•  6 Nov 2025
  •  ദീപം 58
  •  നാളം 35
കരുതാം ആരോഗ്യം

നിസ്സാരമല്ലാത്ത നിശ്ശബ്ദരോഗം ഓസ്റ്റിയോപൊറോസിസ് (അസ്ഥിശോഷണം)

  ഓസ്റ്റിയോപൊറോ സിസ് അഥവ അസ്ഥി ശോഷണം എന്നത് അസ്ഥികള്‍ ദുര്‍ബലമായി തകരാറിലാകുന്ന സ്ഥിതിയാണ്.  അസ്ഥികളുടെ സാന്ദ്രത കുറയുകയും തുടര്‍ന്ന് അസ്ഥികളുടെ ധാതുക്ഷയം സംഭവിച്ച് കട്ടികുറഞ്ഞ് പൊട്ടുകയും ചെയ്യുന്നതാണ് ഈ രോഗം. പ്രധാനമായും വാര്‍ധക്യസഹജമായ രോഗമാണിത്. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുക. ആറിന് ഒന്ന് എന്ന അനുപാതത്തിലാണ് ഇന്ത്യന്‍ ജനസംഖ്യപ്രകാരം ഈ രോഗം കണ്ടുവരുന്നത്. 
ഓസ്റ്റിയോപൊറോസിസ്  രണ്ടു വിധത്തില്‍ 
   ഓസ്റ്റിയോപൊറോസിസിനെ രണ്ടായി തിരിക്കാം-പ്രൈമറി ഓസ്റ്റിയോപൊറോസിസ് എന്നും സെക്കന്‍ഡറി ഓക്സ്റ്റിയോപൊറോസിസ് എന്നും. പ്രൈമറി ഓസ്റ്റിയോപോറോസിസ് രണ്ടു വിധത്തിലുണ്ട്. ടൈപ്പ് വണ്‍ എന്നു പറയുന്നത് സ്ത്രീകളില്‍ കണ്ടുവരുന്ന ഓസ്റ്റിയോപൊറോസിസ് ആണ്. ആര്‍ത്തവവിരാമത്തിന്റെ അവസാനം ഹോര്‍മോണ്‍വ്യതിയാനം കൊണ്ടു വരുന്നതാണിത്. ഈസ്ട്രജന്‍ ഹോര്‍മോണാണ് ഇതില്‍ അപകടകാരികളായി വരുന്നത്. ടൈപ്പ് 2 എന്നു പറയുന്ന ഓസ്റ്റിയോപൊറോസിസ് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വരുന്നതാണ്. പ്രായം കൂടുന്നവരിലാണ് ഇതു കൂടുതലായി കാണപ്പെടുക. 
   സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് ജീവിതസാഹചര്യങ്ങള്‍കൊണ്ടുണ്ടാകുന്നതാണ്. പല ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കാരണവും നമുക്കുണ്ടാകുന്ന അസുഖങ്ങള്‍ കാരണവും ഇതുവരും. സ്റ്റീറോയ്ഡ്‌പോലുള്ള മരുന്നുകള്‍, അപസ്മാരംപോലുള്ള രോഗത്തിന് ഒരുപാടുകാലം ഉപയോഗിക്കുന്നതുമൂലവും ഓസ്റ്റിയോപൊറോസിസ് വരാറുണ്ട്. മദ്യപാനം, പുകവലി എന്നിവയെത്തുടര്‍ന്നും ഒരുപാടുകാലമായി ശയ്യാവലംബിയായി കൈയും കാലും അനങ്ങാതെ കിടക്കുന്നവര്‍ക്കും ഈ രോഗത്തിനു സാധ്യതയുണ്ട്. ഇതു രണ്ടുമല്ലാതെ വാതംപോലുളള രോഗം കൊണ്ടും കരളിനും വൃക്കയ്ക്കും വരുന്ന മറ്റസുഖങ്ങള്‍കൊണ്ടും ഇതിന്റെ പാര്‍ശ്വഫലമായും ഓസ്റ്റിയോപൊറോസിസിനു സാധ്യതയുണ്ട്. 
എങ്ങനെ കണ്ടുപിടിക്കാം?
     മറ്റസുഖങ്ങളെ വച്ചു നോക്കുമ്പോള്‍ നിശ്ശബ്ദരോഗമാണിത്. പലരിലും ഒടിവോ മറ്റു ഫ്രാക്ചറുകളോ ഉണ്ടായെങ്കിലേ രോഗം വെളിപ്പെടുകയുള്ളൂ. അതുവരെ വലിയപ്രശ്‌നങ്ങള്‍ ആര്‍ക്കും കാണാറില്ല. എല്ലുകളുടെ വേദന ചിലരില്‍ കാണപ്പെടുമെങ്കിലും പ്രായസഹജമാണ് എന്നു കരുതി പലരും തള്ളിക്കളയുകയാണു ചെയ്യുന്നത്. ഇതു ചിലപ്പോള്‍ ഓസ്റ്റിയോപൊറോസിസിന്റെ സൂചനയാകാം. വളരെ ചുരുക്കം ചിലരില്‍ നട്ടെല്ലില്‍ ചെറിയ വളവുകാണപ്പെടാന്‍ സാധ്യതയുണ്ട്. പരിശോധനകള്‍വഴി ഓസ്റ്റിയോപൊറോസിസ് കണ്ടുപിടിക്കാന്‍ സാധിക്കും. 
ബി.എം.ടി. അഥവാ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റും, ഡെക്‌സാ സ്‌കാന്‍ എന്ന അള്‍ട്രാസൗണ്ടുമുഖേനയുള്ള സ്‌കാനിങുവഴിയും ഓസ്റ്റിയോപൊറോസിസ് ഉണ്ടോ എന്നു കണ്ടെത്താന്‍ സാധിക്കും. ബി.എം.ടി. ലളിതമായ പരിശോധനാരീതിയാണ്. കാലിന്റെ കാല്‍ക്കേനിയം എന്നു പറയുന്ന എല്ലില്‍നിന്നും കട്ടി കുറവുണ്ടോ എന്നു നോക്കുന്ന പരിശോധനയാണിത്. കുറച്ചുകൂടി നൂതനമായ പരിശോധനയാണ് ഡെക്‌സാ സ്‌കാന്‍. തുട, എല്ല്, ഇടുപ്പെല്ല്, നട്ടെല്ല്, കൈക്കുഴ എന്നിവിടങ്ങളിലെ എല്ലിന്റെ സാന്ദ്രത പരിശോധിച്ച് അത് ആരോഗ്യവാന്മാരായവരുടെ എല്ലുകളുമായി താരതമ്യം ചെയ്ത ശേഷം ടി സ്‌കോര്‍ എന്ന സ്‌കോര്‍ വഴി നോക്കിയാണ് എല്ലിന്റെ കട്ടി കുറവുണ്ടോ എന്നു കണ്ടുപിടിക്കുന്നത്. 
ഓസ്റ്റിയോപൊറോസിസ് വരാതെ നോക്കാം
    മറ്റസുഖങ്ങളെ വച്ചു നോക്കുമ്പോള്‍ നിശ്ശബ്ദരോഗമായതിനാല്‍ രോഗം വരാതെ നോക്കുക എന്നതാണ് പ്രധാനമായ കാര്യം. അതിനായി ഭക്ഷണത്തിലും ജീവിതശൈലിയിലും ക്രമീകരണങ്ങള്‍ വരുത്തണം. ഭക്ഷണത്തില്‍ കാല്‍സ്യമാണ് എല്ലില്‍ ധാരാളമായി വേണ്ട ധാതു. കാല്‍സ്യം ആവശ്യത്തിനു ലഭിക്കുന്ന ഭക്ഷണങ്ങള്‍വഴി ഓസ്റ്റിയോപൊറോസിസ് തടയാന്‍ സാധിക്കും. കാല്‍സ്യത്തിനൊപ്പം വൈറ്റമിന്‍ ഡി സപ്ലിമെന്റും ആവശ്യമാണ്. വൈറ്റമിന്‍ ഡി ആണ് എല്ലില്‍ കാല്‍സ്യത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്നത്. ഇതല്ലാതെ മരുന്നുകളും ലഭ്യമാണ്. എല്ലിന്റെ സാന്ദ്രത കുറയുന്നതു തടയുന്നതിനുള്ള മരുന്നുണ്ട്. മരുന്നുകഴിച്ചാല്‍ ക്രമാതീതമായി എല്ലിന്റെ സാന്ദ്രത കുറയുന്നതു തടയാന്‍ സഹായിക്കും. കൂടാതെ ഹോര്‍മോണ്‍ തെറാപ്പികളുമുണ്ട്. സ്ത്രീകളില്‍ മാത്രമായി ഈസ്ട്രജന്‍ ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നതുകൊണ്ടും ഒരു പരിധിവരെ ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ സാധിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)