പാലാ രൂപതയുടെ ജനനവര്‍ഷം ഭൂജാതരായ രൂപതാംഗങ്ങളുടെ സംഗമമായ ''ലിഫ്‌ഗോഷ് 75'' വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വേകുന്നതായി. പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, രൂപതയുടെ പാരമ്പര്യവും സംസ്‌കാരവും ആര്‍ജിച്ചു വളര്‍ന്ന നൂറുകണക്കിനു വയോജനങ്ങളെ ആദരിച്ചു. രൂപതയുടെ ആത്മീയഭൗതികവളര്‍ച്ചയില്‍ സാക്ഷ്യംവഹിക്കുകയും ആതുരവിദ്യാഭ്യാസവികസനമേഖലകളിലെ നേട്ടങ്ങളില്‍ അഭിമാനിക്കുകയും ചെയ്യുന്ന വയോജനങ്ങളാണ് സമ്മേളനത്തില്‍ ഒത്തുചേര്‍ന്നത്.
തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വളര്‍ച്ചയില്‍ രൂപത വഹിച്ച പങ്കിനു നന്ദിയര്‍പ്പിക്കാനുള്ള അവസരമായാണ് രൂപതാംഗങ്ങള്‍ വയോജനസംഗമത്തെ കണ്ടത്. എല്ലാ ഇടവകകളുടെയും സഹകരണം ഇതിലുണ്ടായിരുന്നു. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റും മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളും ചേര്‍ന്നാണു ചടങ്ങു സംഘടിപ്പിച്ചത്.
രൂപതാധ്യക്ഷന്റെ കൈയൊപ്പു പതിഞ്ഞ കപ്പും ഭാരതത്തിലെ ആദ്യവിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ കവര്‍ചിത്രമടങ്ങിയ കൊന്തയും സമ്മേളനത്തിനെത്തിയവര്‍ ഏറ്റുവാങ്ങി.
പാലാ രൂപതയോടൊപ്പം പിറന്ന ആളുകളുടെ ഒത്തുചേരല്‍ ദൈവപരിപാലനയുടെ അനാവരണമാണെന്നും സ്വത്വബോധവും സ്വന്തമെന്ന ബോധവും വളര്‍ത്താന്‍ ഇത്തരം കൂട്ടായ്മകള്‍ ഉതകുമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ഇഴയടുപ്പത്തിന്റെ വേദിയാണിത്. അറിവുകൊണ്ടും ആത്മീയതകൊണ്ടും പാകപ്പെട്ടവരാണ് ഇവിടെ കൂടിയിരിക്കുന്നവര്‍. നാം പഠിച്ചത് വിശാലസമൂഹത്തിനുവേണ്ടിയാണ്. പാടശേഖരമായ ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ വിതച്ചത് മക്കളും കൊച്ചുമക്കളും കൊയ്‌തെടുക്കുന്നു. വിളവെടുപ്പുകാലമാണിത്. ആത്മീയബലം നഷ്ടപ്പെടരുതെന്നും സമൂഹത്തില്‍ നന്മ ചെയ്യാന്‍ മുന്നിട്ടിറങ്ങണമെന്നും ബിഷപ് ഉദ്‌ബോധിപ്പിച്ചു. മാതൃകാകുടുംബത്തിലെ അപ്പന്റെ റോള്‍ അമ്മയോടു ചേര്‍ന്ന് മക്കള്‍ക്കും കുടുംബത്തിനും എല്ലാം ചെയ്തുകൊടുക്കുകയെന്നതാണ്. സഭയോടും സഭാസംവിധാനങ്ങളോടും യോജിച്ചുനില്‍ക്കാനുള്ള ഉത്തരവാദിത്വം വര്‍ധിച്ചുവരുന്ന കാലഘട്ടമാണെന്നും ബിഷപ് പറഞ്ഞു. കുടുംബചരിത്രങ്ങള്‍ എഴുതണമെന്നും ഇതു സഭയുടെ സ്വത്താണെന്നും ഉറവിടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം നമ്മെ വളര്‍ത്തുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
എഴുപത്തിയഞ്ചാം വയസ്സിലെത്തിയ ഫാ. ജോസ് കോട്ടയില്‍, ഫാ. ജോസഫ് വടകര, ഫാ. ജോണ്‍ പൊതീട്ടേല്‍ എന്നീ വൈദികരും 26 സന്ന്യസ്തരും നൂറുകണക്കിന് അല്മായരും ആദരവ് ഏറ്റുവാങ്ങാനെത്തിയിരുന്നു.
സംഘടനാപ്രതിനിധികളായ ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിന്‍സ് ജോസ് തൊടുകയില്‍, ജോസുകുട്ടി ജോസഫ് അറയ്ക്കപ്പറമ്പില്‍, ഡോ. ഫെലിക്‌സ് വെട്ടുകാട്ടില്‍, സബീന സക്കറിയാസ് മഠത്തിപ്പറമ്പില്‍, മേഴ്‌സി മാണി ചെറുകര, ലൗലി ബിനു വള്ളോംപുരയിടത്തില്‍, ഡയാന രാജു ഓലിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.