•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ഭാരതത്തിന്റെ അഭിമാനം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    ഭാരതത്തിനും കേരളത്തിനും അഭിമാനമായി ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനാരോഹണം ചെയ്തിരിക്കുന്നു. ഡിസംബര്‍ 7 ശനി ഇന്ത്യന്‍സമയം രാത്രി 8.30 ന് (വത്തിക്കാന്‍ സമയം വൈകുന്നേരം നാല്) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന കണ്‍സിസ്റ്ററിയില്‍ മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പാ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 
    പ്രതിജ്ഞയ്ക്കുശേഷം ഓരോരുത്തരെയും മാര്‍പാപ്പായുടെ അടുത്തേക്കു ക്ഷണിക്കുകയായിരുന്നു. സ്ഥാനിക ചിഹ്നങ്ങളായ മുടിയും മോതിരവും സ്ഥാനികദേവാലയം നിശ്ചയിച്ചുകൊണ്ടുള്ള ബൂളയും മാര്‍പാപ്പാ നവകര്‍ദിനാള്‍മാര്‍ക്കു നല്‍കി അവരെ ആശീര്‍വദിച്ചു. ഇരുപതാമതായാണ് മാര്‍ കൂവക്കാട് സ്ഥാനചിഹ്നങ്ങള്‍ സ്വീകരിച്ചത്.
     മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ക്ലീമിസ് കാതോലിക്കാബാവ ഉള്‍പ്പെടെയുള്ള കര്‍ദിനാള്‍മാര്‍ തിരുക്കര്‍മങ്ങളില്‍ പങ്കാളികളായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെ ആര്‍ച്ചുബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും നീനിര തിരുക്കര്‍മങ്ങളില്‍ സവിശേഷ സാന്നിധ്യമായിരുന്നു.
കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഔദ്യോഗികപ്രതിനിധിസസസംഘത്തിനു പുറമേ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കുടുംബാംഗങ്ങളുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിനു മലയാളികളും മറ്റു കര്‍ദി നാള്‍മാരുടെ രാജ്യത്തു നിന്നുള്ളവരുമടക്കം ആയിരങ്ങളാണ് ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയത്. 
    പ്രാദേശികസമയം വൈകുന്നേരം നാലോടെ നിയുക്ത കര്‍ദിനാള്‍മാര്‍ പ്രദക്ഷിണമായി അള്‍ത്താരയിലെത്തി. തുടര്‍ന്ന് ചടങ്ങിനു തുടക്കമായി മാര്‍പാപ്പാ പ്രാര്‍ഥന നടത്തി. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോടു ചേര്‍ന്ന് സഭാശുശ്രൂഷ നിര്‍വഹിക്കാന്‍ ഏതാനും സഹോദരങ്ങളെ കര്‍ദിനാള്‍ തിരുസംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി മാര്‍പാപ്പാ അറിയിച്ചു. തുടര്‍ന്ന് സുവിശേഷവായന നടന്നു.
    ദൈവമഹത്ത്വത്തിനും സഭയുടെ പുകഴ്ചയ്ക്കുമായി ഇവരെ കര്‍ദിനാള്‍പദവിയിലേക്ക് ഉയര്‍ത്തുന്നതായി ഓരോരുത്തരുടെയും പേരുകള്‍ ചൊല്ലി മാര്‍പാപ്പാ അറിയിച്ചു. പിന്നീട് കര്‍ദിനാള്‍മാര്‍ വിശ്വാസപ്രമാണം ചൊല്ലി സഭയോടും അതിന്റെ പാരമ്പര്യത്തോടുമുള്ള വിധേയത്വം പ്രഖ്യാപിച്ചു. 
    തുടര്‍ന്ന്, കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി മാര്‍പാപ്പയ്ക്കു മുന്നിലെത്തി വിധേയത്വം പ്രഖ്യാപിച്ചു. ക്രിസ്തുവിനോടും തിരുവചനങ്ങളോടും റോമിലെ പരിശുദ്ധ സിംഹാസനത്തോടും വാക്കിലും പ്രവൃത്തിയിലും മരണംവരെയും വിശ്വസ്തത പുലര്‍ത്തുമെന്നും ദൈവമഹത്ത്വത്തിനും വിശ്വാസസംരക്ഷണത്തിനുംവേി രക്തം ചിന്താന്‍ തയ്യാറാണെന്നുമുള്ള പ്രതിജ്ഞ കര്‍ദിനാള്‍മാര്‍ ചൊല്ലി. തുടര്‍ന്നാണ് സ്ഥാനചിഹ്നങ്ങളായ മുടിയും മോതിരവും മാര്‍പാപ്പാ അണിയിച്ചത്.
തിരുക്കര്‍മങ്ങള്‍ക്കുശേഷം നവകര്‍ദിനാള്‍മാര്‍ മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ വത്തിക്കാന്‍ സമയം 9.30 ന് മാതാവിന്റെ അമലോദ്ഭത്തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുര്‍ബാനയ്ക്കു മാര്‍പാപ്പായോടൊപ്പം നവകര്‍ദിനാള്‍മാരും സീറോ മലബാര്‍ സഭയില്‍നിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാര്‍മികരായി. 
     വൈകുന്നേരം സാന്ത അനസ്താസിയ സീറോ മലബാര്‍ ബസിലിക്കയില്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കാര്‍മികത്വത്തില്‍ മലയാളത്തില്‍ കൃതജ്ഞതാബലിയര്‍പ്പണവും തുടര്‍ന്ന് സ്വീകരണസമ്മേളനവും നടന്നു. ഇന്ത്യയില്‍ വൈദികരില്‍നിന്നു നേരിട്ട് ആദ്യമായി കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്ന മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവകാംഗമാണ്. 
    മാര്‍ ജോര്‍ജ് കൂവക്കാടും യുക്രെയ്ന്‍ കത്തോലിക്കാസഭയുടെ മെല്‍ബണ്‍ ബിഷപ് മാര്‍ മിക്കോളാ ബീച്ചും ഒഴികെയുള്ളവര്‍ ചുവന്ന മുടിയാണ് ധരിച്ചത്. പൗരസ്ത്യ സുറിയാനിപാരമ്പര്യത്തിലുള്ള വൈദികമേലധ്യക്ഷന്മാരുടെ വേഷവിധാനമായിരുന്നു മാര്‍ കൂവക്കാടിന്റേത്. കറുപ്പും ചുവപ്പുമുള്ള മുടിയാണ് മാര്‍ കൂവക്കാടിന്റേത്. മാര്‍ മിക്കോളാ ബിച്ച് യുക്രെയിന്‍ സഭയുടെ പാരമ്പര്യത്തിലുള്ള വേഷവിധാനത്തിലായിരുന്നു. 44 വയസ്സുമാത്രമുള്ള മാര്‍ മിക്കോളാ ബിച്ചാണ് ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാള്‍.
    2004 ല്‍ പൗരോഹിത്യം സ്വീകരിച്ച മാര്‍ ജോര്‍ജ് കൂവക്കാട് ഇരുപതാംവര്‍ഷമാണ് കത്തോലിക്കാസഭയിലെ ഏറ്റവും ഉന്നതരുടെ ശ്രേണിയിലേക്ക് എത്തുന്നത്. സീറോ മലബാര്‍ സഭയില്‍നിന്നുള്ള അഞ്ചാമത്തെ കര്‍ദിനാളും കേരളസഭയില്‍നിന്നുള്ള ആറാമത്തെ കര്‍ദിനാളുമാണ്. മാര്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നീ കര്‍ദിനാള്‍മാര്‍ സീറോ മലബാര്‍ സഭാംഗങ്ങളും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് മലങ്കര കത്തോലിക്കാസഭാംഗവുമാണ്.
    പ്രിന്‍സ് ഓഫ് ദ ചര്‍ച്ച് (സഭയുടെ രാജകുമാരന്‍) എന്നാണ് കര്‍ദിനാള്‍മാരെ വിളിക്കുന്നത്. അവര്‍ വഹിക്കുന്ന പദവിയുടെ വലുപ്പവും അതു നല്‍കുന്ന ഉത്തരവാദിത്വവും വ്യക്തമാക്കുന്നതാണ്  ഈ വിളിപ്പേര്. കര്‍ദിനാള്‍ എന്ന വാക്ക് കാര്‍ഡോ എന്ന വാക്കില്‍നിന്നാണ് ഉദ്ഭവിച്ചിരിക്കുന്നത്. കാര്‍ഡോ എന്ന വാക്കിന്റെ അര്‍ഥം വിജാഗിരി എന്നാണ്.
    ഒരു വാതിലിന് വിജാഗിരി എത്രമാത്രം പ്രാധാന്യമുള്ളതാണോ അതുപോലെ ആളുകളുടെ വാതിലായ ക്രിസ്തുവിന്റെ വികാരിയായ മാര്‍പാപ്പായുടെ സഭയെ ഭരിക്കുന്ന ശുശ്രൂഷയില്‍ വളരെ പ്രധാനമായ ഒരു ദൗത്യം നിര്‍വഹിക്കുന്നവരാണ് കര്‍ദിനാള്‍മാര്‍. കത്തോലിക്കാസഭയുടെ ഹയരാര്‍ക്കിയില്‍ രണ്ടാംസ്ഥാനത്തു കാണപ്പെടുന്ന കര്‍ദിനാള്‍മാര്‍ മഹാനായ ഗ്രിഗറി മാര്‍പാപ്പയുടെ കാലം (590-604 എഡി) മുതലെങ്കിലും പ്രസ്തുത പേരിലും ഔന്നത്യത്തിലും അറിയപ്പെടുകയും മാര്‍പാപ്പാമാരെ തിരഞ്ഞെടുക്കുന്നതു തുടങ്ങി കത്തോലിക്കാസഭയുടെ റോമിലെ ഭരണത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുകയും ചെയ്തിരുന്നു. ഇന്നും റോമന്‍ കൂരിയ എന്ന പേരിലറിയപ്പെടുന്ന, വത്തിക്കാനിലെ മാര്‍പാപ്പയെ സാര്‍വത്രികസഭയുടെ ഭരണത്തില്‍ സഹായിക്കുന്ന ഡിക്കാസ്റ്ററികളില്‍ മിക്കതിന്റെയും തലപ്പത്തുള്ളവര്‍ കര്‍ദിനാള്‍മാര്‍തന്നെ.
    മാര്‍പാപ്പമാരെ ഭരണത്തില്‍ സഹായിച്ചും പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പാപ്പയ്ക്കുവേണ്ട ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടും കത്തോലിക്കാസഭയില്‍ പ്രധാനപ്പെട്ട പദവികള്‍ വഹിക്കുന്ന കര്‍ദിനാള്‍സ്ഥാനം, പക്ഷേ, മെത്രാന്‍പട്ടത്തിനു മുകളിലുള്ള മറ്റൊരു പട്ടമല്ല. കത്തോലിക്കാസഭയിലെ പട്ടങ്ങള്‍ ഡീക്കന്‍പട്ടം, പുരോഹിതപട്ടം, മെത്രാന്‍പട്ടം എന്നിങ്ങനെ മൂന്നെണ്ണംമാത്രം. എന്നാല്‍, കര്‍ദിനാള്‍മാര്‍ മൂന്നു ഗണമായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവ കര്‍ദിനാള്‍, മെത്രാന്‍, പുരോഹിതര്‍  ഡീക്കന്‍ കര്‍ദിനാള്‍ എന്നിവയാണ്.
     കര്‍ദിനാള്‍ മെത്രാന്‍പട്ടം സ്വീകരിച്ചിരിക്കണമെന്ന് നൈയാമികമായി നിഷ്‌കര്‍ഷയില്ലെങ്കിലും സാധാരണഗതിയില്‍ മെത്രാന്‍പട്ടം സ്വീകരിച്ചവരാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുക. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു വൈദികനെ മാര്‍പാപ്പാ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. വൈദികരെ കര്‍ദിനാള്‍മാരായി ഉയര്‍ത്താനായി നിശ്ചയിക്കുമ്പോള്‍, സാമാന്യഗതിയില്‍ പ്രസ്തുത കണ്‍സിസ്റ്ററിക്കുമുമ്പായി അവര്‍ക്ക് മെത്രാന്‍പട്ടം നല്‍കും. മോണ്‍. ജോര്‍ജ് കൂവക്കാട് അതനുസരിച്ച് നവംബര്‍ 24 ന് ചങ്ങനാശേരിയില്‍വച്ച് മെത്രാന്‍പട്ടം സ്വീകരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പാ ഇത്തവണ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നവരില്‍ 44 മുതല്‍ 99 വയസ്സുവരെയുള്ളവരുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)