•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

കശ്മീരിലേറ്റ മുറിവ്

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 8 May , 2025

   ഇന്ത്യയുടെ ഹൃദയത്തെ മുറിവേല്പിച്ച് ജമ്മു-കശ്മീരില്‍ വീണ്ടും ഭീകരാക്രമണമുണ്ടായിരിക്കുന്നു. 2019 ല്‍ 40 സൈനികരുടെ ജീവനപഹരിച്ച പുല്‍വാമ ഭീകരാക്രമണത്തിനുശേഷം രാജ്യത്തെ നടുക്കിയ ഭീകരാക്രമണമാണ് 2025 ഏപ്രില്‍ 22 ചൊവ്വാഴ്ച കശ്മീരില്‍ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമിലുള്ള ബൈസരണില്‍ സംഭവിച്ചത്. സാധാരണക്കാരായ സഞ്ചാരികള്‍ക്കു നേരേയുണ്ടായ ഈ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്; ശിക്ഷ അര്‍ഹിക്കുന്നതുമാണ്.
    അനന്ത്‌നാഗിലെ പഹല്‍ഗാമിലുള്ള ബൈസരണില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയുള്‍പ്പെടെയുള്ള  26 നിരപരാധികളാണ് പുല്‍മേടുകളില്‍ പതിയിരുന്ന, ഭീകരരുടെ ആക്രമണത്തിനിരയായത്. 'മിനി സ്വിറ്റ്‌സര്‍ലണ്ട്' എന്നറിയപ്പെടുന്ന സഞ്ചാരികളുടെ പറുദീസയായ പഹല്‍ഗാം  തെളിഞ്ഞ ആകാശവും വിശാലമായ പുല്‍മേടുകളും തിങ്ങിനില്‍ക്കുന്ന പൈന്‍മരങ്ങളുംകൊണ്ടു സമ്പന്നമായ പ്രദേശമാണ്. കാല്‍നടയായോ കുതിരപ്പുറത്തോമാത്രം എത്തിച്ചേരാവുന്ന പ്രദേശംകൂടിയാണ്. സവിശേഷതകള്‍ സഞ്ചാരികളെ ആകര്‍ഷിച്ചപ്പോള്‍ പരിമിതികള്‍ ഭീകരാക്രമണത്തെ അനുകൂലമാക്കുകയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
സാധാരണക്കാരായ സഞ്ചാരികള്‍ക്കുനേരേയുണ്ടായ ഭീകരാക്രമണവും ഭാരതത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനംതന്നെയാണെന്നു മനസ്സിലാക്കി, ഭീകരവാദത്തിന്റെ തന്ത്രം തിരിച്ചറിയുകയും തിരിച്ചടി നല്‍കുകയും വേണം. ഏറെ തിരക്കിന്റെ നാളിലും  തീര്‍ത്തും ശാന്തമായിരുന്ന ഒരു പ്രദേശത്തെയും അതിലൂടെ രാജ്യത്തെ  മുഴുവനെയും അശാന്തിയിലേക്കു  നയിച്ച ഭീകരരുടെ രഹസ്യപദ്ധതികളെയും അതിനുപിന്നിലെ ശക്തികളെയും തകര്‍ക്കുകതന്നെ വേണം. പഹല്‍ഗാമില്‍ ആക്രമണം  നടത്തിയ ഭീകരരെയും ആസൂത്രകരെയും കണ്ടെത്തി അവര്‍ക്കു സങ്കല്പിക്കാനാകുന്നതിനപ്പുറമുള്ള  ശിക്ഷ നല്‍കുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ഇതിനെ ബലപ്പെടുത്തുന്നതാണ്. ഭാരതജനതയുടെ ഇച്ഛാശക്തിക്കുമുമ്പില്‍ ഭീകരവാദം തകര്‍ന്നടിയുകതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തപ്പോള്‍, നിരവധി പ്രതിസന്ധികളെ ചെറുത്തുതോല്പിച്ച, തോല്പിക്കുന്ന ഇന്ത്യ എന്ന ഒരൊറ്റ രാജ്യത്തിന്റെ ശക്തിവിളംബരമായി അതു മുഴങ്ങുന്നു. വാക്കില്‍നിന്നു പ്രവൃത്തിയിലേക്കു കടന്ന രാജ്യനടപടികളുടെ ആദ്യപടിയായി നയതന്ത്രനീക്കങ്ങളും തന്ത്രപരമായ മുന്നേറ്റങ്ങളും ആരംഭിച്ചുകഴിഞ്ഞു.
     സഞ്ചാരികളുടെ സ്വര്‍ഗമായ ഈ താഴ്‌വരയെ പഹല്‍ഗാംആക്രമണത്തിലൂടെ അശാന്തിയുടെയും അരക്ഷിതത്വത്തിന്റെയും അടയാളമായി അവതരിപ്പിക്കും എന്ന ഭീകരലക്ഷ്യത്തെ നാം നേരിടുകതന്നെവേണം. അനുച്ഛേദം 370 പ്രകാരമുള്ള പ്രത്യേകപദവി റദ്ദാക്കിയശേഷം സാധ്യമായ ആതിഥേയത്വത്തിന്റെ നല്ല നാളുകളെ കൂടുതല്‍ ശ്രദ്ധയോടെ സര്‍ക്കാര്‍ സജീവമാക്കണം. കശ്മീര്‍ജനതയുടെ ഉപജീവനത്തിന്റെകൂടി മാര്‍ഗമായ കശ്മീര്‍വിനോദസഞ്ചാരത്തിനുമേല്‍ വീണ കരിനിഴലിനെ നീക്കുക എന്നതുകൂടി ഭീകരവാദപ്രതിരോധത്തിന്റെ മാര്‍ഗമാക്കണം. മതേതരഭാരതത്തില്‍ നടന്ന മതം ഉയര്‍ത്തിയുള്ള ഈ ആക്രമണം,  മതേതരമൂല്യങ്ങള്‍ കൂടുതല്‍ ഉറപ്പിക്കുന്നതിനുള്ള ഓര്‍മപ്പെടുത്തലായി ഗവണ്‍മെന്റും പൗരന്മാരും ഏറ്റെടുക്കണം. മതസ്പര്‍ധയുടെ മുറിവുകള്‍ സൃഷ്ടിച്ചാല്‍ അനന്തരഫലം അചിന്തനീയമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍, ഭീകരരുടെ രഹസ്യതന്ത്രത്തില്‍ ഭാരതജനത വീഴരുത്. കശ്മീരിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി, രാമചന്ദ്രന്റെ മകള്‍ ആരതി, കശ്മീരില്‍ തങ്ങളെ സഹായിച്ച മുസാഫിര്‍, സമീര്‍ എന്നിവരെക്കുറിച്ച് 'എനിക്കു കശ്മീരില്‍ സഹോദരങ്ങളെ കിട്ടി' എന്നു പറഞ്ഞ വാക്കുകള്‍ നമുക്കു പ്രചോദനമാകണം.
     തങ്ങള്‍ക്കു മതമുണ്ടെന്ന് ആക്രോശിക്കുന്ന തീവ്രവാദികളെ മതേതര ഇന്ത്യ ശക്തമായി നേരിടുകതന്നെ വേണം. ഇന്ത്യയുടെ തന്ത്രപരമായ   ഒരുക്കത്തിനിടയില്‍ സുരക്ഷാവീഴ്ചയുടെ പിഴവ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം നന്നല്ല. പിഴ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിഹാരം തേടുകതന്നെ വേണം, പക്ഷേ, അത് സ്വയം ബലഹീനമാക്കിക്കൊണ്ടാവരുത്. കശ്മീരിനേറ്റ മുറിവുണങ്ങുന്നതിന് ഭാരതജനത ഒറ്റക്കെട്ടായി നില്‍ക്കണം. അതാവണം മുറിവേല്പിച്ചവനെതിരെയുള്ള ആദ്യത്തെ അമ്പ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)