രാത്രി വൈകിയുള്ള മത്സരം. ഉറക്കമിളച്ചു കാത്തിരുന്ന ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി ഇതാദ്യമായി ഇന്ത്യന്‍ വനിതകള്‍ ലോകകപ്പില്‍ മുത്തമിടുമ്പോള്‍ പിറന്നുവീണത് പുതുചരിത്രം. വഴിമാറിയത് വര്‍ഷങ്ങളായ കാത്തിരിപ്പും. 2006 ലും 2017 ലും കലാശക്കളിയില്‍ കാലിടറി വീണ ഇന്ത്യ ഇത്തവണ ഹര്‍മീത് കൗര്‍ എന്ന പഞ്ചാബി പെണ്‍കുട്ടി നയിച്ച ഇന്ത്യന്‍ പെണ്‍പടയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ മുന്നില്‍ കിരീടഭാഗ്യമായി അവതരിച്ചു.
ഞായറാഴ്ച നവിമുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ ഓരോ പുല്‍നാമ്പുകള്‍ക്കുപോലും തീ പിടിച്ചു കാണും. 35000 ത്തോളം വരുന്ന നിറഞ്ഞ ഗാലറികളുടെ ആരവങ്ങള്‍ക്കു നടുവിലൂടെ ലോകജേതാക്കള്‍ക്കുള്ള ട്രോഫിയുമായി ഇന്ത്യന്‍താരങ്ങള്‍ നൃത്തം വയ്ക്കുമ്പോള്‍ ഭാരതം കണ്ണിമയ്ക്കാതെ നോക്കിനിന്നത് ജേതാക്കളുടെ ആഘോഷത്തെ മാത്രമല്ല, ഭാരതീയ പെണ്‍കരുത്തിന്റെ വിളംബരത്തെക്കൂടിയാണ്.
ആരാണു പറഞ്ഞത് വനിതാ ക്രിക്കറ്റു കാണാന്‍ ആളില്ലെന്ന്? ഒഴിഞ്ഞ ഗാലറികള്‍ക്കു മുന്നില്‍ മത്സരങ്ങള്‍ നടന്നിരുന്ന കാലമൊക്കെ പോയി. ഫൈനലിനു തലേന്നുതന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
കരിഞ്ചന്തയില്‍ പതിനായിരമോ പതിനയ്യായിരമോ കൊടുത്തു ടിക്കറ്റു വാങ്ങാന്‍ ആളുണ്ടായി.
ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍, സച്ചിന്‍, കോലി, ധോണി, രോഹിത്, ഗില്‍ ഇങ്ങനെയുള്ള പേരുകളില്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന കാലം മാറുന്നു. സ്മൃതി മന്ഥനയെ അറിയാത്തവര്‍ ഇപ്പോള്‍ ആരാണുള്ളത്? ഹര്‍മന്‍പ്രീത് കൗര്‍, ഷെഫാലി വര്‍മ, ജെമീമാ റോഡ്രിഗ്‌സ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ വേറെയും പിന്നാലെ വരുന്നു.
കേവലം ഒരു ലോകകപ്പ് വിജയത്തിലൊരുങ്ങുന്നില്ല. ഈ നേട്ടമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യന്‍ വനിതാക്രിക്കറ്റിന് ഏറ്റവും വലിയ മേല്‍വിലാസമാണ് ഈ വിജയം സമ്മാനിച്ചത്. പിന്നാമ്പുറത്ത് നാണിച്ചും ആലോചിച്ചും മടിച്ചും നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഈ വിജയം തീര്‍ച്ചയായും ഒരു പ്രചോദനമാണ്. 1983 ലെ കപിലിന്റെ ലോകകപ്പ് വിജയത്തിനുശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് വിപ്ലവമുണ്ടായതുപോലെ വനിതാക്രിക്കറ്റിനും പുത്തന്‍ ഉണര്‍വു പ്രതീക്ഷിക്കാം. തിരിച്ചുവരവുകളുടേതായിരുന്നു ഈ ലോകകപ്പ്. നേരിയ മാര്‍ജിനില്‍ പല മത്സരങ്ങളും തോറ്റ് പുറത്താകലിന്റെ വക്കില്‍നിന്നാണ് അവസാനമത്സരങ്ങള്‍ ജയിച്ച് ഇന്ത്യ സെമിയിലേക്കു കടന്നത്. ടൂര്‍ണമെന്റ് പുരോഗമിക്കവേ കാലിനു പരിക്കേറ്റു പിന്‍വാങ്ങേണ്ടി വന്ന ഓപ്പണര്‍ പ്രതികാ റാവലിന്റെ പിന്‍മാറ്റം, തിരിച്ചടിയായേക്കുമെന്നു ഭയപ്പെട്ടു. അതുവരെയുള്ള മത്സരങ്ങള്‍ വീട്ടിലിരുന്നു കണ്ട ഷെഫാലി വര്‍മ്മയുടെ തിരിച്ചുവരവാണ് പിന്നെ നാം കണ്ടത്. പാതിവഴിയില്‍ കൂടെക്കൂടിയ ഷെഫാലി ഫൈനലില്‍ തകര്‍പ്പന്‍ ഇന്നിങ്‌സോടെ കളിയിലെ താരമായി. സേവാഗിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടുകളുമായി ഈ പെണ്‍കുട്ടി കളം നിറഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പന്തേറുകാര്‍ക്കു മറുപടി ഇല്ലാതെ പോയി.
അതുപോലെയാണ് ജെമീമ റോഡ്രിഗ്‌സിന്റെ കാര്യവും. ആദ്യകളിയില്‍ മോശം പ്രകടനം കാഴ്ചവച്ച ജമീമയെ കോച്ച് മംജുദാര്‍ ഇംഗ്ലണ്ടിനെതിരായ കളിയില്‍ ബഞ്ചിലിരുത്തി. പക്ഷേ, സെമിയില്‍ ജമീമയുടെ ഉഗ്രന്‍ തിരിച്ചുവരവു നാം കണ്ടു. ലീഗില്‍ ഇന്ത്യയെ തോല്പിച്ച ഓസീസിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് തകര്‍ത്തത് ഈ മുംബൈ പെണ്‍കുട്ടിയുടെ ഉജ്ജ്വല ഇന്നിംഗ്‌സ് ആയിരുന്നു. പുറത്താകാതെ സെഞ്ചുറി നേടിയ ജമീമ റോഡ്രിഗ്‌സ് പാളയത്തിലേക്കു പടനയിച്ചപ്പോള്‍ ഇന്ത്യ സ്വപ്ന ഫൈനലിലേക്ക് ഒരിക്കല്‍ക്കൂടി കാലെടുത്തുവച്ചു.
കളത്തിലെ പോരാളികളെക്കുറിച്ചു പറയുമ്പോള്‍ കളത്തിനു പുറത്തെ കപ്പിത്താനെക്കുറിച്ചു തീര്‍ച്ചയായും പറയണം. അമോല്‍ മംജുദാര്‍ ഒരുകാലത്ത് ഇന്ത്യന്‍ ആഭ്യന്തരക്രിക്കറ്റിലെ സൂപ്പര്‍താരം. പ്രഫഷണല്‍ ക്രിക്കറ്റില്‍ 30 സെഞ്ച്വറികള്‍ ഉള്‍പ്പെടെ റണ്‍സ് വാരിക്കൂട്ടിയ മംജുദാര്‍ക്ക് ദേശീയടീമില്‍ ഇടം നേടാനാവാതെ പോയത് നിര്‍ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. മംജുദാര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് അദ്ദേഹം സച്ചിന്‍-ദ്രാവിഡുമാരുടെ കാലത്ത് ജനിച്ചു എന്നതു മാത്രമാണ്. ഇന്ത്യയുടെ ഫാബുലസ് ഫൈവുകളുടെ - സച്ചിന്‍, സേവാഗ്, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ - തേരോട്ട സമയത്ത് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുകയെന്നത് എത്ര കഠിനമായിരുന്നു എന്നു പ്രത്യേകം പറയേണ്ടല്ലോ.
~ഒരൊറ്റ അന്താരാഷ്ട്ര മത്സരംപോലും കളിച്ചിട്ടില്ലാത്ത മംജുദാറിനെ ഇന്ത്യന്‍ വനിതാടീമിന്റെ ദേശീയ കോച്ചായി നിയമിച്ചപ്പോള്‍ നെറ്റി ചുളിച്ചുവരാണേറെ. പക്ഷേ, ചുമതലയേറ്റു പത്തുമാസം തികഞ്ഞപ്പോഴേക്കും അദ്ദേഹം വിമര്‍ശകര്‍ക്കു സമ്മാനിച്ചത് കന്നി വനിതാലോകകിരീടമാണ്. കളിക്കളത്തില്‍ തനിക്കു നേടാനാവാതെപോയ നേട്ടത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ഇത് എന്റെ കുട്ടികളുടെ വിജയമാണെന്നു പറഞ്ഞ് മാധ്യമബഹളങ്ങളില്‍നിന്ന് ഒഴിഞ്ഞ് വിനയാന്വിതനായി അദ്ദേഹം ഒരുങ്ങിക്കൂടുന്നു. പറച്ചിലിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്നു തെളിയിച്ച അദ്ദേഹത്തിന് പൊന്‍തൂവലായി ഈ വിജയം എന്നുമുണ്ടാകും.
ടോം കളപ്പുര
