- ലഹരിവിരുദ്ധ മാസാചരണപരിപാടികള്‍ക്ക് പാലായില്‍ ഉജ്ജ്വലതുടക്കം
 
      ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരേ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
    എവിടെ നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചാരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപ്പെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളുമില്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഇത്തരം ചിന്തകള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്. മദ്യ-മയക്കുമരുന്ന് സംസ്‌കാരം മനുഷ്യന്റെ നിലവാരത്തകര്‍ച്ചയാണു സൂചിപ്പിക്കുന്നത്. മയക്കുമരുന്നുകളുടെ സ്വാധീനം സംസ്ഥാനത്ത് ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. ലഹരിക്കെതിരെ പൊതുസമൂഹം ഒന്നിച്ചു പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും ബിഷപ് പറഞ്ഞു. 
    രൂപത പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സിസ്റ്റര്‍ മിനിമോള്‍ മാത്യു, സാബു എബ്രാഹം, എക്സൈസ് ഇന്‍സ്പെക്ടര്‍ ജെക്‌സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
     ഒരു മാസം നീണ്ടുനില്‍ക്കുന്ന  ലഹരിവിരുദ്ധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, കോര്‍ണര്‍ യോഗങ്ങള്‍, തൊഴില്‍ മേഖലകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുമുള്ള സന്ദേശ-പ്രതിജ്ഞാ പരിപാടികള്‍, ഹ്രസ്വചിത്രപ്രദര്‍ശനം എന്നിവയ്ക്കു സമിതിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നേതൃത്വം നല്‍കും. 
							
 *
                    
                    