•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

രണ്ടാമൂഴം രണ്ടും കല്പിച്ച് : ട്രംപിന്റെ നടപടികള്‍ ലോകസമാധാനത്തിനു ഭീഷണിയോ?

    യുഎസിനെക്കാള്‍ വിസ്തൃതിയുള്ള കാനഡയെ രാജ്യത്തിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന പ്രചാരണവുമായി 2024 ലെ പ്രസിഡന്റു തിരഞ്ഞെടുപ്പിനെ നേരിട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പോയ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായിട്ടാണു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയത്. നവംബര്‍ 5ലെ രഞ്ഞെടുപ്പുവിജയത്തിനുശേഷം രാജ്യമെമ്പാടും സംഘടിപ്പിച്ച റാലികളിലും  സമ്മേളനങ്ങളിലും ഈ തമാശ ആവര്‍ത്തിക്കുകയും ചെയ്തു. അധികാരമേറ്റശേഷം കാനഡയുടെമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാനഡയെ യുഎസിനോടു കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണത്തിനു മറുപടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ളത് സാങ്കല്പികാതിര്‍ത്തി മാത്രമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. ഏറ്റവുമൊടുവില്‍, ഈ മാസം 6-ാം തീയതി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചശേഷവും ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്കു മൂര്‍ച്ച കൂടി. ജനപ്രീതി നഷ്ടപ്പെട്ട് അധികാരം ഒഴിയേിവന്ന ട്രൂഡോയെ 'ഗവര്‍ണര്‍ ട്രൂഡോ' എന്നു വിളിച്ചു പരിഹസിക്കുകയും ചെയ്തു കാനഡയെ യു  എസിന്റെ 51-ാമത്തെ സംസ്ഥാനമാക്കുമെന്നത് നടക്കാത്ത ഒരു സ്വപ്‌നമാണെന്നും തന്റെ രാജ്യത്തെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്കു തക്ക മറുപടി നല്‍കുമെന്നുമായിരുന്നു ട്രൂഡോയുടെ പ്രതികരണം.

  ഡെന്മാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ളതും 1979 മുതല്‍ സ്വയം ഭരണം നിലവിലുള്ളതുമായ ഗ്രീന്‍ലാന്റും അറ്റ്‌ലാന്റിക്/പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പനാമ കനാലും ഏറ്റെടുക്കേണ്ടത് അമേരിക്കയുടെ ദേശീയസുരക്ഷയ്ക്കു നിര്‍ണായകമാണെന്നും പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞുവച്ചു. ഗ്രീന്‍ലാന്റിന്റെയും പനാമയുടെയുംമേല്‍ സാമ്പത്തികവും സൈനികവുമായ ശക്തി പ്ര യോഗിക്കാന്‍ മടിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെനേരേ സൈനികശക്തി പ്രയോഗിക്കുമെന്ന ട്രംപിന്റെ ഭീഷണിയില്‍ വലിയ കഴമ്പില്ലെന്നായിരുന്നു ഡെന്മാര്‍ക്കിന്റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയ മറുപടി. ആര്‍ട്ടിക്‌മേഖലയിലുള്ള ട്രംപിന്റെ താത്പര്യത്തില്‍ തെറ്റില്ലെന്നും, എന്നാല്‍, അവിടത്തെ ജനങ്ങള്‍ക്കു ദോഷകരമായ നടപടികളൊന്നും അനുവദിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
    വടക്ക്/തെക്ക് അമേരിക്കന്‍ ഭൂഖണ്ഡങ്ങളുടെ മധ്യത്തില്‍ അറ്റ്‌ലാന്റിക്/പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പനാമ കനാല്‍ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം പഴയ സൂയസ് പ്രതിസന്ധിപോലെ സങ്കീര്‍ണമായേക്കുമോയെന്നു ലോകരാജ്യങ്ങള്‍ ഭയക്കുന്നു. അമേരിക്കന്‍ എന്‍ജിനീയറിങ് വിസ്മയമായ കനാല്‍ 1914 ഓഗസ്റ്റ് 15-ാം തീയതിയാണ് കമ്മീഷന്‍ ചെയ്ത് ചരക്കുഗതാഗത്തിനു തുറന്നുകൊടുത്തത്. 19-ാം നൂറ്റാണ്ടിന്റെ അവസാനം 1881 ല്‍ ഫ്രാന്‍സ് തുടക്കമിട്ടിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാതെവന്നതിനാല്‍ നിര്‍മാണം അമേരിക്ക ഏറ്റെടുക്കുകയായിരുന്നു. ഉടമസ്ഥതയെച്ചൊല്ലിയുള്ള പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് 1977ല്‍ കനാല്‍  സ്വതന്ത്രപനാമയ്ക്കു വിട്ടുനല്കുകയായിരുന്നു. 1999 മുതല്‍ കനാലിന്റെ സമ്പൂര്‍ണനിയന്ത്രണം പനാമയില്‍ വന്നുചേര്‍ന്നു. കൈമാറ്റസമയത്തു നല്കിയ വാഗ്ദാനങ്ങള്‍ പനാമ പാലിച്ചിട്ടില്ലെന്നും, ഹോങ്കോങ് ആസ്ഥാനമായ ചൈനീസ് കമ്പനികളാണ് കനാലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ ആദ്യപ്രസംഗത്തില്‍ത്തന്നെ ട്രംപ് ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. ട്രംപിന്റെ ഭീഷണി തള്ളിക്കളഞ്ഞുകൊണ്ട് പനാമയുടെ പ്രസിഡന്റ് ജോസ് പോള്‍ മുലിനോ പറഞ്ഞത് ഇപ്രകാരമായിരുന്നു: ''പനാമ കനാല്‍ നിയമപരമായി ഞങ്ങളുടേതാണ്, 
അത് എന്നും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.''പ്രകോപനം സൃഷ്ടിക്കും വിധമുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നതും, തങ്ങളുടെനേരേ ബലപ്രയോഗം നടത്തുമെന്നു ഭീഷണിപ്പെടുത്തുന്നതും യു എന്‍ ചാര്‍ട്ടര്‍ രണ്ടാം വകുപ്പുപ്രകാരം കുറ്റകരമാണെന്ന പരാതിയുമായി മുലിനോ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിനെ സമീപിച്ചുകഴിഞ്ഞു. അതേസമയം, പനാമ കനാലിന്റെ നടത്തിപ്പിലോ മേല്‍നോട്ടത്തിലോ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് ചൈനയും വെളിപ്പെടുത്തി.
  ഫ്‌ളോറിഡയിലെ മാര്‍ അലാഗോയിലുള്ള വേനല്‍ക്കാലവസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് കാനഡയ്ക്കു നല്കിയ വാഗ്ദാനങ്ങളും രസകരമായിത്തോന്നി. അമേരിക്കയില്‍ ലയിക്കാന്‍ കാനഡ സമ്മതിക്കുന്നപക്ഷം ഇറക്കുമതിച്ചുങ്കം ഈടാക്കുകയില്ലെന്നും, കരമൊഴിവു നല്കുമെന്നും, 
ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളില്‍നിന്നു സംരക്ഷണം നല്കുമെന്നുമായിരുന്നു ട്രംപിന്റെ വാഗ്ദാനം. ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ തമാശയോ വെറും 
വാക്കോ അല്ലെന്നു തെളിയിക്കുമാറുള്ള  ഒരു നടപടി റിപ്പബ്ലിക്കന്‍സെനറ്റര്‍മാരില്‍നിന്നുായത് പുതിയ സംഭവവികാസമാണ്. അവരുടെ തീരുമാനപ്രകാരം ഗ്രീന്‍ലാന്റിനെ സ്വന്തമാക്കുന്നതിന് ഡെന്മാര്‍ക്കുമായി യു എസ് പ്രസിഡന്റ് ഏര്‍പ്പെടുന്ന കരാറിന്റെ പകര്‍പ്പ് കരാര്‍ ഒപ്പിട്ട് അഞ്ചു ദിവസത്തിനകം ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും പരിഗണനയ്ക്കു വയ്‌ക്കേണ്ടതാണ്. 
ഒരു ഭൂഖണ്ഡമായി വേര്‍തിരിക്കപ്പെട്ട ഓസ്‌ട്രേലിയ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്റ്. 21,66,000 ചതുരശ്രകിലോമീറ്ററാണ് ദ്വീപിന്റെ വിസ്തീര്‍ണം. 1953 മുതല്‍ ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ളതും, 1979 മുതല്‍ സ്വയംഭരണപ്രവിശ്യയുമായ ഗ്രീന്‍ലാന്റിന്റെ പ്രധാനമന്ത്രി മ്യൂട്ടെ എഗെദെയുടെ പ്രസ്താവനയും പുതിയ സംഭവികാസങ്ങളോടു ചേര്‍ത്തുവായിക്കണം: ''ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ അമേരിക്കയുമായി എക്കാലത്തും സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ധാതുസമ്പന്നമായ ഞങ്ങളുടെ ദ്വീപസമൂഹങ്ങളില്‍ ഖനനം നടത്തുന്നതിനു ഞങ്ങള്‍ എതിരല്ല, ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. എന്നാല്‍, ചുറ്റിലും നടക്കുന്ന സാമ്രാജ്യത്വശക്തികളുടെ ബലപരീക്ഷണങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു''. ദ്വീപിന്റെ 80 ശതമാനവും വര്‍ഷംമുഴുവന്‍ മഞ്ഞു മൂടിക്കിടക്കുന്നതിനാല്‍ ജനസംഖ്യ 57,000 മാത്രമാണ്. ഇരുമ്പും ചെമ്പും ഈയവും ടൈറ്റാനിയവും മാത്രമല്ല, സ്വര്‍ണത്തിന്റെയും പെട്രോളിയത്തിന്റെയും പ്രകൃതിവാതകങ്ങളുടെയും കലവറകൂടിയാണ് ഗ്രീന്‍ലാന്റ് എന്ന തിരിച്ചറിവാകാം ട്രംപിന്റെ നീക്കങ്ങള്‍ക്കു പിന്നിലെന്നാണു രാഷ്ട്രീയനിരീക്ഷണം.
ആശങ്കയില്‍ അധികാരക്കൈമാറ്റം
   അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേല്ക്കുംമുമ്പേ ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തിയ വ്യക്തിയാണ് ശതകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റശേഷമാകട്ടെ, അദ്ദേഹം നടത്തിയ നയംമാറ്റപ്രഖ്യാപനങ്ങള്‍, ലോകാരോഗ്യസംഘടനയില്‍നിന്നും കാലാവസ്ഥാ ഉടമ്പടിയില്‍നിന്നുമുള്ള പിന്മാറ്റം, ജന്മാവകാശപൗരത്വം റദ്ദാക്കല്‍, ട്രാന്‍സ്‌ജെന്‍ഡറുകളെ  നിരാകരിക്കല്‍, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തരാവസ്ഥ, മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന പ്രഖ്യാപനം എന്നിവയടക്കമുള്ള പുതിയ പ്രസിഡന്റിന്റെ കൈയൊപ്പുവീണ എക്‌സിക്യൂട്ടീവ് ഉത്തരവുകളെല്ലാം കടുത്ത ആശങ്കയാണു ജനിപ്പിച്ചിരിക്കുന്നത്. മുന്‍പ്രസിഡന്റ്  ജോ ബൈഡന്റെ  ഭരണകാലത്തെ 78 എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് ആദ്യദിവസം തന്നെ ട്രംപ് അസാധുവായി പ്രഖ്യാപിച്ചത്. അനധികൃതകുടിയേറ്റം പൂര്‍ണമായി തടയുമെന്നു പ്രഖ്യാപിച്ച ട്രംപ്, ഒരു പടികൂടി കടന്ന് മെക്‌സിക്കോ അതിര്‍ത്തിയിലുടനീളം മതില്‍ പണിയാനുള്ള തീരുമാനവും നടപ്പാക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു.
    ഇവയില്‍, ലോകാരോഗ്യസംഘടനയില്‍നിന്നുള്ള ഏകപക്ഷീയമായ പിന്മാറ്റം ലോകക്രമത്തില്‍ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കും. ആരോഗ്യമേഖലയുടെ ആകെ ബജറ്റിന്റെ 18 ശതമാനം നല്‍കുന്നത് യു എസാണ്. യുക്രെയ്ന്‍മുതല്‍ ഗാസവരെയുള്ള രാജ്യങ്ങളിലെ സഹായത്തിനുള്ള ഫണ്ടാണിത്. എയ്ഡ്‌സ്‌പോലുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്ന ഫണ്ടിന്റെ  75 ശതമാനം നല്‍കുന്നതും അമേരിക്കയാണ്. ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നു പിന്മാറാനുള്ള ട്രംപിന്റെ മുന്‍തീരുമാനം ബൈഡന്‍ ഭരണകൂടം റദ്ദാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ബൈഡന്റെ തീരുമാനം ട്രംപും തള്ളി. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ എടുത്തുകളയുമെന്ന ട്രംപിന്റെ പ്രഖ്യാപനവും അംഗീകരിക്കാനാവാത്തതാണ്. ആണും പെണ്ണും എന്ന രണ്ടു ജെന്‍ഡറുകള്‍ക്കു മാത്രമേ നിയമപരിരക്ഷയുള്ളൂ എന്നാണ് ട്രംപിന്റെ ശക്തമായ നിലപാട്.
അമേരിക്കയില്‍ ജനിക്കുന്ന ആര്‍ക്കും ജന്മാവകാശപൗരത്വം ലഭിക്കുന്നതു റദ്ദാക്കിയ ട്രംപിന്റെ ഉത്തരവ് വാഷിങ്ടണിലെ ജില്ലാക്കോടതി താത്കാലികമായി സ്റ്റേ ചെയ്തതാണ് ഏറ്റവും പുതിയ വാര്‍ത്ത. സന്ദര്‍ശകവിസയില്‍ എത്തുന്നവര്‍ക്കും അനധികൃതകുടിയേറ്റക്കാര്‍ക്കും യു എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മവകാശപൗരത്വം ലഭിക്കുമായിരുന്ന നിയമമാണ് ട്രംപ് റദ്ദാക്കിയത്. യു എസ് ഭരണഘടനയിലൂടെ ലഭ്യമായിരുന്ന ജന്മാവകാശപൗരത്വം റദ്ദാക്കണമെങ്കില്‍ ഭരണഘടനാഭേദഗതി വേണ്ടിയിരുന്നു.
    അതിനിടെ, അമേരിക്കയുടെ 46-ാമത് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ സ്ഥാനമൊഴിയുംമുമ്പു നടത്തിയ വിടവാങ്ങല്‍പ്രസംഗത്തില്‍ രാജ്യത്തെ ശതകോടീശ്വരന്മാര്‍ അധികാരത്തില്‍ പിടിമുറുക്കുന്നതിനെതിരേ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതു ശ്രദ്ധേയമായി. ജനുവരി  20 ലെ ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ മുഖം കാണിക്കാന്‍ അമേരിക്കയിലെ 'ടെക് ഭീമന്മാര്‍' വാഷിങ്ടണിലേക്കു കൂട്ടത്തോടെ യാത്രതിരിച്ചതിനെ  സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ടെസ്‌ലയുടെ ഇലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, ആപ്പിളിന്റെ ടിം കുക്ക്, വെന്‍ച്വറിന്റെ മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍, മെറ്റായുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ടിക് ടോക്കിന്റെ ഷൗ സി ഷ്യൂ എന്നീ കോടീശ്വരന്മാരെ ബൈഡന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ട്രംപ് പുതുതായി രൂപീകരിച്ച 'കാര്യക്ഷമതാവകുപ്പില്‍' ഇന്ത്യക്കാരനായ വിവേക് രാമസ്വാമിയോടൊപ്പം  ഇലോണ്‍ മസ്‌കും നിയമിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു. റഷ്യയിലെ ശതകോടീശ്വരന്മാരുടെ പിന്തുണയോടെ തുടങ്ങിയ യുക്രെയ്ന്‍യുദ്ധം മുമ്പോട്ടു കൊണ്ടുപോകാന്‍ പെടാപ്പാടു പെടുന്ന വ്‌ളാഡിമിര്‍ പുടിന്റെ അവസ്ഥയിലേക്ക് ട്രംപിന്റെ നയങ്ങള്‍ അമേരിക്കയെ നയിക്കുമോയെന്നും ലോകനേതാക്കള്‍  ഭയക്കുന്നുണ്ട്.
     അധികാരമേറ്റ് 24 മണിക്കൂറിനകം റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കും എന്ന പ്രഖ്യാപനം പാഴ്‌വാക്കായെങ്കിലും, ഹമാസ്-ഇസ്രയേല്‍ യുദ്ധത്തിനു താത്കാലികവിരാമമിടാനും, ശേഷിക്കുന്ന ബന്ദികളില്‍ ചിലരെയെങ്കിലും മോചിപ്പിക്കാനും കഴിഞ്ഞത് ട്രംപിന്റെ നയതന്ത്രനേട്ടമാണ്. 'അമേരിക്കയെ വീണ്ടും മഹത്തരമാക്കും' എന്ന പ്രഖ്യാപനവുമായി ജനങ്ങളെ കൈയിലെടുത്ത ട്രംപിന്റെ അടുത്ത നടപടികളെങ്കിലും സംഘര്‍ഷങ്ങള്‍ക്കു വഴിതുറക്കാത്തതും, ലോകസമാധാനത്തിനും ശാന്തിക്കും ഉതകുന്നതും ആകട്ടേയെന്നു പ്രത്യാശിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)