•  27 Nov 2025
  •  ദീപം 58
  •  നാളം 38
കടലറിവുകള്‍

ആല്‍ബട്രോസ് കടല്‍പ്പക്ഷികള്‍

   ഏകദേശം ഒരു മീറ്റര്‍ നീളം. എട്ടുകിലോഗ്രാമോളം ഭാരം. ചിറകുവിരിച്ചാല്‍ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ  രണ്ടു മീറ്ററോളം നീളം. മുന്നറ്റം അല്പം വളഞ്ഞുതടിച്ച കൊക്ക്. ആല്‍ബട്രോസ് എന്ന കടല്‍പ്പക്ഷിയുടെ ഏകദേശവിവരണമാണിത്. എന്നാല്‍, ഇതിനേക്കാള്‍ വലുപ്പമുള്ള കൂട്ടരും ആല്‍ബട്രോസ്പക്ഷികള്‍ക്കിടയിലുണ്ട്. വാണ്ടറിങ് ആല്‍ബട്രോസ് എന്നയിനത്തിന് പന്ത്രണ്ടു കിലോ വരെ ഭാരമുണ്ടാകും. ഇവയുടെ ചിറകുകള്‍ തമ്മില്‍ വിരിച്ചുപിടിച്ചാലുള്ള അകലം ഏതാണ്ട് മൂന്നരമീറ്റര്‍ വരും. ചിറകുകള്‍ തമ്മിലുള്ള അകലം ഏറ്റവും കൂടുതലുള്ള പക്ഷി എന്ന ലോകറിക്കാര്‍ഡും വാണ്ടറിങ് ആല്‍ബട്രോസിനുതന്നെയാണ്. ചിറകൊന്നു ചലിപ്പിക്കുകപോലും ചെയ്യാതെ വിരിച്ചുപിടിച്ചു മണിക്കൂറുകളോളം  വായുവില്‍ തെന്നിനീങ്ങാന്‍ ഇവയ്ക്കാകും.
   ദേശാടനസ്വഭാവമുള്ളതിനാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ആല്‍ബട്രോസ്പക്ഷികളെ കാണാം. എങ്കിലും ദക്ഷിണധ്രുവപ്രദേശത്ത് ഇവയെ സാധാരണമായി കണ്ടുവരുന്നു. ചാരനിറമുള്ള സൂട്ടി ആല്‍ബട്രോസ്, ഗ്രേ ഹെഡഡ്, വാണ്ടറിങ് ആല്‍ബട്രോസ്, റോയല്‍ മുതലായവയാണ് ആല്‍ബട്രോസുകള്‍ക്കിടയിലെ പ്രധാനയിനങ്ങള്‍. ഏറ്റവും വലിയ കടല്‍പക്ഷികളാണിവ. മത്സ്യങ്ങളും സ്‌കിഡുകളും മറ്റും കടലിന്റെ മുകള്‍പ്പരപ്പിലേക്കു വരുമ്പോള്‍ ചാട്ടുളിപോലെ താഴ്ന്നുവന്ന് ഇരയെ കൊക്കിലാക്കി  പറക്കാന്‍ ആല്‍ബട്രോസുകള്‍ മിടുക്കരാണ്. നന്നായി മണംപിടിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.
ആല്‍ബട്രോസിനെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ കഷ്ടകാലം വരുമത്രേ. നാവികരുടെ പഴയ വിശ്വാസമായിരുന്നത്. അതുപോലെ പല അന്ധവിശ്വാസങ്ങളും  മീന്‍പിടിത്തക്കാരുടെ ഇടയിലുണ്ടായിരുന്നു. മീന്‍പിടിത്ത ട്രോളറുകള്‍ക്കുമുകളില്‍ ആല്‍ബട്രോസ് ചുറ്റിക്കറങ്ങുന്നതു കണ്ടാല്‍ മീന്‍പിടിത്തക്കാര്‍ അവയ്ക്കു മത്സ്യങ്ങള്‍ എറിഞ്ഞുകൊടുക്കുക ഇക്കാലത്തും കാണുന്ന കാഴ്ചതന്നെ.
മനുഷ്യരുടെ നാളത്തെ ഭക്ഷണം എന്നു ശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്ന ഒരു ജീവിയുണ്ട്, ധ്രുവക്കടലുകളില്‍. അതിന്റെ പേരാണ് ക്രില്‍. ചെമ്മീന്‍വര്‍ഗത്തില്‍പ്പെട്ട ചെറുജീവിയാണിത്. നീലത്തിമിംഗലങ്ങളടക്കമുള്ള പല ജീവികളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകള്‍. അന്റാര്‍ട്ടിക് കടലില്‍ ഇവ ധാരാളമുണ്ട്. ഭാവിയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായാല്‍ ക്രില്ലുകളായിരിക്കും മനുഷ്യരുടെ രക്ഷയ്‌ക്കെത്തുന്നതെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. നേരിയ ചുവപ്പുനിറമാണ് ക്രില്ലിന്. ചില കാലങ്ങളില്‍ ഇവ കണക്കില്ലാതെ പെരുകും. അപ്പോള്‍ കടല്‍വെള്ളംതന്നെ ചുവപ്പുനിറമാകുമത്രേ! രാത്രിയില്‍ ക്രില്ലുകളുടെ ദേഹത്തുനിന്നു പുറപ്പെടുന്ന മിന്നാമിനുങ്ങിന്റേതുപോലുള്ള പ്രകാശത്തില്‍ കടല്‍വെള്ളം പച്ചനിറത്തില്‍ തിളങ്ങുന്ന കാഴ്ചയുണ്ട്. മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളിലെ ജീവികളുടെ വിശേഷങ്ങള്‍ താളുകളില്‍ ഒതുങ്ങുന്നതല്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)