•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നുവോ?

   ഭരണഘടനാസ്ഥാപനമായ കേന്ദ്രതിരഞ്ഞെടുപ്പുകമ്മീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലോകസഭയിലെ പ്രതിപക്ഷനേതാവ് തെളിവുകളുടെ പിന്‍ബലത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ടര്‍പട്ടികയിലെ അസാധാരണക്രമക്കേടുകള്‍ തുറന്നുകാട്ടി ആരോപണമുന്നയിക്കുന്നത്. 2024 ലെ ലോകസഭാഇലക്ഷനില്‍ ഇരുപത്തിയഞ്ചു മണ്ഡലങ്ങളിലെയെങ്കിലും ഫലം ഇതിലൂടെ അട്ടിമറിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ ഭരിക്കുക ബിജെപി ആകുമായിരുന്നില്ല എന്നു പറഞ്ഞതില്‍ അതിശയോക്തി തോന്നാം. എന്നാല്‍, ഇലക്ഷന്‍കമ്മീഷന്റെ നിരുത്തരവാദപരമായ വിശദീകരണങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം  അങ്ങനെ സംഭവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ്.

  ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥിതിയിലെ അത്യന്തം നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാസ്ഥാപനമാണ് തിരഞ്ഞെടുപ്പുകമ്മീഷന്‍. എന്നാല്‍, ആ കമ്മീഷന്‍ കേന്ദ്രഭരണം നടത്തുന്ന രാഷ്ട്രീയകക്ഷിയുടെ വക്താവിനെപ്പോലെയാണ് ഉന്നയിക്കപ്പെടുന്ന പരാതികളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ചുപോരുന്നത്. പ്രത്യേകിച്ചും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഒരു സജീവരാഷ്ട്രീയക്കാരന്റെ ശൈലിയും ശരീരഭാഷയുമാണ് പ്രകടിപ്പിച്ചുകണ്ടത്. 2024 ല്‍ നടന്ന ലോകസഭാതിരഞ്ഞെടുപ്പ്, അതിനുശേഷം നടന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പുകള്‍ എന്നിവയെക്കുറിച്ചൊക്കെ പ്രതിപക്ഷനേതാവും പ്രതിപക്ഷകക്ഷികളും ഉന്നയിച്ച പലതരത്തിലുള്ള പരാതികളും  സംശയങ്ങളുമുണ്ട്. ഇരട്ടവോട്ടര്‍മാര്‍, ഒരേവിലാസത്തില്‍ 60 ഉം 80 ഉം വോട്ടര്‍മാര്‍, മേല്‍വിലാസമില്ലാത്ത വോട്ടര്‍മാര്‍, ഫോട്ടോയില്ലാത്ത വോട്ടര്‍മാര്‍ ഇവയ്‌ക്കൊന്നും വ്യക്തവും സുതാര്യവുമായ മറുപടി നല്‍കാന്‍ ഇലക്ഷന്‍ കമ്മീഷന് ഇതുവരെ കഴിഞ്ഞിട്ടില്ല.
   ബീഹാറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍പട്ടിക പരിഷ്‌കരിക്കാനുള്ള തിരഞ്ഞെടുപ്പുകമ്മീഷന്റെ തിടുക്കവും ബീഹാറിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയായിരുന്നു. അനധികൃതകുടിയേറ്റവും നുഴഞ്ഞുകയറ്റവും തടയാന്‍ എന്നവകാശപ്പെട്ടുകൊണ്ടാണ് ഈ ദൗത്യം  തിരഞ്ഞെടുപ്പുകമ്മീഷന്‍ പ്രഖ്യാപിച്ചത്. 1950 ലെ ജനപ്രാതിനിധ്യനിയമപ്രകാരം വോട്ടര്‍പട്ടിക പുതുക്കാനുള്ള  യോഗ്യതാത്തീയതി അതതുവര്‍ഷം ജനുവരി ഒന്നായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ബീഹാറില്‍ ഇപ്പോള്‍ നടക്കുന്ന  സമഗ്രവോട്ടര്‍പട്ടിക പുതുക്കലിനു യോഗ്യതാത്തീയതിയായി നിശ്ചയിച്ചിരിക്കുന്നത് ജൂലൈ ഒന്നാണ്. 2003 ജനുവരി ഒന്നിനാണ് ബീഹാറില്‍ ഇതിനു മുമ്പത്തെ എസ്.ഐ.ആര്‍. പൂര്‍ത്തിയാക്കിയത്.
   അതിനുശേഷം വോട്ടര്‍പട്ടികയില്‍ ഇടംനേടിയ 2.98 കോടി വോട്ടര്‍മാര്‍ അവരുടെ പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചത്. പതിനൊന്നു രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കാനാണാവശ്യപ്പെട്ടതെങ്കിലും ബീഹാറിലെ വലിയ ഒരു വിഭാഗം ആളുകള്‍ക്കും ഉള്ള രേഖകളായിരുന്നില്ല കമ്മീഷന്‍ ചോദിച്ചത്. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, വോട്ടര്‍കാര്‍ഡ് എന്നിവയൊന്നും കമ്മീഷനു സ്വീകാര്യമായിരുന്നില്ല. അതുമൂലം വോട്ടര്‍പട്ടിക പുതുക്കലിനുള്ള അപേക്ഷ പൂരിപ്പിച്ചുനല്‍കാനുള്ള  സമയപരിധി അവസാനിച്ചപ്പോള്‍ പട്ടികയില്‍നിന്നു പുറത്തായത് 35 ലക്ഷം പേരായിരുന്നു. ഒടുക്കം ആധാര്‍കാര്‍ഡ് സ്വീകാര്യരേഖയായി അംഗീകരിക്കണമെന്ന് സുപ്രീംകോടതി തന്നെ നിര്‍ദേശിക്കുകയുണ്ടായി.
   നേരത്തേ രാജ്യംമുഴുവന്‍ വിവാദവും ഭയപ്പാടും സൃഷ്ടിച്ച ദേശീയപൗരത്വരജിസ്റ്റര്‍ (നാഷണല്‍ രജിസ്റ്റര്‍ ഓഫ്  സിറ്റിസണ്‍സ്, എന്‍.ആര്‍.സി.) പിന്‍വാതില്‍വഴി  നടപ്പാക്കാനുള്ള  മുന്നോടിയാണ് അനവസരത്തിലെ പ്രത്യേകരീതിയിലുള്ള വോട്ടര്‍പട്ടികപുതുക്കല്‍ എന്നു പ്രതിപക്ഷം സംശയിക്കുന്നുണ്ട്. എതിര്‍പ്പും വിവാദങ്ങളും വകവയ്ക്കാതെ പശ്ചിമബംഗാളിലും ഡല്‍ഹിയടക്കം പല സംസ്ഥാനങ്ങളിലും എസ്.ഐ.ആര്‍. ആരംഭിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
   പ്രധാനമന്ത്രിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്നു ഇലക്ഷന്‍ കമ്മീഷനംഗങ്ങളെ നിയമിക്കുന്നത്. 2014നുശേഷം ഇലക്ഷന്‍ കമ്മീഷന്‍, ഭരിക്കുന്ന കക്ഷിയോട് അമിതവിധേയത്വം കാണിക്കുന്നു എന്ന വ്യാപകമായ വിമര്‍ശനങ്ങളെത്തുടര്‍ന്ന്, ഇലക്ഷന്‍ കമ്മീഷനെ ഭരണനേതൃത്വം ഏകപക്ഷീയമായി തീരുമാനിക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുപ്രക്രിയ തടസ്സപ്പെടുത്തും എന്ന പരാതിയുമായി ചിലര്‍ സുപ്രീംകോടതിയെ സമീപിപ്പിച്ചു. ഈ ഹര്‍ജികള്‍ ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടനാബഞ്ചിനു വിട്ടു. ഭരണഘടനാബഞ്ച് പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരുള്‍പ്പെട്ട മൂന്നംഗസമിതി ഇലക്ഷന്‍കമ്മീഷനെ നിശ്ചയിക്കുക എന്ന നിര്‍ദേശത്തോടെ 2023 മാര്‍ച്ച് 21 ന് വിധി പുറപ്പെടുവിച്ചു.
2024 ലോകസഭാഇലക്ഷന്‍ വരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നംഗസമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരുള്ള സമിതിവേണം ഇലക്ഷന്‍ കമ്മീഷനംഗങ്ങളെ നിര്‍ണയിക്കാന്‍ എന്ന വ്യവസ്ഥ ചെയ്യുന്ന നിയമം 2023 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ്‌സമ്മേളനത്തില്‍ അവതരിപ്പിച്ചു പാസാക്കി. അതിനുശേഷം നിയമിതനായ ചീഫ് ഇലക്ഷന്‍ കമ്മീഷണറാണ് ഗ്യാനേഷ് കുമാര്‍. ജമ്മുകാശ്മീര്‍ പുനഃസംഘടനാബില്‍ തയ്യാറാക്കിയതും  രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതും ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരിക്കെ ഗ്യാനേഷ്‌കുമാര്‍ ആയിരുന്നുവെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയവിധേയത്വത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.
മഹാരാഷ്ട്രതിരഞ്ഞെടുപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷമാണ് രാഹുല്‍ഗാന്ധി വോട്ടെടുപ്പുക്രമക്കേടിനു നേരേ ആരോപണപരമ്പരകള്‍ക്കു തുടക്കമിട്ടത്. ജയിച്ച തിരഞ്ഞെടുപ്പുകളെക്കുറിച്ച് രാഹുലും കോണ്‍ഗ്രസും പരാതിപ്പെടുന്നില്ലെന്നും  ജനങ്ങള്‍ തോല്‍പിച്ച തിരഞ്ഞെടുപ്പുകളെക്കുറിച്ച് രാഹുലിനു സ്ഥിരം പരാതിയാണെന്നും പറഞ്ഞ് പരിഹസിക്കാനാണ് ബിജെപിയും ഇലക്ഷന്‍ കമ്മീഷനും ഒരേസ്വരത്തില്‍ ശ്രമിച്ചത്. എന്തിന്, പരമോന്നതനീതിപീഠത്തിലെ ന്യായാധിപര്‍ക്കുപോലും തിരഞ്ഞെടുപ്പുപ്രക്രിയയില്‍ നടക്കുന്ന അട്ടിമറിയുടെ ഗൗരവം വേണ്ടത്ര ബോധ്യമാവുന്നില്ലെന്നാണ് ബന്ധപ്പെട്ട പല വിധിന്യായങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
ആരോപണങ്ങള്‍ക്കെല്ലാം ചട്ടപ്രകാരം  സ്വയം സാക്ഷ്യപ്പെടുത്തി തെളിവു നല്‍കാനാണ് രാഹുല്‍ഗാന്ധിയോട് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 2025 ഓഗസ്റ്റ് 7 ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി ഇലക്ഷന്‍ കമ്മീഷനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം നൂറു ശതമാനവും ആര്‍ക്കും ബോധ്യമാകുന്ന തെളിവുകള്‍ നിരത്തിക്കൊണ്ടുള്ളതായിരുന്നു.
   സ്വയം സാക്ഷ്യപ്പെടുത്തുന്ന തെളിവു നല്‍കണമെന്ന കമ്മീഷന്റെ വാദത്തിന് ആ പത്രസമ്മേളനവേദിയില്‍ രാഹുല്‍ മറുപടി പറഞ്ഞിരുന്നു: ''ഞാനൊരു രാഷ്ട്രീയക്കാരനാണ്. ജനസമക്ഷം അവതരിപ്പിച്ചത് കമ്മീഷന്റെതന്നെ രേഖയാണ്.'' മാസങ്ങളുടെ അധ്വാനംകൊണ്ടു ശേഖരിച്ച രേഖകള്‍ ഏഴടിപ്പൊക്കത്തില്‍ ഉയര്‍ത്തിവച്ചുകൊണ്ട് ഉന്നയിച്ച കാര്യങ്ങളില്‍ ഭരണകക്ഷിയുടെ സ്വന്തം മാധ്യമപ്രതിനിധികള്‍ക്കുപോലും ഒരു പിഴവ് ചൂണ്ടിക്കാട്ടാനായില്ല.
  ലോകസഭാതിരഞ്ഞെടുപ്പില്‍ 33,000 വോട്ടില്‍ താഴെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച 25 സീറ്റുകളുണ്ടെന്ന് രാഹുല്‍ പറയുന്നു. എന്‍ഡിഎ കഷ്ടിച്ചു ഭരണം നിലനിര്‍ത്തിയ 2024 ലെ തിരഞ്ഞെടുപ്പില്‍  ഫലം നിര്‍ണയിച്ചതുതന്നെ ഈ മണ്ഡലങ്ങളാണ്. എട്ടിടത്ത് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാണ്.
   ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ ഉദാഹരണം രാഹുല്‍ വ്യക്തമാക്കിയതിങ്ങനെ: ഈ മണ്ഡലത്തില്‍ പോള്‍ ചെയ്ത 13.18 ലക്ഷം വോട്ടില്‍ 6.58 ലക്ഷം വോട്ട്  ബിജെപിക്കും 6.26 ലക്ഷം വോട്ട് കോണ്‍ഗ്രസിനും ലഭിച്ചു. മണ്ഡലത്തിലെ എട്ടു നിയമസഭാസീറ്റുകളിലെ വോട്ടുകണക്കുകള്‍ വെവ്വേറെ പരിശോധിച്ചു. 8 ല്‍ 7 നിയമസഭാമണ്ഡലങ്ങളിലെ വോട്ടുകള്‍ കൂട്ടുമ്പോള്‍ കോണ്‍ഗ്രസിനു 82180 വോട്ടിന്റെ മുന്‍തൂക്കം. എന്നാല്‍ മഹാദേവപുരയില്‍ മാത്രം ബിജെപിക്ക് 1,14,046 വോട്ടിന്റെ ഭൂരിപക്ഷം. ഇങ്ങനെ സംഭവിച്ചുകൂടെന്നില്ലെങ്കിലും രാഹുലിന്റെ ടീമിന്റെ അന്വേഷണങ്ങളിലും പരിശോധനകളിലും കണ്ടെത്തിയത് 11965 ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍, 40,009 വ്യാജവിലാസക്കാര്‍, 10,452 കൂട്ടമായി പാര്‍ക്കുന്ന വോട്ടര്‍മാര്‍, വോട്ടര്‍പട്ടികയില്‍ വ്യക്തമായ ഫോട്ടോയില്ലാത്ത 4132 വോട്ടര്‍മാര്‍ എന്നിങ്ങനെ 1,00,250 പേരെ വ്യാജമായി ചേര്‍ത്തിരിക്കുന്നു എന്നാണ്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള വെബ്‌സൈറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായും കണ്ടെത്തി.
കര്‍ണാടകയിലെ ഒരു മണ്ഡലത്തെയാണ് ഉദാഹരണമാക്കിയതെങ്കിലും മഹാരാഷ്ട്രയിലും ഹരിയാനയിലും പിന്നാലെ നടന്ന നിയമസഭാതിരഞ്ഞെടുപ്പുകളിലും സമാനഅട്ടിമറിയാണെന്ന് കാര്യകാരണസഹിതം രാഹുല്‍ സമര്‍ഥിച്ചു. മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷംകൊണ്ട് ചേര്‍ത്തതിനെക്കാള്‍ വോട്ട് അഞ്ചുമാസംകൊണ്ട് ചേര്‍ക്കപ്പെട്ടതും വൈകിട്ട് അഞ്ചിനുശേഷം വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തിലെത്തിയതും രാഹുല്‍ മുമ്പേതന്നെ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.
    ഹരിയാനയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട എട്ടുസീറ്റുകളില്‍ ബിജെപിയുമായുള്ള ആകെ വോട്ടുവ്യത്യാസം 22,779 വോട്ടു മാത്രമാണെന്നതും രാഹുല്‍ ഓര്‍മിപ്പിക്കുന്നു. പരാതി ഉന്നയിക്കുന്നവരോട് തെളിവു നല്‍കാന്‍ ആവശ്യപ്പെടുന്ന ഇലക്ഷന്‍ കമ്മീഷന്‍ ഡിജിറ്റല്‍ വോട്ടര്‍പട്ടിക, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവയൊന്നും പുറത്തുവിടാന്‍ തയ്യാറല്ല.  ഇതു ലഭിച്ചിരുന്നെങ്കില്‍ സെക്കന്റുകള്‍കൊണ്ട് പരിശോധനകള്‍ നടക്കുമായിരുന്നു. വ്യാജവോട്ടുകള്‍ പെട്ടെന്നു കണ്ടെത്താന്‍ കഴിയുമായിരുന്നു. ഹരിയാനയില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഒരാള്‍ ഹരിയാന-പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇവ പരാതിക്കാരനു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവു മറികടക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ കേന്ദ്രനിയമമന്ത്രാലയത്തെക്കൊണ്ട് സിസിടിവി വെബ്കാസ്റ്റിങ് ദൃശ്യങ്ങളില്‍ പൊതുജനപരിശോധന ഒഴിവാകുംവിധം ചട്ടത്തില്‍ ഭേദഗതി വരുത്തുകയാണു ചെയ്തത്. കമ്മീഷന്‍ ചെയ്യുന്നതൊന്നും സുതാര്യമല്ലെന്നുള്ളതിനും കമ്മീഷനു പലതും മറയ്ക്കാനുണ്ടെന്നതിനും ഇതില്‍ക്കൂടുതല്‍ എന്തു വ്യക്തതയാണു വേണ്ടത്?
   2019, 2024 ലോകസഭ, 2022 നിയമസഭ എന്നിവിടങ്ങളിലേക്ക് ഗുജറാത്തില്‍നിന്നു മത്സരിച്ച പത്തു രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിപ്പിച്ചത് ആകെ 43 സ്ഥാനാര്‍ഥികളെയാണ്. ഇവര്‍ക്ക് എല്ലാവര്‍ക്കുംകൂടി ആകെ ലഭിച്ചത് 540696 വോട്ടുകള്‍. ഇക്കാലയളവില്‍ ഈ പത്തു രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവന 4300 കോടി രൂപയും. ഇത്രയുംകോടികള്‍ എവിടെനിന്നു വരുന്നു? ആ പണം ആരാണ് കൈകാര്യം ചെയ്യുന്നത്? ആ പണം എങ്ങോട്ടുപോയി? ഈ കണക്കുകള്‍ മറയ്ക്കാന്‍ പറ്റുംവിധം നിയമം മാറ്റുമോ എന്ന പരിഹാസവും  രാഹുല്‍ഗാന്ധിയില്‍നിന്നുണ്ടായി.
പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്ന സമിതിയെ മാറ്റി പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന കമ്മിറ്റി കേന്ദ്രഇലക്ഷന്‍ കമ്മീഷനെ തിരഞ്ഞെടുക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ ഇലക്ഷന്‍ കമ്മീഷന്‍ ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സമിതിയായി മാറുമോയെന്നു പ്രതിപക്ഷപാര്‍ട്ടികള്‍ക്കുണ്ടായ ഭയം ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
   സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പു നടത്താന്‍ ചുമതലപ്പെട്ട ഇലക്ഷന്‍ കമ്മീഷന്‍ എന്ന ഭരണഘടനാസ്ഥാപനം സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കേണ്ടത് ഇന്ത്യയുടെ ജനാധിപത്യസംവിധാനത്തിന്റെ നിലനില്പിനു പരമപ്രധാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പുപ്രക്രിയ സുതാര്യവും നിഷ്പക്ഷവുമായിരിക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)