''സമാധാനം എന്നാല്‍ സംഘര്‍ഷം ഇല്ലായ്മയല്ല, മറിച്ച് സംഘര്‍ഷത്തെ സമാധാനപരമായി കൈകാര്യം ചെയ്യുന്നതാണ്.'' - റൊണാള്‍ഡ് റെയ്ഗന്‍. 
കാരണങ്ങള്‍ എന്തൊക്കെയാണെങ്കിലും, ന്യായാന്യായങ്ങളുടെ തര്‍ക്കങ്ങള്‍ ഏറെയുണ്ടാവാമെങ്കിലും യുദ്ധമില്ലാത്ത ആകാശവും ആയുധയാനങ്ങളില്ലാത്ത സമുദ്രവും തന്നെയാണ് മനുഷ്യന്റെ സ്വപ്നം. പക്ഷേ, വര്‍ത്തമാനകാലം നിലവിളികളുടെ കാലഘട്ടമായി മാറുകയാണ്. അങ്ങനെ ലോകം ഭയപ്പാടോടെ കാത്തിരുന്ന ആ കാര്യം സംഭവിച്ചു. ജൂണ്‍ 13 രാത്രി 3:00 മണിക്ക് ഇസ്രായേല്‍ ഇറാനുമേല്‍ കനത്ത വ്യോമാക്രമണം നടത്തിയിരിക്കുന്നു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്നു പേരിട്ട ആക്രമണപരമ്പരയുടെ തുടക്കത്തില്‍ ഇറാന്‍തലസ്ഥാനമായ ടെഹ്‌റാനിലും മുഖ്യ ആണവകേന്ദ്രമായ നതാന്‍സിലുമടക്കം 150 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. കൃത്യമായി നടപ്പാക്കിയ പ്രിസിഷന്‍ അറ്റാക്കിലൂടെ ഇറാന്‍ സൈനികമേധാവിയടക്കം സൈന്യത്തിലെ ആദ്യ നാലു സ്ഥാനക്കാരും പരമോന്നതനേതാവായ ആയത്തുള്ള ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവും, ആറ് പ്രമുഖ ആണവശാസ്ത്രജ്ഞന്മാരും കൊല്ലപ്പെട്ടു. ഇറാന്‍സൈന്യത്തിന്റെ സുപ്രീം ലീഡര്‍ ഹുസൈന്‍ ബഗേരി, ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുസൈന്‍ സലാമി, ഐ ആര്‍ ജി സി ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ഗുലാം അലി റഷീദ്, ഐ ആര്‍ ജി സി യുടെ വ്യോമസേന കമാന്‍ഡര്‍ ഹാജി സദേഹ്, സൈന്യത്തിന്റെ ഇന്റലിജന്‍സ് വിഭാഗം തലവന്‍ മുഹമ്മദ് കസിമി തുടങ്ങിയ സൈനിക പ്രമുഖര്‍ കൊല്ലപ്പെട്ടു. 
    ഇറാന്‍ നൂറോളം ഡ്രോണുകള്‍ പ്രത്യാക്രമണത്തിന് അയച്ചെങ്കിലും അവയെല്ലാം ജോര്‍ദാനും ഇസ്രായേലും  ചേര്‍ന്ന് തകര്‍ത്തു. തുടര്‍ന്നയച്ച 200 ഓളം ബാലിസ്റ്റിക്  മിസൈലുകളില്‍ മൂന്നെണ്ണം ടെല്‍ അവീവില്‍  പതിച്ച് നാശനഷ്ടത്തിനിടയാക്കി. ബാക്കിയെല്ലാം ഇസ്രായേല്‍ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തു. തിരിച്ചടിയെന്നവണ്ണം ഇറാനിലെ ആണവ ഊര്‍ജകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും തകര്‍ത്തുകൊണ്ട് ഇസ്രായേല്‍ മറുപടി നല്‍കിയതോടെ ഔദ്യോഗികകണക്കനുസരിച്ച് ഇറാനില്‍ 230 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ അതിന്റെ ഇരട്ടിയിലേറെ വരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലില്‍ 24 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
    ഇറാന്റെ വ്യോമമേഖല പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്നും ഇറാന്റെ മിസൈല്‍ശേഖരത്തിന്റെ മൂന്നിലൊന്നു ഭാഗം നശിപ്പിക്കാന്‍ തങ്ങള്‍ക്കു സാധിച്ചുവെന്നും ഇസ്രായേല്‍ സൈനികവക്താവ് ഔദ്യോഗികമായി അറിയിച്ചു. ടെഹ്‌റാനില്‍നിന്നു ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഐഡിഎഫ് (ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്) ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ ഇറാന്റെ ഭരണസിരാകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പോവുകയാണെന്നും ജനങ്ങളെ കൊലപ്പെടുത്താന്‍ തങ്ങള്‍ക്കു താത്പര്യമില്ലെന്നും ഐഡിഎഫ് വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നാലെ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള ഖമനെയിയും കുടുംബവും സുരക്ഷാഭീതിയില്‍ ബങ്കറുകളില്‍ അഭയം തേടി. ഖമനേയിയെ വധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് അറിയിച്ച ഇസ്രായേലിനെ അമേരിക്ക വിലക്കിയതായി പ്രസിഡണ്ട് ട്രംപ് വെളിപ്പെടുത്തി.
    ഇറാന്‍ ആണവനിര്‍വ്യാപനക്കരാറില്‍നിന്നു പിന്മാറിയതായാണ് അവസാനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുകയാണെന്നും അറിയുന്നു അതേസമയം ഇറാനിലെ ഫോര്‍ദോ ആണവ കേന്ദ്രത്തിനു സമീപം വന്‍സ്‌ഫോടന ശബ്ദം കേട്ടതായും 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ദേശീയ ടെലിവിഷന്‍ (ഐ ആര്‍ ഐ ബി) ആസ്ഥാനം ഇസ്രായേല്‍ബോംബിങ്ങില്‍ തകര്‍ന്നു. ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതായും പടിഞ്ഞാറന്‍ ടെഹ്‌റാനിലെ സൈനികതാവളം ഇസ്രായേല്‍ ആക്രമിച്ചതായും വാര്‍ത്തകളുണ്ട്.
     ഒപ്പംതന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വാര്‍ത്ത  അമേരിക്കയുടെ ആണവായുധ ഫോര്‍മുല വഹിക്കുന്ന യു.എസ്. എസ് നിമിറ്റ്‌സ് യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയിലേക്കു പുറപ്പെട്ടു എന്നതാണ്. ഒപ്പംതന്നെ ബ്രിട്ടന്‍ പശ്ചിമേഷ്യയിലേക്ക് സേനാവിന്യാസം തുടങ്ങിയിരിക്കുന്നു എന്നതും. ഫ്രാന്‍സിന്റെ യുദ്ധക്കപ്പലുകള്‍ നിലവില്‍ പശ്ചിമേഷ്യന്‍തീരത്തുണ്ട്. ഇവയെല്ലാം ഇസ്രായേലിന്റെ സംരക്ഷണത്തിനായി എത്തിയിരിക്കുന്നതാണ് എന്നതു ശ്രദ്ധേയം.
ഇസ്രായേല്‍ ആക്രമണം എങ്ങനെ?
    ലോകത്തെ വിസ്മയിപ്പിച്ച പ്രിസിഷന്‍ അറ്റാക്കാണ് (മറ്റു സ്ഥലങ്ങള്‍ക്കോ ആളുകള്‍ക്കോ നാശനഷ്ടങ്ങള്‍ ഉണ്ടാവാതെ തങ്ങള്‍ ഉന്നംവയ്ക്കുന്ന വ്യക്തികളെയും കേന്ദ്രങ്ങളെയും മാത്രം ഇല്ലായ്മ ചെയ്യുന്ന രീതി) ഇസ്രായേല്‍ പുറത്തെടുത്തത്. മാസങ്ങള്‍ക്കുമുമ്പേ ഇറാനിലെമ്പാടും നുഴഞ്ഞുകയറിയ മൊസാദ് ഏജന്റുമാര്‍ ടെഹ്‌റാന്റെ ഉള്ളില്‍ താവളങ്ങളും ഡ്രോണ്‍വിക്ഷേപണകേന്ദ്രങ്ങളും സ്ഥാപിക്കുകയും ചെറുറോക്കറ്റുകള്‍ അടക്കമുള്ള ആയുധങ്ങള്‍ സംഭരിക്കുകയും ചെയ്തു. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതോടെ അത്യാവശ്യം വേണ്ടവരൊഴികെ ബാക്കിയെല്ലാവരെയും ഇറാനില്‍നിന്നു പിന്‍വലിക്കുകയും ആക്രമണദിവസം തീരുമാനിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തര ക്യാബിനറ്റ്‌യോഗം മൊസാദിന് ആക്രമണാനുമതി നല്‍കി. വെള്ളിയാഴ്ച ആക്രമണത്തിനായി ടെല്‍ അവീവില്‍നിന്നു പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നപ്പോള്‍ നിശ്ചയിക്കപ്പെട്ട സമയത്ത് ഇറാന്റെയുള്ളില്‍നിന്നുകൊണ്ടുള്ള ആക്രമണങ്ങളിലൂടെ ഇറാന്റെ വ്യോമപ്രതിരോധസംവിധാനങ്ങളെ  തകര്‍ക്കുകയും തങ്ങള്‍ ഉന്നംവച്ച ഉന്നതസൈനികനേതൃത്വത്തെയും ആണവശാസ്ത്രജ്ഞരെയും കൊലപ്പെടുത്തുകയും ചെയ്താണ് മൊസാദ് തങ്ങളുടെ ദൗത്യം നിറവേറ്റിയത്. 
   അതോടെ അനാഥമായ ഇറാന്റെ ആകാശത്ത് 100 ലേറെ ഇസ്രായേലി ഫൈറ്റര്‍ ജെറ്റുകള്‍ കളം നിറഞ്ഞാടി. രണ്ടുമണിക്കൂറോളം ഇറാനില്‍ താണ്ഡവമാടി 150 കേന്ദ്രങ്ങളില്‍ നാശം വിതച്ച ഫൈറ്റര്‍ ജെറ്റുകളുടെ നേര്‍ക്ക് ഒരു വെടിയുണ്ടകൊണ്ടുപോലും പ്രത്യാക്രമണം നടത്താനാവാതെ ഇറാന്‍ നിസ്സഹായരായി. പ്രിസിഷന്‍ അറ്റാക്കിന്റെ ഏകോപനവും പൂര്‍ണ്ണതയും അങ്ങേയറ്റം കൃത്യതയോടെ വെളിവാക്കിയ ആക്രമണം!
എന്തുകൊണ്ട് ഇപ്പോള്‍ ഈ ആക്രമണം?
  എന്തുകൊണ്ട് ഇപ്പോള്‍ ഈ ആക്രമണം എന്ന ചോദ്യംപോലെതന്നെ പ്രസക്തമാണ് എന്തുകൊണ്ട് ഇറാനെമാത്രം എന്നുള്ളത്. ഇസ്രായേല്‍ എന്ന ജൂതരാഷ്ട്രത്തെ ഭൂമിയില്‍നിന്നു തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിലേക്കുമാത്രമാണ് വര്‍ഷങ്ങളായി ഇറാന്‍ എന്ന മതരാഷ്ട്രം ശ്രമിക്കുന്നത് എന്ന് ഇസ്രായേലിനു വ്യക്തമായി അറിയാം.
    അയത്തുള്ള ഖമനെയി അത് പരസ്യമായി പ്രസ്താവിച്ചിട്ടുമുണ്ട്. ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ തുടങ്ങി അറിയപ്പെടുന്നതും അല്ലാത്തതുമായ ഭീകരസംഘടനകള്‍ക്ക് ഇസ്രായേലിനെതിരേ പ്രവര്‍ത്തിക്കാന്‍ പണവും ആയുധങ്ങളും സാങ്കേതികസഹായവും നല്‍കുന്നതും ഇറാനാണ്. അപക്വമായ മതരാഷ്ട്രവാദം ഭരിക്കുന്ന ഇറാന്റെ പക്കല്‍ ആണവായുധം ഉണ്ടാകുന്നത് ഇസ്രായേലിന്റെ നാശത്തിനാണ് എന്നത് അവര്‍ക്കു വ്യക്തമായി അറിയാം. ഒപ്പംതന്നെ സുന്നി മുസ്ലിം രാഷ്ട്രങ്ങള്‍ക്കും ഇതു ഭീഷണിയാണ്. പശ്ചിമേഷ്യയില്‍ ഭീഷണിയിലൂടെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാവ് എന്ന നിലയില്‍ അപ്രമാദിത്വം നേടാനായിരുന്നു ഇറാന്റെ ശ്രമം. 
ആണവപരീക്ഷണങ്ങള്‍ സംബന്ധിച്ച് ഇറാന്‍ യു.എന്നിന്റെ നോണ്‍ പ്രോലിഫറേഷന്‍ ട്രീറ്റി(ചജഠ) യില്‍ അംഗമാവുകയുണ്ടായി. ഇതില്‍ അംഗമായിരിക്കുന്നവര്‍ ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. മാത്രമല്ല ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ(കഅഋഅ) എല്ലാ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാവുകയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാവുകയും വേണം. 2006 ആയപ്പോഴേക്കും വൈദ്യുതോല്‍പാദനത്തിന് ആവശ്യമായ വിധം 3.5 ശതമാനം യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സാങ്കേതികവൈദഗ്ധ്യം ഇറാന്‍ നേടിയിരുന്നു. 2010 ലെ കഅഋഅ റിപ്പോര്‍ട്ടനുസരിച്ച് ഇറാന്റെ ആണവ റിയാക്ടറുകള്‍ 19.5 ശതമാനം യുറേനിയം സമ്പുഷ്ടീകരണശേഷിയിലെത്തി. 2024 ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടു പ്രകാരം 60% യൂറേനിയം സമ്പുഷ്ടീകരണശേഷി ഇറാനു കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.  ഇത് 90 ശതമാനത്തിലേക്ക് എത്തിയാല്‍ ആണവായുധനിര്‍മ്മാണത്തിനുള്ള ശേഷി കൈവരിക്കാന്‍ സാധിക്കും. 60 ല്‍ നിന്നും 90 ലേക്ക് എത്താന്‍ അധികസമയവും പ്രയത്‌നവും വേണ്ടതില്ല. കഴിഞ്ഞ ജൂണ്‍ 12 ന് കഅഋഅ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ ഇറാന്‍ തങ്ങളുടെ റിയാക്ടറുകളില്‍  പരിശോധനകള്‍ അനുവദിക്കുന്നില്ല എന്നും എം പി ടി നിബന്ധനകള്‍ പാലിക്കുന്നില്ല എന്നും പറയുന്നു. ഇറാന്‍ ആണവശക്തിയാവുന്നത് നിലനില്പിന് ഭീഷണിയാകുന്ന രാഷ്ട്രം എന്ന നിലയില്‍ ഇത് ഇസ്രായേലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
തികച്ചും ഉചിതവും ബുദ്ധിപൂര്‍വകവുമായ സമയമാണ് ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു തിരഞ്ഞെടുത്തത്. സാമ്പത്തിക ഉപരോധം വലയ്ക്കുന്ന ഇറാന് സാങ്കേതികവൈദഗ്ധ്യമുള്ള ഒരു വ്യോമസേന ഇല്ലാത്തത് 1800 കിലോമീറ്റര്‍ ആകാശദൂരമുള്ള ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നതില്‍നിന്നു പിന്നോട്ടടിക്കുന്നു. മിസൈല്‍ശക്തി മാത്രമാണ് അവര്‍ക്കുള്ളത്. തൊട്ടടുത്തുള്ള രാജ്യങ്ങളല്ലാത്തതിനാല്‍ ഒരു കരയുദ്ധവും അപ്രാപ്യമാണ്. ഒക്ടോബര്‍ 7 ആക്രമണത്തിനുശേഷം ഇറാന്റെ പ്രോക്‌സികള്‍ ആയ ഹമാസും ഹിസ്ബുള്ളയും ഏകദേശം നിലംപറ്റിക്കഴിഞ്ഞു. ഹൂതികളെ അമേരിക്കന്‍ സേനയുംകൂടിച്ചേര്‍ന്ന് അടിച്ചൊതുക്കിക്കഴിഞ്ഞു. ഭീകര സംഘടനകള്‍ക്കപ്പുറം ഇറാനു പിന്തുണ നല്‍കിയിരുന്ന രാഷ്ട്രം സിറിയ ആയിരുന്നു. എന്നാല്‍, സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കി വിമതര്‍ അധികാരം പിടിച്ചതോടെ ആ ഭീഷണിയും ഇല്ലാതായി. ഇതിനു പിന്നിലും അമേരിക്കന്‍ - ഇസ്രായേല്‍ അച്ചുതണ്ടാണെന്നു പറയപ്പെടുന്നു.
ഇറാന്റെ  ഒരു പ്രധാന സഖ്യകക്ഷിയായ റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍പ്പെട്ടു കിടക്കുകയാണ്. ആ ഭാഗത്തുനിന്നുള്ള ആയുധസഹായം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ചൈനയാവട്ടെ, ഒരിക്കലും ഒരു സുഹൃദ്‌രാജ്യത്തെ സഹായിക്കാന്‍ തങ്ങളുടെ സൈന്യത്തെ ഇറക്കിയ ചരിത്രവുമില്ല. ഏതാണ്ട് ചിറകൊടിഞ്ഞിരിക്കുന്ന ഇറാനെ അടിക്കാന്‍ ഇതിലും പറ്റിയ സമയമില്ല എന്ന് യുദ്ധതന്ത്രജ്ഞനായ നെതന്യാഹുവിനറിയാം. പതിനഞ്ചാം തീയതി അമേരിക്കയുമായുള്ള ആറാമത്തെ ആണവചര്‍ച്ച നടക്കാനിരിക്കെ ഇങ്ങനെ ഒരു ആക്രമണം അവര്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിക്കുകയുമില്ല. ആണവനിര്‍വ്യാപനം സംബന്ധിച്ച്  അമേരിക്ക ഇറാനു നല്‍കിയ 60 ദിവസത്തെ അന്ത്യശാസനം അവസാനിച്ചതിന്റെ പിറ്റേദിവസമായിരുന്നു ഇസ്രായേലിന്റെ ആക്രമണം എന്നതും ഒരു മികച്ച നടപടിയെന്ന് ട്രംപ് പ്രശംസിച്ചതും ഇതില്‍ അമേരിക്കയുടെ പങ്ക് എടുത്തുകാട്ടുന്നു. ഒപ്പം തന്നെ ഇറാന്‍ ഒരു ആണവരാജ്യമാകുന്നതിനെ ഭയക്കുന്ന അറബ്‌രാജ്യങ്ങളുടെ എല്ലാം രഹസ്യപിന്തുണയും, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും ഇസ്രായേല്‍ നേടിയിരുന്നു. ഇറാനിലേക്കുള്ള ഫൈറ്റര്‍ ജെറ്റുകളില്‍ പലതിനും ഇന്ധനം നിറയ്ക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് ഖത്തര്‍ ആയിരുന്നു എന്നതും, ഇസ്രായേലിലേക്ക് ഇറാന്‍ അയച്ച ഡ്രോണുകള്‍ പലതും തകര്‍ത്തത് ജോര്‍ദാനാണെന്നും കൂട്ടിവായിക്കുമ്പോള്‍ ചിത്രം വ്യക്തമാകും.
പരിണതഫലങ്ങള്‍
    യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തര്‍, ഒമാന്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ സഹായം ഇറാന്‍ തേടിയിട്ടുണ്ട്. ഇസ്രായേലിന്മേല്‍   അമേരിക്കന്‍സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു യുദ്ധം തടയാനാണ് ഇറാന്‍ ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ആണവനിര്‍വ്യാപനം സംബന്ധിച്ച കാര്യങ്ങളില്‍ തനിക്കു വഴങ്ങാത്ത ഇറാനെ എത്രത്തോളം ട്രംപ് സഹായിക്കും എന്നു കണ്ടറിയണം. പ്രത്യേകിച്ച്, പശ്ചിമേഷ്യയിലേക്ക് അമേരിക്കയും യുദ്ധസന്നാഹം നീക്കിയ ഈ വേളയില്‍!
    ഉടനടി പരിഹാരം കാണാതെ യുദ്ധം നീളുന്നപക്ഷം പല ലോകരാജ്യങ്ങളും യുദ്ധത്തില്‍ പങ്കാളികളാകേണ്ടിവരികയും വലിയൊരു യുദ്ധത്തിലേക്കു ലോകം നീങ്ങുകയും ചെയ്യും. ഇറാന്റെ പ്രധാന പിന്തുണക്കാരന്‍ വകതിരിവില്ലാത്ത ഉത്തരകൊറിയന്‍ ഭരണാധികാരിയാണെന്നത് അപകടകരമാണ്. മറ്റു പല യുദ്ധങ്ങളില്‍നിന്നും വിഭിന്നമായി ലോകത്തിന്റെ സാമ്പത്തികനട്ടെല്ലൊടിക്കുന്നതാവും ഈ യുദ്ധം. ഇറാന്റെ മുഖ്യ സാമ്പത്തിക ഉറവിടമായ എണ്ണപ്പാടങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യം വയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതകശേഖരങ്ങളില്‍ ഒന്നായ സൗത്ത് പാര്‍സിന്മേല്‍ ഉണ്ടായ ആക്രമണത്തിന്റെ പരിണതഫലം ലോകം അറിയാന്‍ പോകുന്നതേയുള്ളൂ. ഇറാന്റെ ആഭ്യന്തര ഇന്ധനോത്പാദനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സൗത്ത് പാര്‍സില്‍നിന്നാണ്. സംഘര്‍ഷം തുടങ്ങി അഞ്ചുദിവസമായപ്പോഴേക്കും ക്രൂഡോയില്‍ വിലവര്‍ധന 12 ശതമാനത്തോളമായി. ഇത് രാജ്യാന്തരതലത്തില്‍ എണ്ണക്ഷാമത്തിനും വിലവര്‍ധനയ്ക്കും കാരണമാകും.
    സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചേക്കാം എന്നത് മറ്റൊരു വെല്ലുവിളിയാണ്. ആഗോള എണ്ണക്കടത്തിന്റെ 21 ശതമാനവും കടന്നുപോകുന്നത് ഇതിലൂടെയാണ്. ഹോര്‍മൂസ് കടലിടുക്കടച്ചാല്‍ എണ്ണക്കപ്പലുകള്‍ മറ്റു പാതകള്‍ തേടേണ്ടിവരുന്നത് എണ്ണവില ബാരലിന് 100 ഡോളറിനു മുകളിലെത്തിക്കും. എണ്ണവിലവര്‍ധന നിത്യോപയോഗസാധനങ്ങളിലടക്കം ശക്തമായി പ്രതിഫലിക്കുകയും രാജ്യങ്ങളുടെ പണപ്പെരുപ്പനിരക്കിനെ ബാധിക്കുകയും ചെയ്യും.
    യുദ്ധത്തെത്തുടര്‍ന്ന് ഗള്‍ഫ് സമുദ്രമേഖലകളില്‍ ജിപിഎസ് സേവനം മുടങ്ങുന്നത് മറ്റൊരു പ്രതിസന്ധിയാണ്. ഇതോടെ ചരക്കുകപ്പലുകളുടെയടക്കം യാത്ര പാതിവഴിയില്‍ മുടങ്ങുന്ന സ്ഥിതിയായി.
    മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും ജാമറുകളുടെ സഹായത്തോടെ ജിപിഎസ് ലഭ്യത തടയും.
ജിപിഎസ് ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കടലില്‍ കൃത്യമായി സ്ഥാനനിര്‍ണയം നടത്താനോ കരയിലെ കണ്‍ട്രോള്‍ സ്റ്റേഷനുകള്‍ക്കു കപ്പലുകളുടെ സ്ഥാനനിര്‍ണയം നടത്താനോ സാധിക്കാതെ വരുന്നത് വലിയ അപകടങ്ങള്‍ക്കു കാരണമാവും.
ഗള്‍ഫ്‌മേഖലയില്‍നിന്നുള്ള അനേകം ചരക്കുകപ്പലുകളുടെ യാത്ര ഇതിനോടകം മുടങ്ങിയതായാണ് വിവരം. വിവിധ കപ്പലുകള്‍ സുരക്ഷിത തുറമുഖങ്ങളിലേക്കു തിരിച്ചുവിടുന്നതും നങ്കൂരമിട്ടു കിടക്കുന്നതും  ഷിപ്പിങ് ചെലവ് കൂട്ടുകയും അനിയന്ത്രിതമായ വിലവര്‍ധനയ്ക്കും കാരണമാവുകയും ചെയ്യും.
ഇന്ത്യയ്ക്കുണ്ടാവുന്ന ദോഷങ്ങള്‍
    ഇസ്രായേല്‍, ഇറാന്‍ എന്നീ രണ്ടു രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മികച്ച വ്യാപാരബന്ധമാണുള്ളത്. ഇരുരാജ്യങ്ങളിലെയും തുറമുഖങ്ങളടക്കം പലതിന്റെയും നിര്‍മ്മാണവും നിയന്ത്രണങ്ങളും ഇന്ത്യന്‍ കമ്പനികളാണ് നടത്തുന്നത്.
    ഇന്ത്യയുടെ പണപ്പെരുപ്പനിരക്ക് വികസിതരാജ്യങ്ങളിലേതിനു സമാനമാംവിധം മൂന്നു ശതമാനത്തിനു താഴെ വന്ന ആകര്‍ഷകമായ നിലയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പക്ഷേ, ഇന്ധനവില വര്‍ദ്ധന പണപ്പെരുപ്പത്തെ പ്രതികൂലമായി ബാധിച്ചേക്കാം. എണ്ണവിലക്കുറവായിരുന്നു പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു നമ്മെ സഹായിച്ച ഘടകം. 
    ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 85 ശതമാനം വിവിധ ലോകരാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇറാനില്‍നിന്നു വലിയ ഇറക്കുമതിയില്ലെങ്കിലും ഇന്ധനവില കുതിക്കുന്നത് തിരിച്ചടിയാണ്. ക്രൂഡോയില്‍ ബാരലിന് 10 ഡോളര്‍ വര്‍ദ്ധിച്ചാല്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ 0.3% ഇടിവുണ്ടാകും. 
    അതേസമയം ഓഹരിവിപണിയില്‍ ഇസ്രായേല്‍ബന്ധമുള്ള ഭൂരിപക്ഷം കമ്പനികളും നേട്ടം കാണിച്ചത് ശുഭദായകമാണ്. ഏഷ്യയില്‍ ഇസ്രായേലിന്റെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയായ ഇന്ത്യയെ ഇസ്രായേലില്‍നിന്നുള്ള ഇറക്കുമതി സാധനങ്ങളുടെ വിലവര്‍ധന സാരമായി ബാധിച്ചേക്കാം. ഇലക്ട്രിക്കല്‍- ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആയുധങ്ങള്‍, ഒപ്റ്റിക്കല്‍ - മെഡിക്കല്‍ ഉപകരണങ്ങള്‍, വളം, ന്യൂക്ലിയര്‍ റിയാക്ടറുകള്‍, അലുമിനിയം, വിവിധ രാസ ഉത്പന്നങ്ങള്‍, മിഷനറികള്‍ തുടങ്ങി ഏറെ പ്രധാനപ്പെട്ട സാധനങ്ങളാണ് നാം ഇസ്രായേലില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്.
    അതേസമയം അടച്ചുപൂട്ടി കിടന്നിരുന്ന പല പൊതുമേഖലാ ഫാക്ടറികളും ഇന്ത്യ ആയുധനിര്‍മ്മാണശാലകളാക്കി  മാറ്റിയതോടെ വന്‍തോതില്‍ ആയുധകയറ്റുമതിയിലൂടെ വിദേശനാണ്യം  സമ്പാദിക്കാം എന്നൊരു നേട്ടം ഇന്ത്യയ്ക്കുണ്ട്. ഇപ്പോള്‍ ഇസ്രായേലിന് വെടിയുണ്ടകളും ഷെല്ലുകളുമടക്കം കോടിക്കണക്കിന് രൂപയുടെ വെടിക്കോപ്പുകള്‍ ഇന്ത്യയാണ് നല്‍കിവരുന്നത് .
ഇറാനുമായും അത്ര മോശമല്ലാത്ത വ്യാപാരബന്ധവും നയതന്ത്രബന്ധവും ഇന്ത്യയ്ക്കുണ്ട്. നയതന്ത്രവിഷയത്തില്‍ മിക്ക കാര്യങ്ങളിലും ഇന്ത്യ ഇറാനെ പിണക്കാതിരിക്കുന്ന നയം സ്വീകരിച്ചപ്പോഴും വിവിധ വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കെതിരേ  പാക്കിസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്ന നിലപാടാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. 
     2025 മാര്‍ച്ചിലെ കണക്കു പ്രകാരം ഇറാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 130 മില്യണ്‍ ഡോളറും ഇറക്കുമതി 43 മില്യണ്‍ ഡോളറുമാണ്. ഇറാനില്‍നിന്നും ഇറക്കുമതി ചെയ്യുന്നവയില്‍ ജൈവ - രാസവസ്തുക്കള്‍, ധാതുഉല്‍പന്നങ്ങള്‍, എണ്ണകള്‍, ഉപ്പ്, കുമ്മായം, സിമന്റ്, പ്ലാസ്റ്റിക്, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ അവശ്യവസ്തുക്കളുമുണ്ട് എന്നത് വിലവര്‍ധനയുടെ കാര്യം വരുമ്പോള്‍ ഇന്ത്യയ്ക്കു ദോഷം ചെയ്‌തേക്കാം.
നിരവധി പ്രശ്‌നങ്ങള്‍ പറയാമെങ്കിലും മനുഷ്യജീവനോളവും അവന്റെ ആവാസവ്യവസ്ഥയോളവും വരില്ല ഒന്നും. യുദ്ധം രണ്ടു രാജ്യങ്ങള്‍ തമ്മിലാണെങ്കിലും അതിന്റെ പരിണതഫലം അനുഭവിക്കേണ്ടത് മറ്റു രാജ്യങ്ങള്‍ കൂടിയാണ്. വര്‍ത്തമാനകാലനിലവിളികള്‍ അവസാനിക്കട്ടെ. പുതിയ സൂര്യോദയങ്ങള്‍ സമാധാനത്തിന്റേതാവട്ടെ.
							
 അനില്‍ ജെ. തയ്യില്‍
                    
                    