയ്ക്കപ്പെട്ടയാളുടെ മരണവും വിവാദമായ പശ്ചാത്തലമാണ്. കണ്ണൂരില്‍നിന്നു സ്വന്തം നാടായ പത്തനംതിട്ടയിലേക്കു സ്ഥലംമാറിപ്പോകുന്ന അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്  (എ.ഡി.എം.) നവീന്‍ ബാബുവിന്റെ യാത്രയയപ്പുയോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയില്‍നിന്നുണ്ടായ പരസ്യവിമര്‍ശനവും കുത്തുവാക്കുകളുമാണ് ഇപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്കു വിഷയമായിരിക്കുന്നത്. ഉദ്യോഗസ്ഥര്‍മാത്രമുള്ള വേദിയില്‍ ക്ഷണിക്കപ്പെടാതെ കടന്നുവന്ന പി.പി. ദിവ്യ വിഷമുനയുള്ള വാക്കുകളുപയോഗിച്ചു കരുതിക്കൂട്ടി അതിരൂക്ഷമായ ഭാഷയില്‍ അമ്പെയ്ത്തു നടത്തി ധാര്‍ഷ്ട്യത്തോടെ വേദിവിട്ടത് സദസ്യരെയാകെ അമ്പരപ്പിച്ചു. യാത്രയയപ്പുയോഗത്തിലെ പരസ്യനിന്ദനത്തില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ  എഡിഎം ജീവനൊടുക്കുകയാണുണ്ടായത്. ഔദ്യോഗികമായി വിരമിക്കാന്‍ ഏഴു മാസംമാത്രം ബാക്കിനില്‌ക്കേയാണ് നവീന്‍ ബാബു എന്ന അമ്പത്തിയഞ്ചുകാരന് ജീവിതത്തോടു വിടപറയേണ്ടി വന്നത്.
    ആത്മഹത്യചെയ്ത എഡിഎം പെട്രോള്‍ പമ്പിനു നിരാക്ഷേപപത്രം നല്‍കുന്നതിനായി പമ്പുടമയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആക്ഷേപപരാമര്‍ശങ്ങള്‍. ആരോപണത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താനും ഉചിതമായ നടപടികളെടുക്കാനും ഈ രാജ്യത്തു വ്യവസ്ഥാപിതസംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കേ, യാത്രയയപ്പുചടങ്ങില്‍ അനുചിതമായ പെരുമാറ്റത്തിലൂടെ രംഗം വഷളാക്കിയത് ധിക്കാരമെന്നല്ലാതെ മറ്റൊന്നുമല്ല.
    വിമര്‍ശനാവകാശം എല്ലാ പൗരന്മാര്‍ക്കുമുള്ളതുപോലെതന്നെ ജനപ്രതിനിധിക്കുമുണ്ട് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ പ്രസ്തുതാവകാശം കൈകാര്യം ചെയ്യുന്നതില്‍ ഇത്തിരികൂടി സ്വാതന്ത്ര്യം എടുത്തെന്നും വരാം. തെറ്റുതിരുത്താനും ശാസിക്കാനുമുള്ള അധികാരവിനിയോഗത്തില്‍ പക്ഷേ, സ്ഥലവും സാഹചര്യവും വിവേചനാപൂര്‍വം വിലയിരുത്തുന്നതിലാണ് പി. പി. ദിവ്യയ്ക്ക് വലിയ തെറ്റുപറ്റിയത്. സ്ഥലംമാറിപ്പോകുന്ന ഉദ്യോഗസ്ഥനോടുള്ള സ്‌നേഹവും ആദരവും നന്ദിയും പ്രകടിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചടങ്ങാണിതെന്നോര്‍ക്കണം. അവിടെയാണ് രാഷ്ട്രീയക്കാരി വലിഞ്ഞുകേറിവന്ന് വിദ്വേഷപ്രസംഗത്തിലൂടെ കൈയടി വാങ്ങാന്‍ ശ്രമിച്ചത്. നല്ല വാക്കുകള്‍ പറഞ്ഞ് ആദരവോടെ യാത്രയയ്ക്കുന്ന ഒരു യോഗത്തില്‍ അതിനു കഴിയുന്നില്ലെങ്കില്‍, മാനസികാവസ്ഥ അനുവദിക്കുന്നില്ലെങ്കില്‍, മൗനമവലംബിക്കുന്നതായിരുന്നു ബുദ്ധി. അതിനുപകരം, പരസ്യനിന്ദയിലൂടെ വ്യക്തിഹത്യ നടത്തി താറടിച്ചു പറഞ്ഞയയ്ക്കുന്ന പ്രവണത ഒട്ടും ആശാസ്യമായില്ല. ഇത്തരം വാഗ്വര്‍ഷങ്ങള്‍ രാഷ്ട്രീയവേദിയിലെന്നല്ല, ഒരിടത്തും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതുതന്നെയാണ്. 'കണ്ണൂരില്‍ നടത്തിയപോലത്തെ പ്രവര്‍ത്തനമായിരിക്കരുത് ഇനിപ്പോകുന്ന സ്ഥലത്തു നടത്തേണ്ടത്. മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കണം' എന്നൊക്കെയുള്ള കുത്തിനോവിക്കുന്ന വാക്കുകളാണ് യാത്രയയപ്പുയോഗത്തിലുടനീളം ദിവ്യ പറഞ്ഞത്. 'ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനു പ്രത്യേക കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ രണ്ടു ദിവസംകൊണ്ട് നിങ്ങള്‍ അറിയും' എന്ന് ഇത്തിരി ഭീഷണികലര്‍ത്തി പ്രസംഗം അവസാനിപ്പിച്ചതും എഡിഎമ്മിനു സ്‌നേഹോപഹാരം നല്കാന്‍ നില്‍ക്കാതെ ചാടിയിറങ്ങിപ്പോയതും സദസ്യര്‍ക്കാകെ മനോവിഷമത്തിനിടയാക്കി.
    വിഷം തീണ്ടിയ നാവുമായി കയറൂരി നടക്കുന്ന ജനപ്രതിനിധികളെ പിടിച്ചുകെട്ടാനും നിലയ്ക്കു നിര്‍ത്താനും ഈ രാജ്യത്തു നിയമ-നീതിസംവിധാനങ്ങള്‍ ശക്തമാകേണ്ടിയിരിക്കുന്നു. വാക്കുകള്‍ക്കൊണ്ടു മറ്റൊരാളെ മുറിവേല്പിക്കാനും മരണത്തിലേക്കുപോലും തള്ളിയിടാനും മടിയില്ലാത്ത നമ്മുടെ അധമസംസ്‌കാരത്തെ തിരുത്താനാണ് നാം ഇനിയും പഠിക്കേണ്ടത്. രാജ്യപുരോഗതിയ്ക്കും ക്ഷേമത്തിനുംവേണ്ട വിഷയങ്ങള്‍ ജനമധ്യത്തില്‍ ചര്‍ച്ചയ്ക്കു കൊണ്ടുവരേണ്ടവര്‍, വെറുപ്പിന്റെ രാഷ്ട്രീയവും വിഭജനത്തിന്റെ പ്രത്യയശാസ്ത്രവുംകൊണ്ട് സമൂഹത്തെ വിഷലിപ്തമാക്കുമ്പോള്‍ കവിയോടൊപ്പം നാം പാടി പ്രാര്‍ഥിക്കണം, 
     നല്ല വാക്കോതുവാന്‍ 
     ത്രാണിയുണ്ടാകണം.
    സത്യം പറയുവാന്‍ 
    ശക്തിയുണ്ടാകണം.
							
 ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
                    
                    