•  6 Nov 2025
  •  ദീപം 58
  •  നാളം 35
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

    താന്‍ ഏറ്റവും വെറുക്കുന്ന മകന്റെ വരവ് മാത്തുക്കുട്ടിയെ ആകെ അസ്വസ്ഥനാക്കി. ബെഡ്ഡില്‍നിന്നെഴുന്നേറ്റ് ഓടാന്‍ കഴിയുമായിരുന്നെങ്കില്‍ അയാള്‍ അതു ചെയ്യുമായിരുന്നു. പപ്പായുടെ ബെഡ്ഡിനരികെ വന്നു നിന്നതല്ലാതെ ഒരക്ഷരം പറയാന്‍ റോണിക്കു കഴിഞ്ഞില്ല. എന്തു പറയണം? എങ്ങനെ തുടങ്ങണം? റോണിക്കറിയില്ല. അല്പനേരം കൂടി പപ്പായുടെ ബെഡ്ഡിനരികെ നിന്നശേഷം അവന്‍ ഷേര്‍ലിച്ചേച്ചിയുടെയടുത്ത് സോഫായില്‍ ചെന്നിരുന്നു.
    ''നീയെങ്ങനെയാ ഈ വിവരമറിഞ്ഞെ?'' ഷേര്‍ലി ചോദിച്ചു.''ചാനലിലൊക്കെയുണ്ടായിരുന്നു. ആദ്യം വന്ന ന്യൂസ് പപ്പാ മരണപ്പെട്ടെന്നാ. പിന്നെ മരിച്ചിട്ടില്ലെന്നു തിരുത്തുവന്നു.'' റോണി പറഞ്ഞു. 
    ''വാ... പുറത്തുനിന്നു സംസാരിക്കാം.'' ഷേര്‍ലി റോണിയെയും കൂട്ടി റൂമിനു വെളിയിലേക്കിറങ്ങി.
''റോണി, നീ ഇപ്പഴിങ്ങോട്ടു വരണ്ടായിരുന്നു. അയാള്‍ വെട്ടി മുറിവുണ്ടാക്കിയതിനെക്കാള്‍ വലിയ മനോവേദനയാ പപ്പായിപ്പോഴനുഭവിക്കുന്നത്.'' ഷേര്‍ലി പറഞ്ഞു.
''എന്നോടു പെണക്കോം വിരോധോം പപ്പയ്ക്കുണ്ട്. എന്നാലും ഞാന്‍ പപ്പായുടെ മകനല്ലേ ചേച്ചീ.''
''അതെ. മകനാണ്. നിന്നേം  എന്നേം പപ്പാ സ്‌നേഹിച്ചിട്ടില്ലാന്നു വിചാരിക്കുന്നുണ്ടോ?''
''ഞാന്‍ ജീനായെ സ്‌നേഹിച്ചു. അവളെന്നെയും. അവളുടെ അപ്പനു മനോരോഗമുണ്ടെന്നൊന്നും ഞാനറഞ്ഞിരുന്നില്ല. ഒരു ദിവസം അവള്‍ ആ വിവരം, എന്നെ അറിയിച്ചു. വിങ്ങിപ്പൊട്ടിക്കൊണ്ട് നമുക്കു പിരിയാമെന്ന് അവള്‍ പറഞ്ഞതാണ്. ഞാനവളെ ആശ്വസിപ്പിച്ചു. അപ്പന്റെ മനോരോഗം ഞാനൊരിക്കലും പ്രശ്‌നമാക്കുന്നില്ലെന്നു പറഞ്ഞു. ജീവിതത്തിലൊരിക്കലും അക്കാര്യം പറഞ്ഞ് അവളെ വേദനിപ്പിക്കില്ലെന്നും പറഞ്ഞു. നമ്മുടെ വീട്ടില്‍ ഞാനീക്കാര്യം പറഞ്ഞപ്പോള്‍ വലിയ കോലാഹലമുണ്ടായത് ചേച്ചിയോര്‍ക്കുന്നില്ലേ.''
''ഓര്‍ക്കുന്നുണ്ട്. നിന്റെ നല്ല ഭാവിക്കുവേണ്ടിയാ പപ്പായും മമ്മിയും കല്യാണത്തെ എതിര്‍ത്തത്.'' 
''ഞാന്‍ ജീനായെ ഉപേക്ഷിക്കണമായിരുന്നോ ചേച്ചീ?''
''ഞാനങ്ങനെ പറഞ്ഞില്ലല്ലോ. നിങ്ങടെ സന്തോഷം മാത്രമേ ഞാനാഗ്രഹിച്ചുള്ളൂ. പപ്പാ വീട്ടീന്നു നിങ്ങളെ ഇറക്കിവിട്ടപ്പോള്‍ ഞാനും മമ്മിയും കരഞ്ഞു. പപ്പായോട് എതിര്‍ത്തുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. നിനക്കു നല്ലൊരു ജോലിയുള്ളതുകൊണ്ട് രണ്ടുപേര്‍ക്കും സന്തോഷത്തോടെ ഒറ്റയ്ക്കു താമസിക്കാമല്ലോയെന്നും കരുതി.''
''സന്തോഷമായിരുന്നു. ഒത്തിരി സന്തോഷത്തോടെയാ ഞങ്ങള്‍ ജീവിച്ചത്.''
''പിന്നെ നിങ്ങള്‍ക്കിടയില്‍ എന്താ ഉണ്ടായെ?''
''ചേച്ചിയോടു പറയാന്‍ വയ്യാത്ത ഒരു സംഭവമുണ്ടായി. അതാണ് എല്ലാ ദുരന്തത്തിനും കാരണം.''
''അവള്‍ തനിയെ മരിച്ചതല്ലേ?''
''ആയിരിക്കും.''
''നിനക്കതില്‍ സംശയമുണ്ടോ?''
''അവളുടെ വലിയ അയോഗ്യത അറിഞ്ഞുകൊണ്ട്, വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഞാനവളെ വിവാഹം ചെയ്തില്ലേ? അതവള്‍ ഓര്‍ക്കേണ്ടതായിരുന്നില്ലേ?'' 
''മതി. എന്നോടു പറയാന്‍ വയ്യാത്ത സംഭവം നിന്റെ മനസ്സില്‍ത്തന്നെ വച്ചേക്ക്. എനിക്കാരുടേം രഹസ്യം അറിയണമെന്നില്ല. എന്റെ മനസ്സിലുമുണ്ടെടാ ചില രഹസ്യങ്ങള്‍. വെളിപ്പെടുത്താത്തത് നിന്റെ നന്മയ്ക്കുവേണ്ടിയാ.''
റോണി വിസ്മയത്തോടെ ഷേര്‍ലിയെ നോക്കി.
''ജീനാ, ചേച്ചിയോട് എന്തെങ്കിലും പറഞ്ഞിരുന്നോ?''
''പേടിക്കണ്ട. അവളൊന്നും പറഞ്ഞിട്ടില്ല. ഒന്നു പറയാം. അവള്‍ നല്ലവളായിരുന്നു. നിന്നെയവള്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു. നീ സ്‌നേഹിച്ചതിലുമധികം.''
''തെറ്റ് എന്റെ ഭാഗത്താ. ഞാന്‍ കാരണമാ ജീനാ മരിച്ചത്... ഒരു ദിവസംപോലും എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല ചേച്ചീ. ജീവിതത്തിലിനിയൊരിക്കലും മനസ്സമാധാനമെനിക്കുണ്ടാകില്ല.'' റോണി വിങ്ങിപ്പൊട്ടി.
''വിഷമിക്കാതെടാ. മറക്കാനുള്ള വലിയ ഒരു കഴിവ് മനുഷ്യനു ദൈവം നല്‍കീട്ടൊണ്ട്. ജീനായെ നീ മറക്കും. ഞാന്‍ മറക്കും. അവളുടെ രക്ഷിതാക്കള്‍ മറക്കും. സകലരും മറക്കും. ജീവിതത്തില്‍ പുതിയ സ്‌നേഹബന്ധങ്ങള്‍ വളര്‍ന്നുവരികയും ചെയ്യും.''
''ഷേര്‍ലീ... മോളേ...ഷേര്‍ലീ.'' റൂമില്‍നിന്നു മാത്തുക്കുട്ടി വിളിക്കുന്നതു കേട്ടു.
''എടാ... പപ്പാ വിളിക്കുന്നു... ഞാന്‍ ചെല്ലട്ടെ. നീ പൊയ്‌ക്കോ.'' ഷേര്‍ലി അങ്ങനെ പറഞ്ഞ് അകത്തേക്കു കയറി.
റോണി എന്തു ചെയ്യണമെന്നറിയാതെ റൂമിനു വെളിയില്‍ ത്തന്നെ നിന്നു. വിവിധങ്ങളായ ചിന്തകള്‍ അവന്റെ മനസ്സിലേക്കിരമ്പിക്കയറി. മാനസികരോഗിയാണെങ്കിലും ജീനായുടെ അപ്പന്‍ അവളെ സ്‌നേഹിച്ചിരുന്നു. തന്റെ പപ്പാ അവളെ കൊല്ലിച്ചതാണെന്ന് അയാള്‍ കരുതുന്നു. പ്രതികാരം ചെയ്യാനെത്തിയതാണ്. ഭാഗ്യംകൊണ്ടു മാത്രം പപ്പാ മരണപ്പെടാതെ രക്ഷപ്പെട്ടു. പപ്പായുടെ പക്കല്‍ ലൈസന്‍സുള്ള റിവോള്‍വറുണ്ടായിരുന്നു. അതെടുത്തു പ്രയോഗിച്ചിരുന്നെങ്കില്‍ ജീനായുടെ പപ്പായും മരണപ്പെടുമായിരുന്നു. ഒരു മഹാദുരന്തമാണ് വഴിമാറിപ്പോയത്. ഇപ്പോള്‍ പാലച്ചുവട്ടില്‍ ജോസ് ഭ്രാന്താശുപത്രിയിലെ സെല്ലിലാണ്. ഇനിയൊരിക്കലും വെളിച്ചം കാണില്ല. നരകയാതനയനുഭവിച്ച് ഒരു ദിവസം ആ മനുഷ്യന്‍ അവസാനിക്കും. എന്തൊരു ദുര്‍വിധി!  
ഇടനാഴിയിലൂടെ മമ്മി നടന്നു വരുന്നത് റോണി കണ്ടു. ഫ്‌ളാസ്‌കും മറ്റൊരു കൂടും തൂക്കിപ്പിടിച്ചിട്ടുണ്ട്. മേരിക്കുട്ടി അടുത്തെത്തി നിന്നു. 
ഒരു 'പേക്കോലം'പോലെ വികൃതമായി കാണപ്പെട്ട മകനെ അവര്‍ ഉറ്റുനോക്കി. സങ്കടംകൊണ്ട് മേരിക്കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു. 
''നീയെപ്പോ വന്നടാ.'' മമ്മി തിരക്കി.
''കുറേ നേരമായി.''
''പപ്പായെ കയറിക്കണ്ടോ?''
''കണ്ടു.''
''ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഓടിക്കയറിവന്ന് വെട്ടുകല്ലായിരുന്നോ? കര്‍ത്താവു കാത്തു.'' മേരിക്കുട്ടി പറഞ്ഞു.
''ഞാന്‍ കാരണം എല്ലാവര്‍ക്കും എന്തെല്ലാം ബുദ്ധിമുട്ടുകളാ ഉണ്ടാകുന്നെ.'' റോണി പറഞ്ഞു.
 ''സുബോധമില്ലാത്ത മനുഷ്യനാ ഓര്‍ക്കാപ്പുറത്ത് പാഞ്ഞു ചെന്ന് പത്രം വായിച്ചോണ്ടിരുന്ന പപ്പായെ വെട്ടിയത്. ദൈവാനുഗ്രഹംകൊണ്ട് ഇത്രയല്ലേ പറ്റിയുള്ളൂ.''
''ഇതെന്താ മമ്മീ, ഈ കൂടിനകത്ത്?''
''പപ്പായ്ക്കുള്ള ഭക്ഷണമാ. പച്ചക്കപ്പ പുഴങ്ങിയതും മത്തിക്കറിയും വേണോന്ന് ഇവിടുന്നു വിളിച്ചുപറഞ്ഞു.'' പെട്ടെന്നൊണ്ടാക്കിക്കോണ്ടു പോന്നതാ. നെനക്കും കൂടെ കഴിക്കാം. വാ.'' മേരിക്കുട്ടി ക്ഷണിച്ചു.
''വേണ്ട മമ്മി. എനിക്കു വിശപ്പൊട്ടുമില്ല.''
''ഒന്നും നേരേ ചൊവ്വേ കഴിക്കുന്നില്ലെന്നു കണ്ടപ്പഴേ തോന്നി.''
''ഞാന്‍ പോകുകാ മമ്മീ. പപ്പാ എന്നോടൊന്നും മിണ്ടിയില്ല. കണ്ടപ്പം മുഖം കാണിക്കാതെ തിരിഞ്ഞുകിടന്നു.''
''എടാ.... പപ്പാ മരണത്തീന്നു കഷ്ടിച്ചു രക്ഷപ്പെട്ടതാ. ഇനിയും ഏതുനേരവും പേടിച്ചു ജീവിക്കേണ്ട ഗതികേടിലാ. എന്തേരെ വെഷമം കാണുമാ മനസ്സില്. നിന്നേം അവളേം വീട്ടില്‍ കേറ്റാതിരുന്നതു തെറ്റായിപ്പോയി. പപ്പാ നിന്റെയീ കല്യാണത്തിനെതിരുനിന്നതൊക്കെ നിന്റെ നന്മയ്ക്കായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നില്ലേ?''
ഉത്തരമില്ലാതെ, മറുപടിയില്ലാതെ റോണി തലകുനിച്ചുനിന്നു.
''എടാ, ഇനിയെങ്കിലും ഒറ്റയ്ക്കിങ്ങനെ വാടകവീട്ടില്‍ കെടക്കാതെ നമ്മുടെ വീട്ടില്‍ വന്നു താമസിക്ക്. കഴിഞ്ഞതൊക്കെ മറക്ക്. ഷേര്‍ലി പപ്പായേം കൂട്ടി അവിടെവന്ന് നിന്നെ വിളിച്ചതല്ലേ?''
''മമ്മീ, ജീനായെ കാല്‍ ചവിട്ടാന്‍ സമ്മതിക്കാത്ത ആ വീട്ടിലേക്ക് അവള്‍ മരിച്ചുകഴിഞ്ഞതേ ഞാന്‍ വന്നു താമസിച്ചാല്‍ അവളുടെ ആത്മാവ് സഹിക്കുമോ?''
''ഞാനിനിയൊന്നും പറയുന്നില്ല. നീ ആത്മാവിനോടൊപ്പം അവിടെത്തന്നെ കഴിയ്.''
മേരിക്കുട്ടി മുന്നോട്ടു നടന്ന് മുപ്പത്തിനാലാം നമ്പര്‍ റൂമിലേക്കു കയറി. മാത്തുക്കുട്ടിയപ്പോള്‍ നേരിയ മയക്കത്തിലായിരുന്നു. ഷേര്‍ലി പത്രം മടക്കിവച്ച് എഴുന്നേറ്റു.
''പപ്പായ്ക്ക് ഇപ്പം എങ്ങനെയുണ്ട് മോളേ?'' മേരിക്കുട്ടി തിരക്കി. 
''രാത്രി ഞെട്ടിയെഴുന്നേറ്റ് ഒച്ചയുണ്ടാക്കുന്നുണ്ട്. മറ്റു കുഴപ്പമൊന്നുമില്ല മമ്മീ.''
''എന്നു പോകാമെന്നു ഡോക്ടര്‍ പറഞ്ഞോ?'' 
''നാളെ കഴിഞ്ഞു പോകാമെന്നാ പറഞ്ഞത്. ഒരു കൗണ്‍സിലിങ്കൂടി കൊടുക്കണമെന്നു പറഞ്ഞു. സൈക്കോളജിസ്റ്റ് ഇവിടെയുണ്ട്.''
''പപ്പാ... വല്ലാതെ പേടിച്ചിട്ടുണ്ട്. അയാള്... ആ ഭ്രാന്തന്‍ കലിയിളകി അലറിക്കൊണ്ടുവന്ന് തുരുതുരാ വെട്ടുകല്ലായിരുന്നോ? ചോരയില്‍ കുളിച്ച പപ്പായെയെടുത്ത് ആംബുലന്‍സില്‍ കയറ്റി ക്കൊണ്ടുപോകുന്ന കാഴ്ച കണ്ട് എന്റെ തലകറങ്ങി. ഹൊ! ആ ഒരു ദിവസം, ഓര്‍ക്കുമ്പം പേടിയാകുകാ. ധൈര്യത്തോടെ വലിയ ചൂരല്‍വടിയെടുത്ത് നീയയാളുടെ തലയ്ക്കടിച്ചതുകൊണ്ടാ പപ്പാ രക്ഷപെട്ടത്. അപ്പഴത്തേക്കും എവിടുന്നൊക്കെയോ ആളുകളും ഓടിക്കൂടി. അല്ലായിരുന്നെങ്കില്‍ ഭ്രാന്തന്‍ എല്ലാരേം വെട്ടിക്കൊല്ലുമായിരുന്നു.'' മേരിക്കുട്ടി പറഞ്ഞു.
അമ്മയും മകളും തമ്മിലുള്ള സംസാരംകേട്ട് മാത്തുക്കുട്ടി മയക്കത്തില്‍നിന്നുണര്‍ന്നു.
''എടീ... മോളേ... എനിക്കൊന്നെണീക്കണം.'' മാത്തുക്കുട്ടി പറഞ്ഞു. മേരിക്കുട്ടിയും ഷേര്‍ലിയും ചേര്‍ന്ന് താങ്ങി അയാളെ എഴുന്നേല്പിച്ചിരുത്തി. പിന്നെ മുഖം കഴുകിച്ചു.
''നീയെപ്പഴെത്തി?'' മാത്തുക്കുട്ടി ഭാര്യയെ നോക്കി.
''ഞാനിപ്പം വന്നതേയുള്ളൂ.'' മേരിക്കുട്ടി പറഞ്ഞു.
''അവന്‍ പോയല്ലേ!''
''പോയി.'' ഷേര്‍ലി പറഞ്ഞു.
''ഇനി എന്നെ കാണാന്‍ വന്നേക്കരുതെന്നു വിളിച്ചു പറഞ്ഞേക്കണം.'' മാത്തുക്കുട്ടി കര്‍ശനമായി പറഞ്ഞു. 
അപ്പോള്‍ ഡോറില്‍ ആരോ മുട്ടുന്ന ശബ്ദമുണ്ടായി. ഷേര്‍ലി ചെന്നു വാതില്‍ തുറന്നപ്പോള്‍ മാത്തുക്കുട്ടിയുടെ സ്‌നേഹിതനായ പനമറ്റം സണ്ണിക്കുട്ടി മുറിയിലേക്കു  കയറി വന്നു.
സണ്ണി സ്‌നേഹിതന്റെ കൈയില്‍പ്പിടിച്ച് മുഖത്തുറ്റുനോക്കി നിശ്ശബ്ദനായി ഒരു നിമിഷം നിന്നു.
''ഇങ്ങനെയൊരു കാഴ്ച തമ്മില്‍ ഉണ്ടാകേണ്ടതല്ലായിരുന്നു. കല്ലറയില്‍ സ്വപ്നമായി സ്വസ്ഥമായി കിടക്കേണ്ടതാ.'' മാത്തുക്കുട്ടി വികാരാധീനനായി പറഞ്ഞു.
''ഇതു ചെയ്തവനെ പൊലീസ് പിടികൂടിയില്ലേ?''
''വട്ടനല്ലേ? മുഴുവട്ടന്‍! അവന്‍ പോലീസിനു കീഴടങ്ങി. മനോരോഗാശുപത്രീലെ സെല്ലിലാക്കിയെന്നു കേട്ടു. എന്നെ കൊന്നിരുന്നെങ്കിലും അവനെ ശിക്ഷിക്കാന്‍ വകുപ്പില്ലല്ലോ. മനോരോഗിയല്ലേ.''
''ഭാഗ്യംകൊണ്ട് രക്ഷപെട്ടു അല്ലേ?''
''ഭാഗ്യം കൊണ്ടൊന്നുമല്ല. ഈ നില്‍ക്കുന്ന എന്റെ മോള്, അവളവന്റെ തലയ്ക്ക് ചൂരലിനടിച്ചോടിച്ചതുകൊണ്ടാ രക്ഷപെട്ടത്.''
''ഹൊ! അതറിഞ്ഞില്ല.''
''ഈ സത്യം തന്നോടേ പറഞ്ഞിട്ടുള്ളൂ. പുറത്തായാല്‍ പോലീസ് അവളുടെ പേരില്‍ കേസെടുക്കും.''
''ഇല്ല. ഞാനാരോടും പറയില്ല.''
''സണ്ണിക്കുട്ടി എനിക്കൊരു സഹായം ചെയ്യണം.''
''പറയ് എന്താണെന്ന്.''
''പാലച്ചുവട്ടില്‍ ജോസിനെ ഭ്രാന്താശുപത്രീന്ന് ഇറക്കിവിടുകേലെന്നൊന്നും ഉറപ്പിക്കാനാവില്ല. നോട്ടക്കാരെപ്പറ്റിച്ച് അവന്‍ ചാടിപ്പോരാനും സാധ്യതയുണ്ട്. അതുകൊണ്ട് നല്ലൊരു വക്കീലിനെക്കണ്ട് കോടതീന്ന് എനിക്കൊരു പോലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പാടാക്കിത്തരണം.''
''അതു ചെയ്യാം മാത്തുക്കുട്ടി. എന്റെ മകന്‍ നിക്‌സണ്‍ അഡ്വക്കേറ്റാണല്ലോ.''
''അതിനു വരുന്ന ചെലവ് എത്രയാണെന്നാല്‍ പറഞ്ഞാല്‍ മതി.''
''നമ്മള് തമ്മില്‍ പൈസാക്കണക്ക് പറയണോ? ഞാനുടനെ ഇതു ചെയ്തിരിക്കും.'' പനമറ്റം സണ്ണി ഉറപ്പുനല്‍കി.
''മകള്, ടെസി നിന്റെ വീട്ടിലേക്കു പോന്നു, അല്ലേ.''
''പോന്നു. അല്ലാതെ അവിടെയെന്തിനിനി നിര്‍ത്തുന്നു?''
അധികം താമസിയാതെ പനമറ്റം സണ്ണി യാത്ര പറഞ്ഞു പോയി.

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)