പി. കുഞ്ഞിരാമന്‍നായരുടെ കവിത ഒരു നാടന്‍ ഉത്സവംപോലെയാണെന്നു കവി. കെ. ജി. ശങ്കരപ്പിള്ള എഴുതിയിട്ടുണ്ട്. ഉത്സവത്തിലേക്കു ജനങ്ങള്‍ ഒഴുകിയെത്തുന്നതുപോലെ പി.യുടെ കവിതയിലേക്കു പ്രകൃതിയും സംസ്‌കൃതിയും ഒഴുകിയെത്തി. കേരളത്തിന്റെ ദൃശ്യഭംഗിയും കലാപാരമ്പര്യവും കാവ്യപൈതൃകവും പി.യുടെ കവിതയില്‍ സഫലമായി. പി. കവിതയില്‍ സാക്ഷാത്കരിച്ച ഭാവുകത്വത്തെ ഭംഗിയായി അടയാളപ്പെടുത്തുന്ന ഒരു പഠനഗ്രന്ഥമാണ് പ്രൊഫ. ഡോ. ജയ്‌സിമോള്‍ അഗസ്റ്റിന്‍ എഴുതിയ ''പി. കൈരളിയുടെ കാവ്യഗോപുരം.'' ഇനിയും കണ്ടെത്താത്ത ഭൂഖണ്ഡങ്ങള്‍ പി.യുടെ കാവ്യലോകത്തുണ്ടെന്ന് അവതാരികയില്‍ ഡോ. ദീപേഷ് കരിമ്പുങ്കര പറയുന്നുണ്ട്. പി. യുടെ കവിതയിലെ അജ്ഞാതഭൂഖണ്ഡങ്ങള്‍ തേടിയുള്ള ഒരു കാവ്യാസ്വാദകയുടെ സഞ്ചാരമായി ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം.
  പി. കൈരളിയുടെ കാവ്യഗോപുരമെന്ന ഗ്രന്ഥത്തില്‍ മൂന്നു പഠനങ്ങളുണ്ട്.  പി. യിലെ കവിയെയും മനുഷ്യനെയും  കവിതയിലൂടെ കണ്ടെത്തുന്നതാണ് ഈ ഗ്രന്ഥത്തിലെ ആദ്യപഠനം. പിതൃഭൂമിയില്‍നിന്നു പുറത്താക്കപ്പെട്ടവന്റെ ഒടുങ്ങാത്ത വേദന പി. അനുഭവിച്ചിരുന്നു. ഉത്സവക്കളി, മുങ്ങിക്കുളി തുടങ്ങിയ കവിതകളെ മുന്‍നിര്‍ത്തി  ഗ്രന്ഥകര്‍ത്ത്രി അതു സ്ഥാപിക്കുന്നു. ഒപ്പം പി. യുടെ ഭാഷാഭിമാനത്തെയും മാനവികതയും വിശദമാക്കുന്നുമുണ്ട്. പി. യുടെ കാല്പനികഭാവനയുടെ സവിശേഷതകള്‍ നിര്‍ണയിക്കുന്നതാണ് രണ്ടാമത്തെ പഠനം. വിഷാദാത്മകതയും സൗന്ദര്യാരാധനയും പ്രേമോപാസനയും അതിന്റെ തെളിവുകളായി അവതരിപ്പിക്കുന്നു. മൂന്നാമത്തെ പഠനം പി. യുടെ കാവ്യലോകത്തെ അടിമുടി ആശ്ലേഷിച്ചിരിക്കുന്ന മിസ്റ്റിസിസത്തെക്കുറിച്ചാണ്. വെളിച്ചത്തെയും അപാരതയെയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ജീവാത്മാവിന്റെ അനുഭൂതികളാണ് പി. യുടെ പല കവിതകളും പകര്‍ന്നുതരുന്നതെന്നു ഡോ. ജയ്‌സിമോള്‍ നിരീക്ഷിക്കുന്നു. പി. യുടെയും ടാഗോറിന്റെയും മിസ്റ്റിക്ദര്‍ശനങ്ങളെ താരതമ്യവും ചെയ്യുന്നുണ്ട്. ടാഗോറിന്റെയും അരവിന്ദഘോഷിന്റെയും ചിന്താധാരകളോടു പി.യ്ക്കു ചില സമാന്തരതകള്‍ അവര്‍ കണ്ടെത്തുന്നു. പി.യുടെ കാവ്യപ്രപഞ്ചത്തില്‍ ധിഷണാപരമായ യോഗാത്മകത ദര്‍ശിക്കാം എന്നും സമര്‍ഥിക്കുന്നു. 
   ആകാശത്തേക്കു പറക്കുന്ന പക്ഷി പി.യ്ക്ക് ഉചിതമാകുന്ന ഒരു പ്രതീകമാണ്. ആഴത്തിലും പരപ്പിലും സ്വാതന്ത്ര്യബോധം ആഗ്രഹിച്ച കവിയാണ് അദ്ദേഹം. സ്വയം മറന്ന് ബിംബാവലികളുടെ പ്രവാഹത്തില്‍ മുങ്ങിനിവര്‍ന്ന കവിയായി പി. യെ ഡോ. ജയ്‌സിമോള്‍ വിലയിരുത്തുന്നു. വിഷാദഭാവന അദ്ദേഹത്തിനുണ്ടായിരുന്നു. നേരു പറയണമെന്ന നിശ്ചയദാര്‍ഢ്യവും അദ്ദേഹം പുലര്‍ത്തി. പഴമയെ മറന്ന മലയാളിക്ക് പി.യുടെ കവിത ഒരു പാഠപുസ്തകമാകണം. പഴമയുടെ ഗന്ധം പകരുന്ന പാഠപുസ്തകം. ഒന്നും പുതയ്ക്കാനില്ലാത്ത കുന്നും കല്ലും ചരലും വഴക്കിടും പാതയും അതിലുണ്ട്. ആ കാവ്യലോലുപന്റെ സൗന്ദര്യപ്രേമഭാവനകളെ വിശദമാക്കിത്തരുന്നുണ്ട് 'പി. കൈരളിയുടെ കാവ്യഗോപുരം.' അതിനായി  കവിതയില്‍ പി. കുഞ്ഞിരാമന്‍നായര്‍ സഞ്ചരിച്ച  ഊടുവഴികളിലൂടെ ഡോ. ജയ്‌സിമോളും സഞ്ചരിക്കുന്നു. 'കാടിന്‍ മുടികളില്‍ വാനിന്‍മുടികളില്‍ ആടും മഴമുകില്‍ ചൂടും മലകളില്‍' കവിയെത്തേടിപ്പോകുന്നു. പി. കണ്ട കാഴ്ചയും കൊണ്ട കാറ്റും അനുഭവിക്കുന്നു.  ആഘോഷിക്കപ്പെട്ട പി. യെയല്ല, അനുഭവിച്ച പി. യെയാണ് പകര്‍ത്തുന്നത്. അവരെ വിസ്മയിപ്പിച്ച അനുഭൂതിയെക്കുറിച്ച് അല്പമറിയാന്‍ വായനക്കാരെ ക്ഷണിക്കുന്നു.
   പി. യുടെ കവിതയിലെ പദഭംഗിയോ ചമല്‍ക്കാരഭംഗിയോ വിശകലനം ചെയ്തു തൃപ്തിപ്പെടുകയല്ല ഡോ. ജയ്‌സിമോള്‍. സകല ചരാചരങ്ങളുടെയും അന്തര്‍ഭാവത്തില്‍ ഒളിഞ്ഞിരിക്കുന്ന കാവ്യദേവതയുടെ സാകല്യമാരാഞ്ഞ കവിയായി ഗ്രന്ഥകര്‍ത്ത്രി പി.യെ കാണുന്നു. പറന്നു ചെല്ലുംതോറുമകന്നുപോകുന്ന കാവ്യഭാവനയെ വലയിലാക്കാനുള്ള മന്ത്രം അവരുടെ കൈയിലുണ്ടെന്നു വായനക്കാര്‍ക്കു വ്യക്തമാകും. കവിയുടെ വ്യക്തിത്വത്തിലേക്കും അവരുടെ അന്വേഷണം നീണ്ടുചെല്ലുന്നുണ്ട്. കവിതയുമായി സവിശേഷമായ രീതിയില്‍ സംവദിച്ചുകൊണ്ട് എഴുതപ്പെട്ട പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. പി. പല രീതിയില്‍ വായനയില്‍ തിരിച്ചുവരുന്ന സമകാലികതയില്‍ അവയ്ക്കിടയില്‍ ഈ കൈരളിയുടെ കാവ്യഗോപുരം ചായാതെയും ചെരിയാതെയും ഉയര്‍ന്നുതന്നെ നില്‍ക്കും. പി. കൈരളിയുടെ കാവ്യഗോപുരം, പ്രൊഫ. ഡോ. ജയ്‌സിമോള്‍ അഗസ്റ്റിന്‍, നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം, വില. 160 രൂപാ
							
 ഡോ. തോമസ് സ്കറിയ
                    
									
									
									
									
									
									
									
									
									
									
                    