ഇത്തവണ കേരളപ്പിറവിദിനത്തില്‍ മലയാളപത്രങ്ങള്‍ ജനസാമാന്യത്തെ എതിരേറ്റത് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണകായചിത്രത്തോടുകൂടിയ ഒരു പരസ്യപ്രഖ്യാപനവുമായാണ്: ''അതിദാരിദ്ര്യം അവസാനിപ്പിച്ചു.'' എന്നു പറഞ്ഞാല്‍ കേരളത്തിലിനി അതിദരിദ്രരായി ആരുമില്ലെന്നര്‍ഥം. അന്നു വൈകുന്നേരം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരെയും ഇടതുനേതാക്കളെയും ഒന്നടങ്കം അണിനിരത്തി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചും ആ പുതുവിശേഷം പങ്കുവച്ചു. ലോകത്തിനു മുന്നില്‍ കേരളം തലയുയര്‍ത്തിനില്‍ക്കുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി, വികസിതരാജ്യങ്ങളോടു കിടപിടിക്കുന്ന ജീവിതനിലവാരത്തിലേക്കു കേരളത്തെ ഉയര്‍ത്തുക എന്നതാണു നവകേരളനിര്‍മ്മിതിയുടെ പ്രധാനലക്ഷ്യമെന്നും അത് ഏറെ അകലെയൊന്നുമല്ലെന്നും, ഇതാണ് യഥാര്‍ഥകേരളസ്റ്റോറിയെന്നും പറഞ്ഞു. എന്നാല്‍, അതിദരിദ്രരായ ലക്ഷക്കണക്കിനു പേര്‍ സംസ്ഥാനത്തു ബാക്കിയുണ്ടായിരിക്കെ സര്‍ക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്നാരോപിച്ചു രണ്ടു ചടങ്ങും പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
ദാരിദ്ര്യത്തിന്റെ കണക്കെടുപ്പില്‍ പ്രതിപക്ഷത്തിനുള്‍പ്പെടെ പലര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, പേരുകേട്ട 'കേരളമോഡ'ലിന്റെ വികസനപാതയിലെ പുതിയൊരു നാഴികക്കല്ലാണ് 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പ്രഖ്യാപനമെന്നു പറയാതെ വയ്യ. ദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമെന്ന ഖ്യാതിയാണ് കേരളം ഇതുവഴി കൈവരിച്ചിരിക്കുന്നത്. തീര്‍ച്ചയായും അഭിമാനാര്‍ഹമായ കാര്യംതന്നെയിത്. എന്നാല്‍, ചരിത്രപരമായ ഈ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പിണറായി സര്‍ക്കാരിനു മാത്രമായി അവകാശപ്പെട്ടതാണോ? ഒരിക്കലുമല്ല. 1970 കളില്‍ കേരളത്തിലെ ദാരിദ്ര്യനിരക്ക് 59.8 ശതമാനമായിരുന്നെങ്കില്‍, 2021 ല്‍ നീതി ആയോഗ് നടത്തിയ പഠനമനുസരിച്ച് ഇത് 0.7 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്കായിരുന്നു ഇത്. ഇതിനുപിന്നില്‍ സംസ്ഥാനത്തു മാറിമാറി വന്ന സര്‍ക്കാരുകള്‍ വഹിച്ച പങ്ക് നാം വിലമതിക്കേണ്ടതുണ്ട്. എന്നാല്‍, 2021 ല്‍ അധികാരത്തില്‍വന്ന രണ്ടാം പിണറായി സര്‍ക്കാര്‍ ഇതിന് ആക്കം കൂട്ടിയെന്നതു വാസ്തവം.
അതിദരിദ്രരെ കണ്ടെത്തുന്നതിനായി അതിബൃഹത്തായ ഒരു കര്‍മപദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കി നടപ്പില്‍ വരുത്തിയത്. 2025 നവംബര്‍ ഒന്നിന് കേരളത്തിലെ മുഖ്യധാരാപത്രങ്ങള്‍ക്കു നല്കിയ ലേഖനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ എഴുതുന്നു: 2021 ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭായോഗത്തില്‍ത്തന്നെ എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജനം. രണ്ടു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. 1,032 തദ്ദേശസ്ഥാപനങ്ങളിലെ 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെയാണ് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവ ക്ലേശഘടകങ്ങളായി കണക്കാക്കി കണ്ടെത്തിയത്. അവരെയാണ് ഇപ്പോള്‍ അതിദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കുന്നത്. ഓരോ കുടുംബത്തിനുമായി പ്രത്യേകം പ്ലാനുകള്‍ തയ്യാറാക്കി. ഭക്ഷണം, ആരോഗ്യപരിരക്ഷ, സുരക്ഷിതഭവനം എന്നിവയ്ക്കു പുറമേ ഉപജീവനമാര്‍ഗങ്ങളും അതില്‍ ഉള്‍പ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ നമുക്കു കണ്ണുമടച്ചു വിശ്വസിക്കാമോ? അതിദരിദ്രരുടെ പട്ടിക കള്ളക്കണക്കാണെന്നാണ് പ്രതിപക്ഷനേതാവു വി.ഡി. സതീശന്‍ പറയുന്നത്. കേരളത്തില്‍ പരമദരിദ്രരായ 4.5 ലക്ഷം കുടുംബങ്ങളുണ്ടെന്ന് എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ത്തന്നെ പറഞ്ഞിരിക്കെ, സര്‍ക്കാര്‍ കണ്ടെത്തിയ അതിദരിദ്രരുടെ പട്ടികയില്‍ 64,000 കുടുംബങ്ങള്‍ മാത്രമായത് എങ്ങനെയെന്ന് അദ്ദേഹം ചോദിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം അതിദരിദ്രരായ 5,91,194 കുടുംബങ്ങള്‍ക്ക് എഎഐ കാര്‍ഡ് നല്കിയിട്ടുണ്ടെന്നു മന്ത്രി ജി. ആര്‍. അനില്‍ നിയമസഭയില്‍ മറുപടി നല്കിയിട്ടുണ്ടത്രേ. അതുപോലെതന്നെ ആശ്രയപദ്ധതിയിലുള്ള 1.5 ലക്ഷം കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തി 4.5 ലക്ഷം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമെന്ന് എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അത് 64,000 കുടുംബങ്ങളായി മാറിയത് എന്തു ചെപ്പടിവിദ്യയെന്നാണു പ്രതിപക്ഷനേതാവിന്റെ ചോദ്യം. അതുപോലെതന്നെ 2011 ലെ സെന്‍സസ്പ്രകാരം 1.16 ലക്ഷം ആദിവാസിക്കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ കേരളത്തിലുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ അതിദരിദ്രരുടെ പട്ടികയില്‍ 6400 ആദിവാസിക്കുടുംബങ്ങളേയുള്ളൂ. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിനുപേര്‍ കേരളത്തിലുണ്ടത്രേ.
ഇത്തരം എതിര്‍വാദങ്ങള്‍ പരിഗണനീയമല്ലെന്ന് ആരും പറയില്ല. അതിദാരിദ്ര്യം കണക്കാക്കാന്‍ അവലംബിച്ച മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ധനശാസ്ത്രജ്ഞരടക്കം ഒരു കൂട്ടം ചിന്തകര്‍ കഴിഞ്ഞദിവസം സര്‍ക്കാരിനു തുറന്ന കത്തെഴുതുകയുണ്ടായി. ഇത്തരം വാദങ്ങളെ വിശ്വാസയോഗ്യമായി ഖണ്ഡിക്കാന്‍ സര്‍ക്കാരിനു സാധിക്കുമോ? എങ്കില്‍, പിണറായി സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയുണ്ട്. അല്ലായെങ്കില്‍ വെറും പ്രഖ്യാപനംകൊണ്ടുള്ള മേനിപറച്ചില്‍ അവസാനിപ്പിച്ച് അതിദാരിദ്ര്യം ഒരു തരിപോലും അവശേഷിപ്പിക്കാതെ തുടച്ചുനീക്കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തുടര്‍ഘട്ടങ്ങളിലുണ്ടാവണം. ഇതില്‍ ദുരഭിമാനത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. എന്തെന്നാല്‍, അതിദരിദ്രരില്ലാത്ത നാട് രാജ്യക്ഷേമവും മനുഷ്യപുരോഗതിയും ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകളുടെയും സ്വപ്നമാണല്ലോ.
ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
