•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

കേരളം കടഭാരത്തിന്റെ നടുക്കടലില്‍

നങ്ങളുടെജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേരളസര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലേ? വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്ന് വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കു സംരക്ഷണം കിട്ടുന്നില്ലെന്ന പരാതി പൊതുസമൂഹത്തില്‍നിന്നു വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വനപാലകര്‍ക്കുതന്നെ സ്വയരക്ഷയ്ക്കുവേണ്ടി കടുവയെ വെടിവച്ചു കൊല്ലേണ്ടിവന്നത്. സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കു പണം തികയാതെ വരുന്നതുകൊണ്ട് കിട്ടുന്നിടത്തുനിന്നെല്ലാം കടം മേടിക്കുന്ന അവസ്ഥ ഒരു വശത്തും സര്‍ക്കാര്‍ പണംകൊടുക്കാനുള്ളവരോടു പിന്നെത്തരാം എന്നു പറയേണ്ട സ്ഥിതി മറ്റൊരു വശത്തും. എല്‍.പി., യു.പി. സ്‌കൂളികളിലെ കുട്ടികള്‍ക്കായി നടത്തുന്ന എല്‍. എസ്. എസ്, യു. എസ്. എസ്. മത്സരപ്പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക 2017 മുതല്‍ കുടിശ്ശികയായിരിക്കുകയാണെന്ന് നിയമസഭയില്‍ മന്ത്രി വെളിപ്പെടുത്തി. ഇത്തരത്തില്‍ കഴിവു തെളിയിച്ച കുരുന്നുകള്‍ക്കു ലഭിക്കാനുള്ളത് 4.47 കോടി രൂപയാണ്. നാളെകളില്‍ ഈ കുട്ടികള്‍ ഉപരിപഠനത്തിനായും തുടര്‍ന്നുള്ള ജീവിതത്തിനും കേരളം വിട്ടുപോകുന്നതാണ് തന്റെ ഭാവിക്കു നല്ലതെന്നു ചിന്തിച്ചാല്‍ അവരെ ആര്‍ക്കു കുറ്റപ്പെടുത്താനാവും?
    കോഴിക്കോട് ജില്ലയിലെ നരിപ്പറ്റപ്പഞ്ചായത്തില്‍ മൂന്നാംവാര്‍ഡില്‍ താമസിക്കുന്ന കര്‍ഷകന്‍ പുതുപ്പള്ളി ജോഷിയുടെ നല്ല കായ്ഫലമുള്ള 22 തെങ്ങുകളില്‍ 18 എണ്ണത്തിന്റെയും മണ്ട വെട്ടിമാറ്റാന്‍ കാരണം സമാധാനത്തോടെ ജീവിക്കണം എന്ന ആഗ്രഹമാണ്. തെങ്ങില്‍നിന്നു ലഭിക്കുന്ന വരുമാനത്തെക്കാള്‍ വലുത് മനുഷ്യജീവനാണെന്ന ചിന്തയിലാണ് ജോഷി ഇത്തരം ഒരു തീരുമാനം എടുത്തത്. തേങ്ങായ്ക്കു ഭേദപ്പെട്ട വില ഉണ്ടെങ്കിലും കൂട്ടമായി എത്തുന്ന കുരങ്ങന്മാര്‍ തേങ്ങയും കരിക്കും പറിച്ചെടുത്ത് വീട്ടുമുറ്റത്തു നില്‍ക്കുന്ന മക്കളുടെയും ഭാര്യയുടെയും നേരേ എറിയുകയാണ്. അധികാരികളോടു പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടാവാത്തതുകാരണമാണ് തെങ്ങില്‍നിന്നുള്ള വരുമാനത്തെക്കാള്‍ വലുത് ജീവന്റെ വിലയാണെന്ന തിരിച്ചറിവില്‍ ഈ കടുംകൈ ചെയ്തത്. ജോഷിയുടെ അനുഭവമുള്ള ആയിരക്കണക്കിനു കുടുംബനാഥന്‍മാര്‍ കേരളത്തിലുണ്ട്.
    2019 ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നവീകരണപദ്ധതിപ്രകാരം വന്യമൃഗശല്യത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം ഒന്നിന് 15 ലക്ഷം രൂപ നല്‍കി ഭൂമി ഏറ്റെടുക്കും എന്നതായിരുന്നു വാഗ്ദാനം. വനാതിര്‍ത്തിയിലുള്ള അനേകം കുടുംബങ്ങള്‍ ഈ പദ്ധതിയുമായി സഹകരിച്ച് ഭൂമി വനംവകുപ്പിന് എഴുതിനല്‍കി വാടകവീടുകളിലേക്കു താമസം മാറ്റി. കുറെ കുടുംബങ്ങള്‍ക്ക് ആദ്യഗഡു തുക കിട്ടിയപ്പോള്‍ റീബില്‍ഡ് കേരളഫണ്ട് തീര്‍ന്നു. തുടര്‍ന്ന് കിഫ്ബിയെ ആശ്രയിച്ചു മുന്നോട്ടുനീങ്ങി. ഇപ്പോള്‍ അതും നിലച്ച മട്ടായി. സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ച് വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ഫലവൃക്ഷങ്ങളും കിടപ്പാടവും വനംവകുപ്പിനും വന്യമൃഗങ്ങള്‍ക്കുമായി കൈമാറിയ കര്‍ഷകന്റെ കണ്ണുനീരിന് ഭരണാധികാരികള്‍ക്കുമുമ്പില്‍ എന്തുവില? 
    വരുമാനവര്‍ധനയെക്കാള്‍ ചെലവു വര്‍ധിച്ചാല്‍ വ്യക്തികള്‍ക്കായാലും സ്ഥാപനങ്ങള്‍ക്കായാലും സര്‍ക്കാരിനായാലും പണം കടം എടുക്കേണ്ടിവരും. കേരളസംസ്ഥാനം രൂപീകൃതമായതുമുതല്‍ നാളിതുവരെ എടുത്തിട്ടുള്ള കടത്തെ സഞ്ചിതകടമെന്നു വിളിക്കുന്നു. 2025-26 ബജറ്റനുസരിച്ച് സര്‍ക്കാരിന്റെ സഞ്ചിതകടം 4,81,997.62 കോടി രൂപയാണ്. 
    സഞ്ചിതകടം 2000-01 മുതല്‍ 2010-11 വരെ ചെറിയ വര്‍ധനവാണ് കാണിക്കുന്നതെങ്കില്‍ പിന്നീട് കടത്തിന്റെ ഗ്രാഫ് കുത്തനെ ഉയരുകയാണു ചെയ്യുന്നത്. 1970 മുതലുള്ള കടത്തിന്റെ വര്‍ധന പരിശോധിച്ചാല്‍ ശരാശരി വളര്‍ച്ച 17.48 ശതമാനം ആയിരുന്നത് 1996-2000 കാലഘട്ടത്തില്‍ 23 ശതമാനമായി ഉയര്‍ന്നു. 1997 ലെ കേന്ദ്രസര്‍ക്കാരിന്റെ അഞ്ചാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയതോടെ ഇന്ത്യയുടെയും മറ്റു സംസ്ഥാനങ്ങളുടെയും ധനസ്ഥിതി വളരെ മോശമായി. 
    കേന്ദ്രജീവനക്കാര്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനംവരെ ശമ്പളവര്‍ധന നടപ്പാക്കിയപ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും ഈ രീതിയില്‍ ശമ്പളവര്‍ധന നടപ്പാക്കാന്‍ നിര്‍ബന്ധിതരായി. സ്‌പെക്ട്രലേലത്തിലൂടെ അവിചാരിതമായി ലഭിച്ച വരുമാനവര്‍ധനമൂലം ഈ ബാധ്യതയില്‍നിന്നു കരകയറാന്‍ ഭാരതസര്‍ക്കാരിനു കഴിഞ്ഞു. പക്ഷേ, സംസ്ഥാനങ്ങള്‍ വലിയ തോതില്‍ കടമെടുത്ത് ശമ്പളപരിഷ്‌കരണത്തിന്റെ ബാധ്യത തീര്‍ക്കാന്‍ നിര്‍ബന്ധിതമായി. ഇങ്ങനെ കടംവാങ്ങുന്ന പണം പദ്ധതികളില്‍ മുടക്കാനോ വ്യവസായം തുടങ്ങി അതിന്റെ ലാഭത്തില്‍നിന്നു മുതലും പലിശയും തിരിച്ചടയ്ക്കാനോ അല്ല ഉപയോഗിക്കുന്നതെന്നത് 2023-24 ല്‍ കേരളം എടുത്ത കടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഈ കാലയളവില്‍ 103043 കോടി രൂപയാണ് കേരളം കടമെടുത്തത്. മുന്‍കാലകടത്തിന്റെ തിരിച്ചടവിനായി ഇതില്‍നിന്ന് 73000 കോടി മാറ്റി. ബാക്കി 27000 രൂപ പലിശയിനത്തിലും അടച്ചുകഴിഞ്ഞപ്പോഴാണ് മറ്റ് ആവശ്യങ്ങള്‍ 3043 കോടി രൂപയാണ് മിച്ചം ഉള്ളതെന്നു തിരിച്ചറിഞ്ഞത്.

    സര്‍ക്കാരും സ്ഥാപനങ്ങളും എങ്ങനെയാണ് സാമ്പത്തികപ്രതിസന്ധിയില്‍ എത്തിപ്പെടുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണംകൂടി കുറിക്കട്ടെ. കെഎസ്ഇബിയുടെ ശമ്പളപെന്‍ഷന്‍ ചെലവ് 2016-17 വര്‍ഷം 3603.69  കോടിയില്‍നിന്ന് 2018-19 വര്‍ഷം 5134.34 കോടി ആയി ഉയര്‍ന്നു. രണ്ടു വര്‍ഷംകൊണ്ട് 42.47 ശതമാനം വര്‍ധന. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ശമ്പളച്ചെലവ് ഇവിടെ ഉണ്ടാകുമ്പോള്‍ സാധാരണ വൈദ്യുതി ഉപഭോക്താക്കളുടെ നിരക്കു വര്‍ദ്ധിപ്പിച്ച് വരുമാനംകൂട്ടിയാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കുന്നത്. 
ധനവിനിയോഗത്തിലെ കാര്യക്ഷമത, വരുമാനസമാഹരണം, സാമ്പത്തിക അച്ചടക്കം, വായ്പകളും സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവും, കടം താങ്ങാനുള്ള പരിധി തുടങ്ങിയവ മാനദണ്ഡങ്ങളായി സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികനില വിലയിരുത്താനായി നീതി ആയോഗ് പുറത്തിറക്കിയ പ്രഥമസാമ്പത്തികഭദ്രതാസൂചികയില്‍ പ്രധാനപ്പെട്ട 18 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 15-ാമതാണ്. കേരളവും പഞ്ചാബും ബംഗാളും കഴിഞ്ഞ ഒമ്പതു വര്‍ഷമായി  സാമ്പത്തികവെല്ലുവിളി നേരിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2021-22 റവന്യൂ വരുമാനത്തിന്റെ 20 ശതമാനം പലിശയടയ്ക്കുന്നതിനാണു ചെലവഴക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നമ്മള്‍ ഏറ്റവും അഭിമാനത്തോടെ പറയുന്ന വിദ്യാഭ്യാസമേഖലയില്‍ കേരളം ചെലവിടുന്നത് 14 ശതമാനം ആണെങ്കില്‍ മറ്റു സംസ്ഥാനങ്ങളുടെ ശരാശരി 14.9 ശതമാനമാണ്.
    പല ഇന്ത്യന്‍സംസ്ഥാനങ്ങളും കടക്കെണിയിലേക്കു കൂപ്പുകുത്തുകയാണെന്ന തിരച്ചറിവില്‍ ക്രമാതീതമായി കടം എടുക്കുന്നതില്‍നിന്നു സംസ്ഥാനങ്ങളെ നിരുത്സാഹപ്പെടുത്താനായി 2003 ല്‍ പാര്‍ലമെന്റ് ധന ഉത്തരവാദിത്വബജറ്റ് നിര്‍വഹണനിയമം പാസ്സാക്കി. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനനിയമസഭയും സമാനസ്വഭാവത്തിലുള്ള നിയമം നിര്‍മിച്ചു. ഈ നിയമപ്രകാരം സംസ്ഥാനത്തിന്റെ സഞ്ചിതകടം എസ്ഡിപിയുടെ 29 ശതമാനമായി നിയന്ത്രിച്ചു നിറുത്തണം. 1970 മുതല്‍ നീതിബോധത്തോടെയുള്ള കടമെടുപ്പാണു നടത്തിയിരുന്നതെങ്കില്‍ അഞ്ചാംശമ്പളപരിഷ്‌കരണത്തോടെ കടമെടുപ്പ് സകലസീമകളും തെറ്റിച്ചാണു മുന്നേറുന്നത്.
സര്‍ക്കാര്‍ കടമെടുക്കുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ലെന്നു ചിന്തിക്കുന്നവരോട് ഒന്ന് ഓര്‍മിപ്പിക്കുന്നു. നമുക്കുവേണ്ടി സര്‍ക്കാര്‍ ആരോടെല്ലാമാണ് കടം പറയുന്നത്? നമ്മള്‍ സഞ്ചരിക്കുന്ന റോഡ് പണിതവരോട് 16000 കോടി കടം പറയുന്നു. ശമ്പള പരിഷ്‌കരണകുടിശ്ശികക്കാരോട് 15000 കോടി കടം പറയുമ്പോള്‍ ക്ഷേമപെന്‍ഷന്‍കാരോട് കടം പറഞ്ഞിരിക്കുന്നത് 3400 കോടിയാണ്. ഇങ്ങനെ ചെറുതും വലുതുമായ കടം പെരുകുമ്പോള്‍ പണം കണ്ടെത്താല്‍ സാധാരണക്കാരന്റെ മേല്‍ നികുതി അടിച്ചേല്പിക്കുമ്പോഴാണ് സര്‍ക്കാര്‍ കടം മേടിച്ചാല്‍ അതു തിരിച്ചടയ്‌ക്കേണ്ട സാധ്യത നമ്മുടേതാണെന്ന കാര്യം ഓര്‍മ വരിക.
    വ്യക്തികളും സ്ഥാപനങ്ങളും വര്‍ഷത്തില്‍ എത്ര തവണയാണ് കടം എടുക്കുന്നത്? പിടിച്ചുനില്‍ക്കാന്‍ മറ്റു മാര്‍ഗമില്ലാത്തപ്പോള്‍ ആദ്യം വ്യക്തികളില്‍നിന്ന് പിന്നെ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് കടം എടുക്കും. ആ സ്ഥിതിയില്‍ നമ്മുടെ സംസ്ഥാനം എത്തിച്ചേര്‍ന്നോ? ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 225 പ്രാവശ്യമാണ് നമ്മുടെ സര്‍ക്കാര്‍ കടം എടുത്തത്. വീണ്ടും 12000 കോടി കടം എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന് മാധ്യമവാര്‍ത്തകള്‍ കണ്ടു.
    ദീര്‍ഘവീക്ഷണമില്ലായ്മയാണ് പലപ്പോഴും കടക്കെണിയില്‍ വീഴാന്‍ ഇടയാക്കുന്നത്. വോട്ടു നേടാന്‍ രാഷ്ട്രീയകക്ഷികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനെതിരേ സുപ്രീംകോടതി വളരെ രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. സൗജന്യറേഷനും പണവും ലഭിക്കുന്നതിനാല്‍ ജനങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന നിരീക്ഷണവും കോടതി നടത്തി. ഇതു രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെ ബാധിക്കുന്നതാണെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബഞ്ച് പറഞ്ഞുവച്ചു.
    സംസ്ഥാനം കടക്കെണിയില്‍നിന്നു മോചനം നേടണമെങ്കില്‍ ചെലവു ചുരുക്കിയേ പറ്റൂ. അതോടൊപ്പം, വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാവുകയും വേണം. ജി.എസ്.ടി. വരുമാനത്തിലെ ചോര്‍ച്ച തടയുക, വനത്തില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ പാട്ടം നല്‍കിയിരിക്കുന്ന ഭൂമിയുടെ പാട്ടം പുനഃപരിശോധിക്കുക, തരിശ് ഇട്ടിരിക്കുന്ന ഭൂമി പാട്ടത്തിനു നല്‍കി വരുമാനം വര്‍ധിപ്പിക്കുക എന്നിവയെക്കുറിച്ചു ഗൗരവമായി ചിന്തിക്കണം.
    സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ 2024-25 ബജറ്റില്‍ പ്ലാന്‍ ബി യെക്കുറിച്ച് ധനമന്ത്രി സൂചിപ്പിച്ചു. ക്ഷേമപെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശ്ശിക എന്നിവ നല്‍കുന്നതിനു പണം കണ്ടെത്താനായി പദ്ധതിവിഹിതത്തില്‍ 50 ശതമാനം വെട്ടിക്കുറയ്ക്കാന്‍ വകുപ്പുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇത്തരത്തിലുള്ള സമീപനം കൂടുതല്‍ ധനപ്രതിസന്ധി  ഉണ്ടാക്കും. ഇപ്പോള്‍ത്തന്നെ പണം മുടക്കിയ പദ്ധതികള്‍ നിറുത്തിവച്ചാല്‍ പിന്നീട് റീ എസ്റ്റിമേറ്റ് എടുത്ത് കൂടുതല്‍ പണം ചെലവഴിച്ച് ആ പദ്ധതി പൂര്‍ത്തിയാക്കേണ്ടിവരും. ഇതിനുപകരം ദുര്‍ച്ചെലവുകള്‍ കുറയ്ക്കുകയാണു വേണ്ടത്. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനെന്ന പേരില്‍ കോടികള്‍ പരസ്യത്തിനായി ചെലവഴിക്കുന്നത് ഒഴിവാക്കണം. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ബജറ്റില്‍ 100 കോടി രൂപാ നീക്കിവച്ചിരിക്കുന്നു. ഇതിനുപകരം ഉദ്യോഗസ്ഥമേധാവികള്‍ക്ക് അവരുടെ സ്ഥാനത്തിനനുസരിച്ച് വാഹന അലവന്‍സ് നല്‍കിയാല്‍ ഖജനാവിന് വലിയ നേട്ടം ഉണ്ടാവും. ഈ കുറിപ്പ് എഴുതുന്ന മാര്‍ച്ച് 18-ാം തീയതി ആയിട്ടും നിയമസഭാസാമാജികരുടെ ടിഎ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അപ്പോള്‍ നമ്മുടെ ഖജനാവിന്റെ  സ്ഥിതി എത്ര ഭദ്രമാണെന്നു വായനക്കാര്‍ വിലയിരുത്തുമല്ലോ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)