മനഃസാക്ഷിയെന്നൊരു ദൃക്‌സാക്ഷിയുണ്ടുള്ളില്‍
മൃദുലമായ് മന്ത്രിക്കാറുണ്ടിടയ്ക്ക്
മനസ്സിന്റെ ചാപല്യമെല്ലാമറിയുന്ന
മതിവന്ന ജിഹ്വയായ് സ്പന്ദിക്കുന്നു
ചപലമോഹങ്ങള്‍ പ്രലോഭിപ്പിക്കുമ്പോഴും
കപടവാഗ്ദാനങ്ങള്‍ നല്‍കുമ്പോഴും
മനഃസാക്ഷിക്കുത്തുകള്‍ നല്‍കുന്നതിനാലെന്‍
ഗതിചക്രം സത്യത്തില്‍ സഞ്ചരിപ്പൂ
മനസ്സാകും മര്‍ക്കടനിടതടവില്ലാതെ
മധുരക്കിനാവുകള്‍ കാണിക്കുമ്പോള്‍,
മനുജനിതുവരെ കാണാത്ത മാര്‍ഗത്തിന്‍
മാന്ത്രികക്കുതിരയായ് പായുമ്പോഴും
മുറുകെപ്പിടിച്ചു കടിഞ്ഞാണ്‍ചരടിന്മേല്‍
പതനത്തില്‍നിന്നെന്നെ കാത്തീടുന്നു.
ഒരുവേളപോലുമെന്‍ കുറ്റത്തെ കുറ്റമെ-
ന്നോതാതിരുന്നില്ലീ തത്തക്കിളി
അതുകൊണ്ടു ഞാനെന്നുമെപ്പോഴുമെന്‍ കര്‍ണ്ണ-
പുടമിടനെഞ്ചത്തു ചേര്‍ത്തുവയ്ക്കും
മമകര്‍മ്മമേതും ശരിയായിരിക്കുവാന്‍
അതിനൊരുസൂചന ലഭ്യമാകാന്‍
അറിയില്ലെനിക്കു മനഃസാക്ഷി തല്‍സ്ഥാന-
മിടനെഞ്ചത്താണോ എന്നുള്ള കാര്യം
അവിടുന്നിടയ്ക്കിടെ കേള്‍ക്കുന്ന മര്‍മ്മരം
മനഃസാക്ഷിതന്‍ ശബ്ദമാകുകില്ലേ?
സഖികളാണെന്നു നടിച്ചു ചിലരൊക്കെ
വഴിതെറ്റിക്കാറുണ്ടിടയ്ക്കിടയ്ക്ക്
കുറവുകള്‍ ചൂണ്ടിക്കാണിക്കാതവയൊക്കെ
ബഹുകേമമെന്നു പുകഴ്ത്താറുണ്ട്
എന്നിട്ടും പടുകുഴി തന്നില്‍ പതിക്കാതെ
ഇരവിലും പകലിലും കാത്തിടുന്നു
കണ്‍കൊണ്ടു കാണാന്‍ കഴിയുന്നില്ലെങ്കിലും
മനസ്സിലീ മാലാഖ മിന്നിനില്പൂ
മനസ്സാക്ഷിയെ ഹൃത്തിനുള്ളില്‍ പ്രതിഷ്ഠിച്ച
മഹനീയ ശക്തിക്കു നന്ദി നന്ദി!
അഡ്വ. എ.റ്റി. തോമസ് വാളനാട്ട്
