കുറവിലങ്ങാട്: കൈരളിക്കാകെ വേറിട്ട കാവ്യവസന്തം സമ്മാനിച്ച കവയിത്രി സിസ്റ്റര്‍ മേരി ബനീഞ്ഞയ്ക്ക് പാവനമായ ഒരു സ്മാരകമുയര്‍ന്നു. ഇലഞ്ഞി സിഎംസി മഠത്തിലാണ് ഓര്‍മകളുടെ സുഗന്ധവും സാഹിത്യത്തിന്റെ ഭംഗിയും സമ്മാനിച്ച് ''ഇലഞ്ഞിപ്പൂവ്'' - സിസ്റ്റര്‍ മേരി ബനീഞ്ഞ സ്മാരകമ്യൂസിയം തുറന്നത്. മലയാളത്തിലെ ആദ്യമിസ്റ്റിക് കവയിത്രിയും കര്‍മലീത്താസന്ന്യാസിനീസമൂഹാംഗവുമായ സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജന്മശതോത്തരരജതജൂബിലിവേളയിലാണ് സ്മാരകമ്യൂസിയം തുറന്നതെന്നത് സാഹിത്യലോകത്തിനും കര്‍മലീത്താ സന്ന്യാസിനീസമൂഹത്തിനും ഇരട്ടി സന്തോഷമായി.
നവമായ ബനീഞ്ഞാ ആഭിമുഖ്യം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇലഞ്ഞിപ്പൂവിന്റെ ആശീര്‍വാദം നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ സാഹിത്യസൃഷ്ടികളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളുണ്ടാകണമെന്നും ബിഷപ് പറഞ്ഞു. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജന്മശതോത്തരരജതജൂബിലി സമ്മേളനഉദ്ഘാടനവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. സിഎംസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രെയ്‌സ് തെരേസ് അധ്യക്ഷത വഹിച്ചു. ഇലഞ്ഞിപ്പൂവിന്റെ സമര്‍പ്പണവേളയില്‍ പ്രശസ്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ ബനീഞ്ഞാമ്മയെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവച്ചു. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും സിസ്റ്റര്‍ മേരി ബനീഞ്ഞ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍, അനൂപ് ജേക്കബ് എംഎല്‍എ, ഡോ. കുര്യാസ് കുമ്പളക്കുഴി, സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പില്‍, ഇലഞ്ഞി പഞ്ചായത്തു പ്രസിഡന്റ് പ്രീതി അനില്‍, ബനീഞ്ഞ സാംസ്‌കാരികസമിതി പ്രസിഡന്റ് വി.എം. മാത്യു, സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ രാജേഷ് സി. കുന്നുംപുറം, ഗീത ജോര്‍ജ്, സിസ്റ്റര്‍ സിജി തെരേസ്, സിസ്റ്റര്‍ കൃപ മരിയ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
ഈ വര്‍ഷത്തെ ബനീഞ്ഞാ അവാര്‍ഡ് നേടിയ, പാലാ രൂപതാംഗവും എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകനുമായ ജോസ് കെ. മാനുവലിനും, വാനമ്പാടി അവാര്‍ഡു നേടിയ പാലാ ഗുഡ്‌ഷെപ്പേര്‍ഡ് സെമിനാരിയിലെ അധ്യാപകനായ ഫാ. ജെയിംസ് പുലിയുറുമ്പിലിനും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡുകള്‍ സമ്മാനിച്ചു.