•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ചോക്ലേറ്റ്

  • ജിജോ ജോസഫ് എന്‍.
  • 13 March , 2025

   കുങ്കന്‍ വീണ്ടും വീണ്ടും മുങ്ങി നിവര്‍ന്നു. ആമിനു അമ്മയെ കാണുന്നില്ലല്ലോ. ഇന്നലെ രാത്രി ചോറും മീനും തന്നുറക്കിയതാണ്. പക്ഷേ ഇപ്പോള്‍... എല്ലായിടത്തും പരതി. മുണ്ടക്കൈയിലെ ആ വീട്... അതിരുന്ന സ്ഥലം എവിടെ? ഭൂമി പിളര്‍ന്ന് എവിടേക്കോ ഒഴുകി. അക്കൂടെ തന്റെ ആമിനു അമ്മയും കുട്ടൂസുമെല്ലാം... അവന് എങ്ങലടി നിര്‍ത്താനായില്ല.
''ഛീ... നായേ, എല്ലാം ചത്തുതുലഞ്ഞു. അതിനിടയില്‍ നിന്റെ കൂവല്‍.... കാലന്‍ കൂവുന്നതുപോലെ.'' ആരോ വലിച്ചെറിഞ്ഞ കരിങ്കല്‍ച്ചീളുകളിലൊരെണ്ണം അവന്റെ ഒടിഞ്ഞുതൂങ്ങിയ വലങ്കാലിലെ തള്ളവിരലില്‍ പതിച്ചു. ആവൂ... ജീവന്‍ പോകുന്ന വേദന. വലങ്കാലിനാകമാനം ഒരു മരവിപ്പു ബാധിച്ചിരിക്കുന്നു. അതിങ്ങനെ ഒടിഞ്ഞുതൂങ്ങി... ശരീരത്തിനൊപ്പം ചലിക്കാന്‍ ശ്രമിക്കുകയാണ്. ''മനുഷ്യനിവിടെ വെന്തുനീറുമ്പോഴും ഈ നായയുടെ...'' അയാളുടെ അടുത്ത ഏറ് ഒരുപക്ഷേ, തന്റെ തല ഉന്നമിട്ടുള്ളതായിരിക്കുമോ...? അതിനുമുമ്പ്... അവന്‍ വലങ്കാലില്‍ ഊന്നി ഓട്ടമാരംഭിച്ചു.
പക്ഷേ, പുഴയുടെ തീരം വിട്ടുപോകാന്‍ പറ്റുന്നില്ല. പുഴയ്ക്കകത്ത് ഉറങ്ങുന്നുണ്ട് ആമിനു അമ്മ, കുട്ടൂസ്. മണം പിടിച്ച് എത്തിയതാണ് പുഴക്കരയില്‍... പുഴയാകെ ദുര്‍ഗന്ധം വമിക്കുന്ന മൃതശരീരഭാഗങ്ങള്‍. ഒന്നും പൂര്‍ണമല്ല. പുഴയുടെ അടിത്തട്ടില്‍ വൃക്ഷവേരുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. സീതക്കുട്ടിയെവിടെ? ഉറക്കെ വിളിക്കണമെന്നുണ്ട്. ശ്വാസം പിടിച്ച് ഒറ്റമുങ്ങലാണ്, കുങ്കന്‍. വെള്ളത്തിനടിയില്‍ കണ്ണുതുറന്ന് തിരയും. പക്ഷേ, ചില ദൃശ്യങ്ങള്‍ അവന്റെ കരളിനെ കൊത്തിവലിക്കും. പുഴയുടെ അടിത്തട്ടില്‍ കെട്ടിപ്പുണര്‍ന്ന് ചെളിയില്‍ പുതഞ്ഞ് ശാന്തമായി ഉറങ്ങുന്ന അമ്മയും കുഞ്ഞും. ആ ചെളിക്കട്ടകള്‍ക്കിടയില്‍ മണ്ണില്‍ പാതി പുതഞ്ഞ് പുറത്തേക്കു തള്ളിനില്ക്കുന്ന പാദസരമിട്ട കുഞ്ഞു കാല്പാദങ്ങള്‍. പെട്ടെന്ന് അവന്‍ മുങ്ങിനിവരും. ഒന്നും സഹിക്കാനാവുന്നില്ല. ചൂരല്‍മല, മുണ്ടക്കൈ ആകെ സംസ്‌കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഈ പുഴയുടെ അടിത്തട്ടില്‍. രാത്രിയുടെ നിശ്ശബ്ദതയില്‍ പേമാരി കോരിച്ചൊരിയുമ്പോള്‍ മല ഗര്‍ജിക്കുന്നതു കേട്ടിരുന്നു. പിന്നെ ഒന്നും ഓര്‍മയില്ല. ആമിനു അമ്മയുടെ കട്ടില്‍കാലിലേക്കു ബന്ധിച്ചിരുന്ന തുടല്‍ അറ്റുതൂങ്ങി. വലങ്കാല്‍ ഏതോ കല്ലിനടിയില്‍പ്പെട്ടു ഞെരിഞ്ഞമര്‍ന്നു. പക്ഷേ, കളിക്കൂട്ടുകാരന്‍ കുട്ടൂസ്... ഇന്നലെ പകല്‍ പുഴയോരത്ത് മണ്ണപ്പം ചുട്ടു കളിച്ചതാണ്. പുഴ അവന് ഉത്സവമായിരുന്നു. പക്ഷേ, ഇന്ന് മുണ്ടക്കൈപ്പുഴ...? വെള്ളാര്‍മലയില്‍ തന്റെയും ആമിനു അമ്മയുടെയും വീട്...? ഒത്തിരിയേറെ ചോദ്യങ്ങള്‍ കുങ്കന്റെ സ്മൃതിപഥത്തില്‍ തെളിഞ്ഞുവന്നു. പക്ഷേ, പുഴയ്ക്കകത്തെ ദൃശ്യങ്ങള്‍. അവ വിസ്മരിക്കാന്‍ പറ്റിയിരുന്നെങ്കില്‍... ഒന്നുറങ്ങാമായിരുന്നു... ഞെരിഞ്ഞമര്‍ന്ന വലങ്കാല്‍ സമ്മാനിക്കുന്ന വേദനയ്ക്കപ്പുറമാണ് ഹൃദയവേദന. കണ്ണീര്‍ വറ്റി... അവന്റെ ചിന്തകളില്‍ അസാധാരണമായ ഒരു മരവിപ്പ്... നിസ്സംഗത... ബാധിച്ചിരിക്കുന്നു. ഇനിയെങ്ങോട്ട്..? ചോദ്യങ്ങള്‍ ബാക്കിയായി.
*****************************
തലേന്നും പോയിരുന്നു, ഹാജിയാരുടെ  ചായക്കടയില്‍. എന്നും അങ്ങനാണ് ആമിനു അമ്മ. പുലര്‍ച്ചെ അയല്‍പക്കത്തെ രാഘവന്റെ കോഴി കൂവുമ്പോഴേ എഴുന്നേറ്റ്, അവനെയും കൂട്ടും. പിന്നെയൊരു നടത്തമാണ്. ഹാജിയാരുടെ ചായക്കടയിലേക്ക്. ഏലക്കുന്നുകള്‍ അപ്പോള്‍ കോടമഞ്ഞു പുതച്ച് നല്ല ഉറക്കമായിരിക്കും. വഴിവക്കിലാകെ മഞ്ഞില്‍ പുതഞ്ഞ് വശ്യമായ സൗന്ദര്യത്തിലാടുന്ന ചെത്തിയും ചെമ്പരത്തിയും. അവയിങ്ങനെ പലപ്പോഴും അവനെ കൈകാട്ടി വിളിക്കാറുണ്ട്. ചിരപരിചിതനായ സുഹൃത്തിനെ എന്നപോലെ. പലപ്പോഴും ഏറെനേരം അവന്‍ നോക്കിനില്ക്കും. പുഞ്ചിരിമലയിലെ കാപ്പി പൂത്താല്‍ അന്തരീക്ഷത്തിനാകെ മാദകഗന്ധമാണ്. ഒഴുകിയൊഴുകി അത് അര്‍ധരാത്രിയില്‍ വെള്ളാര്‍മലയിലെ ആമിനു അമ്മയുടെ വീട്ടിലും എത്തും. അമ്മ ഉറക്കത്തിനിടയില്‍ വിളിച്ചുപറയും. കാപ്പി പൂത്തല്ലോ വെള്ളാര്‍മലയിലെ... എന്തു രസമായിരുന്നു ആ കാലം. പക്ഷേ, ഇപ്പോ..?
തലേന്നും പോയിരുന്നു, ഹാജിയാരുടെ ചായക്കടയില്‍. എന്തോ ഗൗരവമായ ചര്‍ച്ച നടക്കുകയാണ്. ചായക്കപ്പ് തേയിലസഞ്ചി ലക്ഷ്യമാക്കി ഉയര്‍ന്നുപൊങ്ങുമ്പോഴും നാണപ്പന്‍ചേട്ടന്‍ സംസാരിച്ചുകൊണ്ടിരുന്നു. എന്തിനെപ്പറ്റിയായിരുന്നു? അവന്‍ ഓര്‍മിച്ചെടുക്കാന്‍ ശ്രമിച്ചു. അവന്റെ ചിന്തകളില്‍ ഓര്‍മകള്‍ അറ്റുതൂങ്ങിക്കിടപ്പാണ്. അവയിങ്ങനെ എന്നും ഹൃദയത്തിനു വേദനകള്‍ സമ്മാനിച്ച്... അറ്റുതൂങ്ങിയ അവന്റെ വലങ്കാല്‍പോലെ. ''എന്തോന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട്?'' പണപ്പെട്ടിയിലെ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴും ഹാജിയാരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാം. ''അതൊന്നും നടപ്പാവൂല്യാന്നേ. നമുക്കുവേണം വികസനം. ഇവിടെ റിസോര്‍ട്ട് വേണം. എങ്കിലല്ലേ നമ്മുടെ പണപ്പെട്ടിയില്‍ നാലു കായ് തടയൂ.'' ''പക്ഷേ, ഹാജിയാരേ ഭൂമി തുരന്നാല്‍? പാറ പൊട്ടിച്ചാല്‍? കാടു നശിച്ചാല്‍?'' മേനോന്റെ ശബ്ദമുയര്‍ന്നു. ''നമ്മുടെ ജീവനും അപകടത്തിലാകില്ലേ?'' നാണപ്പന്‍ചേട്ടന്‍ പരിപ്പുവട എണ്ണപ്പാത്രത്തിലിട്ടു  മൊരിക്കുമ്പോഴും, ശ്രദ്ധ ചര്‍ച്ചയിലായിരുന്നു. കാരണം, പുരയിലുണ്ടല്ലോ തനിക്കും മൂന്നു കുഞ്ഞുങ്ങള്‍. നീതുവും ജാനകിയും സേതുവും. വെള്ളാര്‍മലസ്‌കൂളിലെ  കുട്ടികളാ. തിരിച്ചുപോരുന്ന വഴി പുഴയോരത്ത് വെള്ളാര്‍മല സ്‌കൂള്‍ നിശ്ശബ്ദയായി സന്ന്യാസിയെപ്പോലെ മൗനംപൂണ്ടു നില്പാണ്. പുഴ പറയുന്ന കഥകള്‍ കേട്ടു മനസ്സടക്കി...
സ്‌കൂളെത്തിയാല്‍ കുങ്കന് അനുസരണ ലവലേശം കാണില്ല. ആമിനു അമ്മയോടൊപ്പം  മുഖമുയര്‍ത്തി സുരക്ഷാഗാര്‍ഡിനെപ്പോലെ നടന്നിരുന്ന അവന്റെ രീതി മാറും. ചാടിക്കയറി മുറ്റത്തും വരാന്തയിലുമായി ഒന്നു ചുറ്റിക്കറങ്ങും. തെക്കേ യറ്റത്തെ വാകമരച്ചുവട്ടില്‍ വിരിച്ച പൂക്കള്‍ക്കിടയിലൂടെ... അവസാനം കിഴക്ക് ഹെഡ്മാസ്റ്ററുടെ മുറിക്കു മുമ്പില്‍ വരാന്ത അവസാനിക്കുന്നിടത്ത് അവന്‍ ഓട്ടം നിര്‍ത്തും. ആമിനു അമ്മ നിര്‍ത്താതെ വിളിക്കും. എടാ കുങ്കാ... രാവിലെ കുട്ടികള്‍ വരുന്ന സമയമാ. അവനെ കണ്ട് കുഞ്ഞുങ്ങള്‍ പേടിച്ചെങ്കിലോ..? കറക്കത്തിനുശേഷം  അനുസരണയുള്ള സ്‌കൂള്‍ കുട്ടിയെപ്പോലെ മടങ്ങിവരും. എല്ലാം സുരക്ഷിതമാണോ എന്നു നോക്കണം. കാരണം, അത് അവന്റെയുംകൂടി സ്‌കൂളാണല്ലോ.
വെള്ളാര്‍മല സ്‌കൂള്‍. അതിപ്പോ..? അവന്റെ മുമ്പില്‍ പുഴയിലെ കുതിച്ചുയരുന്ന കണ്ണീരും ജീവശ്വാസവും കലര്‍ന്ന മലവെള്ളംപോലെ ആശങ്ക പെരുമ്പറ മുഴക്കാന്‍ തുടങ്ങി. പോകണം. രാത്രി മൂന്നുമണിക്ക് മല ആര്‍ത്തലറിയതാ. ഒന്നല്ല രണ്ടു പ്രാവശ്യം. വൈകുമ്പാടെ തുടങ്ങിയിരുന്നു... മഴത്തുള്ളികള്‍ക്കു പതിവില്ലാത്ത കനവും. മേനോന്‍മാഷിന്റെ വാക്കുകള്‍ അവന്റെ ചിന്തകളില്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. കാലാവസ്ഥാവ്യതിയാനം..?
ചെളിപുരണ്ട പാറക്കഷണങ്ങള്‍, അവയിങ്ങനെ വാ പിളര്‍ന്നു നില്പുണ്ട്. അമ്മയുടെ വീടിരുന്നിടത്ത്. എവിടെ വീട്..? കുത്തിയൊലിച്ചുപോയിരിക്കുന്നു. അതിന്റെ സ്ഥാനത്ത് ചെകുത്താന്റെ രൂപവും ഭാവവുമുള്ള പാറക്കൂട്ടങ്ങള്‍. ഭൂമിയുടെ ചങ്കു തുറന്ന് ചോരയും നീരുമെന്നപോലെ മലവെള്ളം കുതിച്ചൊഴുകി പ്പോയിരിക്കുന്നു. പച്ചമാംസം എന്നപോലെ ഭൂമിക്കടിയിലെ വെളുത്ത മണ്ണ്. അവയിങ്ങനെ വെള്ളത്തിനടിയില്‍ പരന്നുകിടന്ന് അവനെ പല്ലിളിച്ചു കാണിക്കുന്നുണ്ടായിരുന്നു. ചൂരല്‍മല, മുണ്ടക്കൈ പൊട്ടിയൊലിച്ച് ഈ പുഴയില്‍ ആത്മഹത്യ ചെയ്‌തോ..?
ചേനന്‍ പറഞ്ഞിരുന്നു. കാട്ടുതേന്‍ ശേഖരിക്കാന്‍ അവന്റയൊപ്പം പോയതായിരുന്നു കുങ്കന്‍... മണ്ണു പൊത്തിപ്പിടിച്ചിരുന്ന പാറക്കൂട്ടങ്ങളെ നോക്കി വല്ലാത്തൊരു ആധിയോടെയായിരുന്നു അവന്റെ പറച്ചില്‍. ''മലയ്ക്കു കേടൊണ്ട്, മലയ്ക്കു ദീനം ബാധിച്ചിരിക്കുന്നു. മലയുടെ ചങ്ക് മണ്ണെടുപ്പുമൂലം പൊട്ടിപ്പിളര്‍ന്നിരിക്കുന്നു. പാറപ്പുറത്തെ മണ്ണ് ആദ്യം ഒലിച്ചുവരും. പിന്നെ കരിമ്പാറയും പാറക്കെട്ടുകളും. അതിനുമുമ്പ് നമുക്ക് സഹോദരങ്ങളെ പാത്തുവയ്ക്കണം. എല്ലാ കാര്‍മേഘങ്ങളും കടന്നുപോകണം.'' ചേനന്‍ പറയുന്നത് എന്താണെന്ന് അവന് ഒരെത്തുംപിടിയും കിട്ടിയിരുന്നില്ല. കാട്ടുതേനീച്ചകളെ മെല്ലെ ഉയര്‍ത്തിവിട്ട് കാട്ടുതേന്‍ തന്റെ കൂടയില്‍ ശേഖരിക്കുമ്പോഴും ചേനന്‍ പിറുപിറുക്കും: ''കരിമ്പാറയും പാറക്കെട്ടും... സഹോദരങ്ങളെ കാക്കണം.'' പക്ഷേ...?
മുണ്ടക്കൈ...? കുങ്കനെ വലങ്കാലിന്റെ വേദന വലിച്ചുകോട്ടുമ്പോഴും അവന്റെ ചിന്തകളില്‍ കാര്‍മേഘം ഉരുണ്ടുകൂടി. ഇടയ്ക്ക് തനിക്കു ചോക്ലേറ്റ് തന്നിരുന്ന ഖദീജ ഉമ്മയുടെ വീട്... ഉമ്മയുടെ കുട്ടികള്‍ ഏഴു വയസ്സുകാരി ജമീല... അഞ്ചുവയസ്സുകാരന്‍ റഷീദ്... ആറുമാസക്കാരന്‍ റഹ്‌മത്ത്.. എന്നും ആ വഴി പോകുമ്പോള്‍ ഉമ്മ കരുതിവയ്ക്കുമായിരുന്നു ചോക്ലേറ്റ് ഒരെണ്ണം. അവനുംകൂടി. പക്ഷേ..?
നിശ്ശബ്ദതയായിരുന്നു ഉമ്മയുടെ മുഖത്ത്. കണ്ടിട്ട് കണ്ട ഭാവം നടിക്കാതെ മണ്ണ്  പൊത്തിക്കൂട്ടുന്നുണ്ട്. ഒരു കറുത്ത കോണ്‍ക്രീറ്റ് സ്ലാബിനു മുമ്പില്‍ മണ്ണ് പൊത്തിക്കൂട്ടിയിരിക്കുന്നു. ഉമ്മ നിരത്തുകയാണ് ചോക്ലേറ്റുകള്‍. ഉയര്‍ത്തിനിറുത്തിയ ഗ്രാനൈറ്റ് സ്ലാബുകളില്‍ ആരുടെയോ ചിത്രങ്ങള്‍. അത് റഷീദിന്റെയല്ലേ? ജമീലയുടെ? റഹ്‌മത്തിന്റെ?
ആരോ വിളിച്ചുപറയുന്നുണ്ട്. അവര് എല്ലാ വീട്ടുകാരെയും  രക്ഷിച്ചു. മലവെള്ളത്തില്‍നിന്ന്. പക്ഷേ, തിരിച്ചുവന്നപ്പോള്‍.. കുഞ്ഞുങ്ങളെ കൊണ്ടുപോയിരുന്നു. ഇടയ്ക്കിടയ്ക്ക് ഉമ്മ വിതുമ്പുന്നുണ്ടായിരുന്നു. കുഴിമാടത്തിലെ ഓരോ ചോക്ലേറ്റും എടുത്ത്. പറ്റിയില്ലല്ലോ മക്കളേ... കുങ്കന്റെ ശരീരത്തിനാകെ തളര്‍ച്ച ബാധിച്ചതുപോലെ. അവന്റെ ജമീല... റഷീദ്... റഹ്‌മത്ത്...
ഈ മണ്ണിനടിയില്‍ ഇനിയെന്നാണ് തനിക്കൊപ്പം കളിക്കാന്‍, ചോക്ലേറ്റ് നുണഞ്ഞിറക്കാന്‍... അവനു നില്‍ക്കാന്‍ തോന്നിയില്ല. അവിടെ നിന്നാല്‍ തനിക്കും ഭ്രാന്തു പിടിക്കും, ഖദീജ ഉമ്മയെപ്പോല്‍. വല്ലാത്തൊരു ഹൃദയഭാരത്തോടെ പിന്‍കാലുകള്‍ വലിച്ചിഴച്ച് ഒടിഞ്ഞുതൂങ്ങിയ വലങ്കാലിനാല്‍ മുഖംപൊത്തി ഏങ്ങിയേങ്ങി അവന്‍ കരഞ്ഞു. പിന്നെ നിശ്ശബ്ദനായി.
ഉച്ചയായിരിക്കുന്നു. വിശപ്പ്. ഇനി വയ്യ. ചത്തുപോകും. അങ്ങ് ദൂരെ മേപ്പാടി ഷെല്‍ട്ടര്‍ കാണാം. എല്ലാവരും ഒരുമിച്ച്... പ്രകൃതി എല്ലാവരെയും ഒരുമിപ്പിച്ചിരിക്കുന്നു. അവള്‍ക്കു ജാതിയോ വര്‍ണമോ വിശ്വാസങ്ങളോ ഒന്നും പ്രശ്‌നമല്ല. ദുരന്തങ്ങള്‍ മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്നു. നീര്‍ക്കുമിളപോലെ ജീവിതം. പെരുവഴിയമ്പലത്തിലേ യാത്രക്കാരാണ് താനുള്‍പ്പെടെ സകല ജീവജാലങ്ങളും എന്ന സത്യം അവന്‍ മറക്കുന്നു. കുങ്കന് ചിന്തകളുടെ പെരുമഴക്കാലം. നായയ്ക്കുമുണ്ടോ ദാര്‍ശനികത..? പക്ഷേ, പലപ്പോഴും മനുഷ്യനെക്കാള്‍ തിരിച്ചറിവ് മറ്റു ജീവജാലങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. കുങ്കനോര്‍ത്തു. മനുഷ്യന്റെ ദുരയ്ക്ക് ദൈവത്തിന്റെ മറുപടിയാണോ ഈ പാറക്കഷണങ്ങള്‍? എങ്കില്‍ പെട്ടിമുടിയിലെയും ചൂരല്‍മലയിലെയും പാറക്കെട്ടുകള്‍...? കുങ്കന് മനസ്സില്‍ ചേനന്റെ വാക്കുകള്‍ മരണമണിപോലെ മുഴങ്ങി.
ഇനി ആരാണ് തനിക്കു സ്വന്തമായിട്ടുള്ളത്? എല്ലാവരെയും എടുത്തില്ലേ പ്രകൃതി. അവന്‍ മെല്ലെ ഒരു പാറയില്‍ വലിഞ്ഞുകയറി. ചെളി പുരണ്ട ഒരെണ്ണം. മനുഷ്യന്റെ കണ്ണീരും സ്വപ്നങ്ങളും പറ്റിപ്പിടിച്ച ഒരെണ്ണം. അവന്റെ വിയര്‍പ്പുകൊണ്ട് നട്ടുനനച്ചു വളര്‍ത്തിയ സസ്യലതാദികള്‍. അവയെല്ലാം തച്ചുടച്ച് ഞെരിച്ചമര്‍ത്തി വലിയ ഉരുളന്‍കല്ലുകള്‍. അവയിങ്ങനെ താഴ്‌വാരത്ത് വാ പിളര്‍ന്ന്... ഇനിയും ആരെയൊക്കെ വിഴുങ്ങും..? കുങ്കന്റെ ചിന്തകള്‍ ജ്വലിക്കുകയാണ്. ജ്വലിക്കുകയാണ് നദീതീരത്ത് ചിത, ആളിപ്പടര്‍ന്ന് ആകാശംമുട്ടെ ഉയരുകയാണ്, ആരുടെയൊക്കെയോ മൃതശരീരങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുകയാണ്.
 കുങ്കന്റെ മനസ്സിലെ ആധി അവയ്‌ക്കൊപ്പം ആളിപ്പടരാന്‍ തുടങ്ങി. അവ മനുഷ്യന്റെ മനസ്സിലേക്കും പടര്‍ന്നിരുന്നെങ്കില്‍.
...ദാ... അങ്ങു ദൂരെ എന്തോ മിന്നിത്തിളങ്ങുന്നു. ആരോ എന്തോ... പോലീസുകാരാണ്. റിഫ്‌ളക്ടറുകള്‍ തുന്നിച്ചേര്‍ത്ത പുറങ്കുപ്പായം ധരിച്ച് അയാള്‍ എന്തോ ഉറക്കെ വായിക്കുകയാണ്. ''ചൂരല്‍മലയിലെ ദേവീവിലാസം വീട്ടിലെ രാഘവന്‍, വില്ലേജാഫീസര്‍...'' പകുതി അറ്റുപോയിരിക്കുന്നു. അക്ഷരങ്ങളെ കൂട്ടിപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണയാള്‍. ''... പരാതി. എന്റെ ഭൂമിയുടെ പത്തടിയകലം... എന്റെ അയല്‍വാസി കൈവശപ്പെടുത്തി കെട്ടിത്തിരിച്ച് എന്റെ വീട്ടിലേക്കു മാര്‍ഗതടസ്സമുണ്ടാക്കിയിരിക്കുന്നു''. അയാള്‍ ഇടയ്ക്കിടെ കണ്ണുകളുയര്‍ത്തി നോക്കുന്നുണ്ട്. ''എവിടെ വേലി?'', ''എവിടെ ഭൂമി?'' ''ആരുടെ?'' എല്ലാ വേലിക്കെട്ടുകളും പ്രകൃതി തകര്‍ത്തിരിക്കുന്നു. അവള്‍ക്ക് ഒരുനിമിഷം മതി. ആ പോലീസുകാരന്‍ അട്ടഹസിക്കുന്നുവോ? ഒരു പരിഹാസച്ചിരി..? പ്രകൃതിയെപ്പോല്‍... മനുഷ്യനു നേരേ...?
മേപ്പാടിയില്‍ ചെല്ലണം. ഷെല്‍ട്ടര്‍ ഹോമില്‍... വിശപ്പകറ്റണം. വല്ലാത്തൊരു ഒച്ചപ്പാട്..? വാസുവും മൊയ്തീനും. രണ്ടുപേരും ചങ്കുപൊട്ടി ആര്‍ത്തലയ്ക്കുകയാണ്. വലിയ കോട്ടും ബൂട്ടുകളുമണിഞ്ഞ് ക്യാമറ കൈയിലേന്തി... ഒരു കൂട്ടം... വലിയ ചക്രങ്ങളുള്ള... കുന്നേല്‍ ചാടിക്കയറുന്ന വണ്ടികളിലാണ്  അവരുടെ വരവ്... കയറ്റരുത്... നിങ്ങടെ വണ്ടി ഇവിടെ. വാസുവിന്റെ ഉറച്ച സ്വരം. അയാളുടെ കൈത്തണ്ടയിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി... എന്തിനും പോന്ന്... കൂടെ മൊയ്തീന്‍... മലവെള്ളപ്പാച്ചിലില്‍ പാതി മുറിഞ്ഞ തൂമ്പാക്കൈയുമായി... ''ഞമ്മടെ കുഞ്ഞുങ്ങള്‍  ഈ മണ്ണിനടിയില്‍... വന്നിരിക്കുന്നു. വാര്‍ത്തയുണ്ടാക്കി ലാഭം കൊയ്യാന്‍.''
''ഈ മണ്ണിനടിയില്‍ എന്റെ കുഞ്ഞുങ്ങള്‍... ഇപ്പോഴുമുണ്ട്... അവരുടെ പുറത്തുകൂടിയാ നിങ്ങളുടെ വണ്ടി. കൊക്കിന് ജീവനുള്ളിടത്തോളം കാലം സമ്മതിക്കൂലാ'' നിന്നു ചീറുകയാണ് മൊയ്തീന്‍. ഒടിഞ്ഞ തൂമ്പയുമായി വാസു ഇളക്കുകയാണ്. ഓരോ പാറക്കല്ലും തട്ടി അലറി വിളിക്കുന്നുണ്ട്.
സീതക്കൂട്ടീ...
ജനാര്‍ദ്ദനാ... 
കുട്ടൂസേ...
നീ എവിടെയാണ്... കേള്‍ക്കുന്നുണ്ടോ... ചിലപ്പോള്‍ പാറക്കഷണങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മറുപടി...?
********************************
ചെളിയില്‍ പൂണ്ട് പുറത്തേക്കു തള്ളി നില്ക്കുന്ന വിരലുകള്‍ ആരെയോ ചേര്‍ത്തുപിടിച്ചിരിക്കുന്നു. മുഖം മാത്രം കാണാം. രണ്ടുപേരുടെയും അരയ്ക്കുതാഴെ വലിയ പാറക്കല്ല് ഞെരിച്ച് അമര്‍ത്തിയിരിക്കുന്നു. തള്ളിനില്‍ക്കുന്ന വിരലുകളിലൊരെണ്ണം... മോതിരമിട്ട ഇടത്തേ കൈവിരലിലെ കുഴിനഖം... തന്റെ ആമിനു അമ്മയല്ലേ... ചേര്‍ത്തുപിടിച്ചിരിക്കുന്നത്...? കുട്ടൂസിനെ... വാസുവിന്റെ മകന്‍. കുങ്കന് അലറിക്കരയണെമന്നുണ്ട്... പക്ഷേ, തൊണ്ടയില്‍ കുരുക്കിട്ടിരിക്കുന്നതുപോലെ... ഉമ്മയുടെ കൈകളിലെ വളകള്‍...  അവ ചിതറിത്തെറിച്ചിരിക്കുന്നു. ഏറെനേരം നോക്കിനിന്നു... മെല്ലെ അടുത്തുചെന്നു... മണത്തുനോക്കി... അതേ ഗന്ധം... അറ്റുപോയിട്ടില്ല... വളപ്പൊട്ടുകളില്‍നിന്ന്... മെല്ലെ ഒരെണ്ണം വായില്‍ തിരുകി. ഇതുമതി... ഈ ഗന്ധം... ജീവിതം മുഴുവന്‍. തിരിഞ്ഞുനടന്നു.
തടുക്കണം...
പാറക്കൂട്ടങ്ങളെ...
സോദരങ്ങളെ കരുതിവയ്ക്കണം...
മെല്ലെ പിറുപിറുത്തു...
അവന്‍.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)