പാലാ: തിന്മയെ ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ നാടായി മാറി നമ്മുടെ പൊതുസമൂഹമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരിഭീകരതയ്‌ക്കെതിരേ പാലാ ളാലം പുത്തന്‍പള്ളി ഹാളില്‍ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ''വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്''  സമ്മേളനപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്. തിന്മകളുടെ പ്രചാരണത്തിനു സിനിമയും ചില മാധ്യമങ്ങളും മുന്‍ഗണന കൊടുക്കുമ്പോള്‍, അതു നമ്മുടെ തലമുറ നന്മയാണെന്നു കരുതി സ്വീകരിക്കുമ്പോള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്. തിന്മകള്‍ക്കു നമ്മുടെ പ്രചാരണമാധ്യമങ്ങള്‍ കൂടുതല്‍ മുന്‍ഗണന കൊടുക്കരുത്. ലഹരിവിപത്തിനെതിരേ കണ്ണടയ്ക്കരുത്. ഒറ്റക്കെട്ടായി ജനസമൂഹവും ജനപ്രതിനിധികളും കൂട്ടായി യത്‌നിക്കേണ്ട കാലഘട്ടമാണിതെന്നും ബിഷപ് സൂചിപ്പിച്ചു.
ബാലാവകാശക്കമ്മീഷന്റെ ചെയര്‍മാനായിരിക്കുന്നവര്‍ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും അധ്യാപനപരിചയം ഉള്ളവരായിരുന്നാലേ കുട്ടികളുടെ മാനസികപിരിമുറുക്കങ്ങളെക്കുറിച്ച് മനസ്സിലാക്കാനാകൂ. കുട്ടികളുടെ ബാഗ് പരിശോധന പാടില്ല, ക്ലാസ് റൂമുകളില്‍ ക്യാമറ പാടില്ല തുടങ്ങിയ ചില നിയമങ്ങളെങ്കിലുംതന്നെ കുട്ടികളുടെ തെറ്റുകളെ മറയ്ക്കാന്‍ കാരണമാകുന്നുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രിന്‍സിപ്പല്‍മാര്‍ വിലയിരുത്തി. 
കൊവിഡ് മഹാമാരി വന്നപ്പോള്‍, കൊറോണ ബാധിച്ചവന്റെ തുടക്കംമുതല്‍ ഒടുക്കംവരെയുള്ള റൂട്ടുമാപ്പ് കണ്ടെത്താന്‍ കാണിച്ച വ്യഗ്രത മാരകരാസലഹരിയുടെ കണ്ടെത്തലിനുപയോഗിച്ചാല്‍ ലഹരിക്കു തടയിടാന്‍ കഴിയുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.  
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് അടിയന്തരപ്രാധാന്യത്തോടെ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ലഹരിവിരുദ്ധപ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തിലേക്കു ക്ഷണിക്കപ്പെട്ടിരുന്നത്:
കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും രൂപതപ്രസിഡന്റുമായ പ്രസാദ് കുരുവിളയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി.സി. ജോര്‍ജ് എക്‌സ് എം.എല്‍.എ., രൂപത കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ജിമ്മി, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, ജോസ് പുത്തന്‍കാലാ, പി. എം. മാത്യു, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, സാബു എബ്രാഹം, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
							
 *
                    
                    