•  27 Nov 2025
  •  ദീപം 58
  •  നാളം 38
കൗണ്‍സലിങ് കോര്‍ണര്‍

വകതിരിവില്ലാത്ത വാശിയും പിടിവിട്ട പ്രതികരണങ്ങളും

   കേരളത്തിലെ വളരെ പാരമ്പര്യമുള്ള ഒരു സ്‌കൂളില്‍ പഠിക്കുന്ന 11-ാം ക്ലാസുകാരി സ്‌കൂളില്‍ പോകുന്നില്ല. ഈ കുട്ടിയുമായി അവളുടെ അമ്മയും അപ്പനും എന്റെ അടുക്കല്‍ വന്നു. ട്രീസ ദത്തെടുക്കപ്പെട്ട കുട്ടിയാണ്. എന്നാല്‍, അവള്‍ക്ക് അതിന്റേതായ യാതൊരു പ്രശ്‌നങ്ങളും പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നു. വളരെ മിടുക്കിയായ ഒരു കുട്ടി. ഒരിക്കല്‍ ഈ പെണ്‍കുട്ടിയും അവളുടെ അധ്യാപകനുമായി  വാക്കുതര്‍ക്കമുണ്ടായി. ഈ കുട്ടി സ്‌കൂള്‍തല ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രാക്ടീസ് ചെയ്തപ്പോള്‍ ധരിച്ച വസ്ത്രവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം. ഈ വാക്കുതര്‍ക്കത്തിനിടയില്‍ അധ്യാപകന്‍ മറ്റു കുട്ടികളുടെ മുമ്പില്‍വച്ച് ''ചിലര്‍ ചിലരുടെ പാരമ്പര്യം കാണിക്കു''മെന്നു പറഞ്ഞത് ട്രീസയെ വളരെയധികം ക്ഷോഭിപ്പിച്ചു. അവള്‍ അധ്യാപകന്റെ കോളറില്‍ പിടിച്ചു. രംഗം വഷളായി. മറ്റ് അധ്യാപകര്‍ ഇടപെട്ടു. തന്നോടു മാപ്പു പറയാതെ തന്റെ ക്ലാസില്‍ ട്രീസയെ കയറ്റില്ലായെന്ന് അധ്യാപകനു വാശി. ട്രീസയുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍  സംഭവിച്ചുതുടങ്ങി. പെരുമാറ്റവൈകല്യങ്ങള്‍ ഉടലെടുത്തു. പ്രിന്‍സിപ്പലും മറ്റു ടീച്ചേഴ്‌സുമൊക്കെ ഉപദേശിച്ചിട്ടും അധ്യാപകന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. തെറ്റു ചെയ്യാത്ത താന്‍ മാപ്പു പറയില്ല എന്നാണ് കുട്ടിയുടെ നിലപാട്. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടും അവള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. സ്‌കൂള്‍ മാറുന്നതിനോട് അവള്‍ക്കും മറ്റു ടീച്ചേഴ്‌സിനും എതിര്‍പ്പാണ്. മറ്റു ടീച്ചേഴ്‌സിന്റെ അഭിപ്രായത്തില്‍ ട്രീസ മിടുമിടുക്കിയാണ്. 
ട്രീസ എന്റെയടുത്തു കൗണ്‍സലിങ്ങിനു വന്നശേഷം അധ്യാപകനോടു മാപ്പു പറയാന്‍ തയ്യാറായി. അത് ഗുരുവിനെ ബഹുമാനിക്കണമെന്ന തിരിച്ചറിവുകൊണ്ടായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അധ്യാപകന്‍ തന്റെ വാക്കു മാറ്റി: ''ഈ രണ്ടു മാസത്തിനിടയില്‍ അവള്‍ക്കു മാപ്പു പറയാന്‍ ഒരിക്കല്‍പ്പോലും തോന്നിയില്ല. ഇനി അതിന്റെ ആവശ്യമില്ല. എന്റെ ക്ലാസില്‍ ഞാന്‍ അവളെ കയറ്റില്ല.'' ഈ അധ്യാപകനോടു സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 
എന്തായിരുന്നു ട്രീസയുടെയും 
അധ്യാപകന്റെയും ഇടയില്‍ സംഭവിച്ചത്?

ട്രീസ വളരെ മിടുക്കിയായ കുട്ടിയാണ്. അവള്‍ നന്നായി പഠിച്ചിരുന്നു. വായനയിലൂടെ ലോകവിവരവും അവള്‍ നേടിരുന്നു. മേല്‍ സൂചിപ്പിച്ച അധ്യാപകന്‍ മനസ്സിലാക്കിവച്ചിരുന്ന പല കാര്യങ്ങളെയും ട്രീസ ഒരു വിദ്യാര്‍ഥിനിയുടെ സ്വാതന്ത്ര്യത്തോടെ തെറ്റാണ് എന്നു പറഞ്ഞിരുന്നു. പെട്ടെന്നു പ്രതികരിക്കുന്ന രീതി ട്രീസയ്ക്കുണ്ടായിരുന്നു. ഇതു ചിലപ്പോഴൊക്കെ അതിരുകടക്കുകയും ചെയ്തിരുന്നു. ഇതാവാം ട്രീസയെ അധ്യാപകന്‍ പരസ്യമായി അപമാനിക്കാന്‍ കാരണം. ട്രീസ ചെറുപ്പകാലത്തുതന്നെ താന്‍ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും ആരും ഒരിക്കലും അവളെ അത് ഓര്‍മ്മപ്പെടുത്തിയിരുന്നില്ല. പക്ഷേ, അധ്യാപകന്റെ വാക്കുകള്‍ അവളെ അതിരില്ലാതെ മുറിപ്പെടുത്തി എന്നു മാത്രമല്ല അവള്‍ വിഷാദരോഗത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തു. അത് അവളെ രണ്ടുമാസത്തോളം പഠനത്തില്‍നിന്നു പിറകോട്ടു കൊണ്ടുപോയി. സ്‌കൂളില്‍ പോകാതായി. ഈ അവസ്ഥയിലാണ് അവള്‍ എന്റെയടുക്കല്‍ എത്തിയത്.
ട്രീസയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
ട്രീസ എന്ന മിടുക്കി അധ്യാപകനോടു പൂര്‍ണമായും ക്ഷമിച്ചു! അവളുടെ ഉള്ളിലെ മുറിവുകള്‍ കരിഞ്ഞുതുടങ്ങിയിരിക്കുന്നു. മേല്‍സൂചിപ്പിച്ച അധ്യാപകന്റെ ക്ലാസിലെ പാഠങ്ങള്‍ അവളുടെ കൂട്ടുകാരില്‍നിന്ന് അവള്‍ മനസ്സിലാക്കുന്നു. ട്രീസ എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്നു എന്നതാണ് മറ്റൊരു സന്തോഷവാര്‍ത്ത. എന്നെങ്കിലും തന്റെ അധ്യാപകന്‍ തന്നെ മനസ്സിലാക്കുമെന്ന് അവള്‍ വിശ്വസിക്കുന്നു. 
എന്തുകൊണ്ട് ട്രീസയുടെ അധ്യാപകന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നു?
മേല്‍സൂചിപ്പിച്ച ചോദ്യത്തിന് യഥാര്‍ത്ഥ ഉത്തരം കണ്ടെത്തണമെങ്കില്‍ ആ അധ്യാപകനെ കണ്ടുമുട്ടണം. അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും എന്തുകൊണ്ടായിരിക്കാം ചില അധ്യാപകര്‍ ഇങ്ങനെ പെരുമാറുന്നത് എന്നു പഠിക്കുന്നത് ഉചിതമായിരിക്കും. ചുവടെ ചേര്‍ക്കുന്ന വസ്തുതകള്‍ ഇത്തരത്തിലുള്ള പെരുമാറ്റത്തിനു കാരണമാകാം.
• പൊളിച്ചെഴുതപ്പെടാത്ത, അധ്യാപക-വിദ്യാര്‍ഥി ബന്ധത്തെക്കുറിച്ചുള്ള പഴഞ്ചന്‍ ധാരണകള്‍.
• അധ്യാപകനില്‍ ഉണ്ടാകേണ്ട കാലാനുസൃതമാറ്റത്തെക്കുറിച്ചു ധാരണയില്ലാത്തതിനാല്‍
• കുടുംബപ്രശ്‌നങ്ങള്‍, സാമ്പത്തികപ്രതിസന്ധികള്‍, രോഗങ്ങള്‍ ഇവ മൂലമുള്ള ടെന്‍ഷനുകള്‍
• മറ്റു ചില മാനസികശാരീരികസാമൂഹിക പ്രശ്‌നങ്ങള്‍
ഒരധ്യാപകന്റെ പ്രശ്‌നങ്ങള്‍ മേല്‍ സൂചിപ്പിച്ചവയില്‍ ഏതായാലും അതു കുട്ടികളുടെ ഭാവിയെ ബാധിക്കാന്‍ പാടില്ല. അധ്യാപകന്റെ പക്വത, മൂല്യബോധം, സഹാനുഭൂതി, ക്ഷമ, സഹിഷ്ണുത, കുട്ടികളെ മനസ്സിലാക്കുവാനുള്ള കഴിവ്, പ്രശ്‌നപരിഹാരപാടവം, ഉചിതമായ തീരുമാനമെടുക്കാനുള്ള കഴിവ്, വികാരങ്ങളെ നിയന്ത്രിക്കുവാനുള്ള മിടുക്ക് എന്നിവ അനുകരണീയമാവണം. 
എന്തുകൊണ്ട് വിമര്‍ശനങ്ങളെ 
ക്രിയാത്മകമായി നേരിടാന്‍ 
യുവതലമുറയ്ക്കു കഴിയുന്നില്ല?

ട്രീസയും അധ്യാപകനും തമ്മിലുള്ള പ്രശ്‌നത്തെ മറ്റൊരുതലത്തില്‍ നിരീക്ഷിച്ചാല്‍ നമുക്കു മനസ്സിലാകുക നിസ്സാരകാര്യങ്ങളോട് അവളുടെ പെട്ടെന്നുള്ള പ്രതികരണരീതിയാണ്. ഇത് ഇന്നത്തെ തലമുറയുടെ ഒരു പൊതുസ്വഭാവമാണ്. അവര്‍ക്കിഷ്ടമില്ലാത്ത ഏതു കാര്യത്തോടും അവര്‍ പെട്ടെന്നു പ്രതികരിക്കും. ഇത്തരം പ്രതികരണങ്ങളില്‍ ക്ഷോഭത്തിന്റെ അംശം സാധാരണമാണ്. വീണ്ടുവിചാരമില്ലാത്ത പ്രതികരണം കുട്ടികളില്‍ പല കാരണങ്ങളാല്‍ ഉണ്ടാവാം.
• പറഞ്ഞുപറഞ്ഞുള്ള തഴക്കദോഷം.
• പല തരത്തിലുള്ള വിറ്റാമിന്‍സിന്റെ കുറവുകള്‍.
• തൈറോയ്ഡ് പോലുള്ള ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലുള്ള പ്രശ്‌നങ്ങള്‍.
• പലതരത്തിലുള്ള മാനസിക, ശാരീരിക, കുടുംബ-സാമൂഹികപ്രശ്‌നങ്ങള്‍.
• മൊബൈല്‍, കമ്പ്യൂട്ടര്‍ അടിമത്തവും ഉറക്കക്കുറവും.
• സാമ്പത്തികപ്രശ്‌നങ്ങളും ദാരിദ്ര്യവും. 
• സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള ധാരണയില്ലായ്മ.
മേല്‍സൂചിപ്പിച്ചവയൊക്കെ പെട്ടെന്നുള്ള വികാരപ്രകടനത്തിലേക്കു കുട്ടികളെ നയിക്കാം. അതായത്, ട്രീസ വികാരപ്രകടനങ്ങള്‍ അധ്യാപകനോടു സ്ഥിരമായി നടത്തിയിരുന്നു. അത് അവള്‍ക്കൊരു ശീലമായി മാറിയിരുന്നു. ഈ ശീലം അവള്‍ക്കു മാതാപിതാക്കളില്‍നിന്നു ലഭിച്ചിരുന്ന അമിതപരിഗണനയില്‍നിന്നുണ്ടായതാണ്. കാരണം, അവളുടെ സ്‌നേഹം നഷ്ടപ്പെടുന്നതിനെ അവര്‍ ഭയപ്പെട്ടിരുന്നു. ഇത്തരം ഭയവും അശാസ്ത്രീയസമീപനവും കുട്ടികളെ ദത്തെടുക്കുന്ന മാതാപിതാക്കളില്‍ കാണാറുണ്ട്.
കുട്ടികളെ ദത്തെടുക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• വളരെ ചെറുപ്പത്തില്‍ത്തന്നെ ദത്തെടുത്ത കാര്യം കുട്ടിയെ അറിയിക്കുക.
• മറ്റു കുട്ടികള്‍ക്കു നല്‍കാത്ത പ്രത്യേക പരിഗണന ഇത്തരം കുട്ടികള്‍ക്കു നല്‍കരുത്.
• ഇവര്‍ ഇവരുടെ സ്വന്തം മാതാപിതാക്കളെ കണ്ടെത്തുമെന്നും അവരെ സ്‌നേഹിക്കുമെന്നുമുള്ള ഭയം ഒഴിവാക്കുക. 
• കുട്ടിയെ ദത്തെടുത്തതിനുശേഷം ജനിക്കുന്ന കുട്ടികളുമായി ഇവരെ താരതമ്യം ചെയ്യാന്‍ പാടില്ല. കൂടാതെ ഇവര്‍ തമ്മില്‍ തരംതിരിവും ഉണ്ടാവാന്‍ പാടില്ല.
• ദത്തെടുക്കല്‍ വളരെ സാധാരണമായ ഒന്നാണെന്നു കുട്ടിയെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
ചുരുക്കത്തില്‍ ഈ കൗണ്‍സലിങ് അനുഭവത്തിലെ കഥാപാത്രങ്ങളായ ട്രീസ, അധ്യാപകന്‍, ട്രീസയുടെ മാതാപിതാക്കള്‍ എന്നിവരില്‍ മാറ്റം അനിവാര്യമായിരുന്നു. അതില്‍ ട്രീസയും മാതാപിതാക്കളും മാറ്റത്തെ ഉള്‍ക്കൊണ്ടു. ആ അധ്യാപകനിലും ഉടന്‍തന്നെ ഒരു മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)