നവംബര്‍ 5 ദീപനാളം ഒന്നാംപേജില്‍, ''മറക്കില്ല ഞാന്‍ മതനിരപേക്ഷതയുടെ മണ്ണിനെ'' എന്ന ഏഴാച്ചേരി രാമചന്ദ്രന്റെ ലേഖനം ശ്രദ്ധേയമായിരുന്നു. ജനിച്ച മണ്ണിനെ മറക്കാത്ത വലിയ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എളിമ ഈ ലേഖനത്തിലൂടെ മനസ്സിലാക്കാം. പാലായുടെ അഭിമാനമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഉയര്‍ച്ച മീനച്ചിലിന്റെയും ഉയര്‍ച്ചയാണ്. പ്രശസ്തവാഗ്മിയായിരുന്ന പീറ്റര്‍ റെഡ്ഡിയെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. താടിയും മുടിയും വളര്‍ത്തി മുതുകില്‍ മാറാപ്പും തൂക്കി മുഷിഞ്ഞ വേഷത്തില്‍ ഒരു മനുഷ്യന്‍. സ്‌കൂളിലും പള്ളിയിലുമൊക്കെ പ്രസംഗിക്കുമായിരുന്നു. പലര്‍ക്കും അബദ്ധം പറ്റിയ കൂട്ടത്തില്‍ എനിക്കും ഒരബദ്ധം പറ്റി. ഞാന്‍ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം. ഒരുദിവസം ഉച്ചകഴിഞ്ഞ് രണ്ടു മണിമുതല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഒരു പ്രഭാഷണം ഉണ്ടെന്നറിയിച്ചിരുന്നു. ഉച്ചയ്ക്കു സ്‌കൂള്‍ വിട്ടസമയം. പീറ്റര്‍ റെഡ്ഡി ഒരു കടത്തിണ്ണയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ ഏതാനുംപേര്‍ ചുറ്റുംകൂടി. അദ്ദേഹത്തിന്റെ വേഷമൊക്കെ കണ്ട ഞങ്ങള്‍ കൂകിവിളിച്ചു. എല്ലാവരും പിരിഞ്ഞുപോയി. രണ്ടു മണിയായപ്പോള്‍ യോഗം ആരംഭിച്ചു. സ്റ്റേജിലേക്കു വന്നത് ഞങ്ങള്‍ കൂകിവിളിച്ച പീറ്റര്‍ റെഡ്ഡി. അപ്പോഴാണു ഞങ്ങള്‍ക്കുപറ്റിയ അബദ്ധം മനസ്സിലായത്. അദ്ദേഹത്തിന്റെ ഉജ്വലപ്രസംഗം കേട്ട് സദസ് അന്തംവിട്ടുപോയി. അദ്ദേഹത്തെ ഓര്‍മ്മിച്ച് ചിന്ത പങ്കുവച്ച ഏഴാച്ചേരി രാമചന്ദ്രനെ അഭിനന്ദിക്കുന്നു.