ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ കേരള ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന എഴുത്തച്ഛന്‍പുരസ്‌കാരം ഇത്തവണ സക്കറിയയ്ക്ക്. സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്. സാഹിത്യരംഗത്തു നല്കിയിട്ടുള്ള സമഗ്രസംഭാവനയ്ക്കാണ് അവാര്‍ഡു നല്കുന്നതെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് അവാര്‍ഡ് സമ്മാനിക്കും.
പാലാ ഉരുളികുന്നത്ത് 1945 ജൂണ്‍ 5 നു ജനനം. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമായി വിവിധ കോളജുകളില്‍ അധ്യാപകനായി. പി.റ്റി.ഐ., ഇന്ത്യാ ടുഡേ തുടങ്ങിയ മാധ്യമങ്ങളിലും സേവനമനുഷ്ഠിച്ചു.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ പുരസ്‌കാരം, വി. കെ.എന്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചു.
ചെറുകഥ, നോവല്‍, യാത്രാവിവരണം തുടങ്ങി സാഹിത്യത്തിന്റെ സമസ്തമേഖലകളിലും സക്കറിയയുടെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ആധുനികവും ആക്ഷേപഹാസ്യത്തോടു ചായ്‌വുള്ളതുമാണ് സക്കറിയയുടെ രചനാശൈലി. മലയാളിയുടെ കപടസംസ്‌കാരത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടിയാണ് സക്കറിയയുടെ മിക്ക കൃതികളും.
ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, എന്തുണ്ട് വിശേഷം പീസാത്തോസേ, ഒരു ആഫ്രിക്കന്‍ യാത്ര, ഉരുളികുന്നത്തിന്റെ ലുത്തിനിയ, തേന്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.