നവംബര്‍ 30
മംഗളവാര്‍ത്തക്കാലം ഒന്നാം ഞായര്‍
ഉത്പ 17:1-5, 15-19 മലാ 2:17-3:5
ഹെബ്രാ 11:1-12 ലൂക്കാ 1:5-20
ഈശോമിശിഹായില്‍ പൂര്‍ത്തീകരിക്കപ്പെട്ട രക്ഷാകരപദ്ധതിയെ കേന്ദ്രീകരിച്ച് ആണ്ടുവട്ടത്തെ വിവിധ ഘട്ടങ്ങളായി തിരിച്ച് മിശിഹാരഹസ്യങ്ങള്‍ ധ്യാനിച്ച് സ്വര്ഗീയജറുസലെമിനെ ലക്ഷ്യംവച്ച് തീര്‍ത്ഥയാത്ര ചെയ്യുന്ന ആരാധനാസമൂഹം ഇന്ന് ഒരു പുതിയ വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ്. പഴയനിയമത്തില്‍ മോശയുടെ നേതൃത്വത്തില്‍ വാഗ്ദത്തനാട് ലക്ഷ്യംവച്ചു തീര്‍ത്ഥയാത്ര ചെയ്ത ഇസ്രയേല്‍ജനം തങ്ങളുടെ യാത്രയില്‍ പല സ്ഥലങ്ങളില്‍ താവളമടിക്കുകയും (സംഖ്യ 33) അതുവരെയുമുള്ള യാത്രയില്‍ ദൈവം ചെയ്ത അനുഗ്രഹങ്ങളെ അനുസ്മരിക്കുകയും മുന്നോട്ടുള്ള യാത്രയ്ക്കുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നത് വിശുദ്ധഗ്രന്ഥത്തില്‍ കാണാം (നിയമാവര്‍ത്തനപ്പുസ്തകം). പുതിയ ഒരു ആരാധനാവര്ഷത്തിലേക്കു പ്രവേശിക്കുന്ന സഭാസമൂഹത്തിനും ഈ മംഗളവാര്‍ത്തക്കാലം അപ്രകാരമുള്ള ഒരു ഇടത്താവളമാകണം. കഴിഞ്ഞകാലത്തെ വിശ്വാസജീവിതത്തെ വിലയിരുത്തുന്നതിനും പുതിയ ഉണര്‍വോടെ ലക്ഷ്യത്തിലേക്കു യാത്ര നടത്തുന്നതിനു പദ്ധതികള്‍ തയ്യാറാക്കുന്നതിനുമുള്ള അവസരം.
മംഗളവാര്‍ത്തക്കാലം ആദ്യഞായറാഴ്ചയില്‍ ശ്രവിക്കുന്ന തിരുവചനഭാഗങ്ങളെല്ലാം മിശിഹായുടെ വരവിനായുള്ള രക്ഷാകരപദ്ധതിയില്‍ ദൈവത്തിന്റെ പ്രത്യേക ഇടപടലിനെക്കുറിച്ചും ദൈവികഇടപെടലിനോടു പ്രത്യുത്തരിച്ച് രക്ഷാകരസംഭവങ്ങളോടു സഹകരിക്കുന്ന വ്യക്തികളെക്കുറിച്ചുമാണു വിവരിക്കുന്നത്. ഒന്നാമത്തെ പ്രഘോഷണത്തില്‍ അബ്രാഹത്തിന്റെ ജീവിതത്തില്‍ ദൈവം ഇടപെടുന്ന കാര്യമാണു ശ്രവിക്കുന്നത്. അബ്രാമിനെ വിളിച്ച് അബ്രാഹമാക്കി മാറ്റുകയും ഉടമ്പടി സ്ഥാപിക്കുകയും അബ്രാഹത്തിന് ഒരു പുത്രന് ജനിക്കും എന്ന വാഗ്ദാനം നല്‍കുകയും ചെയ്യുന്നതാണ് ഉത്പത്തിപ്പുസ്തകത്തില്നിന്നുമുള്ള വചനഭാഗം.
മലാക്കിപ്രവാചകന്റെ പുസ്തകത്തില്‍നിന്നുമുള്ള രണ്ടാമത്തെ പ്രഘോഷണത്തില്‍ മിശിഹായുടെ വരവിനുമുമ്പ് അവിടുത്തേക്കു വഴിയൊരുക്കാന്‍ ഒരു ദൂതനെ, ഒരു പ്രവാചകനെ അയയ്ക്കും എന്ന കാര്യമാണ് ശ്രവിക്കുന്നത്. മലാക്കി പ്രവാചകന് പറഞ്ഞത് സ്നാപകയോഹന്നാനെക്കുറിച്ചാണ് എന്ന് ഈശോതന്നെ പറഞ്ഞിട്ടുണ്ട് (മത്താ 17:9-13).
വിശ്വാസം എന്നാല്‍ എന്താണെന്നും, ദൈവത്തിന്റെ രക്ഷാകരപദ്ധതിയോടു വിശ്വാസത്തോടെ പ്രത്യുത്തരിച്ച് സഹകരിച്ച വിശ്വാസത്തിന്റെ മാതൃകകളായ വ്യക്തികളെക്കുറിച്ചുമാണ് ഹെബ്രായക്കാര്ക്കെഴുതിയ ലേഖനത്തില്‍നിന്നും ശ്രവിക്കുന്നത്. പുതിയനിയമരക്ഷാകരപദ്ധതിയുടെ ആരംഭം കുറിക്കുന്ന സംഭവമായ സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പും അതിനോടുള്ള പ്രത്യുത്തരിക്കലുമാണ് സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത്.
സക്കറിയായും എലിസബത്തും ദൈവികവെളിപാടിനോട് എപ്രകാരം പ്രത്യുത്തരിക്കണമെന്നും രക്ഷാകരപദ്ധതിയോടു ചേര്‍ന്ന് കുടുംബബന്ധങ്ങളെ എപ്രകാരം കാണണമെന്നുമുള്ളതിനു മാതൃകയായി നമുക്കു മുമ്പില്‍ നില്ക്കുന്നു. വചനം പറയുന്നു: ആ ദമ്പതികള്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു (1:6). എങ്കിലും ജനത്തിനുമുമ്പില്‍ അവര്‍ അപമാനിതരായിരുന്നു (1:25). അവര്‍ക്ക് ഒരു കുറവുണ്ടായിരുന്നു. അവര്‍ക്കു മക്കളുണ്ടായിരുന്നില്ല. തങ്ങളുടെ കുറവുകളുടെപേരില്‍ നിരാശപ്പെടാതെ കുറവുകളെ കാണുന്ന ദൈവത്തിന്റെ മുമ്പില്‍ പ്രാര്‍ഥനകളുമായി നിരന്തരം നിന്നിരുന്ന ദമ്പതികളെയാണ് നാം കാണുന്നത്. യഹൂദനിയമമനുസരിച്ച് മക്കളില്ലാത്ത ഭാര്യയെ ഉപേക്ഷിക്കാന്‍ സക്കറിയായ്ക്കാകുമായിരുന്നു. ദൈവത്തിന്റെ മുമ്പില്‍ ആരാധനയര്‍പ്പിക്കുന്ന പുരോഹിതനായിട്ടും സക്കറിയായ്ക്കു മക്കളില്ലാത്തതിനെക്കുറിച്ച് എലിസബത്തിനു സക്കറിയായെയും അവന്റെ പൂജാവിധികളെയും കറ്റപ്പെടുത്താമായിരുന്നു. ദൈവികപദ്ധതികളോടുചേര്ന്നു പ്രവര്‍ത്തിക്കുമ്പോഴും നമുക്കുണ്ടാകുന്ന മാനുഷികകുറവുകളെയോര്ത്ത് ആകുലപ്പെടാതെ ദൈവത്തിന്റെ കാരുണ്യത്തിനായി കാത്തിരിക്കാന്‍ വചനം പഠിപ്പിക്കുന്നു. ഒരു പക്ഷേ എനിക്കുള്ള കുറവ് ദൈവത്തിന്റെ കാരുണ്യം അനുഭവിക്കാനുള്ള ഒരു ചാനലായിരിക്കും. പൗലോസ് അപ്പസ്തോലന് പറയുന്നു: ''അവിടുന്ന് എന്നോടരുള്ചെയ്യുന്നു. നിനക്ക് എന്റെ കൃപ മതി. എന്തെന്നാല്‍ ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്'' (2 കോറി 12:9).
വൃദ്ധനായ സക്കറിയായോട് ദൈവദൂതന് പറഞ്ഞു: എലിസബത്തിന് നിനക്ക് ഒരു പുത്രന് ജനിക്കും. സക്കറിയാ മാനുഷികയുക്തികൊണ്ടുമാത്രം ചിന്തിച്ച് വിധിയെഴുതി: ഇത് അസാധ്യം. ഞാന്‍ വൃദ്ധനാണ്, എന്റെ ഭാര്യ പ്രായം കവിഞ്ഞവളാണ്. എന്നാല്‍, ദൈവദൂതന് പറഞ്ഞ വാക്കുകള്‍ വചനത്തില്‍ മുന്‍കൂട്ടി പറഞ്ഞിട്ടുള്ളവയായിരുന്നു (ലൂക്കാ. 1:15=സംഖ്യ 6:3; ലൂക്കാ 1:17 = മലാക്കി 4:5). ആ വചനങ്ങള്‍ യഥാകാലം പൂര്ത്തിയാകാനുള്ളവയായിരുന്നു (ലൂക്കാ 1:20). ദൈവചനത്തെ മാനുഷികയുക്തികൊണ്ടുമാത്രം വിധിക്കാതെ അതിന്റെ മുമ്പില്‍ ഒരു സമര്‍പ്പണവും മാനുഷികമായ സഹകരണവുമാണ് ദൈവം ആവശ്യപ്പെടുന്നത്. മാനുഷികമായ ആ സഹകരണത്തിനുവേണ്ടി ദൈവം സക്കറിയായുടെ യുക്തിയെ കുറച്ചുകാലത്തേക്കു നിശ്ശബ്ദമാക്കുന്നത് നമുക്കു വചനത്തില്‍ കാണാം. നിന്റെ യുക്തിയെ കുറച്ചുകാലത്തേക്കു മൂകമാക്കി തമ്പുരാന്റെ യുക്തിയോട് (വചനത്തോട്) ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് ദൈവദൂതന് സക്കറിയായ്ക്കു നല്‍കുന്നത്.
ദൈവത്തിന്റെ പദ്ധതിയെ മനുഷ്യയുക്തിയിലേക്കൊതുക്കാന് സാധ്യമല്ല. ദൈവത്തിന്റെ വചനത്തോട് മനുഷ്യയുക്തിയെ ചേര്‍ത്തു പ്രവര്‍ത്തിക്കുകയാണ് ആവശ്യമായിരിക്കുന്നത്. ദൈവികപദ്ധതിയോടു മനുഷ്യന് സഹകരിക്കുമ്പോള്‍ മനുഷ്യചരിത്രം മംഗളകരമായി മാറുന്നു. അവിടെനിന്നുയരുന്ന ഓരോ വാര്‍ത്തയും മംഗളവാര്ത്തയാകുന്നു.
ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
