ഒരു ഓണംകൂടി വന്നു. ഓണത്തെക്കുറിച്ച് എഴുതാനോ പറയാനോ തുടങ്ങുമ്പോള്‍ നേരിടുന്ന പ്രശ്‌നം അത് ആവര്‍ത്തനവിരസമായിപ്പോകും എ ന്നുള്ളതാണ്. ഭൂതകാലത്തില്‍ അനുഭവിച്ചതിന്റെ  വര്‍ത്തമാനകാലത്തില്‍ ഇരുന്നു   നടത്തുന്ന   ഓ ര്‍മകളായാണ് അതു പറയാന്‍          സാധിക്കുക.
   വ്യക്തിഗതമായ അനുഭവഭേദങ്ങളുണ്ടാവും എന്നല്ലാതെ   പൊതുഅനുഭവങ്ങള്‍ ഒന്നുതന്നെയാവും. ഓരോ നാട്ടിലും ഓരോ ഓണം എന്നു പറയാറുെങ്കിലും ഓണത്തിന്റെ സാമാന്യപ്രതീകങ്ങള്‍ ഏതാണ്ട് ഒന്നുതന്നെയാണ്. അതു കാലാവസ്ഥമുതല്‍ ഊഞ്ഞാലും പൂക്കളവുംവരെ അങ്ങനെതന്നെയാണ്. 
    അതുകൊണ്ടുതന്നെയാണ് ഓണസാഹിത്യം എന്നു പറയാവു ന്ന പഴഞ്ചൊല്ലുകള്‍ മുതല്‍  ഏറ്റവും പുതിയ  ഓണപ്പാട്ടുകള്‍വരെ ഉത്രാടപ്പൂനിലാവും തുമ്പയും തുളസിയും അത്തപ്പൂക്കള വും ചില്ലാട്ടം പറക്കുന്ന ഊഞ്ഞാലും     ഓണക്കോടിയും ഒക്കെ യായി നിറയുന്നത്. 
ഓണത്തെക്കുറിച്ചു പറയുമ്പോ ള്‍ നേരിടുന്ന പ്രശ്‌നം ആവര്‍ത്തനവിരസതയാണ് എന്നു പറയുന്നത്, വിരസത എന്ന അനുഭവം ഉാവുന്നു എന്ന അര്‍ഥത്തിലല്ല; മറിച്ച്, പറയുന്നവര്‍ക്ക്, ആവര്‍ത്തിച്ച് ഒരു അനുഭവംതന്നെ പറയേണ്ടിവരുന്നു എന്നതിനാലാണ്. ' 'ആനയെയും കടലിനെയും  കണ്ടാല്‍ മടുക്കില്ല'' എന്നു പറയാറുണ്ട്. അതുപോലെ യാണ് ഓണവും.  ആവര്‍ത്തിച്ചുപറയുമ്പോഴും മടുക്കില്ല. 
   ചുണ്ടുകളില്‍നിന്നു കാതുകളിലേക്കും കാതുകളില്‍നിന്നു    ചുണ്ടുകളിലേക്കും  എത്രകാലംമുതല്‍ ഓ ണപ്പഴമ<  പെരുമയോടെ സഞ്ചാരംകൊള്ളുന്നു എന്നത് ഓണമേ നി ന്റെ ധന്യത. കാലം അതിന്റെ പരിവര്‍ത്തനോന്മുഖതയില്‍ ഉല്ലസിക്കുന്നു.  ഭൂതകാലത്തിന്റെ നന്മകളില്‍ പലതും അതിന്റെ അനിവാര്യതയില്‍ അടിപ്പെട്ടുപോയേക്കാം. അടിപ്പെട്ടുപോയതിനെമാത്രം ഒരു ഗൃഹാ തുരത്വത്തോടെ കാണുകയും പു തിയതിന്റെ നന്മകളെ കാണാതിരിക്കുകയും ചെയ്യുക എന്നത് ഏതു തലമുറയുടെയും സ്വഭാവമാണ്.  പറഞ്ഞുവന്നത് ഓണത്തിന്റെ നന്മകള്‍ എന്നു കരുതപ്പെട്ടുവന്ന    പലതും  നഷ്ടമായി   എന്ന  സങ്കടത്തിന്റെ അടിസ്ഥാനത്തിലാണ്.
ഓണം സമൃദ്ധിയുടെ   ആശയും  ആഹ്വാനവുമാണെന്നതുകൊണ്ടുതന്നെ മാറ്റങ്ങളെ സ്വീകരിക്കാതെ വയ്യ.   അതിപ്പോള്‍ ഒട്ടൊരു      സന്തോഷത്തോടെ ആയാ ലും സങ്കടത്തോടെയായാലും ഓണത്തെ മുന്‍നിര്‍ത്തി അനവധി പഴമൊഴികളും   ശൈലികളുമുണ്ട്. ഇതൊക്കെ പഴയകാലത്തിന്റെ അനുഭവത്തിന്റെ നേര്‍പകര്‍പ്പാണുതാനും. 
   ''ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര'' എന്നൊരു ചൊല്ലുണ്ട്. ഓലപ്പുരയായിരുന്നു പണ്ട് സാര്‍വത്രികം. ചോര്‍ന്നൊലിക്കുന്ന ഓലപ്പുര എത്ര കഷ്ടപ്പെട്ടും ഓണമാവുമ്പോഴേക്കും കെട്ടിമേഞ്ഞ് വൃത്തിയാക്കിയിടുന്നു. ഓണാഘോഷമൊക്കെക്കഴിഞ്ഞ് വീണ്ടും കാര്യങ്ങള്‍ പഴയപടി ഓട്ടയാവുന്നു. വാസ്തവത്തില്‍ ഈ അവസ്ഥ ആരും ആഗ്രഹിക്കുന്നതല്ലല്ലോ. 
'രണ്ടോണം കണ്ടോണം
മൂന്നോണം മുക്കിമൂളി
നാലോണം നക്കീം തുടച്ചും
അഞ്ചോണം പിഞ്ചോണം' എന്നിങ്ങനെയും ഓണച്ചൊല്ലുണ്ട്. ഇതും അനുഭവത്തിന്റെ പകര്‍പ്പുതന്നെയാണ്, ഓണത്തിനുമാത്രം ലഭിക്കുന്ന സമൃദ്ധിയുടെ,, നൈമിഷികതയുടെ ആഖ്യാനമാണ്. ഓണത്തിനുമാത്രം കൈവന്നിരുന്ന സമൃദ്ധിയെയും സുരക്ഷിതബോധത്തെയും സ്ഥിരമായി നി ലനിര്‍ത്താനുള്ള ശ്രമമാണ് മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ അനിവാര്യമായ അപചയങ്ങള്‍ പല തും സംഭവിച്ചുപോയിട്ടുണ്ട്. പക്ഷേ, അത് അങ്ങനെയാകാതെ വയ്യ.
    കേരളത്തില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങള്‍ എല്ലാംതന്നെ പ്രകൃതിയുമായും കൃഷിയുമായും ബന്ധപ്പെട്ടതാ ണ്. ഓണവുമായും അതിന്റെ പരമ്പരാഗത ആചരണവുമായും ബന്ധപ്പെട്ട് ആലോചിക്കുമ്പോള്‍  ഒരുപാട് പരിക്കു കള്‍ പ്രകൃതിക്കു സംഭവിച്ചതായി കാണാം. ഓണത്തിന്റെ സുപ്രധാനപ്രതീകമായിരുന്നു ഊഞ്ഞാല്‍. വലിയ മരങ്ങളുടെ കരുത്തുറ്റ ഉയര്‍ന്നശിഖരങ്ങളില്‍ ഇട്ടിരുന്ന ഊഞ്ഞാല്‍ ഇന്നില്ല; മരങ്ങളുമില്ല. 
ചുറ്റുപാടുകളില്‍ വളര്‍ന്നിരുന്ന ചെടികളില്‍നിന്നു പൊട്ടിച്ചെടുക്കുന്ന പൂക്കള്‍കൊണ്ട് ഇന്നു പൂക്കളം തീര്‍ക്കാന്‍ വയ്യ; നാട്ടുചെടികള്‍ ഇല്ല. പുഷ്പിക്കാന്‍ ചെടികള്‍ ഇല്ലാത്തതുകൊണ്ടുതന്നെ തുമ്പികളും ശലഭങ്ങളുമില്ല. ഓണത്തിനു സവിശേഷമായി കേട്ടിരുന്ന പക്ഷികളുടെ കൂജനങ്ങള്‍ ഇന്നില്ല; പ്രകൃതിയുടെ വലിയൊരു ചങ്ങല മുറിഞ്ഞുപോയിരിക്കുന്നു. ഇത് ഓണത്തിന്റെ മാത്രം നഷ്ടമല്ല. ഓണം ഇത്തരം നഷ്ടങ്ങള്‍ക്കു കൂടുതല്‍ ദൃശ്യത നല്‍കുന്നു എന്നുമാത്രം. എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകുന്ന പ്രകൃതിയുടെ ഇത്തരം നന്മകളെ; സ്വസ്ഥതയെ തിരിച്ചുപിടിക്കേണ്ടതുമുണ്ട്.
    ഇവിടെ രണ്ടു കാഴ്ചകള്‍ കാണാം. ഒന്ന്, ഓണം മുമ്പോട്ടുവയ്ക്കുന്ന സമൃദ്ധിയുടെ ആഘോഷം. മറ്റൊന്ന്, സമൃദ്ധി കൈവരിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന അപചയങ്ങള്‍. വാസ്തവത്തില്‍ ഓണം മുമ്പോട്ടു വയ്ക്കുന്ന ദര്‍ശനം എന്താണ്? ഓണം മുമ്പോട്ടുവയ്ക്കുന്ന ദര്‍ശനം സമൃദ്ധിയാണ്; പക്ഷേ, അത് സമ്യക്കായ സമൃദ്ധിയാണെന്നു മാത്രം. സുവ്യക്തമാണ് ആ ദര്‍ശനത്തിന്റെ ആഹ്വാനമെങ്കിലും നാം അതു മനസ്സിലാക്കുന്നില്ല എന്നേയുള്ളൂ, അഥവാ ഏകപക്ഷീയമായി മാത്രമേ മനസ്സിലാക്കുന്നുള്ളൂ. സമൃദ്ധിയെമാത്രം മുന്‍നിര്‍ത്തി മുമ്പോട്ടുപോകുമ്പോള്‍ അതിന്റെ സമ്യഗ്ദര്‍ശനത്തെ കാണാതെപോകുന്നു. ഈ സമ്യഗ്ദര്‍ശനത്തിന്റെ പ്രതീകാത്മകതയിലൂന്നിയാണ് ഓണത്തിന്റെ ആചരണങ്ങളെല്ലാം. ചുറ്റുപാടുകളില്‍ വിവിധങ്ങളായ ചെടികള്‍ സംരക്ഷിക്കപ്പെടണം. അവയില്‍ വ്യത്യസ്തനിറവും രൂപങ്ങളുമുള്ള പൂക്കള്‍ ഉണ്ടാവണം. അവയിലെ തേന്‍ നുകരാന്‍ ശലഭങ്ങളും വണ്ടുകളും തുമ്പികളും വരണം. അവയില്‍നിന്നു കുറെ ഇറുത്തെടുത്ത് മനോഹരമായ പൂക്കളം നിര്‍മ്മിക്കണം. വ്യത്യസ്തമായ പൂക്കള്‍ ഒത്തുചേര്‍ന്ന് മനോഹരമായൊരു ദൃശ്യഭംഗി ഒരുക്കുമ്പോള്‍ ഇത്രയും ഘടകങ്ങള്‍ നിലനില്ക്കണം. പൂക്കളിലെ തേന്‍നുകരാനും പൂക്കളം ആസ്വദിക്കാനും 'ഓണത്തുമ്പീ വാവാ' എന്ന് ഈണത്തില്‍ വിളിക്കുന്നതു വെറുതെയല്ല.
    ഗൗളിയൂട്ട്, ഉറുമ്പൂട്ട് (പ്രാദേശികഭേദങ്ങള്‍ കാണാം) എന്നിവയും ഓണത്തിന്റെ ആചരണങ്ങളില്‍ ചിലതാണ്. അരിമാവ് കലക്കി അതില്‍ കൈമുക്കി വാതിലിലും ഭിത്തികളിലും ഒക്കെ പതിപ്പിച്ചുവയ്ക്കും. ഗൗളിക്ക് അന്നം നല്‍കുക എന്നതാണ് സങ്കല്പം. അരിവറുത്ത് ശര്‍ക്കരയും തേങ്ങയും കലര്‍ത്തി കുരുമുളകിന്റെ ഇലയില്‍ വീടിന്റെ പുറംമൂലകളില്‍ വയ്ക്കുന്നതാണ് ഉറുമ്പൂട്ട്. ഇങ്ങനെ സകലജീവജാലങ്ങളെയും നിലനിര്‍ത്തിക്കൊണ്ടും അവയുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ടുമുള്ള ഒരു സമൃദ്ധിയാണ് ഓണം മുമ്പോട്ടു വയ്ക്കുന്ന ദര്‍ശനം.
കയറ്റിറക്കങ്ങളിലേക്കും അവിടെനിന്നു തുടക്കത്തിലേക്കുമുള്ള ഒരു നൈരന്തര്യത്തിന്റെ ദര്‍ശനമാണ് ഊഞ്ഞാല്‍ മുമ്പോട്ടുവയ്ക്കുന്നത്. ഓര്‍മകള്‍ കൊണ്ടെങ്കിലും നമ്മുടെ കര്‍മങ്ങളിലേക്കും അതിന്റെ ഫലങ്ങളിലേക്കും നമുക്കു മടങ്ങിവന്നേ മതിയാവൂ. മുമ്പോട്ടും പിമ്പോട്ടുമുള്ള ജീവിതഗതി പൂര്‍വാപരകര്‍മങ്ങളുമായി ബന്ധിതമാണെന്നൊരു സന്ദേശവും ഊഞ്ഞാല്‍ നല്കുന്നുണ്ട്.
    മഹാബലിയുടെയും വാമനന്റെയും കഥ പല നിലയ്ക്കും ഇന്നു വിവാദവിഷയമാണ്. വാസ്തവത്തില്‍ അങ്ങനെയൊരു കഥ നിലനില്‍ക്കുന്നു എന്നല്ലാതെ മലയാളി ഓണം ആഘോഷിക്കുന്നത് അതിന്റെ ശരിതെറ്റുകളുടെ അടിസ്ഥാനത്തിലല്ല. നന്മയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഏതോ ഒരു നല്ല അനുഭവത്തിന്റെ ചിന്ത അവനെ നയിക്കുകയോ അവന്‍ സ്വപ്നം കാണുകയോ ചെയ്യുന്നുണ്ട്. തുടക്കത്തില്‍ പറഞ്ഞതുപോലെ കാലം അതിന്റെ പ്രയാണം തുടരുന്നു. കാലത്തിനനുസരിച്ച് ഓണവും തന്റെ കോലം മാറിയിരിക്കുന്നു. ജീവനുള്ള പൂക്കളില്‍നിന്ന് പ്ലാസ്റ്റിക് പൂക്കളിലേക്കും റെഡിമെയ്ഡ് പൂക്കളിലേക്കും പൂക്കള്‍ക്കുപകരം നിറംപിടിപ്പിച്ച ഉപ്പുപരലുകളിലേക്കും പൂക്കളം മാറി. കാട്ടുവള്ളികളിലും ചുണ്ണാമ്പുവള്ളികളിലുംനിന്നു ചകിരിക്കയറിലേക്കും പ്ലാസ്റ്റിക് കയറിലേക്കും അവിടെനിന്ന് ഉയരം കുറഞ്ഞ ഇരുമ്പുപൈപ്പിലും മറ്റും ചങ്ങലകൊണ്ടു നിര്‍മ്മിക്കുന്ന രീതിയിലേക്കും ഊഞ്ഞാല്‍ മാറി. കാശിത്തുമ്പയും മറ്റും ദേഹത്തുവച്ചുകെട്ടി പുലിയായി മാറിയ സ്ഥാനത്ത് ഗംഭീരമായ കൃത്രിമച്ചായങ്ങള്‍കൊണ്ട് മനോഹരമായ പുലികള്‍ ഒരുങ്ങിയിറങ്ങി. തുമ്പിതുള്ളല്‍, തിരുവാതിരകളി, ഓണത്തല്ല, ചെമ്പഴുക്കാക്കളി, കൈകൊട്ടിക്കളി മുതലായ നാടന്‍കള്‍ സ്റ്റേജുഷോകളിലേക്കു കളം മാറി. അങ്ങനെ മാറ്റങ്ങള്‍ ഒരുപാടൊരുപാട്. പക്ഷേ, അപ്പോഴും മലയാളി ഓണത്തിനു കാത്തിരിക്കുന്നു, ഓണം ആഘോഷിക്കുന്നു. ങാ! ഓണത്തിനാവട്ടെ എന്ന് ഒരു കാര്യം നടത്താന്‍ സമയം നിശ്ചയിക്കുന്നു. ഓണത്തിനുവരാമെന്നോ പോകാമെന്നോ വാക്കു നല്‍കുകയോ പ്രതീക്ഷ വയ്ക്കുകയോ ചെയ്യുന്നു. അങ്ങനെ എത്ര മാറിയിട്ടും മാറാത്ത അനുഭവവും അനുഭൂതിയുമായി ഓണത്തെ ഇന്നും എന്നും മലയാളി കൊണ്ടുനടക്കുന്നുവല്ലോ; ഓണമേ നീയെത്ര ധന്യ!
                    കവര്‍സ്റ്റോറി
                    
                മാറാത്ത ഓണമേ നീയെത്ര ധന്യ !
                    
							
 രാജീവ് അങ്ങാടിക്കല്‍
                    