•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

പാലാ സെന്റ് തോമസ് കോളജ് നാടിനു വിജ്ഞാനവെളിച്ചം പകര്‍ന്ന കുലീനകലാലയം

   നാടിനു വെളിച്ചവും ധാര്‍മികബോധനവും പകര്‍ന്ന കുലീനകലാലയമാണ് പാലാ സെന്റ് തോമസ് കോളജെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ഒക്‌ടോബര്‍ 23 ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കേരളത്തെ മുന്‍നിരസംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ പ്രാപ്തമാക്കിയത് സാക്ഷരതയും വിദ്യാഭ്യാസവുമാണെന്നു രാഷ്ട്രപതി പറഞ്ഞു. വികസനത്തിന്റെയും വളര്‍ച്ചയുടെയും അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള താക്കോലാണ് വിദ്യാഭ്യാസം. പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് പാലാ സെന്റ് തോമസ് കോളജ് സ്ഥാപിച്ചത്. 75 വര്‍ഷമായി സെന്റ് തോമസ് കോളജ് ഈ ലക്ഷ്യം നിറവേറ്റുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു.
    ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ കോളജ് തുടര്‍ന്നും പങ്കുവഹിക്കുമെന്നും അതുവഴി 2047 ആകുമ്പോഴേക്കും കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹവും വികസിതഭാരതവും കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്കുമെന്നും തനിക്കുറപ്പുണ്ട്. വിദ്യാഭ്യാസമില്ലാത്ത ഒരു പ്രദേശം ഇരുണ്ടപ്രദേശമായി തുടരും. വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യക്തിഗതവും കൂട്ടായതുമായ പുരോഗതിയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വെളിച്ചം പരത്തുന്നതില്‍ സെന്റ് തോമസ് കോളജിന്റെ ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. സമഗ്രവിദ്യാഭ്യാസം സാര്‍വത്രിക അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഞാന്‍ കോളജിനെ അഭിനന്ദിക്കുന്നു. - രാഷ്ട്രപതി പറഞ്ഞു.
    കോളജിന്റെ എംബ്ലത്തില്‍ എഴുതിയിരിക്കുന്ന ജീവിതം, പ്രകാശം, സ്‌നേഹം എന്നീ വാക്കുകള്‍ മാനുഷികമൂല്യങ്ങളെ സ്ഫുരിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസരംഗത്തു മാത്രമല്ല, രാജ്യത്തിന്റെ കായികമുന്നേറ്റത്തിലും മറ്റു തലങ്ങളിലും സെന്റ് തോമസ് കോളജ് ഈടുറ്റ സംഭാവന നല്‍കിയതായി രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
    അന്താരാഷ്ട്ര വോളിബോള്‍ ഇതിഹാസവും ഇവിടത്തെ പൂര്‍വവിദ്യാര്‍ഥിയുമായ ജിമ്മി ജോര്‍ജിന്റെ കായികനേട്ടത്തെ പുതിയ തലമുറ മാതൃകയാക്കണം. വേറെയും ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ ഈ കോളജിന്റെ പൂര്‍വവിദ്യാര്‍ഥികളായുണ്ട്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെപ്പോലുള്ള നിയമജ്ഞരും കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും നയതന്ത്രജ്ഞരും വിദ്യാഭ്യാസവിചക്ഷണരും ഉദ്യോഗസ്ഥപ്രമുഖരും ഇവിടെ പഠിച്ചവരില്‍പ്പെടുന്നു. ധാര്‍മികതയും സാഹോദര്യവും ദേശസ്‌നേഹവും പ്രസരിപ്പിക്കുന്ന അധ്യാപനത്തിലൂടെ നാടിന് വിശിഷ്ടവ്യക്തികളെ സമ്മാനിക്കാന്‍ കോളജിനു കഴിഞ്ഞു. കെ.ആര്‍.നാരായണന്‍ കോട്ടയത്തിന്റെ മകനായിരുന്നു. എളിയ തുടക്കത്തില്‍നിന്നാണ് അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തെത്തിയത്. 
   സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്കു കോട്ടയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നൂറ്റാണ്ടുമുമ്പു നടന്ന വൈക്കം സത്യഗ്രഹം ഇതിനു പ്രധാന തെളിവാണ്. കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ ആദ്യകാല അച്ചടിശാലകളില്‍ ഒന്നുമായ അച്ചടിശാല കോട്ടയത്താണ് സ്ഥാപിതമായത്. വായിച്ചുവളരുകയെന്ന മുദ്രാവാക്യത്തോടെ സാക്ഷരകേരളമുന്നേറ്റത്തിനും ഗ്രന്ഥശാലാപ്രസ്ഥാനത്തിനും നായകത്വം വഹിച്ച പി.എന്‍. പണിക്കരുടെ നാടാണു കോട്ടയമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. 
ബിഷപ് വയലില്‍ ഹാളില്‍  നടന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രിയും പൂര്‍വവിദ്യാര്‍ഥിയുമായ ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. പാലാ ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രിയും പൂര്‍വവിദ്യാര്‍ഥിയുമായ റോഷി അഗസ്റ്റിന്‍, എം.പിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, മാണി സി. കാപ്പന്‍ എംഎല്‍എ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. രാഷ്ട്രപതി, ഗവര്‍ണര്‍, മന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആറന്‍മുള കണ്ണാടി സമ്മാനിച്ചു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)