അഭിനന്ദനങ്ങളുടെയും ആശംസകളുടെയും നിറവാര്‍ന്ന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട്, പാലാ രൂപതയുടെ ഒരു വര്‍ഷം നീണ്ട പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്കു പ്രൗഢോജ്ജ്വലസമാപനം. പാലാ സെന്റ് തോമസ് കത്തീദ്രലില്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രൂപതയിലെ മുഴുവന്‍ വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച വിശുദ്ധകുര്‍ബാനയോടെയായിരുന്നു ചടങ്ങുകളുടെ ആരംഭം.
തുടര്‍ന്നുനടന്ന സമാപനസമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.വിശുദ്ധി, ആത്മസമര്‍പ്പണം, സാമൂഹികപ്രതിബദ്ധത എന്നിവയില്‍ പകരംവയ്ക്കാനില്ലാത്ത അനന്യവ്യക്തിത്വമാണ് പാലാ രൂപതയ്ക്കുള്ളതെന്ന് മേജര്‍ ആര്‍ച്ചുബിഷപ് പറഞ്ഞു. സീറോമലബാര്‍ സഭയിലെ ഗുണമേന്മയുള്ള വീഞ്ഞു സൂക്ഷിക്കുന്ന ഇടമാണ് പാലാ രൂപത. വിശ്വാസത്തിന്റെയും തനിമയുടെയും മേന്മയുടെയും ഇടമാണ് പാലാ രൂപത. പാലാ രൂപതയുടെ അടയാളംനോക്കി യാത്ര ചെയ്താല്‍ ആര്‍ക്കും വഴിതെറ്റില്ല. ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഭരണങ്ങാനത്തെ ആളൊഴിയാത്ത കബറിടമാണ് പാലായുടെ വിശുദ്ധിയുടെ വെണ്‍മ. ഇന്‍ഡസ്ട്രിയല്ല മിനിസ്ട്രിയാണ് കത്തോലിക്കാസഭ നടത്തേണ്ടതെന്ന് ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയിലൂടെ പാലാ രൂപത കാട്ടിത്തന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
പ്രേഷിതോന്മുഖമായ വലിയ ഇടമാണ് പാലാ. ആഗോളമിഷനറിമാരില്‍ ഭൂരിഭാഗവും മെത്രാന്മാരില്‍ അനേകരും പാലായുടെ സ്വന്തമാണ്. പ്രകൃതിക്ഷോഭമേഖലയിലെ ഇടപെടലുകള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പാലാ രൂപത സഭയുടെ ഗുണമേന്മ കുറയ്ക്കാതെ കൊണ്ടുപോകുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. പൊതുരംഗത്തു നേതാക്കന്മാരെ സൃഷ്ടിച്ച് നേതാക്കന്മാരുടെ രൂപതയായി പാലാ മാറിയെന്ന് കര്‍ദിനാള്‍ പറഞ്ഞു. നേതൃത്വമാണ് പ്രാദേശികസഭയെ ശക്തമാക്കുന്നത്. ശക്തമായ ലീഡര്‍ഷിപ്പാണ് പാലാ രൂപത സഭയ്ക്കു സമ്മാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ രാഷ്ട്രനിര്‍മിതിയില്‍ ക്രൈസ്തവരുടെ പങ്ക് വളരെ വലുതാണ്. എന്നിട്ടും ക്രൈസ്തവര്‍ക്കുനേരേ ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ആക്രമണം നടക്കുന്നു. സഭയ്ക്കും സമുദായത്തിനും ശക്തീകരണം നല്‍കാന്‍ പാലാ രൂപതയ്ക്കു കഴിഞ്ഞതായും തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.
മലബാറില്‍ സീറോ മലബാര്‍ സഭയെയും തലശേരി രൂപതയെയും വളര്‍ത്തുന്നതില്‍ പാലാ രൂപത നിര്‍ണായകപങ്കാണു വഹിച്ചത്. മലബാര്‍കുടിയേറ്റത്തിന്റെ ചരിത്രം പാലാക്കാരുടേതാണ്. പാലായിലൂടെയും പാലാക്കാരിലൂടെയുമാണ് മലബാറിന്റെ വളര്‍ച്ചയെന്ന് തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ആശംസാപ്രസംഗമധ്യേ പറഞ്ഞു.
ആരാധയുടെ തനിമയും സ്വത്വവും സംരക്ഷിക്കുന്നതില്‍ പാലാ രൂപതയ്ക്കു നിര്‍ണായകമായ സ്വാധീനമാണുള്ളത്. സുറിയാനിപാരമ്പര്യം ആരാധനക്രമത്തില്‍ സംരക്ഷിക്കാനും പാലാ രൂപതയ്ക്കു കഴിയുന്നു എന്നതില്‍ അഭിമാനമുണ്ടെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
കരുണ, ത്യാഗം, പ്രത്യാശ എന്നിവയ്‌ക്കൊപ്പം ആരാധനയിലൂടെയും ക്ഷേമസേവനപ്രവര്‍ത്തനങ്ങളിലൂടെയും വിശ്വാസത്തിന്റെ സുഗന്ധം പരത്താന്‍ പാലാ രൂപതയ്ക്കു കഴിഞ്ഞതായി ശശി തരൂര്‍ എംപി. അഭിപ്രായപ്പെട്ടു.
ഔഗിന്‍ മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്താ, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മന്ത്രി റോഷി അഗസ്റ്റിന്‍, സണ്ണി ജോസഫ് എം.എല്‍.എ., ജോസ് കെ. മാണി എം.പി., ഫ്രാന്‍സിസ് ജോര്‍ജ് എം.പി., സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം.പി., മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കവര്‍സ്റ്റോറി
പാലാ രൂപത പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢോജ്ജ്വലസമാപനം
