തൊഴില്‍ ദാതാവില്‍നിന്നല്ല; മറിച്ച് തൊഴിലാളിയൂണിയനു നേതൃത്വം നല്‍കുന്നതിന്റെ പേരില്‍ പണിയെടുക്കാതെ ജീവിക്കുന്ന നേതാക്കളില്‍നിന്നാണ് തൊഴിലാളികള്‍ ചൂഷണം നേരിടുന്നതെന്ന കാര്യമാണ് ഓരോ പണിമുടക്കു കാലത്തും വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.
തുല്യജോലിക്കു തുല്യവേതനം നടപ്പിലാക്കുക, പന്ത്രണ്ടു മണിക്കൂര്‍വരെ ജോലി ചെയ്യിപ്പിക്കാം എന്ന നിര്‍ദേശം പിന്‍വലിക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാതിരിക്കുക, പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മിനിമം ശമ്പളം 26000 രൂപ യായി വര്‍ധിപ്പിക്കുക, ജോലി ചെയ്യാനുള്ള അവകാശം മൗലികാവകാശമാക്കുക എന്നതടക്കം 15 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജൂലൈ 9 ന് സംയുക്ത ട്രേഡു യൂണിയനുകള്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തിയത്. ഇന്ത്യയിലെ 52 കോടി തൊഴിലാളികളില്‍ 49 കോടിയും അസംഘടിതതൊഴിലാളികളാണെന്നും അവരുടെ ക്ഷേമത്തിനുവേണ്ടിയാണു പണിമുടക്കെന്നുമാണ് സംയുക്തട്രേഡു യൂണിയന്‍ നേതാക്കള്‍ അവകാശപ്പെട്ടത്.
തുല്യജോലിക്കു തുല്യവേതനമാണോ കേരളത്തിലെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലഭിക്കുന്നത്? 2018 ല്‍ ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.യില്‍ തുടങ്ങിയ പുതിയ കമ്പനിയാണ് 'സ്വിഫ്റ്റ്.' ഈ കമ്പനിയിലെ 1798 ജീവനക്കാര്‍ക്ക് ഒരു ഡ്യൂട്ടിക്കു ലഭിക്കുന്ന തുക 715 രൂപ. ഇതേ ജോലിക്ക് കെഎസ്ആര്‍ടിസിയില്‍ പി.എസ്.സി. വഴി നിയമിതരാകുന്ന ജോലിക്കാര്‍ക്ക് ആദ്യവര്‍ഷം ലഭിക്കുന്നത് 1045 രൂപ. പിന്നീട് കാലാകാലങ്ങളില്‍ ശമ്പളവര്‍ധന ഉണ്ടാകും. എന്നാല്‍, 715 രൂപയ്ക്ക് കയറുന്നവര്‍ക്കു ശമ്പളവര്‍ധന ഒരു കാലത്തും ഇല്ല. 8 മണിക്കൂറിനുപകരം ഇവര്‍ പന്ത്രണ്ടു മണിക്കൂര്‍ ജോലിവരെ കാലങ്ങളായി ചെയ്തുവരുന്നു.
എറണാകുളം ബ്രോഡ്‌വെയില്‍ സംസ്ഥാനടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍, നയനാര്‍ മന്ത്രിസഭയുടെ കാലത്താണ് ടാജ് ഹോട്ടല്‍ ഗ്രൂപ്പിനു വിറ്റത്. എന്നിട്ട്, കേന്ദ്രഗവണ്‍മെന്റിനോടു പൊതുമേഖല വിറ്റുതുലയ്ക്കരുതെന്ന് ആവശ്യപ്പെടുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടിന്റെ 215-ാം പേജില്‍ കേരള ഖജനാവില്‍നിന്ന് കെഎസ്ആര്‍ടിസിയെ സഹായിച്ചതിന്റെ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. 2016-21 കാലയളവിലെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ പ്രവര്‍ത്തനച്ചെലവുകള്‍ക്കായി 4923.58 കോടി അനുവദിച്ചതായും 2021-25 വരെ 7037.31 കോടി അനുവദിച്ചതായും പറയുന്നു. ഇതിനുപുറമേ 2016-21 കാലയളവില്‍ പദ്ധതിവിഹിതമായി 48.95 കോടിയും 2021 - 25 വരെ 197.49 കോടിയും അനുവദിച്ചതായും പറയുന്നു. 2008 - 09 മുതല്‍ 2013-14 വരെ കെഎസ്ആര്‍ടിസി സര്‍ക്കാരിലേക്കു തിരിച്ചടയ്‌ക്കേണ്ട 1090,75,978333 രൂപയുടെ വായ്പാകുടിശ്ശിക സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റി പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ തുക എഴുതിത്തള്ളാനും തീരുമാനിച്ചു. ഇങ്ങനെ നികുതിപ്പണം കൊടുത്തു നിലനിറുത്തുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ പണിമുടക്കില്ലെന്ന മന്ത്രി ഗണേഷ്‌കുമാറിന്റെ ചിന്ത ട്രേഡു യൂണിയന്‍ നേതാക്കള്‍ തെറ്റിക്കുന്നതും കേരളം കണ്ടു. നാലായിരത്തോളം സര്‍വീസ് നടത്തുന്ന കോര്‍പ്പറേഷന്റെ ഒരു ബസ്സിന് വര്‍ഷംതോറും 30 ലക്ഷത്തോളം രൂപയാണ് ഖജനാവില്‍നിന്നു ചെലവഴിക്കുന്നത്.
സംഘടിതരായ ന്യൂനപക്ഷം അസംഘടിതരായവരുടെ അവകാശങ്ങളെ ഭരണകൂടത്തിന്റെ അനുമതിയോടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ് ഇത്തരം പണിമുടക്കുകളുടെ യഥാര്‍ത്ഥ അനുഭവം. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിലെ അസമത്വം വര്‍ദ്ധിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് യൂണിയനുകളുടെ അവകാശം. ഈ അസമത്വം എങ്ങനെയാണെന്നു നടപ്പായിക്കൊണ്ടിരിക്കുന്നതെന്നുകൂടി ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിശോധിക്കേണ്ടതുണ്ട്. മൂവാറ്റുപുഴയില്‍ നടന്ന കര്‍ഷകമഹാസംഗമം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുകയും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കുകയുമുണ്ടായി. 1968 മുതല്‍ 2023 വരെ കേരളത്തിലെ സംഘടിതരുടെ വരുമാനം 435 ഇരട്ടി വര്‍ദ്ധിച്ചപ്പോള്‍ ഇതേ കാലയളവില്‍ നെല്‍കര്‍ഷകന്റെ വരുമാനം 19 ഇരട്ടിയും നാളികേരകര്‍ഷകന്റെ വരുമാനം 28 ഇരട്ടിയും റബര്‍കര്‍ഷകന്റെ വരുമാനം 30 ഇരട്ടിയും മാത്രമാണ് വര്‍ധിച്ചത്. അപ്പോള്‍ അസമത്വം ഏതു സമൂഹത്തിലാണ് കൂടുതലായി പ്രതിഫലിക്കുന്നതെന്നു മനസ്സിലാക്കാന്‍ ഇത്തരം സമരങ്ങള്‍ ഇടയാക്കും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1,25,000 ത്തോളം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ത്യയില്‍ ആത്മഹത്യ ചെയ്തതായാണ് കണക്കാക്കുന്നത്. ജിഡിപിയില്‍ (ആഭ്യന്തര ഉത്പാദനത്തില്‍) ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ ഉണ്ടാകുന്നതെന്ന വസ്തുത എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഗൗരവമായി പരിശോധിക്കണം.
സമരദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളിലും മാര്‍ക്കറ്റുകളിലും ജോലി ചെയ്യാന്‍ സന്നദ്ധരായവരെ സമരക്കാര്‍ തടഞ്ഞു. ഭരണസിരാകേന്ദ്രമായ കേരള സെക്രട്ടേറിയറ്റിലെ 4271 ജീവനക്കാരില്‍ 600 പേര്‍ ജോലിക്കെത്തിയപ്പോള്‍ തമിഴ്‌നാട്ടിലെ സെക്രട്ടറിയേറ്റിലെ 5620 ജീവനക്കാരില്‍ 4237 പേരും ജോലി ചെയ്തു. അവിടെയും ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്ന ഡി.എം.കെയാണ് ഭരണം നടത്തുന്നത്.
കേരള സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഹൗസും കാന്റീനും സാധാരണ പണിമുടക്കുകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതാണ്. എന്നാല്‍, ഇക്കഴിഞ്ഞ പണിമുടക്കുദിവസം കാന്റീനും കോഫി ഹൗസും തുറക്കരുതെന്നു സമരക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതുമൂലം ആക്രമണഭയത്താല്‍ ഇരുസ്ഥാപനങ്ങളും തുറന്നില്ല. കാട്ടാക്കട പ്ലാവൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്കെത്തിയ അധ്യാപകര്‍ വീട്ടില്‍നിന്നു കൊണ്ടുവന്ന മാവും സാമഗ്രികളും ഉപയോഗിച്ച് ഇലയപ്പവും കട്ടന്‍ചായയും ഉണ്ടാക്കിയത് ചോദ്യം ചെയ്ത് സമരാനുകൂലികള്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയായി. 45 ജീവനക്കാരില്‍ ഭരണപക്ഷസംഘടനയില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ 24 പേര്‍ സ്‌കൂളിലെത്തി. വര്‍ക്കല ഗവ. എച്ച്.എസ്.എസിലെ അധ്യാപകരായ അജീഷ് രാജ്, വിശ്വം എന്നിവര്‍ പണിമുടക്കു ദിവസം സ്‌കൂളില്‍ എത്തിയത് സമരാനുകൂലികളായ അധ്യാപകരുമായി തര്‍ക്കത്തിടയാക്കി. ഈ അധ്യാപകര്‍ സ്‌കൂള്‍സമയം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ വര്‍ക്കല റെയില്‍വേ സ്റ്റേഷനുമുമ്പില്‍ വച്ച് സമരക്കാരാല്‍ ആക്രമിക്കപ്പെട്ടു.
ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അനൂപിന് സമരക്കാരുടെ മര്‍ദനം ഏല്‌ക്കേണ്ടിവന്നു. അരുവിക്കര സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ പൂട്ടിയിട്ട അധ്യാപികമാരില്‍ അടുത്തിടെ പ്രസവം കഴിഞ്ഞ അധ്യാപികയുമുണ്ടായിരുന്നു. മരുന്നുശാല ഗോഡൗണിലെ ജീവനക്കാരനെ വളഞ്ഞുവച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും കാണാന്‍ ഇടയായി. ചങ്ങനാശ്ശേരി പോസ്‌റ്റോഫീസിലെ പോസ്റ്റ്മാസ്റ്ററെ മര്‍ദിച്ചു. കണ്ണൂരില്‍ അധ്യാപകരുടെ വാഹനത്തിന്റെ ടയറിലെ കാറ്റ് അഴിച്ചുവിട്ടുകൊണ്ടായിരുന്നു നേതാക്കള്‍ സമരവീര്യം കാണിച്ചത്. കോഴിക്കോട്ട് മുക്കത്തെ കെ.പി.ആര്‍. മത്സ്യക്കടയില്‍ കയറി മീന്റെമേല്‍ മണ്ണെണ്ണ ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതു കണ്ടു. മേല്‍സൂചിപ്പിച്ചതുപോലെയുള്ള സംഭവങ്ങളെക്കുറിച്ച് ഇടതുകണ്‍വീനര്‍ പറയുന്നത് പണിമുടക്കിനെതിരേ നില്‍ക്കുമ്പോഴുണ്ടാകുന്ന ചെറിയ പ്രതികരണങ്ങള്‍ മാത്രമാണിതെന്നാണ്.
മകന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മടങ്ങിയ സി.പി.എം. രാമേശ്വരം ബ്രാഞ്ച് സെക്രട്ടറി പി. അനീഷിനെയും കുടുംബത്തെയും സമരക്കാര്‍ തടഞ്ഞു. ഇതല്ല പാര്‍ട്ടി പഠിപ്പിച്ച സമരരീതി എന്നു പ്രഖ്യാപിച്ച് അനീഷ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തൊഴില്‍ ദാതാവില്‍നിന്നല്ല; മറിച്ച് തൊഴിലാളിയൂണിയനു നേതൃത്വം നല്‍കുന്നതിന്റെ പേരില്‍ പണി യെടുക്കാതെ ജീവിക്കുന്ന നേതാക്കളില്‍നിന്നാണ് തൊഴിലാളികള്‍ ചൂഷണം നേരിടുന്നതെന്ന കാര്യമാണ് ഓരോ പണിമുടക്കു കാലത്തും വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.
കേരളം ഒഴികെയുള്ള ഏതെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ ഈ പണിമുടക്കു ബാധിച്ചോ? മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ തൊഴിലെടുക്കാനുള്ള അവകാശങ്ങളെയോ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെയോ ബാധിച്ചോ? ഇവിടത്തെ വഴിയോരക്കച്ചവടക്കാരനെയും പച്ചക്കറിക്കച്ചവടക്കാരനെയും ലോട്ടറിക്കച്ചവടക്കാരനെയും മീന്‍കച്ചവടക്കാരനെയും ഓട്ടോത്തൊഴിലാളിയെയും അന്നത്തെ അപ്പത്തിനുവേണ്ടി വേല ചെയ്തു ജീവിക്കുന്ന സാധാരണക്കാരനെയുമാണ് പണിമുടക്കു ബാധിച്ചത്.
ഒന്‍പതാം തീയതി ഹര്‍ത്താല്‍ദിനത്തില്‍ 25 വര്‍ഷം ഇന്ത്യയുടെ വ്യവസായസെക്രട്ടറിയായിരുന്ന കെ. മോഹന്‍ദാസ് ഐ.എ.എസിന്റെ ഒരു വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിമാന അറ്റകുറ്റപ്പണി സ്ഥാപനങ്ങളിലൊന്ന് കേരളത്തില്‍ സ്ഥാപിക്കാന്‍ ലോകോത്തര എയര്‍ ക്രാഫ്റ്റ് എന്‍ജിന്‍ നിര്‍മാതാക്കളായ പാറ്റ് ആന്‍ഡ് ഖിറ്റ്‌ന താത്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. വ്യവസായമന്ത്രിയായിരുന്ന സുശീലാ ഗോപാലന്‍ താത്പര്യം കാണിച്ചെങ്കിലും സി.പി.എം. നയം തടസ്സമായി. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം വരെ ചര്‍ച്ച ചെയ്തു വെങ്കിലും ഫലമുണ്ടായില്ല. കേരളത്തിലെ കുറെ ചെറുപ്പക്കാര്‍ക്കു തൊഴില്‍ ലഭിക്കാന്‍ ഉണ്ടാകുമായിരുന്ന നല്ലൊരു അവസരം നഷ്ടപ്പെടുത്തിയിട്ട് ചരിത്രപരമായ അബദ്ധം എന്നു പറയുന്നതുകൊണ്ട് കേരളത്തിന് എന്തു പ്രയോജനമെന്നാണ് ഇതിനായി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച കെ.മോഹന്‍ദാസിന്റെ ചോദ്യം. വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍പ്പോലും പരസ്യം നടത്തുന്നവര്‍ ഇവിടെ വന്ന മഹാസൗഭാഗ്യത്തെ തട്ടിത്തെറിപ്പിക്കുകയാണുണ്ടായത്.
ഇവിടെ പണിമുടക്കിനോ സമരത്തിനോ ആരും എതിരല്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യേണ്ടി വരും. പണിമുടക്കാനുള്ള അവകാശം ഇന്‍ഡസ്ട്രിയന്‍ ഡിസ്പ്യൂട്ട് ആക്ട് പ്രകാരമാണെങ്കില്‍ ജോലി ചെയ്തു ജീവിക്കാനും സ്വതന്ത്രമായ ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്ന ഉറപ്പാണ്. സമരം നടത്തുന്നവര്‍ ഒന്നു ചിന്തിക്കണം. സമരരീതികള്‍ കാലത്തിനനുസരിച്ചു മാറിയില്ലെങ്കില്‍ നിങ്ങളുടെ നേതൃത്വം ഞങ്ങള്‍ക്കു വേണ്ടായെന്ന് പൊതുസമൂഹം വിധിയെഴുതുന്ന കാലമുണ്ടാകും. പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ യാതൊരു ദ്രോഹനടപടികളും ഉണ്ടാവില്ലായെന്നും ബസ്സും മറ്റു വാഹനങ്ങളും യഥേഷ്ടം സഞ്ചരിക്കാമെന്നും സമരം ആഹ്വാനം ചെയ്യുന്നവര്‍ അറിയിച്ചാല്‍ ഒരു പണിമുടക്കും ജനദ്രോഹമാകില്ല. ജനജീവിതം സ്തംഭിക്കില്ല. ഇപ്പോഴത്തെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇന്ത്യയില്‍ നടത്തിയ 23 പൊതുപണിമുടക്കുകള്‍ കേരളത്തില്‍ മാത്രം എന്തുകൊണ്ട് ഹര്‍ത്താലായി മാറുന്നു? ഇത്തരം ട്രേഡു യൂണിയന്‍ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വം കേരളത്തിനാവശ്യമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.