മുന്നറിയിപ്പില്ലാതെ തുടങ്ങിയിരിക്കുന്നു കേരളത്തിലും സമഗ്രവോട്ടര്‍പട്ടിക പരഷ്‌കരണം (സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ - എസ്.ഐ.ആര്‍.). പ്രതിപക്ഷപ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയ ബീഹാറിലെ എസ്‌ഐആര്‍ നടപടികളെക്കുറിച്ച് രാജ്യമാകെ ഉടലെടുത്ത ആശങ്ക നിലനില്‌ക്കേയാണു കമ്മിഷന്റെ കേരളത്തിലേക്കുള്ള നീക്കം. ഏതായാലും കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷന്റെ പെട്ടെന്നുള്ള ഈ തിരപ്പുറപ്പാട് രാഷ്ട്രീയകക്ഷികളിലും വോട്ടര്‍മാരിലും ഒരുപോലെ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.
ബീഹാറിലെ വിവാദമായ എസ്‌ഐആര്‍ നടപടികളെ സംബന്ധിച്ച് കോണ്‍ഗ്രസുള്‍പ്പെടെയുള്ള കക്ഷികള്‍ ഉന്നയിച്ച പ്രധാന ആരോപണം, വലിയൊരു വിഭാഗം വോട്ടര്‍മാരെ പട്ടികയില്‍നിന്നും പൗരത്വത്തില്‍നിന്നും പുറത്താക്കാനുള്ള രാഷ്ട്രീയഗൂഢാലോചന അതിനു പിന്നിലുണ്ടെന്നതാണ്. തിരഞ്ഞെടുപ്പുകമ്മിഷന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നതാകട്ടെ, വോട്ടര്‍പട്ടികയുടെ പവിത്രതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് എസ്‌ഐആറിന്റെ ലക്ഷ്യമെന്നും. പട്ടികപരിഷ്‌കരണത്തിന്റെ സമയക്രമത്തില്‍ ഇടപെടാന്‍ ജുഡീഷ്യറിക്കുപോലും അധികാരമില്ലത്രേ.
തിരഞ്ഞെടുപ്പുകമ്മിഷന്റെ ഭരണഘടനാദത്തമായ അധികാരാവകാശങ്ങളെക്കുറിച്ച് ആര്‍ക്കും തര്‍ക്കമൊന്നുമില്ല. നീതിയുക്തവും നിരങ്കുശവുമായ തീരുമാനങ്ങളിലൂടെയും നടപടികളിലൂടെയും ഇന്ത്യന്‍ജനാധിപത്യത്തിനു കരുത്തുപകര്‍ന്ന, ജാതിമതരാഷ്ട്രീയഭേദമെന്യേ രാജ്യത്തെ നിഷ്പക്ഷസമൂഹത്തിന്റെ ആദരമേറ്റുവാങ്ങിയ മുന്‍തിരഞ്ഞെടുപ്പുകമ്മിഷണര്‍ ടി.എന്‍. ശേഷനെ അഭിമാനപൂര്‍വം ഇവിടെയോര്‍ക്കുന്നു. തീര്‍ച്ചയായും കാലാനുസൃതമായ ശുദ്ധീകരണം വോട്ടര്‍പട്ടികയ്ക്കു കൂടിയേ തീരൂ. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവര്‍ക്കു പങ്കാളിത്തം ഉറപ്പാക്കണം. പക്ഷേ, ഈ അര്‍ഹരെയും അനര്‍ഹരെയും നിശ്ചയിക്കുന്നിടത്ത് അധികാരകേന്ദ്രങ്ങളുടെ അനാവശ്യമായ കൈകടത്തലുകള്‍ ഉണ്ടാവില്ലെന്നുറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പുകമ്മിഷനുണ്ട്.
സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ ഇതേ പരിഷ്‌കരണം നടത്തിയ 2002 ലെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് പുതിയ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതാണ്ട് 25 വര്‍ഷം കഴിഞ്ഞ് തുടക്കമിട്ടിരിക്കുന്ന പരിഷ്‌കരണമെന്ന നിലയില്‍, ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ഈ പ്രക്രിയയുടെ ഗൗരവം വര്‍ധിക്കുന്നു. വോട്ടര്‍മാര്‍ ഇത് എത്രത്തോളം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നതാണ് അതിനേക്കാള്‍ ഗൗരവമേറിയ കാര്യം. 2002നു ശേഷം 2025വരെയുള്ള കാലത്ത് മരണമടഞ്ഞവര്‍, പൗരത്വമില്ലാതായവര്‍, വിദേശത്തേക്കു കുടിയേറിയവര്‍, കേരളത്തിലേക്കു കുടിയേറിയ ഇതരസംസ്ഥാനത്തൊഴിലാളികള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ചോദ്യങ്ങള്‍ക്കു മറുപടിയായി കമ്മിഷന്റെ കേരളത്തിലെ പ്രതിനിധിയായ സിഇഒ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞത്. 2025 ഓഗസ്റ്റിലെ വോട്ടര്‍പട്ടികയിലുള്ള 53.25 ലക്ഷംപേര്‍ 2002 ലെ വോട്ടര്‍പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ മരിച്ചവരെയും വിദേശത്തേക്കു കുടിയേറിയവെരയും ഒഴിവാക്കിയാലും ശേഷിക്കുന്ന ലക്ഷക്കണക്കിനുപേര്‍ പൗരത്വം തെളിയിക്കാനുള്ള 12 രേഖകളിലൊന്നു സമര്‍പ്പിച്ച് എന്യൂമറേഷന്‍ നടത്തിയാലേ ഇനി വോട്ടര്‍മാരായി തുടരാനാവൂ.
കേരളത്തില്‍ പ്രാഥമികനടപടികള്‍ മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നതെന്നും കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷന്റെ ഷെഡ്യൂള്‍പ്രഖ്യാപനം വരുന്നതോടെ യഥാര്‍ഥനടപടികള്‍ ആരംഭിക്കുമെന്നുമാണ് സിഇഒ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍പ്രകാരം ഒക്‌ടോബറില്‍ ആരംഭിച്ച് ഡിസംബറിലോ ജനുവരിയിലോ പൂര്‍ത്തിയാകുംവിധം എസ്‌ഐആര്‍ നടപടികള്‍ക്കു കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷന്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതായാണു സൂചനകള്‍. അങ്ങനെയെങ്കില്‍ അതു സൃഷ്ടിക്കുന്ന പ്രതിസന്ധി മറ്റൊന്നാണ്. കേരളത്തില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ നിലവിലെ പട്ടികയാണ് അടിസ്ഥാനമാക്കുകയെങ്കിലും, അതിനിടയിലെ എസ്‌ഐആര്‍ നടപടികള്‍ രാഷ്ട്രീയഭരണസംവിധാനങ്ങളെ കുഴമറിക്കുകയില്ലേയെന്നാണ് രാഷ്ട്രീയകക്ഷികള്‍ ഉയര്‍ത്തുന്ന ചോദ്യം. അല്ലെങ്കില്‍ത്തന്നെ ധൃതിപിടിച്ചുള്ള ഈ നടപടിക്ക് നമ്മുടെ വോട്ടര്‍മാര്‍ സജ്ജരാണോയെന്ന സംശയവും അവര്‍ ഉന്നയിക്കുന്നു. നിരന്തരമായ പ്രേരണയും ബോധവത്കരണവും ആവശ്യമുള്ള ബൃഹദ്‌നടപടികളിലേക്കു മുന്നൊരുക്കമില്ലാതെ കമ്മിഷന്‍ കടന്നതാണ് ഏറെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിരിക്കുന്നത്.
കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന പ്രവാസിവോട്ടര്‍മാരുടെ കാര്യത്തില്‍ ആശങ്കകള്‍ ഉയരുന്നുണ്ടെങ്കിലും അതിനടിസ്ഥാനമില്ലെന്നാണ് കമ്മിഷന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അവര്‍ക്ക് എന്യൂമറേഷന്‍ ഫോമുകള്‍ ഓണ്‍ലൈനായി പൂരിപ്പിച്ചുനല്‍കാം. ഏതായാലും 2025 ലെ വോട്ടര്‍പട്ടികയില്‍ പേരുള്ളവരും ഇനിവരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെങ്കില്‍ എന്യൂമറേഷന്‍ എന്ന കണക്കെടുപ്പിന് നേരിട്ടോ ഓണ്‍ലൈനായോ വിധേയരാവുകയും ആവശ്യമെങ്കില്‍ രേഖകള്‍ സമര്‍പ്പിക്കുകയും വേണമെന്ന യാഥാര്‍ഥ്യം വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇക്കാര്യം കേരളത്തിലെ 2.78 കോടി വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത കേരളത്തിലെ സര്‍ക്കാരിനും രാഷ്ട്രീയകക്ഷികള്‍ക്കുമുണ്ട്. രാഷ്ട്രീയകക്ഷികളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരുടെ അകമഴിഞ്ഞ പിന്തുണ ഉറപ്പുവരുത്താനുള്ള ആര്‍ജവം തിരഞ്ഞെടുപ്പുകമ്മീഷനുമുണ്ടാവണം. ആക്ഷേപങ്ങള്‍ക്ക് അശേഷം ഇടനല്കാത്ത, സമഗ്രവും ശുദ്ധവും സുതാര്യവുമായ വോട്ടര്‍പട്ടിക പ്രകാശിപ്പിക്കുക എന്നതാണ് പ്രധാനം.
എഡിറ്റോറിയല്‍
എസ്‌ഐആര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍
