•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

പരാക്രമം ഇങ്ങനെ തുടര്‍ന്നാല്‍ പാവം ജനം എന്തു ചെയ്യും

    നമ്മുടെ വീട്ടില്‍ സംഭവിക്കാത്തിടത്തോളം കാലം അയല്‍വീട്ടിലെ ദുരന്തം നമുക്ക് ഒരു കാഴ്ചമാത്രമാണ്. ആ കാഴ്ച കണ്ടിരിക്കുകയാണ് കേരളസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഏതാനും ദിവസംമുമ്പ് മലപ്പുറം കാളികാവില്‍ റബര്‍ടാപ്പിങ്ങിനു പോയ അബ്ദുല്‍ ഗഫൂറിനെ കടുവ കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സമദ് ഓടിരക്ഷപ്പെട്ടു. ഈ ലേഖനമെഴുതുമ്പോള്‍ പാലക്കാട് എടത്തനാട്ടുകരയില്‍ വാരിപ്പറമ്പില്‍ ഉമ്മര്‍ റബര്‍ ടാപ്പിങ്ങിനു പോകുമ്പോള്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഓരോ വന്യജീവിയാക്രമണത്തിനു ശേഷവും പ്രദേശവാസികള്‍ മൃതദേഹവുമായി പ്രതിഷേധിക്കും. കളക്ടര്‍ അല്ലെങ്കില്‍ തൊലിക്കട്ടിയുള്ള ഏതെങ്കിലും നേതാക്കള്‍ വരും. സംഘര്‍ഷാവസ്ഥ ശമിപ്പിക്കും. മൃതദേഹം സ്ഥലത്തുനിന്നു മാറ്റും. അതോടെ തീര്‍ന്നു.
പിന്നെ സങ്കടവും അനിശ്ചിതാവസ്ഥയും ബാക്കിയാകുമ്പോള്‍ അടുത്ത കൊലയാളിമൃഗം ഇറങ്ങിവരുന്നത് ഭീതിയോടെ കാത്തിരിക്കേണ്ട അവസ്ഥ. വനത്തിനുള്ളില്‍ എന്തിനു കയറി എന്നുള്ള ചോദ്യമാണ് വനം വകുപ്പുമന്ത്രി ചോദിക്കുന്നത്!
    ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ഒരു സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വം തങ്ങള്‍ക്കു ബാധകമല്ല എന്ന് അടിവരയിട്ടു തെളിയിച്ചിരിക്കുകയാണ് കേരളത്തിന്റെ ഭരണകര്‍ത്താക്കള്‍. വാഴ്ത്തുപാട്ടുകളുടെ ധൂര്‍ത്തിനായി കോടികള്‍ വാരിയെറിയുന്ന സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടു മുഖംതിരിച്ചുനില്‍ക്കുന്നുവെന്നതിനുള്ള രണ്ടുദാഹരണങ്ങളാണ് സര്‍ക്കാരിനു നിയന്ത്രണം നഷ്ടപ്പെട്ട് താന്തോന്നിത്തം കാണിക്കുന്ന വനംവകുപ്പും, സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ട തെരുവനായശല്യവും. ന്യായീകരിച്ചു മടുത്ത സിപിഎം ജനപ്രതിനിധി ഒടുവില്‍ വനംവകുപ്പ് ഓഫീസില്‍ കയറി ബലപ്രയോഗം നടത്തിയ കാഴ്ചയും കാണേണ്ടിവന്നു കേരളത്തിന്! തങ്ങളുടെ കടമ നിറവേറ്റാന്‍ കഴിവില്ലാത്ത ഒരു സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായിരുന്നു. അതെങ്കിലും  എല്ലാ പരാജയങ്ങള്‍ക്കുമെന്നപോലെ ഇതിലും കേന്ദ്രനിയമത്തെ കുറ്റപ്പെടുത്തി കൈകഴുകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതേസമയം, ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാമെന്ന വകുപ്പ് അദ്ദേഹം കണ്ടിട്ടുമില്ല.
പ്രതികാരദാഹികളും സാഡിസ്റ്റുകളുമോ വനംവകുപ്പ്?
    മലയോരമേഖലയിലെ കര്‍ഷകരെ വന്യജീവികള്‍ക്കുള്ള ഭക്ഷണമായി സര്‍ക്കാര്‍ കാണരുതെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനി ആഞ്ഞടിച്ചത് ഇത്തരുണത്തിലാണ്. സര്‍ക്കാരിനോടു പറയുന്നതിലും ഭേദമാണ് കൊന്നുതിന്നാന്‍ വരുന്ന വന്യമൃഗങ്ങളോടു പറയുന്നതെന്നുള്ള അങ്ങേയറ്റം രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. വര്‍ത്തമാനകാലദുരവസ്ഥയാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. മലപ്പുറത്ത് കാളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ ജീവനെടുത്ത നരഭോജി കടുവയെ ഇത്രയും ദിവസങ്ങളായി പിടിക്കാനാവാത്ത വനംവകുപ്പുദ്യോഗസ്ഥര്‍ മരങ്ങളില്‍ ക്യാമറ ഫിറ്റു ചെയ്തു കളിക്കുകയാണ്. മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന മൂന്നു കുഞ്ഞുങ്ങളുടെ സമീപം കടുവ വന്നുപോയതും ഇക്കഴിഞ്ഞ ദിവസമാണ്. കണക്കുകളനുസരിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വന്യജീവിയാക്രമണത്തില്‍ 486 പേര്‍ കൊല്ലപ്പെടുകയും 4527 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ 105 പേര്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടവരാണ്. കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടുപ്രകാരം ഇക്കാലയളവില്‍ 80,956 വിളനാശം സംഭവിച്ച കേസുകളും, 14,144 വളര്‍ത്തുമൃഗങ്ങളുടെ കൊലയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 212 കോടി രൂപയുടെ നഷ്ടമാണിത്! ജനങ്ങളുടെ ജീവന്‍ ഇങ്ങനെ ദിനംതോറും പൊലിയുമ്പോഴാണ്  സുരക്ഷയ്ക്കായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ നേര്‍ക്ക് അനങ്ങാപ്പാറനയം സ്വീകരിക്കുകയും അന്യായമായി കേസെടുത്തും അറസ്റ്റുചെയ്തും പീഡിപ്പിക്കുകയും ചെയ്യുന്ന വനംവകുപ്പിന്റെ പരാക്രമം.
    വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലംപ്രയോഗിച്ചു മോചിപ്പിക്കേണ്ട നടപടിയിലേക്ക് എത്തിയത് സിപിഎമ്മിന്റെതന്നെ എംഎല്‍എ ആയ കെ യു ജനീഷ്‌കുമാറാണ്. കാട്ടാന നാട്ടില്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പത്തനംതിട്ട പാടം ഫോറസ്റ്റ് ഓഫീസില്‍നിന്നാണ് അദ്ദേഹം ഫോറസ്റ്റുകാര്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ താന്തോന്നിത്തരം ഈ നിലയ്ക്കു തുടര്‍ന്നാല്‍ നക്‌സലുകള്‍ വീണ്ടും ഇറങ്ങിയേക്കുമെന്നും ഓഫീസിലിരിക്കാതെ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി പണിയെടുക്കണം എന്നുമായിരുന്നു ഭരണകക്ഷി എംഎല്‍എ പറഞ്ഞത്. അദ്ദേഹത്തിനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റുകൂടി നിലയുറപ്പിച്ചത് വനംവകുപ്പിന്റെ ഭരണപരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്.
വനംവകുപ്പിന്റെ ധാര്‍ഷ്ട്യത്തിനും പ്രതികാരനടപടികള്‍ക്കുമെതിരേ കത്തോലിക്കാസഭ രംഗത്തുവന്നപ്പോള്‍ സഭയ്‌ക്കെതിരേ തിരിഞ്ഞവര്‍ ഇന്ന് ഇളിഭ്യരായിരിക്കുകയാണ്. പൊതുമരാമത്തു വകുപ്പിന്റെ കൈവശരേഖയില്‍ ഉള്ളതും എന്നാല്‍, വനഭൂമിയായി രേഖയില്ലാത്തതുമായ പഴയ ആലുവ - മൂന്നാര്‍ റോഡിലൂടെ നടന്നു എന്ന കുറ്റത്തിനാണ് കോതമംഗലം രൂപത ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് കേസെടുത്തത്. അദ്ദേഹം സത്യം വിളിച്ചുപറഞ്ഞതിന്റെ പ്രതികാരനടപടിയായാണ് തൊടുപുഴയില്‍ നാരങ്ങാനം പള്ളിയുടെ കുരിശു തകര്‍ത്തതും കുരിശിന്റെ വഴി തടഞ്ഞതും.
     2023 ലെ വനനിയമഭേദഗതിയിലൂടെ 1996 ഡിസംബര്‍ 12 നു മുമ്പ് വനഭൂമി കൈവശമുള്ളവര്‍ക്ക് ഭൂമിയില്‍ അവകാശം നിലനിര്‍ത്താന്‍ നിയമം അനുവാദം നല്‍കുമ്പോള്‍ അതിനെതിരെയാണ് കാളിയാര്‍ റേഞ്ച് ഓഫീസര്‍ പള്ളിയുടെ കുരിശു തകര്‍ത്തതും, പിന്നീട് ആ സ്ഥലത്ത് ഏതാനും സിമന്റുകട്ടകള്‍ പെറുക്കി വച്ച് വിശ്വാസികള്‍ കത്തിച്ച മെഴുകുതിരികളും കുരിശും വലിച്ചെറിഞ്ഞതും. വകുപ്പിനു നിയന്ത്രണമില്ലാത്ത മന്ത്രിയാണ് കേരളത്തില്‍ വനം വകുപ്പ് ഭരിക്കുന്നത് എന്നതു വ്യക്തം.
     തൊമ്മന്‍കുത്ത് സംഭവത്തില്‍ സര്‍ക്കാരിനെതിരേ  പ്രതികരിച്ചുകൊണ്ട് ഘടകകക്ഷിനേതാക്കള്‍ തന്നെ രംഗത്തുവന്നിരുന്നു.
വന്യജീവിയാക്രമണപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഈ വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ 70.40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുറമേ 50 കോടിയുടെ സ്‌പെഷ്യല്‍ പാക്കേജും. എന്നാല്‍, കോടികള്‍ വിഴുങ്ങപ്പെടുന്നതല്ലാതെ പ്രശ്‌നപരിഹാരം ഉണ്ടാകുന്നില്ല എന്നു മാത്രമല്ല അതു രൂക്ഷമാവുകയാണു താനും.
    കാടുകളുടെ വിസ്തൃതി കുറഞ്ഞതും വന്യമൃഗസംരക്ഷണപദ്ധതികളെത്തുടര്‍ന്ന് മൃഗങ്ങളുടെ എണ്ണം പെരുകിയതും വനങ്ങളിലെ ജലത്തിന്റെയും ആഹാരത്തിന്റെയും ലഭ്യത കുറഞ്ഞതുമാണ് വന്യജീവികള്‍ നാട്ടിലേക്കിറങ്ങാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
വന്യജീവിയാക്രമണം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി പത്തിന കര്‍മ്മപദ്ധതികള്‍ ഫെബ്രുവരിയില്‍ വനം വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുന്‍കാലത്ത് വന്യജീവിയാക്രമണം ഉണ്ടായപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുനരാവിഷ്‌കരണം മാത്രമായിരുന്നു അത്. ഫണ്ടിന്റെ അഭാവവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉദാസീനതയുമാണ് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള തടസ്സം. ധൂര്‍ത്തുകള്‍ക്കു ഫണ്ട് അനുവദിക്കാനും തുക കണ്ടെത്താനുമുള്ള ഉത്സാഹം ജനോപകാരപ്രദമായ പദ്ധതികള്‍ക്കു കാണുന്നുമില്ല.     വന്യജീവിയാക്രമണത്തില്‍നിന്നു മലയോരക്കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കാന്‍ 220 കോടിയുടെ പദ്ധതി അന്തിമഘട്ടത്തില്‍ എന്നു മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നു. കിഫ്ബിസഹായത്തോടെയുള്ള പദ്ധതി രണ്ടു ഘട്ടമായാണ് ആസൂത്രണം ചെയ്യുക. കാലാവസ്ഥാവ്യതിയാനം മനുഷ്യനെക്കാള്‍ മൃഗങ്ങളെയാണ് ബാധിക്കുന്നതെന്ന തിരിച്ചറിവിലാണ് പദ്ധതിയുടെ ആസൂത്രണമെന്നും കാലാവസ്ഥാവ്യതിയാനം മൂലം കാട്ടിലെ ആവാസവ്യവസ്ഥയ്ക്കു വന്ന മാറ്റത്തിനു സ്വാഭാവികപരിഹാരം കാണുക, വലിയതോതില്‍ ജലാംശം വലിച്ചെടുക്കുന്ന അക്കേഷ്യ, യൂക്കാലി പോലുള്ള സസ്യങ്ങള്‍ വെട്ടിമാറ്റി മാവുകളും പ്ലാവുകളും നടുക, വന്യജീവികള്‍ ജനവാസമേഖലകളിലേക്കിറങ്ങുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നിവയൊക്കെയാണ് പദ്ധതി എന്നും മന്ത്രി പറയുന്നു. സംസ്ഥാന വനംവികസന ഏജന്‍സിക്കാണ് പദ്ധതിനടത്തിപ്പിന്റെ ചുമതല.
പരിഹാരമാര്‍ഗങ്ങള്‍
    1972 ലെ വന്യജീവിസംരക്ഷണനിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ ആണ് പ്രധാന പരിഹാരമാര്‍ഗം. മനുഷ്യജീവനും സ്വത്തും നശിപ്പിക്കുന്നത് കുറ്റകരമാക്കുന്ന ഐപിസി 100, 103 വകുപ്പുകളുടെ ലംഘനമാണ് സത്യത്തില്‍ ഈ നിയമം.
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള 73, 74 ഭരണഘടനാ ഭേദഗതികള്‍ ഇവിടെ ഉപയോഗിക്കണം. 1956 ലെ പരിസ്ഥിതി സംരക്ഷണനിയമം, 2001ലെ കര്‍ഷക അവകാശ സംരക്ഷണനിയമം, 2002 ലെ ജൈവവൈവിധ്യനിയമം, 2006 ലെ വനാവകാശ നിയമം അടക്കം  ഇവയിലൊക്കെയുള്ള വകുപ്പുകള്‍ ഉപയോഗപ്പെടുത്തിയാല്‍ മതിയാവും.
    പരിഷ്‌കൃതരാജ്യങ്ങളിലൊക്കെത്തന്നെ നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെയാണ് നിയന്ത്രിക്കുന്നത്. കൃഷിയിടങ്ങളില്‍ എത്തുന്ന കുരങ്ങുകളെയും മറ്റും കൊല്ലാന്‍ ഇവിടങ്ങളില്‍ അനുമതിയുണ്ട്. വനസമ്പത്തും വനവിഭവങ്ങളും നഷ്ടപ്പെട്ട വന്യജീവികള്‍ കാടിറങ്ങുന്നതില്‍ അവിടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍, ജലമൂറ്റല്‍ തുടങ്ങിയവയ്‌ക്കൊക്കെ വലിയ പങ്കുണ്ട്. കാടിനോടു ചേര്‍ന്നുള്ള ഭൂമിയുടെയും കാടിനുള്ളിലുള്ള ഭൂമിയുടെയും ഉപയോഗം, കാലാവസ്ഥാവ്യതിയാനംകൂടി കണക്കിലെടുത്തു നിയന്ത്രിക്കണം.
ഭൂമിയുടെ ഉപയോഗം ശാസ്ത്രീയമാക്കുകയും കാടുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ജനജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തുകയും വേണം. കാട്ടില്‍ മൃഗങ്ങള്‍ക്കുപയോഗിക്കാവുന്ന ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ഗുണനിലവാരവും തുടര്‍ച്ചയായി പഠിക്കുകയും വേണം.
നഗരങ്ങളില്‍ വസിക്കുന്ന പരിസ്ഥിതിവാദികള്‍ കാടിനെയും വനാതിര്‍ത്തികളിലെ ജനവാസമേഖലകളെയും മനസ്സിലാക്കി അഭിപ്രായം പറയണം. ശാസ്ത്രീയ വനവല്‍ക്കരണത്തിലൂടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന അധിനിവേശസസ്യങ്ങള്‍ ആര്‍ത്തുകയറി. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമായതുകൊണ്ടുതന്നെ അതത് പ്രദേശത്തെ വന്യജീവിസമ്പത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ച് ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കണം.
തെരുവുനായ്ക്കള്‍ ഭരിക്കുന്ന കേരളനിരത്തുകള്‍
   തെരുവുനായ്ക്കള്‍ ഭരിക്കുന്ന നിരത്തുകളിലൂടെ ജീവനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് സഞ്ചരിക്കേണ്ട മറ്റൊരു വലിയ ഗതികേടിലാണ് കേരളീയര്‍! തെരുവുനായയുടെ കടിയേറ്റശേഷം വാക്‌സിനെടുത്തിട്ടും മരണത്തിനു കീഴടങ്ങിയത് രണ്ടു മാസത്തിനിടെ മൂന്നു കുഞ്ഞുങ്ങളാണ്. കടിയേറ്റ ഉടന്‍ വാക്‌സിന്‍ എടുക്കാതിരുന്ന ഒരു പ്ലസ്ടു വിദ്യാര്‍ഥിയും മരണമടഞ്ഞു. ഈ മരണത്തിനൊക്കെ ഉത്തരവാദി സത്യത്തില്‍ സംസ്ഥാനസര്‍ക്കാരാണെന്നിരിക്കെ, അവര്‍ കാട്ടുന്ന അലംഭാവം അങ്ങേയറ്റം അപലപനീയമാണ്.
2017ല്‍ നിന്നു 2024 ലെത്തുമ്പോള്‍ നായകടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 133 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2024 ല്‍ മാത്രം 3.16 ലക്ഷം പേര്‍ക്ക് നായയുടെ കടിയേറ്റതായി ഔദ്യോഗിക കണക്കുകള്‍ പറയുമ്പോള്‍ അതേ വര്‍ഷം ഇരുപത്തിയാറു പേരാണ് പേവിഷബാധയേറ്റു മരണമടഞ്ഞത് എന്നത് ഞെട്ടിപ്പിക്കുന്നു. 2025 പിറന്നിട്ട് അഞ്ചു മാസം തികഞ്ഞപ്പോഴേക്കും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇത്തരത്തിലുള്ള 12 മരണങ്ങളാണ്! നാം എങ്ങോട്ടാണ് പോകുന്നത്?
   2019 ലെ ലൈവ്‌സ്റ്റോക്ക് സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 2.89 ലക്ഷം തെരുവു നായ്ക്കള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇരട്ടി ആയിട്ടുണ്ടാവാം. നിലവിലെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടാതെ വച്ചിരിക്കുന്നു. തെരുവുനായ്ക്കളുടെ വര്‍ധന നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) സെന്ററുകള്‍ നിലവില്‍ കേരളത്തിലില്ല എന്നതാണു സത്യം. 15 എബിസി സെന്ററുകള്‍ തുറക്കുമെന്ന മന്ത്രി എം ബി രാജേഷിന്റെ പ്രഖ്യാപനം ഇന്നും പ്രഖ്യാപനമായി തുടരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ തുറക്കുമെന്ന പ്രഖ്യാപനത്തിന്റെ അവസ്ഥയും തഥൈവ. 
  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 47.6 കോടി രൂപ വാക്‌സിനേഷനായി ചെലവഴിച്ചു എന്നു കണക്കുകള്‍ പറയുന്നു.
വാക്‌സിനുകള്‍ ഫലപ്രദമല്ലേ?
പേവിഷവാക്‌സിനെടുത്തിട്ടും കുഞ്ഞുങ്ങള്‍ മരണപ്പെട്ടത് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. വാക്‌സിനു ഗുണമേന്മയുണ്ടോ? വാക്‌സിന്‍ സൂക്ഷിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ? കുത്തിവയ്ക്കുന്നവര്‍ക്കു വേണ്ടത്ര വൈദഗ്ധ്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു. വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയങ്ങള്‍ വിദഗ്ധര്‍ ഉന്നയിച്ചതോടെ ഹിമാചല്‍പ്രദേശിലെ കസൗളി റാബീസ് റിസര്‍ച്ച് സെന്ററില്‍ 13 തവണ പരിശോധനകള്‍ നടത്തിയിട്ടും കുഴപ്പമൊന്നും കണ്ടെത്തിയില്ല. വാക്‌സിന്‍ ഉള്‍പ്പെടെ ശീതീകരിച്ചു സൂക്ഷിക്കേണ്ട മരുന്നുകള്‍ പലതും ഗോഡൗണുകളില്‍ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും മാനദണ്ഡപ്രകാരമല്ല എന്ന് മരുന്നുകമ്പനികള്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ അറിയിച്ചിരുന്നു. പക്ഷേ, ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ഇതിനു പരിഹാരം കാണാത്തതാണ് പ്രശ്‌നം. ഇത്തരം മരുന്നുകള്‍ വിതരണം നടത്തേണ്ട റീഫര്‍ വാനുകള്‍ കോര്‍പ്പറേഷനില്ലാത്തതും വാക്‌സിന്റെ ഗുണം നഷ്ടപ്പെടാനിടയാക്കും. ആഴത്തിലുള്ള മുറിവുകളുണ്ടായാല്‍ അതിനുചുറ്റും കുത്തിവയ്‌ക്കേണ്ട ഇമ്മ്യൂണോ ഗ്ലോബുലിന്‍ പുറത്തേക്കൊഴുകാതെ മാംസഭാഗത്തു തങ്ങിനില്‍ക്കണം. കൂടാതെ ഇന്‍ട്രാ  റാബീസ് വാക്‌സിന്‍ കുത്തിവയ്ക്കുമ്പോള്‍ സൂചി ചര്‍മം കടന്ന് അല്പമെങ്കിലും ആഴത്തിലേക്കു പോയാലും ഗുണം ലഭിക്കില്ല. അതിനാല്‍ത്തന്നെ കുത്തിവയ്ക്കുന്നവരുടെ വൈദഗ്ധ്യവും ഉറപ്പാക്കണം.
എന്നാല്‍, ഇതെല്ലാം അറിയുന്നവര്‍ ഉറക്കം നടിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് വിലപ്പെട്ട മനുഷ്യജീവനുകളാണ്. സുരക്ഷിതവലയത്തില്‍ നടക്കുന്നവര്‍ക്കു  പേടിക്കാനില്ല. പക്ഷേ, അന്യന്റെ ജീവനും തന്റെ ജീവന്റെതന്നെ വിലയാണ് ഉള്ളതെന്നും നഷ്ടപരിഹാരം ജീവനു പകരമല്ല എന്നും സുരക്ഷാവലയത്തില്‍ വിരാജിക്കുന്നവര്‍ തിരിച്ചറിയണം.
തെരുവുനായവിഷയത്തില്‍ പ്രാദേശികമായി, പ്രശ്‌നം അടിസ്ഥാനപ്പെടുത്തി വികേന്ദ്രീകൃതമായിവേണം പരിഹാരം കാണാന്‍. അതായത്, കേരളത്തിലെ ഇരുപതിനായിരം വാര്‍ഡുകളില്‍ പ്രശ്‌നബാധിതപ്രദേശങ്ങളെ ഓരോ കാറ്റഗറികളിലായി മാറ്റി അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണു വേണ്ടത്. ഓരോ വാര്‍ഡിലെയും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ആ പ്രദേശത്തെ നായകളുടെ കണക്കെടുക്കുകയും അവയെ വീട്ടുടമസ്ഥന്റെ കീഴിലുള്ളത്, തെരുവില്‍ പെറ്റുവളരുന്നത്, തെരുവില്‍ കൊണ്ടുവിട്ടത്, പുറത്തുനിന്ന് വന്നവ, അക്രമസ്വഭാവമുള്ളവ തുടങ്ങി ഓരോ ഗണത്തില്‍ ഉള്‍പ്പെടുത്തി ആവശ്യമായ നടപടികളെടുക്കണം. അക്രമകാരികളായ നായകളെ പിടികൂടി ഷെല്‍ട്ടറിലേക്കു മാറ്റുകയും, മെരുക്കിയെടുക്കാന്‍ പറ്റാത്തവയെ നിയമം അനുശാസിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയും വേണം. ഇത്തരത്തില്‍ ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം നടത്തിയാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.
എ ബി സി തെരുവുനായ വര്‍ധനയ്‌ക്കെതിരേ തെളിയിക്കപ്പെട്ട ഒരു രീതിയാണ്. കുഴപ്പം എ ബി സി യുടേതല്ല, അതു നടപ്പിലാക്കിയ രീതിയുടേതാണ് എന്നു മനസ്സിലാക്കാന്‍ സാധിക്കും. ഘട്ടം ഘട്ടമായി തെരുവുനായപ്രശ്‌നം രൂക്ഷമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു വേണം ഇതു നടപ്പിലാക്കാന്‍. തെരുവുകളില്‍നിന്നു ഭക്ഷണം കിട്ടാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് തെരുവുനായകളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ആദ്യപടി. തെരുവുമാലിന്യത്തില്‍നിന്നു ഭക്ഷണം കിട്ടുമ്പോള്‍ അവ അവിടെ പെറ്റുപെരുകുകയും മനുഷ്യനോട് അടുപ്പമില്ലാതാവുകയും ചെയ്യും. ഇത്തരത്തില്‍ നായകളുടെ ഒരു കൂട്ടം രൂപപെടുമ്പോള്‍ അവയ്ക്ക് ഇരകളെ കൂട്ടമായി വേട്ടയാടാനും ആക്രമിക്കാനുമുള്ള പ്രവണതയുണ്ടാവുകയും ചെയ്യും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)