ആ മീന്‍കാരന്റെ നീട്ടിയുള്ള വിളി കേട്ടുകൊണ്ടാണ് ആ ഗ്രാമം ദിവസവും ഉണര്‍ന്നിരുന്നത്. വര്‍ഷങ്ങളായി മുടങ്ങാതെ വീടുകളില്‍ മീന്‍ എത്തിച്ചിരുന്ന അയാള്‍ എല്ലാവര്‍ക്കും പരിചിതനും പ്രിയങ്കരനുമായിരുന്നു.
അരക്കൈയന്‍ ഷര്‍ട്ടും മടക്കിക്കുത്തിയ കൈലിമുണ്ടും തലയില്‍ ചുറ്റിക്കെട്ടിയ ചുവന്ന തോര്‍ത്തുമാണ് അയാളുടെ സ്ഥിരംവേഷം. തോര്‍ത്തിനുള്ളില്‍ തിരുകിവച്ചിരിക്കുന്ന ഒരുപൊതി ബീഡിയും തീപ്പെട്ടിയും. കാലില്‍ വള്ളിച്ചെരുപ്പ്.
സൈക്കിളാണ് സാരഥി. അതിനു പിന്നില്‍ ഭദ്രമായി കെട്ടിവച്ചിട്ടുള്ള നീല പ്ലാസ്റ്റിക് പെട്ടിയിലാണ് പല തരത്തിലുള്ള മീനുകളുള്ളത്. അവയ്ക്കുമീതേ അത്യാവശ്യത്തിന് വിതറിയിട്ടുള്ള ഐസുകഷണങ്ങളും മൂടാനുള്ള നീല പ്ലാസ്റ്റിക് ഷീറ്റും.
ടാറിട്ട റോഡില്‍നിന്നു തിരിയുന്ന ഇടവഴിയിലേക്കു കയറുമ്പോഴേ ''മീനേ... മീനേ... നല്ല പെടയ്ക്കണ മീനേ...'''എന്ന് അയാള്‍ വിളിച്ചുകൂവാന്‍ തുടങ്ങും. ഒപ്പം, സൈക്കിളിന്റെ ഹാന്‍ഡിലില്‍ പിടിപ്പിച്ചിട്ടുള്ള പീ... പീ... ശബ്ദവുമുണ്ടാകും.
അതു കേള്‍ക്കുന്നമാത്രയില്‍ വീടുകളുടെ അടുക്കളവാതിലുകള്‍ ഓരോന്നായി തുറക്കും.
പിന്നെ കുറേനേരത്തേക്ക് ആ സൈക്കിളിനുചുറ്റും സ്ത്രീകളും കുട്ടികളുമടക്കം ഒരു ജനക്കൂട്ടമുണ്ടാകും. വില്പനയ്ക്കിടയില്‍ അവരോടു കുശലം ചോദിക്കാനും തമാശകള്‍ പറഞ്ഞുചിരിക്കാനും അയാള്‍ക്കിഷ്ടമാണ്.
അയാളുടെ ശരീരത്തിനും വസ്ത്രത്തിനും തലേക്കെട്ടിനും സൈക്കിളിനും പീ... പീ... ഹോണിനും ബാലന്‍സ് കൊടുക്കുന്ന നോട്ടുകള്‍ക്കുംവരെ മീനുളുമ്പു മണമാണ്. പക്ഷേ, അതൊന്നും ആ ഗ്രാമവാസികള്‍ക്ക് ഒരു പ്രശ്‌നമേയല്ല. കാരണം, അയാള്‍ അവര്‍ക്ക് ഒരു മീന്‍കാരന്‍ എന്നതിലുപരി അവരിലൊരാളാണ്.
അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ അയാളുടെ മീന്‍പെട്ടി ഏതാണ്ട് കാലിയാകും.
പിന്നെ തൊട്ടടുത്ത തോട്ടുകടവിന്റെ പടിയിലിറങ്ങിനിന്ന് കൈകാലുകളും മുഖവും കഴുകി തലേക്കെട്ടഴിച്ചുതുടച്ച് സൈക്കിള്‍ ചവിട്ടി അയാള്‍ തിരിച്ചുപോകും. എന്നെങ്കിലും വരാനിത്തിരി വൈകിയാല്‍ ഇന്ന് സൈക്കിള്‍ വന്നില്ലല്ലോ'എന്നു പലരും ചോദിക്കാന്‍ തുടങ്ങും.
ഒരു ദിവസം വില്പനയൊക്കെ കഴിഞ്ഞ് കടവിന്റെ കല്‍പടവില്‍ ബീഡിയും വലിച്ച് വിഷാദമുഖനായി കാര്യമായി എന്തൊക്കെയോ ചിന്തിച്ചുകൊണ്ടിരിക്കെ വീട്ടുവിശേഷങ്ങള്‍ തിരക്കിയ വഴിപോക്കനായ പരിചയക്കാരനോടായി അയാള്‍ മനസ്സല്പം തുറന്നു:
മുപ്പതുവര്‍ഷത്തിലധികമായി ഈ പണി തുടങ്ങിയിട്ട്. കാര്യമായ സമ്പാദ്യമൊന്നുമില്ല. സ്വന്തമായി ഇത്തിരി മണ്ണും ഒരു കൊച്ചുവീടുമുണ്ട്. നേഴ്‌സിങ്ങിനു പഠിക്കുന്ന ഒരു മോള്മാത്രമേയുള്ളൂ. ഭാര്യ രോഗം പിടിപെട്ടുമരിക്കുമ്പോള്‍ അവള്‍ക്ക് വെറും എട്ടുവയസ്സ് പ്രായം. അന്നുമുതല്‍ ഞാനാണ് അവളുടെ അമ്മയും അച്ഛനുമെല്ലാം. അവള്‍ക്കുവേണ്ടിമാത്രമാ ഞാന്‍ ജീവിക്കുന്നതും അധ്വാനിക്കുന്നതും.'അയാളുടെ സ്വരം ഇടറിത്തുടങ്ങിയിരുന്നു.
കത്തിത്തീര്‍ന്ന ബീഡിക്കുറ്റി കല്ലേല്‍ കുത്തിക്കെടുത്തിയിട്ട് അയാള്‍ തുടര്‍ന്നു:
നട്ടെല്ലിനു തേയ്മാനമുണ്ട്. വര്‍ഷങ്ങളായി സൈക്കിള്‍ ചവിട്ടി നടുവിനു നല്ല വേദനയും. അതൊന്നും വകവയ്ക്കാതെ ഇന്നും ഈ പണി ചെയ്യുന്നത് അവളെ നല്ലൊരു നിലയിലെത്തിക്കാന്‍ വേണ്ടിയാ. ജീവിതം ബാലന്‍സ് തെറ്റി മറിയാതിരിക്കണമെങ്കില്‍ ഈ സൈക്കിള്‍ മുന്നോട്ടുചവിട്ടുകതന്നെ ചെയ്യണം. അതിനൊന്നും എനിക്കു യാതൊരു ബുദ്ധിമുട്ടുമില്ല.''
കണ്ണുകള്‍ പതിവില്ലാതെ നനയുന്നുണ്ടായിരുന്നു.
പക്ഷേ, ഇന്നലെ രാത്രിയില്‍ അവള്‍ എന്നോടു പറഞ്ഞ ചില വാക്കുകള്‍ എന്റെ ചങ്കില്‍ വല്ലാതെ കൊണ്ടു. ഞാന്‍ മീനുളുമ്പ് മണക്കുന്നവനാണത്രേ. അവള്‍ക്കു കോളേജ് ഫീസിനും ഉടുപ്പുകളും പെര്‍ഫ്യൂമും വാങ്ങാനുമൊക്കെയായി ഞാന്‍ കൊടുക്കുന്ന കാശിന് ഉളുമ്പുവാടയുണ്ടത്രേ! ഇത്രയുംകാലം അവള്‍ക്കു തോന്നാതിരുന്ന മീനുളുമ്പുനാറ്റം!''
ഇടതുകൈകൊണ്ട് ഇടയ്ക്കിടെ ഇടനെഞ്ച് തടവിക്കൊണ്ട് അയാള്‍ തുടര്‍ന്നു:
മറ്റെന്നാള്‍ കോളേജില്‍ നടക്കുന്ന രക്ഷാകര്‍ത്താക്കളുടെ മീറ്റിങ്ങിനു ഞാന്‍ ചെന്നില്ലെങ്കിലും കുഴപ്പമില്ലത്രേ. അഥവാ ചെന്നാല്‍ത്തന്നെ നന്നായി കുളിച്ച് പെര്‍ഫ്യൂം പൂശണം. അല്ലെങ്കില്‍, അവള്‍ക്കു കുറച്ചിലാണുപോലും! ങാ... അല്ലലറിയാതെ വളര്‍ന്ന് അറിവുള്ളവളായപ്പോളാണ് അച്ഛന്‍ ഉളുമ്പനാണെന്ന തിരിച്ചറിവ് മകള്‍ക്കുണ്ടായത്.''
അയാള്‍ തലേക്കെട്ടഴിച്ച് കണ്ണുകള്‍ തുടച്ചു. ഞാന്‍ പോട്ടെ, നാളെ കാണാം.''
കഴുകിയ മുഖം ഒന്നുകൂടി കഴുകി സൈക്കിള്‍ ചവിട്ടി അയാള്‍ അകന്നുപോയി.
വെട്ടുകൂലി കിട്ടിയ നോട്ടുകള്‍ കല്ലേല്‍ വച്ചിട്ട് ഒട്ടുപാലിന്റെയും ആസിഡിന്റെയുമൊക്കെ കറയും കെട്ട മണവുമുള്ള തന്റെ കൈകളും പണിവസ്ത്രങ്ങളും കഴുകാന്‍ കല്പടവിലേക്കിറങ്ങിയ ആ വഴിപോക്കനോട് അയാളുടെ വെള്ളത്തിലെ നിഴല്‍ വെറുതെ ചോദിച്ചു:
നീയൊരു ദുര്‍ഗന്ധനാണെന്ന് നാളെ നിന്റെ മോനും തിരിച്ചറിയുമോ?
ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
