പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയും ദളിത് കത്തോലിക്കാ മഹാജനസഭയുടെ (ഡി.സി.എം.എസ്.) സപ്തതിയും പ്രമാണിച്ച് നവംബര്‍ 17 ഞായറാഴ്ച രാമപുരത്ത് ദേശീയ സിമ്പോസിയവും  ക്രൈസ്തവമഹാസമ്മേളനവും സംഘടിപ്പിക്കുന്നു.
    രാവിലെ ഒമ്പതിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് പാരീഷ്ഹാളില്‍ നടക്കുന്ന ദേശീയ സിമ്പോസിയം കെ.സി.ബി.സി. എസ്.സി, എസ്.ടി, ബി.സി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 
'ദളിത് ക്രൈസ്തവരുടെ നിജസ്ഥിതിയും ശക്തീകരണവഴികളും', 'ദളിത് ക്രൈസ്തവവിമോചനത്തിന്റെ സമഗ്രത സഭയില്‍', 'വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ -  ദളിത്‌ക്രൈസ്തവരുടെ മാര്‍ഗദര്‍ശി' എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. സിജോ ജേക്കബ്, റവ. ഡോ. ജോര്‍ജ് വറുഗീസ് ഞാറക്കുന്നേല്‍, ബിനോയി ജോണ്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍ മോഡറേറ്ററായിരിക്കും.
    ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ നഗറില്‍ നടക്കുന്ന ക്രൈസ്തവമഹാസമ്മേളനം ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്താ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കേന്ദ്രന്യൂനപക്ഷക്ഷേമ, ഫിഷറീസ് വകുപ്പുമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കുന്നതും കേരള ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ജൂബിലിസന്ദേശം നല്കുന്നതുമാണ്.  ഡി.സി.എം.എസ്.  പാലാ രൂപത പ്രസിഡന്റ് ബിനോയി ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.
     സമ്മേളനത്തിന് സാമുദായിക - സഭാത്മക - ദേശീയ - അന്തര്‍ദേശീയ മാനങ്ങള്‍ ഉണ്ടെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സമ്മേളനത്തിന്റെ സ്വാഗതസംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ത്തോമ്മാനസ്രാണി സമുദായത്തിന്റെ പാരമ്പര്യം, ഭാഷയുടെയും സാഹിത്യത്തിന്റെയും മേഖലകളില്‍ പാലാ രൂപതയിലെ സാഹിത്യകാരന്മാര്‍ ചെയ്ത സംഭാവനകള്‍, സഭയെ വളര്‍ത്തിയ ആത്മീയനേതാക്കന്മാരുടെ പാരമ്പര്യാധിഷ്ഠിതജീവിതം, സീറോ മലബാര്‍ സഭ ആഗോളതലത്തില്‍ നടത്തുന്ന നേഷന്‍ ബില്‍ഡിംഗ് തുടങ്ങിയ കാര്യങ്ങള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ പഠന വിഷയങ്ങളാകണമെന്നു ബിഷപ് പറഞ്ഞു. സഭയുടെ ചരിത്രത്തില്‍ രാമപുരം കേന്ദ്രമാക്കി  വലിയൊരു മുന്നേറ്റം സൃഷ്ടിക്കാന്‍  ക്രൈസ്തവമഹാസമ്മേളനത്തിനു സാധ്യമാകുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഡി.സി.എം. എസ്. സംഘടനാഭാരവാഹികള്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.
     ദളിത് കത്തോലിക്കാ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനോടൊപ്പം അവരെ വിദ്യാഭ്യാസപരമായും ആത്മീയമായും ഉയര്‍ത്തുകയും സാമൂഹികസാമ്പത്തികരാഷ്ട്രീയമേഖലകളില്‍ കരുത്തുറ്റവരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു വിവിധ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.  
                    പ്രാദേശികം
                    
                ക്രൈസ്തവ മഹാസമ്മേളനവും ദേശീയസിമ്പോസിയവും: നവംബര്‍ 17 ഞായറാഴ്ച രാമപുരത്ത്
                    
							
 *
                    