ബാങ്കുമാനേജരായി ചാര്‍ജെടുത്ത എന്റെ പൂര്‍വശിഷ്യയെ ഒന്നു കാണണമെന്ന് ഉള്ളിലിരുന്ന് ആരോ വല്ലാതെ നിര്‍ബന്ധിച്ചതുകൊണ്ടാണ് വീട്ടിലേക്കു തിരികെപ്പോകുംവഴി വലത്തോട്ടുള്ള വളവുതിരിയാന്‍ ഞാന്‍ തീരുമാനിച്ചത്. മനസ്സാകെ കലങ്ങി കറുത്തിരുന്നെങ്കിലും ഓട്ടോറിക്ഷയിലിരുന്ന നേരമത്രയും അവളെക്കുറിച്ചുള്ള സ്‌കൂള്‍ ഓര്‍മകള്‍ മിന്നാമിനുങ്ങുകളെപ്പോലെ പറന്നുവന്നു.
ഒമ്പതാംക്ലാസ്സില്‍ ഞാനവളുടെ ക്ലാസ്സ്ടീച്ചറായിരുന്നു. പിറ്റേവര്‍ഷം നടക്കേണ്ടിയിരുന്ന എന്റെ സ്ഥലംമാറ്റം താത്കാലികമായി തടസ്സപ്പെട്ടതുമൂലം പത്താംക്ലാസ്സില്‍ ഞാന്‍ അവളുടെ മലയാളം അധ്യാപികയായി. വലത്തുവശത്ത് മൂന്നാമത്തെ ബഞ്ചില്‍ ചുവരിനോടുചേര്‍ന്നിരുന്ന ലേശം നീണ്ട മുഖമുള്ള പെണ്‍കുട്ടി.
പഠിക്കാന്‍ അത്ര മിടുക്കിയായിരുന്നില്ലെങ്കിലും മുടങ്ങാതെ ക്ലാസ്സില്‍ വന്നിരുന്ന അവള്‍ക്ക് പുസ്തകങ്ങള്‍ ഒത്തിരി പ്രിയമായിരുന്നു. സഹപാഠികളേക്കാള്‍ കൂടുതല്‍ മനോഹരമായി പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും പൊതിഞ്ഞു വൃത്തിയായി സൂക്ഷിച്ചിരുന്നത് അവളായിരുന്നു.
കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന മാതാപിതാക്കളും, മൂത്തതും ഇളയതുമായി രണ്ടു സഹോദരങ്ങളുമടങ്ങുന്ന ഒരു സാധാരണകുടുംബമായിരുന്നു അവളുടേത്. അതുകൊണ്ടുതന്നെ അവളുടെ ജീവിതശൈലിയില്‍ ലാളിത്യവും അടക്കവും ചിട്ടയുമുണ്ടായിരുന്നു.
പഠനകാര്യത്തില്‍ കഠിനാധ്വാനിയായിരുന്നു. ചില ഇടവേളകളില്‍ വീട്ടിലെ കഷ്ടതകളെപ്പറ്റി അവള്‍ എന്നോടു പറയുമായിരുന്നു.
ചിന്തകളുടെ ചക്രങ്ങള്‍ കറങ്ങിത്തിരിഞ്ഞത് ഞാനറിഞ്ഞതേയില്ല.
ഓട്ടോ ബാങ്കിന്റെ മുന്നില്‍നിന്നു.
ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് തമ്മില്‍ കാണുകയാണ്. അവളെന്നെ തിരിച്ചറിയുമോ?
ഒന്നാം നിലയിലേക്കുള്ള പടികള്‍ കയറുമ്പോള്‍ മനസ്സ് ചോദിച്ചത് അതായിരുന്നു.
പ്യൂണ്‍, മാനേജരുടെ ക്യാബിന്‍ കാട്ടിത്തന്നു. തിരക്കില്ലാത്ത നേരം. കസേരയില്‍ കംപ്യൂട്ടറിന്റെ മുമ്പില്‍ മഞ്ഞയില്‍ സ്വര്‍ണപ്പൂക്കള്‍ തുന്നിയ ചുരിദാറും പച്ചഷാളും ധരിച്ച്, കറുത്ത ഫ്രെയിമുള്ള കണ്ണട വച്ചിരിക്കുന്ന അവളുടെ മുഖം ചില്ലുവാതിലിലൂടെ ഞാന്‍ കണ്ടു.
തൊട്ടുമുകളിലായി സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡ് ഞാന്‍ വായിച്ചു.
പഠനകാലത്ത് പുസ്തകപ്പൊതിച്ചിലുകള്‍ക്കുമീതേ അവളെഴുതിയിരുന്ന പേര്!
'തുഷാര എസ്.എം.' ഒരു വ്യത്യാസംമാത്രം. എസ്.എം. എന്ന ഇനിഷ്യലിന് അവള്‍ പുതിയൊരു പൂര്‍ണരൂപം കൊടുത്തിരിക്കുന്നു: 'സീനിയര്‍ മാനേജര്‍!'
ആ ഉദ്യോഗപ്പേര് അവളുടെ കഠിനാധ്വാനത്തിന്റെ സംഗ്രഹമായിത്തോന്നി.
അനുവാദത്തോടെ അകത്തുപ്രവേശിച്ച എന്നെ കണ്ടമാത്രയില്‍ അവളെഴുന്നേറ്റ് ആശ്ചര്യപൂര്‍വം കൈകൂപ്പിക്കൊണ്ട് വിളിച്ചു: ''ബിന്ദുറ്റീച്ചറേ''
പിന്നെ മുന്നോട്ടുവന്ന് കുനിഞ്ഞ് എന്റെ പാദങ്ങള്‍ തൊട്ടുവന്ദിച്ചു.
തോളില്‍ പിടിച്ച് അവളെ എഴുന്നേല്പിച്ചപ്പോഴേക്കും അവളുടെ കണ്ണട നനഞ്ഞിരുന്നു.
കസേരകളിലൊന്നില്‍ എന്നെ ഇരുത്തിയിട്ട് സമീപം അവളുമിരുന്നു. കുറച്ചുനേരത്തേക്ക് ഞങ്ങള്‍ രണ്ടാളും ആ പഴയ ഇടവേളകളിലെ അധ്യാപികയും ശിഷ്യയുമായി.
കുശലാന്വേഷണങ്ങള്‍ക്കിടയില്‍ താന്‍ പിന്നിട്ട കനല്‍വഴികളിലെ കദനങ്ങളുടെ കഥ അവള്‍ പറഞ്ഞു: ''പ്ലസ്ടുവിനു പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായ ഒരപകടത്തില്‍ എന്റെ വലത്തെ കണ്ണിനു സാരമായ മുറിവേറ്റു. ഏറെനാള്‍ ചികിത്സിച്ചെങ്കിലും ഗുണമുണ്ടായില്ല.
ക്രമേണ മുഴുവന്‍ കാഴ്ചയും നഷ്ടപ്പെട്ട ആ കണ്ണ് മാറ്റി പകരം ഒരു കൃത്രിമക്കണ്ണ് വയ്‌ക്കേണ്ടിവന്നു. പക്ഷേ, അതുകൊണ്ടൊന്നും ജീവിതത്തില്‍ തോല്‍ക്കാന്‍ എനിക്കു മനസ്സില്ലായിരുന്നു.''
''കാഴ്ചയുള്ള ഒരു കണ്ണുംവച്ചുകൊണ്ട് പഠിച്ച് ഞാന്‍ ഡിഗ്രിവിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. കല്യാണത്തിനായി മാതാപിതാക്കള്‍ കാര്യമായിത്തന്നെ അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല. അല്ലേലും, ഒറ്റക്കണ്ണിയെ കെട്ടാനുള്ള ഔദാര്യം ആരു കാട്ടാന്‍?
വളരെ ചുരുക്കമായി നടന്ന പെണ്ണുകാണല്‍ച്ചടങ്ങുകള്‍ കണ്ണൊന്നില്ലെന്ന കാരണത്താല്‍ വെറും ചായസത്കാരങ്ങള്‍ മാത്രമായി.''
''ഒടുവില്‍, സ്വര്‍ഗദൂതനെപ്പോലെ ഒരാളെത്തി. എന്റെ പൊട്ടക്കണ്ണ് അന്ന് അയാള്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല. ആ വിവാഹം എന്റെ ഭാഗ്യമായി എല്ലാരും കരുതി.''
''പക്ഷേ, അധികം വൈകാതെ അയാളുടെ തനിനിറം പുറത്തുവരാന്‍ തുടങ്ങി. ലഹരിക്കടിമയും സാഡിസ്റ്റുമായിരുന്ന അയാള്‍ വര്‍ഷങ്ങളോളം മാനസികവും ശാരീരികവുമായി എന്നെ പീഡിപ്പിച്ചു. വീട്ടുകാര്യങ്ങളെക്കുറിച്ചോ കുഞ്ഞുങ്ങളെപ്പറ്റിയോ അയാള്‍ക്ക് യാതൊരു ചിന്തയുമില്ലായിരുന്നു. എനിക്കുണ്ടായിരുന്ന ചെറിയൊരു ജോലിയുടെ തുച്ഛമായ വരുമാനംകൊണ്ട് കുടുംബം പുലര്‍ത്താന്‍ ഞാന്‍ നന്നേ പണിപ്പെട്ടു.''
''എന്റെ ഒരു കണ്ണിലെ ഇരുട്ട് കാണാനുള്ള വെട്ടം അയാളുടെ ഇരുകണ്ണുകള്‍ക്കും കിട്ടിയ ഒരു രാത്രിയില്‍ ഞങ്ങളെ ഉപേക്ഷിച്ച് അയാള്‍ മറ്റൊരുവളുടെകൂടെ പോയി.
പക്ഷേ, അതുകൊണ്ടൊന്നും രണ്ടു കുഞ്ഞുങ്ങളുമായി ജീവനൊടുക്കാന്‍ എനിക്കു മനസ്സില്ലായിരുന്നു. കാരണം, ആത്മഹത്യയാണ് ജീവിതത്തിലെ ഏറ്റവും വലിയ തോല്‍വിയെന്ന് അപ്പോഴൊക്കെ മനസ്സാക്ഷിയില്‍ മന്ത്രിച്ചുകൊണ്ടിരുന്നത് ടീച്ചറുടെ ഈ മുഖമായിരുന്നു.''
''രാത്രികളില്‍ വാശിയോടെയിരുന്നു പഠിച്ച് പല ടെസ്റ്റുകളുമെഴുതിയാണ് ഈ നിലയിലെത്തിയത്. ഇപ്പോള്‍ അമ്മയോടൊപ്പം എന്റെ വീട്ടില്‍ താമസിക്കുന്നു. പെണ്‍മക്കള്‍ പത്തിലും എട്ടിലും പഠിക്കുന്നു.''
ഷാളിന്റെ തുമ്പുകൊണ്ട് അവള്‍ കവിള്‍ത്തടം തുടച്ചു.
അവളുടെ കസേരയുടെ പിന്നിലെ ചുവരില്‍ ബാങ്കിന്റെ പേരോടുകൂടി തൂങ്ങിക്കിടന്ന കലണ്ടറില്‍ ചുവപ്പുമഷിയില്‍ വലിയ കൈയക്ഷരത്തില്‍ ആരോ കുറിച്ചിട്ട ഒരു വാചകം ഞാന്‍ ശ്രദ്ധിച്ചു: 'തലയുയര്‍ത്തി നടക്കുക. ഈ ലോകം നിന്റെയുംകൂടിയാണ്.'
അതിലേക്കു നോക്കിയിട്ട് അവള്‍ പറഞ്ഞു: ''പത്താം ക്ലാസ്സിലെ അവസാനനാളുകളില്‍ 'നിന്റെയും' എന്ന കവിത എഴുന്നേറ്റുനിന്ന് ചൊല്ലിയ എനിക്ക് ടീച്ചര്‍ തന്ന ഉപദേശമാണിത്. അന്നുമുതലിന്നോളം ഞാന്‍ നേരിട്ട തിക്താനുഭവങ്ങളുടെ തീക്കട്ടകളില്‍ ചവിട്ടി മുന്നേറാന്‍ എനിക്കു പ്രചോദനമായത് ഈ വാക്കുകളാണ്.''
''തലയുയര്‍ത്തിയുള്ള ഈ നടത്തം തുടരട്ടെ. തളരരുത്. ഈ ലോകം നിന്റെയും നിന്റെ കുഞ്ഞുങ്ങളുടെയുംകൂടിയാണ്.''
പ്യൂണ്‍ കൊണ്ടുവന്ന ചായ കഴിച്ച് ഞാന്‍ എഴുന്നേറ്റപ്പോള്‍ ആദരവോടെ കൈകൂപ്പിനിന്ന എന്റെ പഴയ ശിഷ്യയോട് ഇത്രമാത്രം പറയാനേ എനിക്കു കഴിഞ്ഞുള്ളൂ.
ബാങ്കില്‍ കാലിക്കസേരകളുടെ എണ്ണം കുറഞ്ഞുവന്നു.
പുതിയ മാനേജരെ പരിചയപ്പെടാന്‍ പലരും വെളിയില്‍ കാത്തിരുന്നു.
കാന്‍സര്‍ ബാധിതയാണെന്ന തളര്‍ത്തുന്ന തിരിച്ചറിവില്‍ ജീവിതം അവസാനിപ്പിക്കാനായി വാങ്ങി ബാഗില്‍ കരുതിയിരുന്ന വിഷക്കുപ്പി ബാങ്കിലെ ചവറ്റുകൊട്ടയിലിട്ട് വിധവയായ ഞാന്‍ പടികളിറങ്ങി.
മനസ്സില്‍ ഒരു മഞ്ഞുതുള്ളി വീണപോലെ തോന്നി.