കാര്‍ളോ അക്വിത്തിസും ഫ്രസാത്തിയും വിശുദ്ധപദവിയില്‍
വത്തിക്കാന്‍സിറ്റി: ആഗോളസഭയ്ക്ക് ആശയും ആവേശവും പകര്‍ന്ന് പുതുതലമുറയുടെ പുത്തന്‍മാതൃകകളായി കാര്‍ളോ അക്വിത്തിസും പിയേര്‍ ജോര്‍ജിയോ ഫ്രസാത്തിയും വിശുദ്ധഗണത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു.
ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്‌തോലന്‍, ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍, ആദ്യമില്ലേനിയല്‍ വിശുദ്ധന്‍ തുടങ്ങിയ വിശേഷണങ്ങളോടെയാണ് കാര്‍ളോ അക്വിത്തിസ് തിരുസ്സഭയുടെ വിശുദ്ധഗണത്തിലേക്കെത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അല്മായസംഘടനയായ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ വിശുദ്ധന്‍, ഹ്രസ്വജീവിതം വഴി ചുറ്റുമുള്ളവരില്‍ അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ച വ്യക്തിത്വം, സമ്പത്തില്‍ മതിമറക്കാതെ അതു ദൈവദാനമായി കണ്ട് ചുറ്റുമുള്ളവര്‍ക്കായി പങ്കുവച്ച വലിയ മനസ്സിന്റെ ഉടമ തുടങ്ങിയ വിശേഷണങ്ങളോടെ പിയെര്‍ ജോര്‍ജോ ഫ്രസാത്തിയും വിശുദ്ധരുടെ ഗണത്തിലേക്കെത്തുന്നു.
സെപ്റ്റംബര്‍ ഏഴ് ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ 15 കാരനായ അക്കുത്തിസിനെയും 24 കാരനായ ഫ്രസാത്തിയെയും ലെയോ പതിന്നാലാമന്‍ മാര്‍പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചപ്പോള്‍ ചത്വരം തിങ്ങിനിറഞ്ഞ യുവജനങ്ങളുള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ സന്തോഷത്താല്‍ കരഘോഷം മുഴക്കുകയും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളുടെ ദേശീയപതാകകള്‍ വീശി സന്തോഷനിമിഷത്തില്‍ പങ്കുചേരുകയും ചെയ്തു.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് (വത്തിക്കാന്‍ സമയം രാവിലെ 10) ആരംഭിച്ച തിരുക്കര്‍മങ്ങള്‍ രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. തിരുസ്സഭയുടെ പരാമാധ്യക്ഷനായി ലെയോ പതിന്നാലാമന്‍ മാര്‍പാപ്പാ ചുമതലയേറ്റ് നാലു മാസത്തിനുള്ളില്‍ നടക്കുന്ന ആദ്യത്തെ നാമകരണച്ചടങ്ങായിരുന്നു വത്തിക്കാനില്‍ നടന്നത്. ഒരു വിശുദ്ധന്റെ നാമകരണച്ചടങ്ങില്‍ ആ പുണ്യാത്മാവിന്റെ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന അത്യപൂര്‍വ കാഴ്ചയ്ക്കും വത്തിക്കാന്‍ വേദിയായി.
കാര്‍ളോ അക്വിത്തിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ പിതാവ് ആന്‍ഡ്രിയ അക്വിത്തിസ്, അമ്മ അന്റോണിയ സല്‍സാനോ, അക്വിത്തിസിന്റെ ഇരട്ടസഹോദരങ്ങളായ മിഷേല്‍, ഫ്രാന്‍സിസ്‌ക എന്നിവരും മറ്റു കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. കുടുംബാംഗങ്ങള്‍ വിശുദ്ധകുര്‍ബാനയ്ക്കിടെയുള്ള പ്രതിവചനസങ്കീര്‍ത്തനം ചൊല്ലുകയും കാഴ്ചവയ്പില്‍ പങ്കെടുക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കിടെ പഴയനിയമവായന നടത്തിയത് കാര്‍ളോ അക്വിത്തിസിന്റെ ഇളയസഹോദരനായ മിഷേലായിരുന്നു.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രത്യേകം സജ്ജമാക്കിയ അള്‍ത്താരയിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍. തിരുക്കര്‍മ്മങ്ങള്‍ക്കു മുന്നോടിയായി മുഖ്യകാര്‍മികനായ മാര്‍പാപ്പായും കര്‍ദിനാള്‍മാരും പ്രദക്ഷിണമായി ചത്വരത്തിലേക്കു പ്രവേശിക്കവെ ചത്വരത്തെ ഭക്തിദീപ്തിയിലാഴ്ത്തി പ്രവേശനഗാനം മുഴങ്ങി. 36 കര്‍ദിനാള്‍മാരും 270 ബിഷപ്പുമാരും രണ്ടായിരത്തോളം വൈദികരും തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികരായിരുന്നു. ത്രിസന്ധ്യാപ്രാര്‍ഥനയോടെയും മരിയന്‍ ഗാനാലാപത്തോടെയുമാണ് ചടങ്ങുകള്‍ക്കു പരിസമാപ്തി കുറിച്ചത്. തിരുക്കര്‍മങ്ങള്‍ക്കുശേഷം ലെയോ പതിന്നാലാമന്‍ മാര്‍പാപ്പാ പോപ് മൊബീലിലെത്തി വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ആശീര്‍വദിക്കുകയും ചെയ്തു.
ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്ന, ഫുട്‌ബോള്‍ കളിക്കുന്ന, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു കൂളിങ് ഗ്ലാസ് ധരിച്ച് ചുറ്റിക്കറങ്ങുന്ന, ഒപ്പം ദിവ്യകാരുണ്യത്തെയും സഭയെയും ജപമാലയെയും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന വിശുദ്ധനെയാണു കാര്‍ളോ അക്വിത്തിസിലൂടെ തിരുസ്സഭാമാതാവ് ലോകത്തിനുമുമ്പില്‍ വെളിപ്പെടുത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യാദ്ഭുതങ്ങളുടെ ചരിത്രം കണ്ണിചേര്‍ത്ത വെബ്‌സൈറ്റായിരുന്നു അവന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെട്ട പ്രവൃത്തി.
രക്താര്‍ബുദം ബാധിച്ചു കിടപ്പിലായി 15-ാം വയസ്സില്‍ മരിക്കുന്നതിനുമുമ്പ് ചെയ്തുതീര്‍ത്ത പദ്ധതിയായിരുന്നു ഈ വിശുദ്ധന്റെ ആത്മീയത വെളിപ്പെടുത്തിയ ദിവ്യകാരുണ്യവെബ്‌സൈറ്റ്.
ലോകത്തിലെ ഏറ്റവും വലിയ അല്മായസംഘടനയായ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനാണ് ഇറ്റലിക്കാരനായ 24 കാരന്‍ ജോര്‍ജിയോ ഫ്രസാത്തി.
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1901 ഏപ്രില്‍ ആറിന് ഇറ്റലിയിലെ ടുറിനില്‍ ജനിച്ച പിയെര്‍ ജോര്‍ജിയോ ഫ്രസാത്തി തന്റെ ഹ്രസ്വജീവിതം വഴി ചുറ്റുമുള്ളവരില്‍ ഒരു അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ചു. പാവങ്ങളിലേക്കും അശരണരിലേക്കും കൂടെ പഠിക്കുന്ന നിര്‍ധനരായ കൂട്ടുകാരിലേക്കും രോഗികളിലേക്കും അവാച്യമായൊരു കാന്തികശക്തിപോലെ ജോര്‍ജിയോ ഫ്രസാത്തി ഓടിച്ചെന്നു തന്നാലാവുന്നവിധം, പലപ്പോഴും സ്വന്തം വസ്ത്രവും ഷൂസുംപോലും കൊടുത്തു.
അങ്ങനെ അദ്ദേഹത്തിന്റെ പരസ്‌നേഹപ്രവര്‍ത്തനങ്ങള്‍ക്കിടെ പോളിയോബാധിതനായി 1925 ജൂലൈ നാലിന് 24-ാം വയസ്സില്‍ മരണമടഞ്ഞു. ടുറിനിലെ ആയിരക്കണക്കിനു ദരിദ്രര്‍ ആ മരണത്തില്‍ ഞെട്ടിത്തരിച്ചു ദുഃഖാര്‍ത്തരായി തെരുവീഥികളില്‍ അണിനിരന്നു കണ്ണീര്‍വാര്‍ക്കുന്നതു കണ്ടതോടെയാണ് അദ്ദേഹം ആരുമറിയാതെ, ആരെയും അറിയിക്കാതെ ചെയ്ത കാരുണ്യപ്രവൃത്തികളുടെ വ്യാപ്തി ലോകമറിയുന്നത്.