•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
നര്‍മം

പൊണ്ണന്‍പപ്പായുടെ ആട്ടക്കലാശം

  • ഡോമിനി രാമപുരത്ത്‌
  • 26 December , 2024

    ഇത്തവണ ക്രിസ്മസിനു കരോള്‍ നടത്താനുള്ള നിര്‍ദേശം പള്ളിയോഗത്തില്‍ എല്ലാവരും കൈയടിച്ചു പാസാക്കി. മൂന്നുനാലു വര്‍ഷമായി ഇടവകയില്‍ കരോള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍, ഈ വര്‍ഷം ബഹു. വികാരിയച്ചന്‍ താത്പര്യപൂര്‍വം വച്ച നിര്‍ദേശത്തെ ആരും എതിര്‍ത്തില്ല. കരോള്‍ നടത്തി കിട്ടുന്ന തുക പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ നല്‍കുമെന്നു പള്ളിയോഗത്തിലും ഞായറാഴ്ച കുര്‍ബാനമധ്യേ പ്രസംഗത്തിലും അച്ചന്‍ ഊന്നിപ്പറഞ്ഞു നയം വ്യക്തമാക്കി.
ക്രിസ്മസ് അടുക്കുന്തോറും കരോളിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. യഥാര്‍ഥപ്രശ്‌നം അപ്പോഴാണു രംഗപ്രവേശം ചെയ്തത്. ക്രിസ്മസ് പപ്പായാകാന്‍ ആര്‍ക്കും കഴിയില്ല. രൂപസാദൃശ്യംവച്ച് ചിലരോട് അച്ചന്‍ അഭ്യര്‍ഥിച്ചെങ്കിലും അവര്‍ സ്‌നേഹപുരസ്സരം അച്ചന്റെ ഓഫര്‍ നിരാകരിച്ചു. ഈ പ്രതിസന്ധി തുടരവേ ഒരുനാള്‍, പള്ളിയിലെ കപ്യാര്‍ ജോണിക്കുട്ടി അച്ചന്റെ അടുത്തെത്തി ഒരു ഓഫര്‍ വച്ചു:
    ''അച്ചാ, പപ്പാ ആകാന്‍ ഞാന്‍ ഒരാളെ സംഘടിപ്പിക്കാം. എന്റെ സഹപാഠിയും സുഹൃത്തുമാണ്. ബേബിയെന്നാണു പേര്. പൊണ്ണന്‍ബേബി എന്നാ ആളുകള്‍ വിളിക്കുന്നത്. ഇപ്പോള്‍ കട്ടപ്പനയിലെങ്ങോ ആണ്. ഫോണ്‍ വിളിച്ചപ്പോള്‍ വരാമെന്നേറ്റു... പക്ഷേ, 500 രൂപയും ഭക്ഷണവും വണ്ടിക്കൂലിയും കൊടുക്കണം...'' അച്ചന്‍ ഒരുനിമിഷം ആലോചിച്ചു. ആളെ കിട്ടിയില്ലെങ്കില്‍ കരോള്‍ നടക്കില്ല. മുമ്പ് ആറായിരം രൂപവരെ കരോള്‍പിരിവു കിട്ടിയിട്ടുണ്ട്. ഇത്തവണ അതിലും കൂടുതലേ കിട്ടൂ... പിന്നെ 500 രൂപ കൊടുത്താല്‍ അതു നഷ്ടമല്ല. അച്ചന്‍ ബേബിയെ വിളിക്കാന്‍ അനുവാദം കൊടുത്തു.
ഡിസംബര്‍ 24 നു രാവിലെതന്നെ ബേബിയെത്തി. വികാരിയച്ചനെ മുഖം കാണിച്ചു പരിചയപ്പെടുത്തി. കൊള്ളാം. അച്ചന്‍ മനസ്സില്‍ വിചാരിച്ചു. ക്രിസ്മസ് പപ്പായ്ക്കു ചേരും. കുടവയറും കപ്പടാമീശയും തുടുത്ത കവിളുകളും അമിതവണ്ണവും ബേബിയെ 'പൊണ്ണനാക്കി.' വലിയ മേക്കപ്പില്ലാതെ ഇയാളെ ക്രിസ്മസ് പപ്പായാക്കി മാറ്റാം. അച്ചന്‍ ബേബിക്ക് അപ്പവും വെജിറ്റബിള്‍ സ്റ്റൂവും ചായയും നല്‍കി സ്വാഗതമേകി. വിശ്രമിക്കാന്‍ പള്ളിമേടയില്‍ത്തന്നെ ഒരു മുറിയും അനുവദിച്ചു. ഉച്ചയ്ക്ക് ഊണിനുമുമ്പ് ജോണിക്കുട്ടിയുടെ ചെവിയില്‍ സഹപാഠി ഒരാവശ്യമുന്നയിച്ചു: ''ഒന്നു 'മിനുങ്ങാന്‍' എന്തെങ്കിലും സംഘടിപ്പിക്കണം. രാത്രിയിലും ആവശ്യം വരും.'' അതൊക്കെ പരിപാടി കഴിഞ്ഞ് ക്രിസ്മസിനു സംഘടിപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് അയാള്‍ തടിയൂരി.
വികാരിയച്ചന്‍ നല്‍കിയ വിശ്രമമുറി നാലു മണിയോടെ  ബേബി തന്റെ മേക്കപ്പ് റൂമാക്കി ഒരുക്കങ്ങളാരംഭിച്ചു. മുമ്പ് ഉപയോഗിച്ചിരുന്ന പപ്പായുടെ കുപ്പായവും തൊപ്പിയും വടിയുമെല്ലാം അച്ചന്‍ ബേബിയെ ഏല്പിച്ചു. മേക്കപ്പ് കഴിഞ്ഞിറങ്ങിയ പപ്പായെക്കണ്ട് കുട്ടികള്‍ ആര്‍ത്തുവിളിച്ചു. ആവേശം മൂത്ത ബേബി അവരോടൊപ്പം കൂടി. ആറു മണിക്ക് കരോള്‍ ആരംഭിച്ചു. മിഠായിയും ബലൂണും വര്‍ണക്കൊടികളും പടക്കവും ഒക്കെയായി കരോള്‍സംഘം ഉഷാറായി.
''ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു...''
പുല്‍ക്കുടിലില്‍, പാതിരാവില്‍...'' ക്രിസ്മസ് ഗാനം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഉയര്‍ന്നുപൊങ്ങി. മുമ്പില്‍ പെട്രോമാക്‌സുമായി കപ്യാര്‍ ജോണിക്കുട്ടി, പപ്പാ, കുട്ടികള്‍, ഏറ്റവും പുറകില്‍ വികാരിയച്ചനും കൈക്കാരന്മാരും എന്ന ക്രമത്തില്‍ കരോള്‍ വീടുകള്‍ കയറിയിറങ്ങി. നേരം ഇരുട്ടിത്തുടങ്ങി. ഇതിനിടെ പപ്പായുടെ പ്രകടനത്തില്‍ എന്തോ താളപ്പിഴയുണ്ടെന്ന് ജോണിക്കുട്ടിക്കു തോന്നി. പാട്ടുകള്‍ താളം തെറ്റുന്നതും ചുവടുകള്‍  നിലത്തുറയ്ക്കാന്‍ കൈയിലെ വടി കുത്തി നടക്കുന്നതും, വീടുകളില്‍ സ്ത്രീകളോടു കൂടുതല്‍ കിന്നരിക്കുന്നതും ജോണിക്കുട്ടി ശ്രദ്ധിച്ചു. അയാളുടെ തുറിച്ച നോട്ടം അവഗണിച്ചു ബേബി തന്റെ റോള്‍ ഭംഗിയാക്കാന്‍ യത്‌നിച്ചു. ഇതിനിടെ കൈക്കാരന്മാരില്‍ ഒരാള്‍ ജോണിക്കുട്ടിയുടെ ചെവിയില്‍ മന്ത്രിച്ചു:
''സംഗതി കൊഴുക്കാന്‍ പുള്ളിക്ക് ഞാനല്പം 'നാടന്‍' കൊടുത്തായിരുന്നു...''
ക്രിസ്മസ് പപ്പായെ കണ്ട് വലിയ പരിചയമില്ലാത്ത നാട്ടിലെ ചില നായകള്‍ ഇതിനിടെ കുരച്ചു ബഹളംവച്ചു. തന്റെ കൈയിലെ വടികൊണ്ട് അവയെ തുരത്താന്‍ പപ്പായും ശ്രമിച്ചു. പപ്പായുടെ ആട്ടം വര്‍ധിക്കുന്നതു ശ്രദ്ധിച്ച വികാരിയച്ചന്‍ കരോള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. ''ഇനി നമുക്കു നിര്‍ത്താം... പാതിരാക്കുര്‍ബാനയ്ക്കു സമയമാകാറായി...'' അച്ചന്‍ തന്ത്രപൂര്‍വം റൂട്ടു തിരിച്ചുവിട്ടു. 'ഫോമിലാ'യിരുന്ന ബേബി അര്‍ധമനസ്സോടെ അച്ചന്റെ തീരുമാനത്തിനു വഴങ്ങി. മുറിയില്‍ തിരിച്ചെത്തിയ ബേബി പപ്പായുടെ വേഷത്തോടെതന്നെ കട്ടിലിലേക്കു മറിഞ്ഞു. പൊടുന്നനേ ഉറക്കത്തിലേക്കും വഴുതിവീണു. കുര്‍ബാന കഴിഞ്ഞ് മുറിയിലെത്തിയ ജോണിക്കുട്ടി  ഗാഢനിദ്രയില്‍ 'ഉണ്ണി... ഉണ്ണിയേശു പിറന്നു...' എന്ന് അവ്യക്തമായി പുലമ്പുന്ന ബേബിയെ ഉണര്‍ത്തേണ്ടാ എന്നു കരുതി വാതില്‍ ചാരി വീട്ടിലേക്കു പോയി.
പിറ്റേന്നു രാവിലെ പള്ളിയിലെത്തിയ ജോണിക്കുട്ടി കണ്ടത് താടിക്കു കൈയും കൊടുത്തിരിക്കുന്ന വികാരിയച്ചനെയാണ്. എന്തുപറ്റിയെന്നു ചോദിക്കുന്നതിനുമുമ്പ് അച്ചന്‍ ഒരു കത്ത് കപ്യാര്‍ക്കു നേരേ നീട്ടി. ജോണി അതുവാങ്ങി വായിച്ചു:
''സ്‌നേഹമുള്ള ജോണിയും കൂട്ടരും അറിയാന്‍... ഞാന്‍ പോകുന്നു. പോകുമ്പോള്‍ ഇന്നലെ പിരിഞ്ഞുകിട്ടിയ കാശും ഞാനെടുക്കുന്നു. എന്നോട് അച്ചന്‍ ക്ഷമിക്കുമല്ലോ. ഞാന്‍ വളരെ ദാരിദ്ര്യത്തിലാണ്. ഈ തുക പാവങ്ങള്‍ക്കു കൊടുക്കുമെന്നാണല്ലോ അച്ചന്‍ പറഞ്ഞിരുന്നത്. അച്ചന്‍ ഉദ്ദേശിച്ചതുപോലെ നടന്നു എന്നു കരുതിയാല്‍ മതി. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്. എന്ന് ബേബി.''
മുറിയില്‍ അഴിച്ചുവച്ചിരുന്ന പപ്പായുടെ വേഷങ്ങളില്‍ നോക്കി ജോണിക്കുട്ടി മരവിച്ചുനിന്നു. പള്ളിയില്‍നിന്ന് ഗായകസംഘത്തിന്റെ സ്വരമുയര്‍ന്നു:
''ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു
പുല്‍ക്കുടിലില്‍... പാതിരാവില്‍...''

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)