വത്തിക്കാന്‍: സഭയില്‍ ആരും ആജ്ഞാപിക്കാന്‍ വിളിക്കപ്പെടുന്നില്ലെന്നും; മറിച്ച്, സേവനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ ലെയോ പതിന്നാലാമന്‍ പാപ്പാ. ''സഭയിലെ പരമോന്നത ഭരണം സ്‌നേഹമാണ്: കല്പിക്കാന്‍ ആരും വിളിക്കപ്പെടുന്നില്ല, എല്ലാവരും സേവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു; ആരും അവരുടെ ആശയങ്ങള്‍ അടിച്ചേല്പിക്കരുത്, നാമെല്ലാവരും പരസ്പരം ശ്രവിക്കണം; ആരും  ഒഴിവാക്കപ്പെടുന്നില്ല, നാമെല്ലാവരും പങ്കുചേരുവാന്‍  വിളിക്കപ്പെട്ടിരിക്കുന്നു; ആര്‍ക്കും മുഴുവന്‍ സത്യവും ഇല്ല, നാമെല്ലാവരും താഴ്മയോടെ, കൂട്ടായ്മയില്‍  അത് അന്വേഷിക്കണം'', പാപ്പാ പറഞ്ഞു.
    സിനഡല്‍ സംഘത്തിന്റെയും സഭയ്ക്കുള്ളില്‍ വിശ്വാസികള്‍ ശ്രവിക്കപ്പെടുന്നതിനും കൂടിയാലോചനയില്‍ പങ്കാളികളാക്കപ്പെടുന്നതിനും വഴിയൊരുക്കുന്ന സംഘടനകളുടെയും ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച്, ഒക്ടോബര്‍ ഇരുപത്തിയാറാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
പിതാവായ ദൈവത്തിന്റെ സ്‌നേഹാലിംഗനത്തില്‍ മനുജകുലം മുഴുവന്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ എടുത്തുപറഞ്ഞു.
സിനഡല്‍സംഘത്തിന്റെയും സഭയ്ക്കുള്ളിലെ പങ്കാളിത്ത സമിതികളുടെയും ജൂബിലി ആഘോഷിക്കുന്നതിലൂടെ, സഭയുടെ രഹസ്യത്തെക്കുറിച്ചു കൂടുതല്‍ ധ്യാനിക്കുന്നതിനും, അതിനെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും  ചെയ്യുന്ന പരിശുദ്ധാത്മാവില്‍ വളരുന്നതിനും നമുക്കു സാധിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ബന്ധങ്ങള്‍ അധികാരത്തിന്റെ യുക്തിയോടല്ല; മറിച്ച് സ്‌നേഹത്തിന്റെ യുക്തിയോടാണ് പ്രതികരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ക്രിസ്തീയസമൂഹത്തില്‍ പ്രഥമസ്ഥാനം ആത്മീയജീവിതത്തിനാണ്. ഇതു നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും നമ്മള്‍സഹോദരീസഹോദരന്മാരാണെന്നും പരസ്പരം സേവിക്കാന്‍ വിളിക്കപ്പെട്ടവരാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.
    ക്രിസ്ത്യാനികള്‍ ഒരുമിച്ചു നടക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു; ഒരിക്കലും ഏകാന്തയാത്രക്കാരല്ല. ദൈവത്തിലേക്കും നമ്മുടെ സഹോദരീസഹോദരന്മാരിലേക്കും എത്തിച്ചേരുന്നതിനു നമ്മില്‍നിന്നു പുറത്തുപോകാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനവും പാപ്പാ അടിവരയിട്ടു പറഞ്ഞു. ചുങ്കക്കാരനും ഫരിസേയനും ദേവാലയത്തില്‍ നടത്തിയ പ്രാര്‍ഥനയുടെ ആത്മീയവിശകലനവും പാപ്പാ നല്‍കി.
മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്ന അവകാശവാദം, ഈ വചനത്തിലെ വ്യക്തികളെപ്പോലെ, വിഭജനം സൃഷ്ടിക്കുകയും സമൂഹത്തെ ന്യായവിധിയുടെയും ബഹിഷ്‌കരണത്തിന്റെയും സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍, സഭയില്‍  നാമെല്ലാവരും ദൈവത്തെ ആവശ്യമുള്ളവരാണെന്നും, പരസ്പരം ആവശ്യമുള്ളവരാണെന്നും.  പരസ്പരസ്‌നേഹത്തില്‍, കൂട്ടായ്മയില്‍ വളരേണ്ടവരാണെന്നുമുള്ള ബോധ്യം വളര്‍ത്തിയെടുക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
   ഐക്യവും വൈവിധ്യവും, പാരമ്പര്യവും പുതുമയും, അധികാരവും പങ്കാളിത്തവും തമ്മിലുള്ള പിരിമുറുക്കങ്ങളെ ആത്മവിശ്വാസത്തോടെയും പുതിയ ചൈതന്യത്തോടെയും ജീവിക്കാനും ക്രിസ്തുവിന്റെ ചിന്തകള്‍ നമ്മുടേതാക്കി മാറ്റുവാനും പാപ്പാ ആഹ്വാനം ചെയ്തു. മാനവികതയുടെ പാദങ്ങള്‍ കഴുകാന്‍  സ്വയംതാഴ്ന്ന ഒരു സഭയായിരിക്കണം നമ്മുടേതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
                    അന്തർദേശീയം
                    
                സഭയില്‍ ആരും ആജ്ഞാപിക്കുവാന്‍ വിളിക്കപ്പെടുന്നില്ല; ഏവരും സേവനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു ലെയോ പതിന്നാലാമന്‍ പാപ്പാ
                    
							
 *
                    