•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ന്യായാസനങ്ങള്‍ക്ക് കാലിടറുന്നുവോ?

    ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കണ്ടെത്തിയത് 15 കോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകള്‍! 
    ഇന്ത്യയിലെ 146 കോടി ജനങ്ങളുടെ നെഞ്ചിലെ വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 14 ന് അര്‍ധരാത്രി തീപിടിച്ചത്. രാഷ്ട്രീയസ്വാധീനത്തിന്റെ അതിപ്രസരണത്തിനുമുമ്പില്‍ നീതിയുടെ വാതില്‍ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ സാധാരണക്കാരന്റെ അവസാന ആശ്രയവും ആശ്വാസവുമായിരുന്ന കോടതികള്‍ അഴിമതിയുടെ അഴുക്കുചാലില്‍ വീണു മലിനമാകുന്നത് വല്ലാത്ത ഒരു പകപ്പോടെയാണ് ഭാരതം നോക്കിക്കണ്ടത്.
     2025 മാര്‍ച്ച് 14 രാത്രി 11. 35 നാണ് ഡല്‍ഹി ഹൈക്കോടതിയിലെ രണ്ടാമനായ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ തീപ്പിടിത്തമുണ്ടാവുകയും വസതിയോടു ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍ കോടിക്കണക്കിനു രൂപയുടെ നോട്ടുകെട്ടുകളടങ്ങിയ ചാക്കുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെടുകയും ചെയ്തത്. രാജ്യത്തെ നടുക്കിയ ഈ സംഭവം പക്ഷേ, പുറത്തറിയുന്നത് 21-ാം തീയതിയാണ്. തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് നോട്ടുകെട്ടുകള്‍ കത്തിയെരിയുന്നതു കണ്ടത്. തുടര്‍ന്ന്, അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ യശ്വന്ത് വര്‍മയും ഭാര്യയും വസതിയില്‍ ഉണ്ടായിരുന്നില്ല. ഊഹത്തിന്റെയടിസ്ഥാനത്തിലുള്ള  ആരോപണങ്ങള്‍മാത്രമാണ് തനിക്കെതിരേയുള്ളതെന്നും സംഭവത്തിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു ജസ്റ്റിസ് വര്‍മയുടെ പ്രതികരണം. ഇതുതന്നെയാണ് അദ്ദേഹം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നല്‍കിയ വിശദീകരണവും. അഗ്നിബാധയുണ്ടായായ മുറി താന്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെ നോട്ടുകെട്ടുകള്‍ സൂക്ഷിക്കുന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നില്ലെന്നും ചാരംമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് അദ്ദേഹം ചീഫ് ജസ്റ്റിസിനു മൊഴി നല്‍കിയത്. നോട്ടുകെട്ടുകള്‍ വ്യക്തമായി കാണുന്ന വീഡിയോയും ചിത്രങ്ങളും തെളിവായി കാണിച്ചു ചോദിച്ചപ്പോഴും ഗൂഢാലോചനയാണെന്നായിരുന്നു  അദ്ദേഹത്തിന്റെ മറുപടി.
സുപ്രീംകോടതി നടപടികള്‍
    ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു നല്‍കിയ അന്വേഷണറിപ്പോര്‍ട്ടും കത്തിയെരിയുന്ന നോട്ടുകെട്ടുകളുടെ വീഡിയോയും ചിത്രങ്ങളും ശനിയാഴ്ച രാത്രി സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് സുപ്രീംകോടതി പ്രസിദ്ധീകരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കേ സുപ്രീംകോടതി കൊളീജിയം അസാധാരണയോഗം ചേര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാനുള്ള തീരുമാനമെടുത്തു. എന്നാല്‍, അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നു പ്രഖ്യാപിച്ചുകൊണ്ടും വിവാദജഡ്ജിയെ അങ്ങോട്ടേക്കു സ്ഥലം മാറ്റരുതെന്നും ആവശ്യപ്പെട്ട് അവിടുത്തെ ബാര്‍ അസോസിയേഷന്‍ പണിമുടക്കാരംഭിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമുള്ള ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്നു മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു. സംഭവമന്വേഷിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, മലയാളിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗസമിതിയെയും നിയമിച്ചു
ജസ്റ്റിസ് യശ്വന്ത് വര്‍മ സംശുദ്ധനോ?
   2014 ല്‍ അലഹബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചുമതലയയേറ്റു. ജസ്റ്റിസ് വര്‍മ 2015 ല്‍ അവിടെ സ്ഥിരം ജഡ്ജിയാവുകയും 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ എത്തുകയും ചെയ്തു. വില്പനനികുതി, ജിഎസ്ടി, കമ്പനി അപ്പീലുകള്‍ തുടങ്ങിയ വിഷയങ്ങളാണ് ജസ്റ്റിസ് വര്‍മ പരിഗണിച്ചിരുന്നത്. യു.പിയിലെ സിംഭോലി പഞ്ചസാര മില്ലില്‍ ക്രമക്കേടു നടത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്ഥാപനത്തിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന യശ്വന്ത് വര്‍മയുള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് 2018 ല്‍ സിബിഐ വഞ്ചനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ചു കോടികള്‍ വായ്പയെടുത്തതിന്റെ പേരില്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ആയിരുന്നു പരാതി നല്‍കിയത്.
    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായ ആദായനികുതി കേസിലുള്‍പ്പെടെ ഒട്ടേറെ വിവാദകേസുകളില്‍ വിധി പറഞ്ഞയാളാണ് ജസ്റ്റിസ് വര്‍മ. മെഡിക്കല്‍ കോളജില്‍ 63 നവജാതശിശുക്കള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം നല്‍കിയതും, പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് ജാമ്യം നല്‍കിയതും,  ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഷിബു സോറന് എതിരായ സിബിഐ അന്വേഷണം മരവിപ്പിച്ചതും ഇദ്ദേഹമായിരുന്നു.
ദുരൂഹതകള്‍
   മാര്‍ച്ച് 14 ന് നടന്ന സംഭവം ഒരാഴ്ച കഴിഞ്ഞ് ഇരുപത്തിയൊന്നാം തീയതിയാണ് മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നത്. ഇതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ വിഷയം ചര്‍ച്ചയായപ്പോള്‍മാത്രമാണ് സുപ്രീംകോടതിയില്‍നിന്ന് പ്രസ്താവനയുണ്ടാവുന്നത്.
സംഭവസ്ഥലത്തുനിന്ന് ഡല്‍ഹി പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ അഗ്‌നിസുരക്ഷാ സേനാംഗങ്ങള്‍ നോട്ടുകെട്ടുകളുടെയടക്കം തീയണയ്ക്കാന്‍ ശ്രമിക്കുന്നതു വ്യക്തമായിക്കാണാം. എന്നാല്‍, പണം കണ്ടെത്തുമ്പോള്‍ തങ്ങള്‍ സ്ഥലത്തില്ലായിരുന്നു എന്നാണ് അഗ്‌നിശമനസേനാമേധാവി അതുല്‍ ഗാര്‍ഗ് ആദ്യം പറഞ്ഞത്. ഇന്നലെ സുപ്രീംകോടതി ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഇദ്ദേഹം തന്റെ നിലപാടില്‍ മലക്കംമറിഞ്ഞു. എന്തുകൊണ്ടാണ് നോട്ടുകെട്ടുകള്‍ കണ്ടിട്ടില്ല എന്ന് അദ്ദേഹം ആദ്യം പറഞ്ഞത്? ഒരു ജഡ്ജിയുടെ വസതിയില്‍നിന്നു കോടിക്കണക്കിന് രൂപ കണ്ടെത്തി 17 മണിക്കൂറുകള്‍ക്കുശേഷമാണ് പൊലീസ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ വിവരമറിയിക്കുന്നത്. അതും ഭോപ്പാല്‍ സന്ദര്‍ശനത്തിലായിരുന്ന ജസ്റ്റിസ് വര്‍മയും ഭാര്യയും ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിനുശേഷം!  
ഇതിനിടെ കണ്ടെത്തിയ  നോട്ടുകെട്ടുകള്‍ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. അതു ചെയ്തത് ആരാണെന്നും വ്യക്തതയില്ല. പണം കണ്ടെത്തിയതിന്റെ വീഡിയോദൃശ്യം പകര്‍ത്തിയ പൊലീസ് പക്ഷേ, തല്‍സമയം വസതിയിലുണ്ടായിരുന്ന ജസ്റ്റിസ് വര്‍മയുടെ മകളെയോ ജീവനക്കാരെയോ വിവരമറിയിച്ചു സാക്ഷ്യപ്പെടുത്തുകയെന്ന നടപടിക്രമം പാലിച്ചിട്ടുമില്ല. പൊലീസ് നോട്ടെണ്ണി തിട്ടപ്പെടുത്തിയിരുന്നോ എന്നും വ്യക്തമല്ല. സ്റ്റോര്‍ റൂമിലേക്കു സംഭവദിവസം എത്തിയവര്‍ ആരെന്നു മനസ്സിലാക്കാന്‍ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചതായി റിപ്പോര്‍ട്ടില്‍ കാണുന്നില്ല എന്നതും ദുരൂഹമാണ്. സംഭവത്തില്‍ ജഡ്ജിമാരുടെ അന്വേഷണസംഘം ശാസ്ത്രീയപരിശോധനകള്‍ക്കായി വിദഗ്ധസഹായം തേടും. തെളിവുശേഖരണത്തില്‍ അക്ഷന്തവ്യമായ വീഴ്ച പൊലീസിന്റെ ഭാഗത്തുനിന്നു സംഭവിച്ചതിനാലാണിത്. ജസ്റ്റിസ് വര്‍മയുടെയും ജീവനക്കാരുടെയും കാവല്‍ക്കാരുടെയും  ഫോണ്‍കോളുകളുടെ രേഖകളും സമിതി പരിശോധിക്കും.
ജഡ്ജിമാര്‍ എല്ലാറ്റിനും അതീതരോ?
    മറ്റൊരു രാജ്യത്തിലുമില്ലാത്തവിധം അപ്രമാദിത്വപരമായ അവകാശങ്ങളുള്ള ഇന്ത്യന്‍ ജുഡീഷ്യറി അഴിമതിവിമുക്തമാവാന്‍ സാധ്യതയില്ല. സുരക്ഷയുടെയും അവകാശങ്ങളുടെയും വലിയ കോട്ടതന്നെ കാരണം. ജഡ്ജി നിയമനസംവിധാനം പരിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. യാതൊരു പഴുതകളുമില്ലാതെ തങ്ങള്‍ക്കെതിരേയുള്ള വിമര്‍ശനങ്ങളും നടപടികളും തടഞ്ഞ് സുരക്ഷിതമായ കോട്ടകെട്ടി അതിനുള്ളില്‍ ചോദ്യം ചെയ്യപ്പെടാതെ വിരാജിക്കുകയാണ് ഇന്ത്യന്‍ ജുഡീഷ്യറി എന്നു പറയാതെ വയ്യ. വിമര്‍ശനത്തിനതീതരായിത്തന്നെയാണ് അവര്‍ വര്‍ത്തിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളും ലോക്പാല്‍ - ലോകായുക്തനിയമത്തിന്റെ പരിധിയില്‍ വരുമെന്ന ലോക്പാല്‍ ഉത്തരവ് സ്വമേധയാ പരിഗണിച്ച സുപ്രീംകോടതി ആ ഉത്തരവ് സ്റ്റേ ചെയ്യുകയാണുണ്ടായത് എന്നത് നിര്‍ഭാഗ്യകരമായി. ജഡ്ജിമാര്‍ക്കെതിരായ പരാതികളിന്മേലുള്ള നടപടികള്‍ രഹസ്യമായിരിക്കണമെന്നാണ് സുപ്രീംകോടതി 2015 ല്‍ നിഷ്‌കര്‍ഷിച്ചത്. എന്നാല്‍, ജസ്റ്റിസ് വര്‍മ സംഭവവും അതിലെ തുകയുടെ ഭീമാകാരത്വവും കോടതിയുടെ അന്തസ്സിന്റെയും വിശ്വാസ്യതയുടെയും അടിവേരിളക്കിയതോടെ ഈ സംഭവത്തിന്മേലുള്ള നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തി വിശ്വാസ്യത വീണ്ടെടുക്കാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമായിരിക്കുന്നു. ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനം പരിഷ്‌കരിക്കുന്നതിനായി 2014 ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്റ് കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെ  2015 ല്‍ സുപ്രീം കോടതി നിരാകരിച്ചു. അഴിമതിക്കെതിരെ കോടതികള്‍ നിരന്തരം നടത്തിപ്പോരുന്ന ഇടപെടലുകളെ ചോദ്യം ചെയ്യുംവിധമുള്ള സമാനതകളില്ലാത്ത സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. സാമ്പത്തിക കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജി എന്ന നിലയില്‍ ജസ്റ്റിസ് വര്‍മയുടെ ഭവനത്തില്‍നിന്ന് കണ്ടെടുത്ത പണക്കൂമ്പാരം  അദ്ദേഹത്തിന്റെ വിധികളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതല്ലേ എന്ന ചോദ്യമുയര്‍ത്തുന്നു. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്ന വിധികള്‍ക്കുള്ള പ്രതിഫലമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  എന്തൊക്കെയായാലും രാജ്യത്തിന്റെ നട്ടെല്ലായ നിയമവ്യവസ്ഥയുടെ സുതാര്യത സുരക്ഷിതമാക്കേണ്ടതിനുതന്നെയാണ് സുപ്രീംകോടതി പ്രഥമപരിഗണന നല്‍കേണ്ടത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)