•  Published From Palai
  •  Contact Us
  •  Previous Issues
  •  7 Aug 2025
  •  ദീപം 58
  •  നാളം 22
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • നേര്‍മൊഴി
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

അധികാരികള്‍ അതിരുകടക്കുമ്പോള്‍

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 31 July , 2025

   വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട തര്‍ക്കവിതര്‍ക്കങ്ങള്‍ കുറേക്കാലമായി തുടരുന്ന ഒരു പ്രതിഭാസമാണെങ്കിലും ഉന്നതന്മാര്‍തന്നെ അതിനു കുടപിടിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും മുഖ്യതാരങ്ങളായി അരങ്ങുകൊഴുപ്പിച്ചുകൊണ്ടിരിക്കുന്ന അധികാരത്തര്‍ക്കത്തിന്റെ ബാക്കിപത്രമായി ഇപ്പോള്‍ കേരളസര്‍വകലാശാലയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന ഭരണപ്രതിസന്ധി ലജ്ജാകരമെന്നേ പറയേണ്ടൂ. സാക്ഷരകേരളത്തിനും ഉന്നതവിദ്യാഭ്യാസമേഖലയ്ക്കും തികച്ചും അപമാനകരമായ കാര്യങ്ങളാണ് ഈ നാളുകളില്‍ അവിടെ നടന്നത്. ഏതായാലും, ഇക്കഴിഞ്ഞദിവസം ഗവര്‍ണറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച വിവാദങ്ങള്‍ക്കു വിരാമമിടുമെന്നു കരുതാം. 
ജൂണ്‍ 25 ന് ഗവര്‍ണര്‍ മുഖ്യാതിഥിയായുള്ള സ്വകാര്യപരിപാടിക്ക് സര്‍വകലാശാലാസെനറ്റ്ഹാള്‍ വേദിയില്‍ സംഘാടകര്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ തുടങ്ങിയ വിവാദമാണ് കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചത്. അന്നു ചട്ടലംഘനം ആരോപിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചു നോട്ടീസ് നല്‍കിയെങ്കിലും ഗവര്‍ണര്‍ എത്തുകയും പരിപാടി നിശ്ചയപ്രകാരം നടക്കുകയും ചെയ്തു. എന്നാല്‍, ഗവര്‍ണറോട് അനാദരം കാട്ടിയെന്നു പറഞ്ഞ് രജിസ്ട്രാറെ വി.സി. സസ്‌പെന്‍ഡു ചെയ്തു. ഇതാണ് ആരെയും നാണിപ്പിക്കുന്ന നാടകീയരംഗങ്ങള്‍ക്കു വഴിയൊരുക്കി നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയെ ലോകസമക്ഷം അപമാനിതമാക്കിയത്. ദൗര്‍ഭാഗ്യകരമായ ഈ     സ്ഥിതിവിശേഷത്തിന് എത്രയുംവേഗം പരിഹാരമുണ്ടാകണം.
    ഉള്ളതുപറഞ്ഞാല്‍ ഉത്തരവാദിത്വപ്പെട്ട പദവിയിലിരുന്നുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന തെറ്റായ കീഴ്‌വഴക്കത്തിനു തുടക്കംകുറിച്ചത് മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ വി.സി. പദവികളിലടക്കം നടക്കുന്ന നിയമനങ്ങളിലെ സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. അതില്‍ വാസ്തവമുണ്ടെന്നറിയാവുന്ന പൊതുജനം ഗവര്‍ണറുടെ നീക്കത്തില്‍ ഒരപാകതയും ദര്‍ശിച്ചില്ല. എന്നാല്‍, പിന്നീടങ്ങോട്ട് ഗവര്‍ണര്‍പദവിയുടെ അന്തസ്സും ആഭിജാത്യവും കളഞ്ഞുകുളിക്കുന്നതായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മുന്‍ഗാമിയുടെ പാതയില്‍ത്തന്നെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ചുവടുവയ്ക്കുമ്പോള്‍ അതിലെ രാഷ്ട്രീയഅജണ്ട വളരെ വ്യക്തം. 
    ഗവര്‍ണര്‍പദവിയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാംതന്നെ സുപ്രീംകോടതി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ ഉപദേശമനുസരിച്ചായിരിക്കണം എന്നാണ്. കഴിഞ്ഞദിവസം കേരളത്തില്‍ താത്കാലിക വി.സി. മാരുടെ നിയമനം റദ്ദാക്കിക്കൊണ്ടു പുറപ്പെടുവിച്ച വിധിയില്‍ കേരളഹൈക്കോടതി ഗവര്‍ണറെ ഓര്‍മിപ്പിച്ചതും നിയമനങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാണല്ലോ. ഏതായാലും, രാജ്ഭവനുമായുള്ള ഏറ്റുമുട്ടലിനിടെ 20 ന് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ  സന്ദര്‍ശിച്ചത് ഉചിതമായി. കേരളസര്‍വകലാശാലയിലെ  ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ നടപടിയെടുക്കണം, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വൈസ്ചാന്‍സലര്‍മാരെ നിയമിക്കണം എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. ഡിജിറ്റല്‍, സാങ്കേതികസര്‍വകലാശാലകളില്‍ സര്‍ക്കാര്‍ കൈമാറിയ പട്ടികയില്‍നിന്നുള്ളവരെ വിസിമാരായി ഉടന്‍ നിയമിക്കണമെന്നും ബില്ലുകള്‍ ഒപ്പിടുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ച മുഖ്യമന്ത്രി സംസ്ഥാനസര്‍ക്കാരിന്റെ ഓണാഘോഷപരിപാടിയിലേക്കു ഗവര്‍ണറെ കുടുംബസമേതം ക്ഷണിക്കുകയും ചെയ്തു.
    മുഖ്യമന്ത്രിയെ ഈ മനംമാറ്റത്തിനു നിര്‍ബന്ധിതനാക്കിയ സാഹചര്യം ഡിജിറ്റല്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്ന സംസാരം പിന്നാമ്പുറത്തുനിന്നുയുരുന്നുണ്ടെങ്കിലും. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്തതു പ്രശംസനീയമാണ്.
    മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിനു കീഴിലുള്ള ഡിജിറ്റല്‍ സര്‍വകലാശാലയുടെ താത്കാലിക വൈസ്ചാന്‍സലറായിരുന്ന ഡോ. സിസ തോമസ് ഫയലുകളും രസീതുകളും പരിശോധിച്ചപ്പോള്‍ വ്യാപകക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതാണത്രേ മുഖ്യമന്ത്രിയുടെ പുതിയ പുറപ്പാടിനു നിദാനം. അതെന്തായാലും, ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നു ഡോ. സിസ പുറത്തായതോടെ, തങ്ങള്‍ക്കു താത്പര്യമുള്ളയാളെ വിസി യായി നിയമിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഒരു കാര്യം ഏവരും സമ്മതിക്കും-വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയാതിപ്രസരത്തിനു തടയിടാനും അക്കാദമികരംഗത്തെ അഴിമതി അവസാനിപ്പിക്കാനും കഴിഞ്ഞാല്‍ നമ്മുടെ സര്‍വകലാശാലകള്‍ സംശുദ്ധമാകും. പിന്നെ ഒരു ഗവര്‍ണര്‍ക്കും അതില്‍ തലയിടേണ്ടിവരില്ല. ഇതു വകവയ്ക്കാതെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അജണ്ടകളുമായി ഏതെങ്കിലുമൊരു ഗവര്‍ണര്‍ ബോധപൂര്‍വം സംസ്ഥാനം ഭരിക്കാന്‍ വന്നാല്‍ അതിനെ കക്ഷിവ്യത്യാസം മറന്ന് ശക്തിയുക്തം ചെറുക്കുകയും വേണം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)