അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാനുമായി സൗഹൃദവും നയതന്ത്രവും പുനഃപ്രതിഷ്ഠിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്ത്? ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുമ്പോള്‍ വീണ്ടും തിരിച്ചടി നേരിടേണ്ടിവരുമോ? ഭീകരതയെ അടിച്ചമര്‍ത്തുവാന്‍ അരയും തലയും മുറുക്കി രംഗത്തുവന്ന ഭരണനേതൃത്വങ്ങള്‍ ആഗോളഭീകരതയുടെ അവതാരങ്ങളായ താലിബാനെ ചേര്‍ത്തുപിടിച്ച് ആശ്ലേഷിക്കുകയോ? ഇന്ത്യ വളരെ രഹസ്യമായി സൂക്ഷിച്ച് ഇപ്പോള്‍ പുറംലോകം ചര്‍ച്ചചെയ്യുന്ന അഫ്ഗാനിസ്ഥാന്‍-താലിബാന്‍ ബന്ധത്തിന്റെ പിന്നില്‍ രാജ്യത്തിനു വ്യക്തമായ അജണ്ടകളും ദീര്‍ഘവീക്ഷണപദ്ധതികളുമുണ്ട്. അതിര്‍ത്തികളിലെ നിലനില്പ് മാത്രമല്ല രാജ്യാന്തരബന്ധങ്ങളിലെ ആനുകാലികമാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യയുടെ വിദേശകാര്യനയതന്ത്രനിലപാടുകളില്‍ പൊളിച്ചെഴുത്തും അനിവാര്യമാകുമെന്ന സൂചനയാണ് അഫ്ഗാനിസ്ഥാന്‍ ഭരണകൂടവുമായി പുനരാരംഭിച്ച കൂട്ടുകെട്ട്.
അതിര്‍ത്തിയിലെ അപകടകാരികള്‍
ആഗോളതലത്തില്‍ നാലാം സാമ്പത്തികശക്തിയായി ഇന്ത്യ കുതിക്കുമ്പോഴും ഇന്ത്യയുടെ വളര്‍ച്ചയെ തടയിടുവാനുള്ള പദ്ധതികള്‍ അയല്‍രാജ്യങ്ങളുടെ അണിയറയില്‍ സജീവമാണ്. അമേരിക്കയെ പ്രതിരോധിക്കുവാന്‍ ചൈനയുമായി കൈകോര്‍ത്തെങ്കിലും ഈ പുത്തന്‍ബന്ധത്തിന്റെ നിലനില്പ് എത്രനാള്‍ എന്ന ചോദ്യം ബാക്കിയാവുന്നു. ഇന്ത്യാ-ചൈനബന്ധത്തിലെ ആത്മാര്‍ത്ഥത പുറമേയുള്ള ചടങ്ങുകള്‍ക്കപ്പുറം ഉള്‍ക്കൊള്ളാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇനിയുമായിട്ടില്ല. ഇന്ത്യയുടെ തെക്കുള്ള ശ്രീലങ്കയ്ക്ക് കടക്കെണിയില്‍ കൈത്താങ്ങായി ഇന്ത്യ മാറിയെങ്കിലും ഇവിടെ ചൈനയുടെ നിയന്ത്രണം ഇന്നും ശക്തമാണ്. ഹബ്ബന്‍തോട്ട തുറമുഖം ചൈനയുടെ നിയന്ത്രണത്തിലാണ്. കൊളംബോ-ജാഫ്‌ന ഹൈവേയും ചൈനയ്ക്കുമുമ്പില്‍ ശ്രീലങ്ക അടിയറവ് വച്ചിരിക്കുന്നു. ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം ഔപചാരികതയ്ക്കപ്പുറം നേട്ടമാവുകയില്ല.
ഇന്ത്യയുടെ നിത്യശത്രുവായി പാക്കിസ്ഥാന്‍ മാറിയിട്ട് നാളുകളേറെയായി. 1971 ല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ഭടന്മാരുടെയും പൗരന്മാരുടെയും ചുടുനിണം ചിന്തി ജന്മമേകിയ ബംഗ്ലാദേശ്‌പോലും ഭീകരപ്രസ്ഥാനങ്ങളുടെ താവളമായി ഇന്ത്യയ്ക്കെതിരേ വിഷം ചീറ്റുന്നു. പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മതഭീകരത അയല്‍പക്കത്തുനിന്ന് അതിര്‍ത്തികള്‍ കടന്ന് ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് നിത്യസംഭവങ്ങളാണ്. ജെന്‍സി പ്രക്ഷോഭത്തിന്റെ മറവില്‍ ഭീകരവാദികള്‍ നേപ്പാളിലും തമ്പടിച്ചിരിക്കുന്നു. മ്യാന്‍മറില്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തരപ്രശ്നങ്ങള്‍ സമാധാനകാംക്ഷികളായ ബുദ്ധമതക്കാരെ നിലനില്പിനായി ആയുധമെടുപ്പിക്കുവാന്‍ പ്രേരിപ്പിച്ചു. മ്യാന്‍മര്‍വിട്ട് പലായനം ചെയ്തവരാകട്ടെ ബംഗ്ലാദേശിലൂടെ ബംഗാളിലെത്തി അതിഥിത്തൊഴിലാളികളായി ഇന്ത്യയില്‍ വിലസുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇങ്ങനെ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ ചൈനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലേക്കു വഴുതിമാറുമ്പോഴാണ് അഫ്ഗാനിലെ താലിബാന്‍ഭരണകൂടവുമായി ബന്ധപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങിയത്. പാക്കിസ്ഥാനുമായി അടുത്തനാളില്‍ രൂപപ്പെട്ട അതിരറ്റ അമേരിക്കന്‍ സ്നേഹവും ഇന്ത്യയെ ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുവാനുള്ള തന്ത്രത്തിലെത്തിച്ചു.
അതേസമയം 2024 ഒക്ടോബര്‍ 22ന് റഷ്യയില്‍ നടന്ന പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയില്‍ തുടങ്ങിയ ഇന്ത്യാ-ചൈന അനുരഞ്ജനം പുറമേയെങ്കിലും വളര്‍ന്നുവരുന്നുണ്ട്. 2025 സെപ്റ്റംബര്‍ 1 ന് ചൈനയിലെ ടിയാന്‍ജിനില്‍ സമാപിച്ച ഷാങ്ഹായ് ഉച്ചകോടിയില്‍ കൂടുതല്‍ അടുത്ത സമീപനങ്ങള്‍ ചൈന സ്വീകരിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026ലെ 18-ാം ബ്രിക്സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് എത്തിച്ചേരുമെന്നും അറിയിച്ചിട്ടുണ്ട്. ഈ ചൈന-ഇന്ത്യ അടുപ്പത്തിന്റെയെല്ലാം പിന്നില്‍ അമേരിക്കയുടെ തീരുവയുദ്ധമുണ്ട്. പക്ഷേ, ചൈനയെ എത്രമാത്രം വിശ്വസിക്കാമെന്നു കണ്ടറിയണം. ഇതിനുള്ള ഒരു മുന്‍കരുതലായി ഇന്ത്യയും അഫ്ഗാനുമായുള്ള പുത്തന്‍ബന്ധത്തെ കാണാവുന്നതാണ്. പാക്കിസ്ഥാനോടുള്ള മധുരപ്രതികാരമായിട്ടും ഇതിനെ വ്യാഖ്യാനിക്കാം.
മാനുഷികപരിഗണനകള്‍
അഫ്ഗാന്‍ജനതയോടുള്ള മാനുഷികപരിഗണനയാണ് താലിബാന്‍ ഭരണത്തിലും ഒട്ടേറെ സഹായങ്ങള്‍ നല്‍കി ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരവാദം തകര്‍ത്ത സമ്പദ്ഘടനയില്‍ ഭക്ഷണത്തിനും മരുന്നിനും കഷ്ടപ്പെടുന്ന ജനസമൂഹമാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ശരിയത്ത് നിയമങ്ങള്‍ അടിച്ചേല്പിച്ച് ജനസ്വാതന്ത്ര്യംപോലും കൂച്ചുവിലങ്ങിട്ട ഭരണത്തിന്റെ അടുത്തനാളിലെ പ്രഖ്യാപനമായ സോഷ്യല്‍മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും നിരോധനം വന്‍തിരിച്ചടി ഏറ്റുവാങ്ങി. ലഹരിയുത്പന്നങ്ങളുടെയും മയക്കുമരുന്നുഫാക്ടറികളുടെയും ആഗോളകുത്തകയും കയറ്റുമതിക്കാരുമാണ് താലിബാന്‍. അതേസമയം ഭക്ഷണത്തിനായി പണമില്ലാതെ മക്കളെപ്പാലും വില്‍ക്കുന്ന പിതാക്കന്മാരുടെ നാടായി അഫ്ഗാന്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. ജനജീവിതത്തെ കൂച്ചുവിലങ്ങിട്ട് തുറുങ്കിലടയ്ക്കുന്ന ഇവരുമായി സന്ധിചെയ്യാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയ്ക്കാവുമോ എന്ന ചോദ്യം സ്വാഭാവികമാണ്.
അഫ്ഗാന്‍താലിബാന്റെ മറ്റൊരുപതിപ്പായ പാക്താലിബാനും ഇന്ന് ശക്തമായി ഭീകരാക്രമണം അഴിച്ചുവിടുന്നു. കൂട്ടക്കൊലകള്‍ നടത്തി ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നു. 1996 ല്‍ അഫ്ഗാന്‍ഭരണം താലിബാന്‍ പിടിച്ചെടുത്ത് 5 വര്‍ഷത്തിനുശേഷം അമേരിക്കന്‍ സഖ്യസേന ഇവരെ പുറത്താക്കി.
തുടര്‍ന്നു രണ്ടുപതിറ്റാണ്ടിനുശേഷം 2021 ല്‍ സഖ്യസേന പിന്‍വാങ്ങിയതിനെത്തുടര്‍ന്നു വീണ്ടും അഫ്ഗാന്‍ താലിബാന്‍ ഭരണത്തിലെത്തിയപ്പോള്‍ അവരെ ആദ്യം അംഗീകരിച്ചത് പാക്കിസ്ഥാനാണ്. ഇപ്പോള്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ അക്രമം അഴിച്ചുവിടുമ്പോള്‍ ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഒട്ടനവധി അജണ്ടകളും താത്പര്യങ്ങളുമുണ്ടെന്നു വ്യക്തം. എന്നിരുന്നാലും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുമായി കൈകോര്‍ക്കുമ്പോള്‍ ഇന്ത്യ രണ്ടുവട്ടം ആലോചിച്ചില്ലെങ്കില്‍ തിരിച്ചടികളുണ്ടാകാം.
ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്ത്?
2021 ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിനുശേഷം ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ നയതന്ത്രസംഘം ഇന്ത്യയിലെത്തുന്നത്. വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മുത്തഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സന്ദര്‍ശനം ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. പത്രസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ആദ്യം മാറ്റിനിര്‍ത്തിയെങ്കിലും പിന്നീട് മന്ത്രിക്കു വഴങ്ങേണ്ടിവന്നു.
ഭീകരവാദ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുന്നുവോ എന്ന ആശങ്ക ഉയരുമ്പോഴും മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് അഫ്ഗാനിസ്ഥാന്‍ എന്ന വസ്തുത വിസ്മരിക്കരുത്. പാക്കിസ്ഥാന്റെ പടിഞ്ഞാറുളള അഫ്ഗാനിസ്ഥാനെയും ഇറാനെയും സൗഹൃദവലയത്തിലുള്‍പ്പെടുത്തി നിര്‍ത്തേണ്ടത് ഇന്ത്യയുടെ സുരക്ഷയ്ക്കിന്ന് അനിവാര്യമാണ്. ഇന്ത്യാവിരുദ്ധ ഭീകരവാദഗ്രൂപ്പുകളുടെ താവളമായി അഫ്ഗാന്‍ മാറിയാലുള്ള അപകടങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അതിജീവിക്കണമെങ്കില്‍ അഫ്ഗാനിസ്ഥാനെ ചേര്‍ത്തുപിടിക്കുക മാത്രമേ ഇന്ത്യയുടെ മുമ്പില്‍ വഴിയുള്ളൂ.
ചൈന അഫ്ഗാനിസ്ഥാനിലൂടെയുള്ള റോഡ് നിര്‍മ്മാണം തുടരുന്നു. സമാനമായ ഹൈവേ നിര്‍മ്മാണമാണ് ശ്രീലങ്കയിലും ചൈന നടത്തിയത്. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് വഴിയുള്ള അഫ്ഗാന്‍മണ്ണിലെ സ്വാധീനത്തെ ഇന്ത്യയ്ക്കു മറികടക്കണം. പാക്കിസ്ഥാന്റെ അഫ്ഗാന്‍ മേല്‍ക്കോയ്മയ്ക്കും മാറ്റമുണ്ടാകണം. ഇന്ത്യയ്ക്ക് ഈ സാഹചര്യങ്ങളെ അതിജീവിക്കണമെങ്കില്‍ അഫ്ഗാന്‍ ബന്ധം ശക്തമാക്കിയേ തീരൂ. അതിനുപറ്റിയ നല്ല അവസരമാണ് ഇന്ത്യയിപ്പോള്‍ ഫലപ്രദമാക്കുന്നതെന്നു കരുതാം. പാക്കിസ്ഥാനും ചൈനയും അഫ്ഗാന്‍ മണ്ണില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുവാന്‍ തന്ത്രപരമായ ഇടപെടലുകള്‍ നടത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ഇന്ത്യയ്ക്കും അടവുതന്ത്രങ്ങള്‍ മെനയാതെ തരമില്ല.
പത്തിമടക്കി പാക്കിസ്ഥാന്‍
അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മുത്തഖി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നവേളയില്‍ അഫ്ഗാന്‍തലസ്ഥാനമായ കാബൂളില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ പിന്നില്‍ പാക്കിസ്ഥാനാണെന്നു തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പാക്-അഫ്ഗാന്‍ സൈന്യങ്ങള്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടി. അതോടൊപ്പം പാക് താലിബാനും അഫ്ഗാന്‍ താലിബാനും തമ്മില്‍ ധാരണയായെന്നും കേള്‍ക്കുന്നു. 40 താലിബാന്‍കാരെ വധിച്ചെന്ന് പാക്കിസ്ഥാനും അവകാശപ്പെടുന്നു. ഖത്തറും സൗദിയും ഇടപെട്ടാണ് താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടായിരിക്കുന്നത്.
ഇതിനിടെ നവംബറില്‍ പാക്കിസ്ഥാനില്‍ വച്ചുനടക്കേണ്ട ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ ത്രിദിന ക്രിക്കറ്റ് പരമ്പരയും അവതാളത്തിലാണ്. പാക്കിസ്ഥാന്‍ ഇന്റലിജന്‍സും വന്‍പരാജയത്തിലെത്തിയിരിക്കുന്നത് സൈനിക നേതൃത്വത്തിലും ആശയക്കുഴപ്പങ്ങളേറെ സൃഷ്ടിച്ചിരിക്കുന്നു. പാക്കിസ്ഥാന്‍തന്നെ പാലൂട്ടിവളര്‍ത്തിയ തെഫ്രിക്-ഇ-താലിബാന്‍ പാക്കിസ്ഥാനും, പട്ടാളത്തിനെതിരേ നീങ്ങുന്നതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബാക്രമണങ്ങളെയും വ്യോമാതിര്‍ത്തിലംഘനത്തെയും തുടര്‍ന്ന് ഇരുകൂട്ടരുടെയും ബന്ധങ്ങള്‍ മോശമായ അവസ്ഥയിലാണ് ആഭ്യന്തരഭീകരാക്രമണത്തെയും പാക്കിസ്ഥാന്‍ നേരിടേണ്ടിവന്നിരിക്കുന്നത്. ഈയവസരം മുതലെടുത്തായിരിക്കാം ഇന്ത്യ ശത്രുവിന്റെ ശത്രുവിനെ അതിവേഗം മിത്രമാക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
തീരുമാനങ്ങള്‍ പ്രതീക്ഷകള്‍
അഫ്ഗാന്‍ജനതയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാലസൗഹൃദവും സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധങ്ങളും ഉയര്‍ത്തിക്കാട്ടി 2025 ഒക്ടോബര്‍ 10 ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറും അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖിയും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും ഏറെ ശ്രദ്ധേയമാണ്. 2021ല്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് സൈന്യം പിന്മാറുകയും താലിബാന്‍ ഭരണം പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ പൂട്ടിയ ഇന്ത്യന്‍ എംബസി തുറക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്നുള്ള താലിബാന്‍ ഭരണകൂടത്തെ ഈ അടുത്തനാളില്‍ അംഗീകരിച്ചത് റഷ്യ മാത്രമാണ്. എംബസി ഇല്ലെങ്കിലും ഇന്ത്യയുടെ ടെക്നിക്കല്‍ മിഷന്‍ കാബൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 250 കോടിയിലേറെ ഡോളര്‍ ഈ മിഷനിലൂടെ ഇന്ത്യ അഫ്ഗാന്‍ജനതയുടെ ജീവിതനിലനില്പിനായി മാനുഷികപരിഗണനവച്ച് ചെലവഴിച്ചിട്ടുണ്ട്.
ഇറാനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ചബഹാന്‍ തുറമുഖത്തിലേക്കുള്ള പാത അഫ്ഗാനിസ്ഥാനിലൂടെ ഇന്ത്യയ്ക്ക് ആവശ്യമാണ്. 2023 സെപ്തംബര്‍ 9,10 തീയതികളില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച് ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ പ്രധാന പ്രഖ്യാപനമായ ഇന്ത്യ-മിഡില്‍ ഈസ്റ്റ് യൂറോപ്പ് ഇടനാഴിക്ക് പാക്കിസ്ഥാന്‍ പ്രതിബന്ധമായിരിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യയ്ക്ക് വേണംതാനും. ഇറാനുള്‍പ്പെടെ മധ്യപൂര്‍വ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തിന്റെ സുഗമമായ നടത്തിപ്പിന് അഫ്ഗാനിസ്ഥാന്‍ സഹകരണം ഇന്ത്യയ്ക്ക് കൂടിയേതീരൂ.
സമാധാനവും സ്ഥിരതയും പരസ്പരവിശ്വാസവും പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകത ചര്‍ച്ചകളില്‍ ഇരുകൂട്ടരും ചൂണ്ടിക്കാട്ടിയപ്പോള്‍ പഹല്‍ഗാം ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാന്‍ അപലപിച്ചതിനെയും ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനെയും പരാമര്‍ശിച്ചു. ഇന്ത്യയ്ക്കെതിരേ അഫ്ഗാനിസ്ഥാന്റെ പ്രദേശം ഉപയോഗിക്കുവാന്‍ ഒരു ഗ്രൂപ്പിനെയോ വ്യക്തിയെയോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുത്തഖി വ്യക്തമാക്കിയത് ഇന്ത്യയുടെ നയതന്ത്രവിജയമാണ്. അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളില്‍ അടുത്തനാളുകളിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതാശ്വാസവുമായി കടന്നുവന്ന ഇന്ത്യയ്ക്കും അഫ്ഗാന്‍ വിദേശകാര്യമന്ത്രി നന്ദി പറഞ്ഞു. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്ഥാന്റെ വികസനസഹകരണപദ്ധതികളില്‍ പ്രത്യേകിച്ച ്ആരോഗ്യസംരക്ഷണം, പൊതുഅടിസ്ഥാനസൗകര്യങ്ങള്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നീ മേഖലകളില്‍ ഇന്ത്യ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലേക്ക് സമര്‍പ്പിക്കുകയും ചില തുടര്‍പദ്ധതികള്‍ക്ക് ഉടന്‍തന്നെ ധാരണയുണ്ടാവുകയും ചെയ്തു.
ഭക്ഷ്യധാന്യങ്ങള്‍, സാമൂഹിക സഹായവസ്തുക്കള്‍ തുടങ്ങിയ മാനുഷിക സഹായപദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും തുടരാനും തീരുമാനിച്ചു. അഫ്ഗാനിസ്ഥാനിലേക്കു തിരിച്ചയയ്ക്കപ്പെട്ട അഭയാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുവാന്‍ മാനുഷികമായ പിന്തുണയും ഇന്ത്യ പ്രഖ്യാപിച്ചു. സാംസ്‌കാരികരംഗത്ത്, പ്രത്യേകിച്ച് ക്രിക്കറ്റില്‍ കൂടുതല്‍ സഹകരണം, ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ എയര്‍ ഫ്രൈറ്റ് കോറിഡോര്‍, വ്യാപാര, വാണിജ്യം ശക്തിപ്പെടുത്തല്‍, പുതിയ ഇടനാഴി കണക്ടിവിറ്റി സുഗമമാക്കല്‍, ഉഭയകക്ഷിവ്യാപാരം വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലും തീരുമാനമായി.
അഫ്ഗാന്‍ ഖനനമേഖലയയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ചു. സുസ്ഥിര ജല മാനേജുമെന്റിന്റെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു. അഫ്ഗാനിസ്ഥാന്റെ ഊര്‍ജാവശ്യങ്ങള്‍ക്കും കാര്‍ഷികവികസനം ത്വരിതപ്പെടുത്തുവാനും ജലപദ്ധതികളില്‍ സഹകരിക്കും. ഹെറാത്തിലെ സല്‍വ അണക്കെട്ടിന്റെ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഇന്ത്യ നല്‍കുന്ന സഹായവും ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടു. താലിബാന്‍ ഭരണമാണെങ്കിലും അഫ്ഗാന്‍മണ്ണിനെയും ജനതയെയും ഇന്ത്യയോടു ചേര്‍ത്തുനിര്‍ത്തേണ്ടത് രാഷ്ട്രീയ, വ്യാപാര മുന്നേറ്റത്തിനും, അതിര്‍ത്തിസംരക്ഷണത്തിനും, പാക്കിസ്ഥാന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളോടുളള വിലപേശലിനും ഇന്ത്യയ്ക്കിന്ന് അനിവാര്യമാണ്.
അഡ്വ. വി. സി. സെബാസ്റ്റ്യന്‍
