എല്ലാ മലയാളികളുടെയും ചിരകാലസ്വപ്‌നമായിരുന്ന ഐക്യകേരളം പിറന്നിട്ട് നവംബര്‍ ഒന്നിന് 69 വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ കാലങ്ങളില്‍ നാം എന്തു നേടി, നമുക്കെന്തു നഷ്ടപ്പെട്ടു? സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാന ഘടകങ്ങളായ കൃഷി, വ്യവസായം, സേവനമേഖല എന്നിവയില്‍ നമ്മുടെ പുരോഗതി എങ്ങനെ?
കാര്‍ഷികമേഖലയില്‍ 70 കൊല്ലംമുമ്പ് നെല്‍ക്കൃഷി 8 ലക്ഷം ഹെക്ടര്‍ വിസ്തൃതിയില്‍ ഉണ്ടായിരുന്നെങ്കിലും, അന്നു നമുക്കാവശ്യമായിരുന്ന അരിയുടെ മൂന്നിലൊന്നു ഭാഗം മാത്രമാണ് കേരളത്തിന് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നത്. ഭക്ഷ്യധാന്യക്കമ്മി നാം നികത്തിയിരുന്നത്, അരി ആന്ധ്രയില്‍നിന്ന് ഇറക്കുമതി ചെയ്തും (ഇ.എം.എസിന്റെ 1957 ലെ മന്ത്രിസഭ നേരിടേണ്ടിവന്ന ആന്ധ്ര അരികുംഭകോണം ഓര്‍മയിലുണ്ടോ?) അമേരിക്കയില്‍നിന്നു ദാനമായി ലഭിച്ചിരുന്ന ഗോതമ്പ് കൊച്ചിതുറമുഖത്ത് കപ്പലില്‍നിന്നുമിറക്കി, നേരേ റേഷന്‍കടയിലെത്തിച്ച്, അവിടെ കാത്തുനിന്നിരുന്ന ജനങ്ങള്‍ക്കു വിതരണം ചെയ്തുമായിരുന്നു.
പല കാരണങ്ങള്‍കൊണ്ടും ഇന്നു നമ്മുടെ നെല്‍ക്കൃഷി ഒന്നരലക്ഷം ഹെക്ടറായി ചുരുങ്ങിപ്പോയെങ്കിലും, നമ്മുടെ ഉത്പാദനക്ഷമത ഹെക്ടര്‍ ഒന്നിന് 3000 കിലോഗ്രാം വരെ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഹരിതവിപ്ലവത്തിനുശേഷം ഇന്ത്യയുടെ ഭക്ഷ്യധാന്യഉത്പാദനം 30 മില്യണ്‍ ടണ്ണില്‍നിന്നു, 330 മില്യണ്‍ ടണ്ണായി ഉയര്‍ന്ന്, ഇന്ത്യ, ഇന്ന് ഏറ്റവും വലിയ ഭക്ഷ്യധാന്യക്കയറ്റുമതി രാജ്യങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നതുകൊണ്ട് നാം പട്ടിണിയില്ലാതെ സുഖമായിക്കഴിയുന്നു.
നാളികേരത്തിന്റെ കാര്യത്തില്‍ സ്ഥലവിസ്തൃതി അന്നത്തെ 9 ലക്ഷം ഹെക്ടറില്‍നിന്നും ഏഴരലക്ഷം ഹെക്ടര്‍ വരെ മാത്രമേ കുറഞ്ഞിട്ടുള്ളൂവെങ്കിലും, ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ തമിഴ്‌നാടും മറ്റും നമ്മെ കടത്തിവെട്ടിക്കഴിഞ്ഞു. ഇനി, റബറിന്റെ കാര്യം. കേരളപ്പിറവി കഴിഞ്ഞ് ആറു പതിറ്റാണ്ടുകാലത്ത്, 2014 വരെ, റബര്‍കൃഷിയുടെ വിസ്തീര്‍ണവും, റബറിന്റെ ഉത്പാദനവും കുതിച്ചുയരുകയായിരുന്നു. തോട്ടങ്ങളുടെ വിസ്തീര്‍ണം, 70,000 ഹെക്ടറില്‍നിന്നു പത്തുമടങ്ങായി 7 ലക്ഷം ഹെക്ടര്‍! ഉത്പാദനം 30,000 ടണ്ണില്‍നിന്ന് ഒന്‍പതേമുക്കാല്‍ ലക്ഷം ടണ്‍ (9.75 ലക്ഷം ടണ്‍)! ഹെക്ടറൊന്നിനുള്ള റബര്‍ ഉത്പാദനത്തില്‍ ലോകത്തില്‍ ഒന്നാംസ്ഥാനം. പക്ഷേ, 2013-14 കഴിഞ്ഞതോടെ റബറിനു വന്‍തിരിച്ചടി! കാരണം, റബര്‍ ഇറക്കുമതിയുടെ അതിപ്രസരം! റബര്‍കൃഷി വളര്‍ന്നതുപോലെതന്നെ, റബര്‍വ്യവസായവും വളര്‍ന്നു. ഉത്പാദനത്തെക്കാള്‍ 10 ശതമാനം കൂടുതലായിരുന്നു, ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്കാവശ്യമായ റബറിന്റെ അളവ്. ഈ ആവശ്യം നിറവേറ്റാന്‍ മാത്രമുള്ള ഇറക്കുമതി, അതായത് ഉത്പാദനത്തിന്റെ പത്തു ശതമാനം അവര്‍ ആണ്ടുതോറും ഇറക്കുമതി ചെയ്തിരുന്നു. പക്ഷേ, 2013 ആയപ്പോഴേക്കും വ്യവസായമാന്ദ്യം കാരണം ചൈനയും അമേരിക്കയും മറ്റും ഇറക്കുമതി ചെയ്യാന്‍ കരാറായിരുന്ന റബര്‍ അവര്‍ക്കു വാങ്ങാന്‍ കഴിഞ്ഞില്ല. വിപണിയില്‍ കെട്ടിക്കിടന്ന ഈ റബര്‍ കുറഞ്ഞ വിലയ്ക്കു നേടിയ നമ്മുടെ ടയര്‍ കമ്പനികള്‍ അവ വന്‍തോതില്‍ ഇറക്കുമതി ചെയ്ത് സംഭരിച്ചു. ഓരോ കൊല്ലവും, ഒന്നരലക്ഷം ടണ്‍, രണ്ടര ലക്ഷം ടണ്‍, മൂന്നര ലക്ഷം ടണ്‍ എന്നിങ്ങനെ ഇറക്കുമതിറബറിന്റെ അളവ് വര്‍ധിച്ചു. ഈ റബര്‍ മുഴുവന്‍ ഗോഡൗണില്‍ വച്ച ടയര്‍കമ്പനികള്‍ ആഭ്യന്തരവിപണിയില്‍നിന്നു മാറിനിന്ന് റബറിന്റെ വിലയിടിച്ചു. വില തീരെ കുറഞ്ഞതോടെ, അനേകകര്‍ഷകര്‍ക്ക് ടാപ്പറുടെ കൂലിയും മറ്റത്യാവശ്യകൃഷിച്ചെലവുകളും കഴിഞ്ഞ് മിച്ചമൊന്നും കിട്ടാതായി. അതോടെ ടാപ്പിങ് നിറുത്തിവയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അങ്ങനെ 2015 ആയപ്പോഴേക്കും ആഭ്യന്തറബറുത്പാദനം ഒന്‍പതേമുക്കാല്‍ ലക്ഷംടണ്ണില്‍നിന്നു വെറും അഞ്ചുലക്ഷം ടണ്‍ മാത്രമായി കുറഞ്ഞു! വ്യവസായികളുടെ ഡിമാന്‍ഡ് അപ്പോഴേക്കും പത്തര ലക്ഷം ടണ്ണായി ഉയര്‍ന്നു. അതോടെ ഇറക്കുമതി 5 ലക്ഷം ടണ്ണിലേക്കുയര്‍ന്നു. ആഭ്യന്തര റബറുത്പാദനനഷ്ടത്തിന്റെ മൂലകാരണം, 2013 മുതല്‍ തുടര്‍ച്ചയായി മൂന്നു കൊല്ലക്കാലത്തു നടന്ന ഇറക്കുമതിയുടെ അതിപ്രസരമായിരുന്നു.
ഇങ്ങനെ ഇറക്കുമതിയുടെ അതിപ്രസരണം കാരണം, ഒരു ഉത്പന്നത്തിന്റെ ആഭ്യന്തരോത്പാദനം കുറഞ്ഞുപോയാല്‍, ആ ഉത്പാദനനഷ്ടം വീണ്ടെടുക്കാനായി ഇറക്കുമതിയുടെ അളവു നിയന്ത്രിക്കാനായി, സര്‍ക്കാരിന് ഉത്പന്നത്തിന്റെ ഇറക്കുമതിച്ചുങ്കം 3 വര്‍ഷക്കാലത്തേക്ക് യഥേഷ്ടം ഉയര്‍ത്താന്‍ അധികാരമുണ്ട്. പക്ഷേ, ചെറുകിടകര്‍ഷകര്‍ക്കുവേണ്ടി, റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി നിര്‍ണയിക്കാന്‍ ടയര്‍വ്യവസായികളുടെ സ്വാധീനവലയത്തില്‍വീണ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ചുരുക്കത്തില്‍ വിദേശഇറക്കുമതി ഇന്നും 5 ലക്ഷം ടണ്‍, ആറു ലക്ഷം ടണ്‍ എന്നിങ്ങനെ തുടരുന്നു. റബറിന്റെ വില അന്താരാഷ്ട്രവിലയെക്കാള്‍ താഴ്ന്നതലത്തില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കേന്ദ്രം ടയര്‍വ്യവസായികളെ അനുവദിക്കുകയും ചെയ്യുന്നു.
അങ്ങനെ പ്രധാനപ്പെട്ട ഏഴെട്ടു ടയര്‍ കമ്പനികള്‍ ചേര്‍ന്ന് ഒരു കുത്തകശക്തിപോലെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുഗ്രഹം ലഭിച്ചതോടെ, കേരളത്തിലെ റബര്‍കൃഷി അധോഗതിയിലായി. വടക്കേയിന്ത്യയില്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില കുറഞ്ഞുപോയാല്‍, അടുത്ത കൊല്ലം നെല്ലിനു പകരം, കരിമ്പോ ഗോതമ്പോ കൃഷി ചെയ്യാന്‍ കഴിയും. പക്ഷേ, ദീര്‍ഘകാലവിളയായ റബര്‍കൃഷി ചെയ്യുന്നവര്‍ക്ക് ഇങ്ങനെ പെട്ടെന്നു വിള മാറ്റി രക്ഷപ്പെടാന്‍ കഴിയില്ലല്ലോ? കേരളത്തിലെ റബര്‍കൃഷിയുടെ നടുവൊടിച്ചുകഴിഞ്ഞ്, കേന്ദ്രസര്‍ക്കാരും ടയര്‍വ്യവസായികളുംകൂടി ഇപ്പോള്‍ ആസാമിലും മേഘാലയത്തിലും ത്രിപുരയിലുമെല്ലാം റബര്‍കൃഷി വ്യാപിപ്പിക്കാന്‍ തീവ്രപരിശ്രമം നടത്തുന്നു.
നമ്മുടെ റബര്‍കര്‍ഷകരോട് ഒരഭ്യര്‍ഥന: ഇനി, വീണ്ടും റബര്‍ റീപ്ലാന്റ് ചെയ്യാതിരിക്കുക. ഇപ്പോള്‍ ടാപ്പു ചെയ്യുന്ന റബര്‍ റീപ്ലാന്റിങ്ങിനു സമയമാകുമ്പോള്‍, തെങ്ങു വയ്ക്കുക. അതിന് ഇടവിളയായി കൊക്കോയും, ഇവ രണ്ടിനും ഇടവിളയായി കുരുമുളക് കയറുന്ന പന്തലുകള്‍. തെങ്ങിനു രോഗം മുതലായ പ്രശ്‌നങ്ങളുണ്ടെന്നു കരുതിയാല്‍ എണ്ണപ്പന+കൊക്കോ+ കുരുമുളക്! കഴിഞ്ഞ നാലു തലമുറകളുടെ കാലത്ത് കേരളത്തില്‍ റബര്‍ കൃഷി ചെയ്ത് ഉത്പാദനക്ഷമതയില്‍ ലോകറിക്കാര്‍ഡ് സൃഷ്ടിച്ച നിങ്ങള്‍ നിങ്ങളുടേതല്ലാത്ത കാരണംകൊണ്ട് റബര്‍കൃഷി ഉപേക്ഷിച്ച് കൂടുതല്‍ ലാഭകരമായ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു. വിജയാശംസകള്‍!
ഫലഭൂയിഷ്ഠമായ മണ്ണ്, ആണ്ടുവട്ടം മുഴുവന്‍ 12 മണിക്കൂര്‍ സൂര്യപ്രകാശം, ഇടവപ്പാതിയും തുലാവര്‍ഷവുമായി സമൃദ്ധമായ മഴ ഇവയെല്ലാമുള്ള നമ്മുടെ കേരളത്തില്‍ കഠിനാദ്ധ്വാനികളായ കര്‍ഷകര്‍ക്ക് ഏതുവിളയും വിജയകരമാക്കാനുള്ള കഴിവുണ്ട്. പക്ഷേ, ഇന്നത്തെ ഉയര്‍ന്ന കൂലിച്ചെലവും മറ്റും പരിഗണിക്കുമ്പോള്‍, കാര്‍ഷികോത്പന്നങ്ങള്‍ വെറും ഉത്പന്നങ്ങളായി മാത്രം വിറ്റാല്‍ കൃഷി ലാഭകരമാക്കാന്‍ കഴിയില്ല. ലാഭം കിട്ടണമെങ്കില്‍ മൂല്യവര്‍ധിതോത്പന്നങ്ങളുണ്ടാക്കി വേണം വില്‍ക്കാന്‍. റബറിന്റെ ഏറ്റവും ലാഭകരമായ മൂല്യവര്‍ധിതോത്പന്നം ടയറാണ്. പക്ഷേ, വന്‍മൂലധനനിക്ഷേപം (2000 കോടി രൂപ). അതേസമയം, വിപണിയില്‍ കുത്തകകളായ ടയര്‍ലോബിയോടു മത്സരിച്ചു വിജയിക്കാന്‍ എളുപ്പമല്ല. അല്ലെങ്കില്‍, അവരോടൊപ്പം ചേരേണ്ടിവരും. അപ്പോള്‍ അവരോടൊത്തു കര്‍ഷകരെ ചൂഷണം ചെയ്യാന്‍ തുടങ്ങണം. വര്‍ഷങ്ങള്‍ക്കുമുമ്പ് കുറഞ്ഞ ചെലവില്‍ ഫാക്ടറി സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തുന്ന അവരെക്കാള്‍ ഉയര്‍ന്ന ഉത്പാദനച്ചെലവായിരിക്കും, പുതുതായി ഫാക്ടറി സ്ഥാപിക്കുന്ന നമ്മള്‍ നേരിടേണ്ടിവരുന്നത്.
മറുവശത്ത് എണ്ണപ്പന, നാളികേരം, കൊക്കോ, കുരുമുളക്, കപ്പ, വാഴ, പ്ലാവ് തുടങ്ങി മിക്ക കാര്‍ഷികോത്പന്നങ്ങളുടെ കാര്യത്തിലും വലിയ മൂലധനം മുടക്കാതെ, ലാഭകരമായി മൂല്യവര്‍ധിതവ്യവസായസംരംഭങ്ങള്‍ സ്ഥാപിച്ചുനടത്താന്‍ സാധിക്കും. എണ്ണപ്പനയുടെ പഴക്കുലകള്‍ ക്രഷ് ചെയ്ത് പാമോയില്‍, കൊക്കോ ഉപയോഗിച്ച് ചോക്ലേറ്റ്‌നിര്‍മാണം, കുരുമുളകിന്റെ വിവിധ മൂല്യവര്‍ധിതോത്പന്നങ്ങള്‍, ചക്ക, പൈനാപ്പിള്‍ മുതലായ പഴവര്‍ഗങ്ങളുടെ സംസ്‌കരണവ്യവസായം ഇവയെല്ലാം ലാഭകരമായി നടത്താന്‍ പ്രയാസമില്ലാത്ത സംരംഭങ്ങളാണ്.
ഇന്ന്, നാട്ടില്‍ തൊഴിലവസരങ്ങള്‍ ലഭിക്കാതെ വന്‍ചെലവില്‍ വിദേശത്തുപോയി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നമ്മുടെ ചെറുപ്പക്കാര്‍ക്ക് പ്രത്യാശാപൂര്‍വം, സ്വന്തം വീട്ടില്‍ത്തന്നെ താമസിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലയാണ്, മുകളില്‍ സൂചിച്ചത്. പക്ഷേ, ഈ പുതിയ സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കേരളസര്‍ക്കാര്‍, അവരുടെ നയങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തേണ്ടിയിരിക്കുന്നു.
പുതിയ വ്യവസായങ്ങളില്‍ മൂലധനനിക്ഷേപം നടത്തി കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളസര്‍ക്കാര്‍ പാടുപെടുകയാണല്ലോ. വാസ്തവത്തില്‍ വന്‍കിടവ്യവസായങ്ങളുടെ മേഖലയില്‍ കഴിഞ്ഞ 70 കൊല്ലക്കാലത്ത് പറയത്തക്ക പുരോഗതി നേടാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ആലുവ-കൊച്ചി വ്യവസായമേഖലയില്‍ രാജഭരണകാലത്തും, പിന്നീടും സ്ഥാപിക്കപ്പെട്ട നിരവധി (സര്‍ക്കാര്‍മേഖലയിലും, സ്വകാര്യമേഖയിലും) വ്യവസായസംരംഭങ്ങള്‍ മിക്കവാറും പരാജയപ്പെട്ട് അടച്ചുപൂട്ടിക്കഴിഞ്ഞു. എഫ്.എ.സി.ടി പോലും പ്രതീക്ഷയ്‌ക്കൊപ്പം വളര്‍ന്നിട്ടില്ല. മറ്റു പൊതുമേഖലാസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കൊച്ചി ഷിപ്‌യാര്‍ഡ് മാത്രമാണു രക്ഷപ്പെട്ടത്. എച്ച്.എം.ടി. തുടങ്ങിയ വലിയ സ്ഥാപനങ്ങള്‍പോലും പേരിനു മാത്രം പ്രവര്‍ത്തിക്കുന്നു. അതേസമയം കേരളസര്‍ക്കാരിന്റെ പൊതുമേഖലാസ്ഥാപനമായ കേരള മിനറല്‍സ്& മെറ്റല്‍സ് സംസ്ഥാനപൊതുമേഖലയുടെ എല്ലാ പരാധീനതകളുമുണ്ടെങ്കിലും, ഓരോ ആണ്ടിലും നൂറുകോടിയില്‍പ്പരം രൂപ ലാഭം നേടുന്നു. കേരളത്തിന്റെ എണ്ണയാണ് നമ്മുടെ തീരത്തടിയുന്ന ലോഹമണല്‍. ഈ ലോഹമണലുപയോഗിച്ച് മിനറല്‍സ്&മെറ്റല്‍സ്‌പോലെ ടൈറ്റാനിയം മെറ്റല്‍വരെ ഉത്പാദിപ്പിക്കാവുന്ന ആറു ഫാക്ടറികളെങ്കിലും നമുക്കു സ്ഥാപിക്കാം; പൊതുമേഖലയില്‍ അല്ല, സുതാര്യമായ ടെണ്ടര്‍ വഴി തിരഞ്ഞെടുക്കുന്ന ആറു വ്യത്യസ്ത സ്വകാര്യകമ്പനികളുടെ നേതൃത്വത്തില്‍. കേരളം നിക്ഷേപസൗഹൃദപരമായ നയങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ് നമ്മുടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും സെമിനാറുകള്‍ നടത്തി, വ്യവസായമേഖലയില്‍ നിക്ഷേപങ്ങള്‍ നേടിയെടുക്കാന്‍ കഠിനപരിശ്രമം നടത്തുന്നതു നമ്മള്‍ കാണുന്നുണ്ട്. പക്ഷേ, മറ്റു സംസ്ഥാനങ്ങള്‍ക്കു പല ലക്ഷം കോടികളുടെ മൂലധനനിക്ഷേപം നേടിയെടുക്കാന്‍ കഴിയുന്നു. കേരളത്തിനു കാര്യമായി ഒന്നും നേടാന്‍ കഴിയുന്നില്ല. ഇവിടെ അടിസ്ഥാനസൗകര്യങ്ങളായ വിമാനത്താവളങ്ങളും, വിമാനസര്‍വീസുകളും, വൈദ്യുതി, വെള്ളം മുതലായ അടിസ്ഥാനസൗകര്യങ്ങളുമുണ്ട്. പുതിയ തൊഴിലുകള്‍ പഠിച്ചെടുക്കാനും ബുദ്ധിപൂര്‍വം കാര്യം മനസ്സിലാക്കി, നല്ല ഉത്പാദനക്ഷമത നേടാനും കഴിവുള്ള തൊഴിലാളികളും നമുക്കുണ്ട്. പണ്ട് നമുക്കു ദുഷ്‌പേരുണ്ടാക്കിയ തൊഴില്‍രംഗത്തെ സമരങ്ങളും അച്ചടക്കമില്ലായ്മയുമെല്ലാം പഴയകഥകള്‍ മാത്രം. ഇന്ന്, അതൊന്നും പ്രശ്‌നമല്ല. പക്ഷേ, നമുക്കു ചീത്തപ്പേരുണ്ടാക്കുന്ന മറ്റു ചില പ്രശ്‌നങ്ങള്‍ ഇന്നും നിലനില്ക്കുന്നു. ഉദാഹരണമായി, 'നോക്കുകൂലി'! എന്താണ് ഈ പ്രശ്‌നമെന്നു നമുക്കറിയാം. ഇവിടെ വിശദീകരിക്കേണ്ട കാര്യമില്ല. തൊഴില്‍ ചെയ്യാതെ നോക്കിനിന്ന്, വന്‍തുക കരാറെടുത്ത് എന്തെങ്കിലും നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന പുതിയ കുത്തകക്കാര്‍! ഇവരുടെ ശല്യം ഇന്നും നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ്. സാധനങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യാനുള്ള കുത്തവകാശം നമ്മുടെ ചുമട്ടുതൊഴിലാളിനിയമമനുസരിച്ച് യൂണിയന്‍കാര്‍ക്ക് കുത്തക(മോണോപോളി) ആയി നല്‍കിയിരിക്കുകയാണ്. അവരുടെ കൂലി നിര്‍ണയിക്കാനും മറ്റുമുള്ള വ്യവസ്ഥകളുണ്ട്. 1978 ലെ കേരള ചുമട്ടുതൊഴിലാളിനിയമത്തില്‍ യൂണിയന്‍കാര്‍ക്ക് ലഭിച്ചിരിക്കുന്ന ഈ കുത്തവകാശം നടപ്പിലാക്കാനായി കേരളത്തിലെ നഗരങ്ങളിലും, ഗ്രാമങ്ങളിലും എല്ലാ പ്രധാന ജംഗ്ഷനുകളിലും, നീലവസ്ത്രധാരികളായ കുറേ ചെറുപ്പക്കാര്‍ വെടിപറഞ്ഞിരിക്കുന്നത്, നമ്മള്‍ കണ്ടിട്ടുണ്ടല്ലോ.
അതുവഴി കടന്നുപോകുന്ന ലോറികളെ തടഞ്ഞുനിര്‍ത്തി 'നോക്കുകൂലി' വാങ്ങിയശേഷംമാത്രം കടന്നുപോകാന്‍ അവയെ അവര്‍ അനുവദിക്കുന്നു. അവരുടെ സേവനം ആവശ്യമില്ലെന്നും, തങ്ങളുടെ സ്വന്തം തൊഴിലാളികളെക്കൊണ്ട് കയറ്റിറക്കല്‍പണി ചെയ്തുകൊള്ളാം, എന്ന് പറയുന്നവരെ ഇക്കൂട്ടര്‍ വെറുതെ വിടില്ല. നോക്കുകൂലി വാങ്ങിയേ തീരൂ. അതിനുവേണ്ടി തൊഴിലുടമയെ മര്‍ദിക്കാനും ഇവര്‍ മടിക്കാറില്ല. കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇവരുടെ പീഡനം അനുഭവിക്കേണ്ടിവരുന്നു. ഈ സംഭവങ്ങള്‍ക്കു നല്ല പ്രചാരവും ലഭിക്കുന്നു. അതോടെ ഇവിടെയെത്തുന്ന പുതിയ സംരംഭകര്‍ ഓടിരക്ഷപ്പെടുന്നു. സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ, തന്റെ വ്യവസായപദ്ധതി 'കേരളത്തില്‍ ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം' മാത്രമാണെന്നു മനസ്സിലാക്കി അവര്‍ പിന്‍വാങ്ങുന്നു.
ഈ ദയനീയസ്ഥിതിക്കു മാറ്റമുണ്ടാകണമെങ്കില്‍, വ്യവസായമേഖലയില്‍ കേരളം പച്ച പിടിക്കണമെങ്കില്‍, 'നോക്കുകൂലി' എന്ന ചൂഷണപരിപാടിക്ക് അന്ത്യം കുറിച്ചേ തീരൂ. നമ്മുടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറയാറുണ്ട്, 'നോക്കൂകൂലി നിയമപരമല്ല. അതു വാങ്ങുന്നവരുടെ പേരില്‍ നടപടിയെടുക്കും' പക്ഷേ, 'നോക്കുകൂലി' ഒഴിവാക്കാന്‍ കഴിയാത്ത ഒരു വിഷയമായിക്കരുതി പലരും അതു കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. മുതല്‍ ഇറക്കാന്‍ തുടങ്ങുന്നതിന്റെ ആരംഭഘട്ടത്തിലാണെങ്കില്‍, പദ്ധതി ഉപേക്ഷിച്ച് രക്ഷപ്പെടുന്നു. ഇതു ഫലപ്രദമായി നിരോധിക്കണമെങ്കില്‍ 1978ലെ ചുമട്ടുതൊഴിലാളിനിയമത്തില്‍ 'നോക്കുകൂലി' നിയമവിരുദ്ധമാണെന്നും, അതു വാങ്ങുന്നതും, വാങ്ങാന്‍ ശ്രമിക്കുന്നതും കുറ്റകരമാണെന്നും ഈ കുറ്റത്തിനു പിഴയും ജയില്‍ശിക്ഷയും ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യേണ്ടിയിരിക്കുന്നു. അതുപോലെതന്നെ, ചുമട്ടുതൊഴിലാളിയൂണിയനുകള്‍ക്കു ചുമടിറക്കാനും കയറ്റാനുമുള്ള കുത്തകാവകാശം നല്‍കുന്ന വ്യവസ്ഥകളും റദ്ദു ചെയ്യണം. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാനും കയറ്റാനുമുള്ള സ്വാതന്ത്ര്യംവേണം. ഒരു പ്ലംബറെയോ, ഇലക്ട്രീഷ്യനെയോ, കല്‍പ്പണിക്കാരനെയോ ജോലി ചെയ്യാന്‍ ഏര്‍പ്പെടുത്താന്‍ ഒരു യൂണിയനെയും നാം സമീപിക്കേണ്ട ആവശ്യമില്ലല്ലോ. ചുമടിറക്കാന്‍ മാത്രമെന്തിന് യൂണിയനുകളും പ്രത്യേക കുത്തവകാശങ്ങളും? നിയമംകൊണ്ടുവന്ന് നോക്കുകൂലി നിരോധിച്ചാല്‍ ചിത്രം മാറും. വിദേശവ്യവസായികള്‍ ഉടനെ എത്തുന്നില്ലെങ്കിലും നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധിതോത്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുതും വലുതുമായ അനേകം വ്യവസായങ്ങള്‍ ഉയര്‍ന്നുവരും. കാര്‍ഷികോത്പന്നങ്ങള്‍ അങ്ങനെതന്നെ നഷ്ടം സഹിച്ച് വില്‍ക്കുന്നതിനുപകരം മൂല്യവര്‍ധിതോത്പന്നങ്ങളായി അവ വിറ്റ് ലാഭമുണ്ടാക്കുന്ന നിരവധി യുവാക്കള്‍ സംരംഭകരായിത്തീരും. ഇന്ന് രക്ഷപ്പെടാനായി വിദേശത്തേക്കൊഴുകുന്ന പ്രവണതയും നിയന്ത്രിക്കപ്പെടും. നാട്ടുകാരായ ഇവരുടെ വിജയകരമായ പ്രവര്‍ത്തനം കാണുമ്പോള്‍ ആത്മവിശ്വാസത്തോടെ വിദേശസംരംഭകരും കേരളത്തിലെത്തും.
സേവനമേഖലയിലെ വ്യവസായങ്ങളാണ് സോഫ്റ്റ്‌വേര്‍, ഐ.റ്റി. തുടങ്ങിയവയും ടൂറിസവും. ഈ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള മലിനവസ്തുക്കള്‍ പ്രതിദിനം നീക്കംചെയ്ത് നമ്മുടെ നാട് വൃത്തിയും ശുചിത്വവുമുള്ളതുമാക്കി സംരക്ഷിക്കാന്‍ നമ്മുടെ പഞ്ചായത്തുകളും നഗരസഭകളും തയ്യാറാകണം. ഈ മേഖലയെ ബാധിക്കുന്ന മറ്റൊരു വാര്‍ത്ത ഇപ്പോള്‍ കിട്ടിയത്, ഇവിടെ കൊടുക്കുന്നു:
ഒരു വിദേശവനിതാടൂറിസ്റ്റിന്റെ പ്രസ്താവന: ഞങ്ങള്‍ കുറേ വനിതകള്‍ കൊച്ചിയില്‍ വിമാനമിറങ്ങി. കടലും കായലും വൃക്ഷനിബിഡമായ നാടുംകണ്ട് ആസ്വദിച്ചു. അവസാനം മൂന്നാറിലെത്തി. താമസം സന്തോഷകരം. തിരിച്ചുപോകാന്‍ നേരം യൂബര്‍ കമ്പനിയുടെ ടാക്‌സിക്കാര്‍ വിളിച്ചു. ഞങ്ങളെ മൂന്നു ദിവസം ഇവിടെയെത്തിച്ച ഡ്രൈവറെത്തി. പക്ഷേ, സ്ഥലത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ യൂണിയന്‍കാര്‍ എത്തി, യാത്ര തടഞ്ഞു. ഇവിടെ യാത്രക്കാരെ കൊണ്ടുപോകുന്നത് അവരുടെ അവകാശമാണുപോലും. പൊലീസിനെ വിളിച്ചു. അവര്‍ യൂണിയന്‍കാരോടു മാത്രം സംസാരിച്ചു. നിങ്ങള്‍ അവരോടൊപ്പം പോവുക-പൊലീസിന്റെ നിര്‍ദേശം. എനിക്ക് എന്റെ സുരക്ഷ വലുതാണ്. എന്നോട് അല്പംമുമ്പ് രൂക്ഷമായി സംസാരിച്ച് എന്നെ ഭീഷണിപ്പെടുത്തിയ ഡ്രൈവറോടൊപ്പം ഒരു വനിതയായ ഞാന്‍ എങ്ങനെ വിശ്വസിച്ച് യാത്ര ചെയ്യാന്‍ കഴിയും? വേറെ വഴിയില്ലെന്നു പറഞ്ഞ് പൊലീസുകാര്‍ മടങ്ങി.
ഹോട്ടലിലെ നിര്‍ദേശമനുസരിച്ച് ഞങ്ങള്‍ അല്പം ദൂരെയൊരിടത്തെത്തി. യൂബര്‍ ഡ്രൈവറിനെ അങ്ങോട്ടു വിളിച്ചു. പക്ഷേ, യൂണിയന്‍കാര്‍ അവിടെയുമെത്തി. പത്തിരുപതുപേര്‍ 'നിങ്ങള്‍ ഞങ്ങളുടെ കാറില്‍ യാത്ര ചെയ്യുക. അല്ലെങ്കില്‍ ഇവിടെ താമസിച്ചുകൊള്ളുക' അവരുടെ നിര്‍ദേശം.
ഞാന്‍ തീരുമാനിച്ചു. ഈ നാട് സുന്ദരമാണ്. പക്ഷേ, ഇനി ഞാന്‍ ഇങ്ങോട്ടില്ല! നാം മാറേണ്ടേ?
പി.സി. സിറിയക്
