ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിരപരാധികളായ രണ്ടു മലയാളി കന്യാസ്ത്രീകള്‍ - സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതിമേരിയും - കുറെ വര്‍ഗീയവാദികളുടെ കുത്സിതനീക്കത്തിലൂടെ അറസ്റ്റു ചെയ്യപ്പെട്ടു ജയിലിലായിട്ട് ഇതെഴുതുമ്പോള്‍ അഞ്ചു ദിവസം കഴിയുന്നു. ജൂലൈ 25 ന് വൈകിട്ട് 7.30 നായിരുന്നു സംഭവം. ഇപ്പോഴുമവര്‍ ജയിലില്‍ത്തന്നെ. അവരുടെമേല്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടി അവരുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റു കോടതി തള്ളിയെന്ന ഏറ്റവും പുതിയ വാര്‍ത്തകൂടി പുറത്തുവന്നതോടെ മനഃസാക്ഷിയുള്ളവരുടെയെല്ലാം ആശങ്ക ഒന്നുകൂടി വര്‍ധിച്ചിരിക്കുകയാണ്. ആദ്യഎഫ്.ഐ.ആറില്‍ മനുഷ്യക്കടത്തുകുറ്റം മാത്രമാണുണ്ടായിരുന്നതെങ്കില്‍ കേസ് കടുപ്പിക്കാന്‍ വെറും ഒന്നേകാല്‍ മണിക്കൂറിന്റെ ഇടവേളയില്‍ നിര്‍ബന്ധിതമതപരിവര്‍ത്തനക്കുറ്റംകൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമായ ഈ നടപടിയിലൂടെ വര്‍ഗീയവാദികള്‍ മതേതരഭാരതത്തെയാണു വെല്ലുവിളിച്ചിരിക്കുന്നത്.
ഛത്തീസ്ഗഡില്‍ നടന്നത് തികഞ്ഞ മനുഷ്യാവകാശലംഘനമാണ്. അവിടത്തെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ സിസ്റ്റേഴ്‌സിനെയും മൂന്നു പെണ്‍കുട്ടികളെയും പ്ലാറ്റ്‌ഫോം ടിക്കറ്റില്ലെന്നപേരില്‍ റെയില്‍വേ അധികൃതര്‍ ബോധപൂര്‍വം തടഞ്ഞുവയ്ക്കുകയായിരുന്നു. അവര്‍ അതിവേഗം ബജ്‌റങ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുന്നു. പിന്നീടു നടന്നതു കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണെന്നാണ് അസ്സീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്ന്യാസസഭയിലെ (എഎസ്എംഐ) മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഇസബെല്‍ ഫ്രാന്‍സിസും അസിസ്റ്റന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റജീസ് മേരിയും പറയുന്നത്. വന്നുകൂടിയവര്‍ നിരപരാധികളായ സിസ്റ്റേഴ്‌സിനെ ആള്‍ക്കൂട്ടവിചാരണയ്ക്കു വിധേയരാക്കുന്നു. കുറ്റം സ്ഥിരംപല്ലവിയായ നിര്‍ബന്ധിതമതപരിവര്‍ത്തനവും മനുഷ്യക്കടത്തും. അറസ്റ്റു ചെയ്യപ്പെട്ട സിസ്റ്റേഴ്‌സിനെ സഭയുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ, തിരുവസ്ത്രത്തിന്റെ ഭാഗമായ മാലപോലും ഊരിമാറ്റിച്ച് തികച്ചും അപമാനകരമായ രീതിയിലാണ് ജയിലിലടച്ചത്.
വര്‍ഗീയവാദികള്‍ ആരോപിക്കുന്ന മനുഷ്യക്കടത്തോ നിര്‍ബന്ധിതമതപരിവര്‍ത്തനമോ ഈ സംഭവത്തിലില്ലെന്നതിന്റെ പ്രധാന തെളിവ്, ഈ മൂന്നു യുവതികളും വീട്ടുകാരുടെ അനുവാദത്തോടെ സ്വമനസ്സാലേയാണു സിസ്റ്റേഴ്‌സിനോടൊപ്പം യാത്ര പോയത് എന്നുള്ളതാണ്. മധ്യപ്രദേശിലെ നാരായണ്‍പൂര്‍ഗ്രാമത്തില്‍ സഭ നടത്തിയ സര്‍വേയില്‍ അവശതയനുഭവിക്കുന്ന ഈ യുവതികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ ആതുരസേവനപരിശീലനത്തിനായി ആഗ്രയില്‍ സഭയുടെ മഠത്തോടു ചേര്‍ന്നുള്ള ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ സ്വയം തയ്യാറാവുകയായിരുന്നു. ഈ സത്യത്തെയാണ് വര്‍ഗീയവാദികള്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്.
ക്രൈസ്തവന്യൂനപക്ഷങ്ങള്‍ക്കെതിരേ രാജ്യത്തു വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ കണ്ണുതുറന്നു കാണാന്‍ സര്‍ക്കാര്‍ മനസ്സു കാണിക്കണം. ഇല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ കക്ഷിയുടെയും ന്യൂനപക്ഷപ്രേമം ചതിയും വഞ്ചനയുമാണെന്നു പറയേണ്ടി വരും.
വിദ്യാഭ്യാസ, ആതുരശുശ്രൂഷമേഖലകളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിനെങ്ങും മാതൃകയായ ക്രൈസ്തവന്യൂനപക്ഷത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ ഭരണഘടനയെയാണ് അപമാനിക്കുന്നത് അഥവാ വെല്ലുവിളിക്കുന്നത്. ഇതു മതനിരപേക്ഷരാജ്യമാണെന്ന കാര്യം അവര്‍ മറക്കുന്നു. ന്യൂനപക്ഷങ്ങളെന്ന പേരില്‍ ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന ഉദാത്തചിന്തയില്‍ ദീര്‍ഘവീക്ഷണപടുക്കളായ രാജ്യതന്ത്രജ്ഞര്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതാണ് ന്യൂനപക്ഷാവകാശങ്ങള്‍. അതു പ്രത്യേകപരിഗണനയല്ല; നേരേ മറിച്ച്, ബഹുഭൂരിപക്ഷത്തിനിടയില്‍ തങ്ങള്‍ വെറും ന്യൂനപക്ഷങ്ങളാണെന്ന അരക്ഷിതചിന്തയില്ലാതെ നിവര്‍ന്നുനില്ക്കാന്‍ അവരെ പ്രാപ്തരാക്കുന്ന ശക്തിമന്ത്രങ്ങളാണവ. അത്, എന്നോ പൊട്ടിമുളച്ച ഏതെങ്കിലും കക്ഷിയുടെ ഔദാര്യമോ ആനുകൂല്യമോ അല്ല; ഭരണഘടന നല്കുന്ന അവകാശമാണ്. അതു കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിച്ചുകൂടാ.
ഏതായാലും കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. ന്യൂനപക്ഷവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണു നടന്നിരിക്കുന്നതെന്നു സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായും ഒരുപോലെ പറഞ്ഞുകഴിഞ്ഞു.
ഏറ്റവുമൊടുവില്‍ ഇതാ ബജ്‌റങ്ദള്‍ പ്രാദേശികനേതാവ് ജ്യോതിശര്‍മ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യുംമുമ്പ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ദ്വയാര്‍ഥപ്രയോഗങ്ങളുമായി അവര്‍ കാണിക്കുന്ന ഈ ധിക്കാരം എത്രയോ നിന്ദ്യം! ഒരവസരത്തില്‍ അവര്‍ പറയുന്നത് ''മിണ്ടരുത് മുഖം അടിച്ചുപൊളിക്കു''മെന്നാണ്. നെഞ്ചു തകര്‍ക്കുന്ന ആ ക്രൂരഭാഷണം ചെന്നുകൊള്ളുന്നത് നിരപരാധികളായ ആ കന്യാസ്ത്രീകളുടെ നേര്‍ക്കു മാത്രമല്ല; ഭാരതാംബയ്ക്കുമേല്‍ കൂടിയാണെന്ന് ഇന്ത്യയുടെ ഭരണനേതൃത്വം മറക്കരുത്.