അമേരിക്ക അടിച്ചേല്പിച്ച തീരുവയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പ്രതിവിധി പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിയുന്ന ചൈനയുമായി കൂട്ടുചേരുന്നതാണോ? ഇന്ത്യയ്ക്കു ചൈനയെ എത്രമാത്രം വിശ്വസിക്കാനാവും? കാലങ്ങളായി തുടരുന്ന ഇന്ത്യാ-അമേരിക്ക വ്യാപാരബന്ധത്തിനു പകരംവയ്ക്കാന്‍ ചൈനയുമായുള്ള കൂട്ടുകെട്ടിനാകുമോ? കഴിഞ്ഞകാല ഇന്ത്യയുമായുള്ള ഉഭയകക്ഷിവ്യാപാരങ്ങളില്‍ നേട്ടമുണ്ടാക്കിയത് അമേരിക്കയോ ചൈനയോ? ഇന്ത്യയിലെ പ്രവാസിസമൂഹത്തിനു കരുത്തും സംരക്ഷണവും പകരുന്നത് ഇതിലേതു രാജ്യം? ചൈനയുടെ പുതിയ സ്‌നേഹപ്രലോഭനത്തിനു കീഴ്‌പ്പെടാനൊരുങ്ങുമ്പോള്‍ ഇന്ത്യയ്ക്കു മുമ്പിലേക്കു വിരല്‍ ചൂണ്ടുന്ന ഒരുപിടി ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ബിജെപി ഭരണവിരോധംപോലും മറന്ന് ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ ഇന്ത്യാ-ചൈന ബന്ധത്തെ അഭി നന്ദിച്ച് ആശ്ലേഷിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ രണ്ടുവട്ടം ആലോചിച്ചതിനുശേഷമേ ചൈനയുടെ ചതിക്കുഴിയിലേക്ക് എടുത്തുചാടാവൂ.
അമേരിക്കയുടെ 50 ശതമാനം ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്ന വ്യാപാരപ്രതിസന്ധിക്കു മറുപടിയും മറുമരുന്നുമായി രാഷ്ട്രീയനയതന്ത്രത്തിന്റെ ഭാഗമായുള്ള വിലപേശലിനപ്പുറം പുതിയ ഇന്ത്യാ-ചൈനാ ബന്ധം ആത്മഹത്യാപരമായിരിക്കും. അതേസമയം അയല്‍പക്കത്തെ രാജ്യങ്ങളുമായി ഇന്ത്യയുടെ ചര്‍ച്ചകളും കൂടിക്കാഴ്ചകളും തെറ്റാണെന്നു പറയുന്നുമില്ല. ചുരുക്കത്തില്‍ ഇന്ത്യാ-അമേരിക്കന്‍ ബന്ധങ്ങളെ അറുത്തുമുറിച്ചു മാറ്റുന്ന നടപടികളിലേക്കുള്ള ചുവടുവയ്പുകളുടെ അപകടങ്ങള്‍ വളരെ വലുതായിരിക്കും. അമേരിക്കയോടുള്ള പിണക്കം ചൈനയുമായുള്ള ഇണക്കത്തിലൂടെ പരിഹരിക്കപ്പെടില്ല.
യുദ്ധചരിത്രം മറക്കരുത്
ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കമാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനു പരിഹാരമുണ്ടാക്കാതെ എന്തു ചൈനീസ്ബന്ധം? ദലൈലാമയുടെ പിന്തുടര്‍ച്ച സംബന്ധിച്ചുള്ള തര്‍ക്കങ്ങളും അതിര്‍ത്തിയില്‍ പരസ്പരസംശയത്തോടെയുള്ള സൈനികവിന്യാസവും തുടരുമ്പോള്‍ ഇരുരാഷ്ട്രത്തലവന്മാരുടെയും ആലിംഗനത്തിനപ്പുറം കൂടുതലൊന്നും പുത്തന്‍കൂട്ടുകെട്ടില്‍ പ്രതീക്ഷിക്കേണ്ട
തില്ല. ചൈനാബന്ധത്തിലെ മഞ്ഞുരുകിയെന്ന വാര്‍ത്ത താത്കാലിക ആശ്വാസമേകുമെങ്കിലും സഹകരണത്തിന്റെ സാധ്യതകള്‍ വളരെ വിരളമാണ്.
1947, 1962, 1965 എന്നീ വര്‍ഷങ്ങളില്‍ ചൈനയുമായി ഇന്ത്യ നടത്തിയ യുദ്ധത്തിന്റെ ചരിത്രം അമേരിക്കന്‍ വിരോധംപറഞ്ഞ് അപ്പാടെ മറക്കാന്‍ ഇന്ത്യയ്ക്കാകുമോ? പാക്കിസ്ഥാന്‍ഭീകരന്മാരെ മുന്നില്‍നിര്‍ത്തി ഇന്ത്യയ്‌ക്കെതിരേ ഒളിയുദ്ധം തുടരുന്ന ചൈനീസ് കുതന്ത്രവും ബുദ്ധിയും തിരിച്ചറിയാന്‍ കേന്ദ്രഭരണസംവിധാനങ്ങള്‍ക്കാകുമെന്നാണു പ്രതീക്ഷ. 2025 സെപ്തംബര്‍ ഒന്നിലെ ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും ഇരുരാജ്യങ്ങളും ശത്രുക്കളല്ലെന്നും പങ്കാളികളാണെന്നും പറഞ്ഞ് പരസ്പരവി
ശ്വാസത്തോടെ ഒരുമിച്ചുനില്‍ക്കാന്‍ ധാരണയായെന്നു വിളിച്ചു പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ ഭാരതസമൂഹം? അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്നും ഇന്ത്യാ - ചൈനാ ബന്ധം സുദീര്‍ഘമാണെന്നും ഇരുരാജ്യനേതാക്കളും അവകാശപ്പെട്ട് ഉച്ചകോടിയില്‍ ഹസ്തദാനം ചെയ്തുപിരിഞ്ഞത് ഒരു ഔദ്യോഗികചടങ്ങിനപ്പുറം മുഖവിലയ്‌ക്കെടുക്കാനാവില്ല.
ഇന്ത്യന്‍ വിപണിയില്‍ ചൈന
ചൈനയുടെ ലക്ഷ്യം ഇന്ത്യയുടെ ആഭ്യന്തരവ്യാപാരവിപണിയാണ്. ഇന്ത്യാ-ചൈനാ ഉഭയകക്ഷി വ്യാപാരം വളരുന്നുവന്നു പറയുമ്പോള്‍ ഇന്ത്യയിലേക്കുള്ള ചൈനയുടെ ഇറക്കുമതി കുതിച്ചുയരുന്നുവെന്നതാണ് പരമാര്‍ഥം. ഇന്ത്യയില്‍നിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഇടിയുന്നത് ഭാവിയില്‍ വന്‍ ആഘാതം സൃഷ്ടിക്കും. ചൈനീസ് ഇറക്കുമതി ഇന്ത്യന്‍ വിപണിയില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തിന്റെ വര്‍ദ്ധന നാളെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറയ്ക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ചെറുതായിരിക്കില്ല.
2024-25 ലെ ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 14.25 ബില്യന്‍ ഡോളറായിരുന്നു. ഇറക്കുമതിയാവട്ടെ, 113.5 ബില്യന്‍ ഡോളര്‍. ചുരുക്കത്തില്‍ ഏകദേശം 100 ബില്യന്‍ ഡോളറിന്റെ ലാഭം ചൈന, ഈ വ്യാപാരത്തില്‍ നേടിയെടുത്തു. 2025-26 ഏപ്രില്‍മുതല്‍ ജൂലൈവരെയുള്ള കണക്കെടുത്താല്‍ ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 5.75 ബില്യന്‍ ഡോളര്‍.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാകട്ടെ 40.65 ബില്യന്‍ ഡോളര്‍. അതായത്, ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ നാലുമാസങ്ങളില്‍ത്തന്നെ ചൈനയുടെ ലാഭം ഏകദേശം 35 ബില്യന്‍ ഡോളര്‍. ഈ കണക്കുകള്‍ മാത്രം മതി, ഇന്ത്യാ-ചൈനാ വ്യാപാരബന്ധത്തില്‍ ഇന്ത്യയുടെ അടിത്തറ മാന്തുന്നതെങ്ങനെയെന്നു തിരിച്ചറിയാന്‍. ഇറക്കുമതിയില്‍ ഇന്ത്യ അമിതമായി ആശ്രയിക്കുന്ന രാജ്യമാണ് ചൈന. ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള സാധനങ്ങള്‍ ചൈന ഇന്ത്യയിലേക്കു കയറ്റിയയയ്ക്കുന്നു. എന്നാല്‍, ഇന്ത്യയാകട്ടെ ചൈനയിലേക്കു കയറ്റിയയയ്ക്കൂന്നത് വിരലിലെണ്ണാവുന്ന ചിലയിനങ്ങള്‍ മാത്രം.
അമേരിക്കന്‍ വ്യാപാരനേട്ടങ്ങള്‍
ഇന്ത്യന്‍ കയറ്റുമതിയുടെ നിലവിലുള്ള ഏറ്റവും വലിയ ലക്ഷ്യസ്ഥാനം അമേരിക്കയാണ്. ഈ വ്യാപാരബന്ധം ഇന്ത്യയ്ക്കു വന്‍സാമ്പത്തികനേട്ടമാണുണ്ടാക്കുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെ ഇന്ത്യ നേടിയത് 88.02 ബില്യന്‍ ഡോളര്‍. അമേരിക്കയില്‍നിന്നുള്ള ഇറക്കുമതിയാകട്ടെ 43.01 ബില്യന്‍ ഡോളര്‍. ഇന്ത്യയ്ക്കു നേട്ടമോ 45.01 ബില്യന്‍ ഡോളര്‍.
ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ 17.73 ശതമാനം അമേരിക്കയിലേക്കാണ്. അതേസമയം ചൈനയിലേക്കുള്ള കയറ്റുമതി 3.81 ശതമാനം മാത്രം. 192 രാജ്യങ്ങളിലേക്ക് 7500 ല്‍പരം ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുമ്പോള്‍ 140 രാജ്യങ്ങളില്‍നിന്ന് 6000 ല്‍ പരം ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 15.06 ശതമാനവും ചൈനയില്‍നിന്നാണ്. ഇപ്പോള്‍ത്തന്നെ ഇറക്കുമതിരാജ്യങ്ങളില്‍ ചൈന മുന്നിട്ടുനില്‍ക്കുമ്പോള്‍ വീണ്ടും ഇന്ത്യന്‍വിപണി കീഴടക്കാന്‍ ചൈനയുമായി കൂട്ടുചേരുന്നത് അപകടമല്ലേ? അമേരിക്കയ്ക്കു പകരമുള്ള വിപണിയായി ചൈനയെ ആരും കാണേണ്ടതില്ല.
കസാനില്‍ സംഭവിച്ചത്
റഷ്യയിലെ കസാനില്‍ 2024 ഒക്‌ടോബറില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണുവാന്‍ വ്‌ളാഡിമിര്‍ പുടിന്‍ മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചകള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പിരിമുറുക്കത്തില്‍ അയവുവരുത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ 3488 കി.മീ. നീളമുള്ള നിയന്ത്രണരേഖയില്‍ പട്രോളിങ്ങിനുള്ള കരാറുണ്ടാക്കുക മാത്രമല്ല പരസ്പരബഹുമാനം ഉറപ്പാക്കി സമാധാനപരമായ ബന്ധം നിലനിര്‍ത്താനും ധാരണയായി. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് നരേന്ദ്രമോദി - ഷി ചിന്‍പിങ് കൂടിക്കാഴ്ച കസാനില്‍ നടന്നത്. ഇതിനോടകം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിപ്രശ്‌നത്തിലും നിര്‍ണായകതീരുമാനമുണ്ടായി. കസാന്‍കരാറിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിപ്രശ്‌നത്തില്‍ സൈനികതലങ്ങളില്‍ കൃത്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. പരസ്പരധാരണയോടെ മിക്ക തര്‍ക്കപ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കി. വാണിജ്യചര്‍ച്ചകളും തുടരുന്നു. ഇങ്ങനെ ഇന്ത്യാ-ചൈനാ ബന്ധത്തില്‍ ഒട്ടേറെ അനുകൂലമായ സാഹചര്യത്തില്‍ അടുത്തനാളില്‍ രൂപപ്പെട്ടിരിക്കുന്നതെല്ലാം ഇന്ത്യയുടെ ആഭ്യന്തരവ്യാപാരവിപണിയെ ലക്ഷ്യം വച്ചുള്ളതാണ്.
ചൈനയെ വിശ്വസിക്കാമോ?
ചൈനയെ ഇന്ത്യയ്ക്കു വിശ്വസിക്കാമോ എന്ന ചോദ്യം വിവിധ കോണുകളില്‍നിന്നുയരുന്നത് നിസ്സാരവത്കരിക്കരുത്. കഴിഞ്ഞകാല അനുഭവങ്ങള്‍ ആ ദിശയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ ചൈനീസ് സ്വാധീനം ചെറുതൊന്നുമല്ല. ശ്രീലങ്ക കേന്ദ്രീകരിച്ച് ചൈന ലക്ഷ്യമിട്ടത് ഇന്ത്യയെയാണെങ്കിലും അവസാനം ശ്രീലങ്കയെ കടക്കെണിയിലാഴ്ത്തി വരുതിയിലാക്കി കൈവിടാനും ചൈന മടിച്ചില്ല.
ഇന്ത്യയുമായി 2009 ല്‍ സ്വതന്ത്രവ്യാപാരക്കരാറിലേര്‍പ്പെട്ട ആസിയാന്‍രാജ്യങ്ങള്‍ പലതും ചൈനയുടെ ബിനാമികളാണ്. ഇന്ത്യയും ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ല. അതേസമയം ഇന്ത്യന്‍ ആഭ്യന്തരവിപണിയുടെ 24 ശതമാനവും ചൈനീസ് ഉല്‍പന്നങ്ങളിന്ന് കൈയടക്കിയിരിക്കുന്നു. ഇതെങ്ങനെയെന്ന ചോദ്യത്തിന് ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനന്തരഫലമെന്നാണ് ഉത്തരം. ഇന്ത്യാ-ചൈനാ വ്യാപാരക്കരാര്‍ വന്നാല്‍ ഇന്ത്യന്‍ ആഭ്യന്തരവിപണി ചൈന കീഴടക്കുമെന്നുറപ്പ്. ചുരുക്കത്തില്‍ ഈ രാജ്യാന്തരകച്ചവടത്തിലൂടെ ഇന്ത്യക്കാര്‍ എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം, എന്തു പഠിക്കണം, ഏതു വാഹനങ്ങളില്‍ യാത്ര ചെയ്യണം, ഏതു കമ്പ്യൂട്ടര്‍ ഉപയോഗിക്കണം എന്നതുള്‍പ്പെടെ ജനജീവിതത്തെ അനുദിനം സ്പര്‍ശിക്കുന്ന വിവിധ വിഷയങ്ങളിലെ അവസാനവാക്ക് ചൈനയുടേതായി മാറും.
ഇന്ത്യയോടുള്ള സ്‌നേഹമല്ല, അമേരിക്കയോടുള്ള ചൈനയുടെ എതിര്‍പ്പാണ് ഇപ്പോഴുള്ള അടുപ്പത്തിന്റെയും ആത്മബന്ധത്തിന്റെയും പിന്നാമ്പുറം. 2018 ലെ ഷാങ്ഹായ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനമായി ചൈന സന്ദര്‍ശിച്ചത്. അതിനുശേഷം 2020 ല്‍ ഗല്‍വാനിലും കിഴക്കന്‍ ലഡാക്കിലും ഇന്ത്യാ-ചൈനാ സൈന്യങ്ങള്‍ തമ്മില്‍ ഉരസലുകളുണ്ടായി. അതിനാല്‍ 2025 ഓഗസ്റ്റ് 31 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന വീണ്ടും സന്ദര്‍ശിച്ച് കൈകോര്‍ത്തുള്ള പ്രഖ്യാപനങ്ങള്‍ വിശ്വാസത്തിലെടുക്കേണ്ടതില്ല. അമേരിക്കയുടെ തീരുവയുദ്ധത്തില്‍ ഇരയായി എന്ന കാരണംകൊണ്ട് മറ്റു വാണിജ്യപങ്കാളികളെ കണ്ടെത്തേണ്ടതും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും ഇന്ത്യയുടെയും ആവശ്യമാണ്. പക്ഷേ, ഇതു മനസ്സിലാക്കി ചൈന മുതലെടുക്കുവാന്‍ ശ്രമിച്ചാല്‍ തടയിടാന്‍ ഇന്ത്യയ്ക്കു സാധിക്കണം.
ഓപ്പറേഷന്‍ സിന്ദൂറില്‍ ചൈനയില്‍നിന്നുള്ള പിന്തുണ പാക്കിസ്ഥാനു ലഭിച്ചുവെന്നുള്ളത് പകല്‍പോലെ വ്യക്തം. പാക്കിസ്ഥാന്‍ - ചൈന ബന്ധം അട്ടിമറിക്കാനാണ് ഒരു പരിധിവരെ അമേരിക്ക പാക്കിസ്ഥാന്‍ സൈനികമേധാവിക്കു നല്കിയ വിരുന്നിലൂടെ ലക്ഷ്യമിട്ടത്. പാക്കിസ്ഥാനെ ചേര്‍ത്തുപിടിക്കുവാന്‍ അമേരിക്ക ശ്രമിക്കുമ്പോള്‍ ഒരുവെടിക്കു രണ്ടുപക്ഷിയെന്ന തന്ത്രവും പിന്നിലുണ്ട്. ഇന്ത്യയ്ക്കു വെല്ലുവിളിയും ചൈനയ്ക്കു ചുട്ടമറുപടിയും. തകര്‍ന്ന സമ്പദ്‌വ്യവസ്ഥയില്‍ നിലനില്പിനായി ആരെയും കൂട്ടുപിടിക്കുന്ന ഗതികേടിലാണ് പട്ടാളവും മതവും നിയന്ത്രിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടമിന്ന്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഷാങ്ഹായ് ഉച്ചകോടി പുറംമോടിക്കപ്പുറം ലക്ഷ്യം കാണാതെയാണു സമാപിച്ചത്.
ഷാങ്ഹായ് ഉച്ചകോടിക്കു മുന്നൊരുക്കമായി 2025 ജൂണില്‍ നടന്ന ഷാങ്ഹായ് അംഗരാജ്യ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തില്‍ ബലൂചിസ്താന്‍വിഷയത്തോടൊപ്പം പഹല്‍ഗാം ഭീകരാക്രമണവും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്തപ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ പിന്‍മാറിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണം പ്രസ്താവനയിലുള്‍പ്പെടുത്താതിരുന്നതിന്റെ പിന്നില്‍ പാക്കിസ്ഥാന്റെ തന്ത്രവും ഗൂഢാലോചനയുമായിരുന്നു. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ദി റസിസ്റ്റന്റ്സ് ഫ്രണ്ടിനെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയപ്പോള്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താനവയിറക്കാന്‍ ചൈന നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തില്‍ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് 25-ാം ഉച്ചകോടിയില്‍ വ്യാപാരവിഷയ
ങ്ങള്‍, പ്രാദേശികസുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിവയോടൊപ്പം ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന ഇന്ത്യയുടെ നിലപാടിനെ ചൈനയ്ക്ക് അവസാനം പിന്തുണയ്ക്കേണ്ടി വന്നു.
താല്‍ക്കാലിക ക്രമീകരണങ്ങള്‍
ഷാങ്ഹായ് ഉച്ചകോടിക്കു മുമ്പുതന്നെ ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുവാനും യാത്രാ വിസ, ബിസിനസ് വിസ, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസ എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കുവാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഡോക്ലാം പ്രതിസന്ധിക്കുശേഷം നിര്‍ത്തിവച്ച വിമാനസര്‍വീസുകള്‍ ആരംഭിക്കുവാനും, അതിര്‍ത്തിവ്യാപാരം പുനരാരംഭിക്കുവാനും, അതിര്‍ത്തി മാനേജ്മെന്റിനും സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി നയതന്ത്ര, സൈനിക ചാനലുകള്‍ ശക്തിപ്പെടുത്തുവാനും നടപടിയുണ്ടായി. ഈ അനുകൂലസാഹചര്യങ്ങളെല്ലാം താല്‍ക്കാലികക്രമീകരണങ്ങള്‍ മാത്രമാണ്. അതേസമയം അമേരിക്കയും പാക്കിസ്ഥാനും പരസ്പരം കൈകോര്‍ക്കുമ്പോള്‍ ചൈനയും റഷ്യയുമായിചേര്‍ന്ന് മെനയുന്ന മറുതന്ത്രം ഇന്ത്യയ്ക്കു നേട്ടമുണ്ടാക്കുമോ എന്ന ആശങ്കയും ശക്തമാകുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ പുത്തന്‍ അധ്യായം തുറക്കാനുള്ള ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്കും നയതന്ത്ര പ്രശ്നങ്ങള്‍ക്കും സ്ഥിരമായ പരിഹാരം കണ്ടേ പറ്റൂ. ഇന്ത്യാ-ചൈനാ അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ ഏറെ കലുഷിതമായ ബന്ധത്തില്‍ നയതന്ത്രമുന്നേറ്റങ്ങളിലൂടെ പരിഹാരം കണ്ടെത്തിയാലത് ചരിത്രവിജയമാകും.
ചൈനയുടെ നിര്‍ദേശങ്ങള്‍
2025 സെപ്തംബര്‍ ഒന്നിന് ഇന്ത്യാ-ചൈനാ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് നാലു നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. 1. തന്ത്രപരമായ ആശയവിനിമയം ശക്തിപ്പെടുത്തുകയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുക. 2. വിനിമയങ്ങളും സഹകരണവും വികസിപ്പിക്കുക. 3. പരസ്പരനേട്ടവും വിജയകരമായ ഫലങ്ങളും കൈവരിക്കുക. 4. പരസ്പരം ആശങ്കകള്‍ പരിഹരിക്കുകയും പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ബഹുമുഖസഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക. ഈ നിര്‍ദേശങ്ങളിന്മേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം വളരെ വ്യക്തതയുള്ളതായിരുന്നു. സുഗമമായ വികസന അജണ്ടകള്‍ക്കും വ്യാപാരബന്ധങ്ങള്‍ക്കും ആദ്യം വേണ്ടത് അതിര്‍ത്തിപ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തുകയാണ് എന്നുള്ള മറുപടിയില്‍ എല്ലാം ഒതുങ്ങുന്നു. അമേരിക്കയുടെ ഇറക്കുമതി ത്തീരുവ ഉയര്‍ത്തുന്ന പ്രതിസന്ധിയില്‍ രാഷ്ട്രീയതന്ത്രജ്ഞതയ്ക്കപ്പുറം ആരുടെ മുമ്പിലും തലകുനിക്കാന്‍ ഇന്ത്യയെ കിട്ടില്ലെന്നുള്ള മുന്നറിയിപ്പും ഈ മറുപടിയിലുണ്ട്.
മഞ്ഞുരുകും നാളുകള്‍
എടുത്തുചാടി പ്രഖ്യാപനങ്ങള്‍ നടത്തുകയല്ല, അമേരിക്കയുമായി പരസ്പരം ചര്‍ച്ചചെയ്ത് തീരുമാനങ്ങളെടുക്കുകയാണ് ഇന്ത്യയ്ക്ക് ഇത്തരുണത്തില്‍ ഏറെ ഉചിതം. അമേരിക്കയുടെ താരിഫ്ചുവടുമാറ്റങ്ങളുടെ ആദ്യ ആവേശവും അല്പം കെട്ടടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ കോടതിയുടെ നിരീക്ഷണങ്ങളും വിധികളും ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനങ്ങളെ പ്രതിസന്ധിയിലാക്കുമ്പോള്‍ ചൈനയുമായുള്ള വ്യാപാരവിരോധത്തില്‍ ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തേണ്ടത് ഭാവിയില്‍ അമേരിക്കയുടെയും ആവശ്യമാണ്. ഇന്ത്യയെ എക്കാലവും ശത്രുപക്ഷത്തുനിന്ന് എതിര്‍ക്കുന്ന ചൈനയുമായും നിരന്തരഭീകരാക്രമണം അഴിച്ചുവിടുന്ന പാക്കിസ്ഥാനുമായും കൂട്ടുചേര്‍ന്ന് നേട്ടമുണ്ടാക്കാമെന്ന് നാമൊരിക്കലും കരുതരുത്. അതേസമയം അമേരിക്കയുടെ വ്യാപാരതീരുവയുദ്ധത്തിനും ലോകപൊലീസായി സകലരെയും അടക്കിവാഴാമെന്ന അധികാര അഹങ്കാരത്തിനും മറുപടിയുണ്ടാകുകയും വേണം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായുള്ള വ്യാപാരബന്ധം നിലനിര്‍ത്തേണ്ടതും ശക്തിപ്പെടുത്തേണ്ടതും ഏറെ അനിവാര്യവുമാണ്. ലോകവിപണി നിയന്ത്രിക്കുന്ന വന്‍ശക്തിയുമായി ഏറ്റുമുട്ടാന്‍മാത്രം വ്യാപാരരംഗത്തു നാം വളര്‍ന്നിട്ടില്ലെന്നുള്ള പരമാര്‍ത്ഥം അംഗീകരിക്കാന്‍ മടിക്കേണ്ടതില്ല. വ്യാപാരത്തില്‍മാത്രമല്ല, ഇന്ത്യന്‍ മനുഷ്യവിഭവശേഷിയും അമേരിക്കയിലിന്ന് നിര്‍ണ്ണായകസ്വാധീനം ചെലുത്തുന്നു. കുടിയേറ്റനിയമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അമേരിക്ക പ്രഖ്യാപിച്ചാല്‍ ഇന്ത്യന്‍ പ്രവാസിസമൂഹത്തിന്റെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടും. അതിനാല്‍ ഏറെ സംയമനത്തോടെ തുടര്‍ചര്‍ച്ചകള്‍ക്കു വാതില്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ പ്രതീക്ഷയേകും. വെട്ടിമുറിക്കാനെളുപ്പമാണ്. ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ നിലനില്പിന് അനിവാര്യവും.