കേരളത്തിലെ കൃഷിശാസ്ത്രജ്ഞന്മാരുടെ ഗവേഷണത്തിനു മുഞ്ഞ ബാധിച്ചെന്നും കഴിഞ്ഞ 50 വര്‍ഷമായി ഗവേഷണകേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞര്‍ നല്‍കിയ സംഭാവന വട്ടപ്പൂജ്യമാണെന്നും താമരശേരി രൂപതാധ്യക്ഷനും  ഇന്‍ഫാം രക്ഷാധികാരിയുമായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇക്കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആലോചിക്കാന്‍ വകയുള്ള ഒന്നാണ്. ഇന്‍ഫാം (ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ്) അംഗങ്ങളായ കര്‍ഷകരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കാന്‍ കാഞ്ഞിരപ്പള്ളിയില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
   കൃഷിയെയും കര്‍ഷകനെയും ഉദ്ധരിക്കാനായി സംസ്ഥാനത്തു നിലവിലുള്ള ഗവേഷണകേന്ദ്രങ്ങളുടെ ലിസ്റ്റെടുത്താല്‍ ആരും അദ്ഭുതം കൂറും. നെല്ലിനും കാപ്പിക്കും റബറിനും ഏലത്തിനും ഇഞ്ചിക്കും പുല്‍ത്തൈലത്തിനും ഏത്തവാഴയ്ക്കും കരിമ്പിനും കുരുമുളകിനും കശുവണ്ടിക്കും കൈതച്ചക്കയ്ക്കുമുള്‍പ്പെടെ  പലതിനും ഒന്നിലധികം ഗവേഷണകേന്ദ്രങ്ങളുണ്ട് ഇവിടെ. പക്ഷേ, കര്‍ഷകന്റെ കുട്ട എന്നും വെള്ളത്തിലാണെന്നു മാത്രം! കുറെ വിത്തും തൈയും വിതരണം ചെയ്യുന്നതിനപ്പുറം  കേരളത്തിന്റെ കാര്‍ഷികവികസനത്തിനു മേല്പറഞ്ഞ സ്ഥാപനങ്ങള്‍ എന്തു സംഭാവന നല്കി യെന്നതു നാം ചിന്തിക്കേണ്ട കാര്യംതന്നെയാണ്. കര്‍ഷകന്റെ നടുനിവര്‍ക്കാന്‍ ഈവക സ്ഥാപനങ്ങള്‍ക്കും ഇതില്‍ ശമ്പളംപറ്റി കഴിയുന്നവര്‍ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ലായെന്നതാണു വാസ്തവം.
    ഇതുതന്നെയാണ് ഇന്‍ഫാം രക്ഷാധികാരിയായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചൂണ്ടിക്കാട്ടുന്നത്: കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉത്തരം കാണാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിട്ടില്ല. ഗവേഷണകേന്ദ്രത്തിലൂടെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല. തെങ്ങിനു കാറ്റുവീഴ്ചയും കുരുമുളകിനു ദ്രുതവാട്ടവും നെല്ലിനു മുഞ്ഞയും ബാധിച്ചു. എന്നാല്‍, ഗവേഷണത്തിലൂടെ ഒരു പരിഹാരവും കണ്ടിട്ടില്ലാത്തതിനാല്‍ ശാസ്ത്രജ്ഞരുടെ ഗവേഷണത്തിനും മുഞ്ഞ ബാധിച്ചുവെന്നാണ് അദ്ദേഹം വിമര്‍ശനരൂപേണ പറഞ്ഞത്. വാസ്തവമല്ലേ ഇത്? കര്‍ഷകരുള്‍പ്പെട്ട സാധാരണക്കാരുടെ നികുതിപ്പണമാണ് ഈ കൃഷിശാസ്ത്രജ്ഞരെയും തീറ്റിപ്പോറ്റുന്നതെന്നോര്‍ക്കണം.
കേരളത്തിലെ കര്‍ഷകകുടുംബങ്ങളുടെ അവസ്ഥ സംബന്ധിച്ച് സംസ്ഥാനസാമ്പത്തികസ്ഥിതിവിവരവകുപ്പ് നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളനുസരിച്ച് സംസ്ഥാനത്തെ 19.47 ലക്ഷം ഗ്രാമീണകര്‍ഷകകുടുംബങ്ങള്‍ക്കു കൃഷിയിലൂടെ മാസം കിട്ടുന്നത് ശരാശരി 8469 രൂപ മാത്രമാണ്. കേരളകര്‍ഷകന്റെ  ദുരവസ്ഥ എത്ര ദയനീയമെന്നു നോക്കുക. ഇവിടെ പ്രകൃതിക്ഷോഭമുണ്ടായാല്‍, പ്രളയമുണ്ടായാല്‍ അതു കര്‍ഷകന്‍ കപ്പയിട്ടതുകൊണ്ടും കല്ലിളക്കിയതുകൊണ്ടുമാണെന്നു പറയുന്ന കപടപരിസ്ഥിതവാദികളും അവരുടെ മൂടു താങ്ങുന്ന മാധ്യമത്തൊഴിലാളികളും  അരങ്ങുവാഴുന്ന നാട്ടില്‍ പാവം കര്‍ഷകന്റെ രോദനം  ആരു കേള്‍ക്കാന്‍?
മറ്റു തൊഴിലുകളില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ഇന്നു പല കര്‍ഷകകുടുംബങ്ങളും ജീവിക്കുന്നത്. പാരമ്പര്യകൃഷിക്കാര്‍തന്നെയും മറ്റു തൊഴിലുകളിലേക്കു മാറിയിരിക്കുന്നു. തങ്ങള്‍ അനുഭവിക്കുന്ന ദുരിതം മക്കള്‍ക്കുണ്ടാകരുതെന്ന ചിന്തയില്‍ എത്രയോ കുടുംബനാഥന്മാരാണ് മക്കളെ വിദേശത്തയച്ച് സുവര്‍ണഭാവി  സ്വപ്നം കണ്ടു കഴിയുന്നത്! പലരും ഉള്ള പറമ്പും വീടും പണയപ്പെടുത്തിയാണ് ഈ സാഹസത്തിനു മുതിര്‍ന്നിരിക്കുന്നത്.
    ഉള്ളതുപറഞ്ഞാല്‍ സംസ്ഥാനത്തെ ഗ്രാമീണസമ്പദ്‌വ്യവസ്ഥ കാര്‍ഷികേതരമായി മാറിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇന്നു കേരളം അഭിമുഖീകരിക്കുന്നത്. ഉത്പാദനച്ചെലവു കൂടുകയും ഉത്പാദനം കുറയുകയും ചെയ്യുന്നിടത്ത് ഒരു കര്‍ഷകന് എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും? അങ്ങനെ വരുമ്പോള്‍ അവന്‍ മറ്റു വഴി തേടുന്നു. രാസവളങ്ങളുടെയും കീടനാശിനികളുടെയും കാര്‍ഷികോപകരണങ്ങളുടെയും വില ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു; എന്നാല്‍, വിളകളുടെ വിലയില്‍ ഒട്ടു സ്ഥിരതയില്ലതാനും. ഉത്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്രയോ അപര്യാപ്തമാണ് കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്കു കിട്ടുന്ന വില! എത്ര ത്യാഗം സഹിച്ചിട്ടും, കാലാവസ്ഥാവ്യതിയാനവും രോഗ-കീടബാധകളും കീടനാശിനികളെ അതിജീവിക്കുംവിധം കീടങ്ങളിലുണ്ടായ ജനിതകവ്യതിയാനവും കര്‍ഷകനു തിരിച്ചടിയാവുന്നു.
    മഴയെ ആശ്രയിച്ചുള്ള കൃഷി കര്‍ഷകന് ഇന്ന് ഒരോര്‍മ മാത്രമാണ്; അതിതീവ്രമഴയും കടുത്ത ചൂടും എല്ലാം താളം തെറ്റിച്ചിരിക്കുന്നു. കര്‍ഷകരക്ഷയ്‌ക്കെന്ന പേരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ പലതും ഫലത്തില്‍ കര്‍ഷകനു നേരേ കൊഞ്ഞനംകുത്തുന്ന സ്ഥിതിയാണ്. ഇതിനുപുറമേയാണ് കര്‍ഷകന്‍ നേരിടുന്ന വന്യമൃഗശല്യം. അതിന്റെ ഭീകരത അനുദിനം കൂടുന്നതല്ലാതെ കുറയുന്നില്ല. ആനയ്ക്കും പുലിക്കും കടുവയ്ക്കുംവേണ്ടി വകുപ്പുകള്‍ നിരത്തുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പഞ്ഞമില്ലാത്ത നാട്ടില്‍ കര്‍ഷകരോദനത്തിന് എന്തുവില? എങ്കിലും അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന ചൊല്ല് അധികാരികള്‍ ഓര്‍ത്തിരുന്നാല്‍ നന്ന്.
							
  ചീഫ് എഡിറ്റര്‍  &  മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
                    
                    