കാലത്തിന്റെ ചക്രവാളത്തില്‍ സ്മരണകള്‍ ഒരിക്കല്‍ക്കൂടി ആ ചിത്രം വരയ്ക്കുകയാണ്. മഞ്ഞുപെയ്യുന്ന രാവ്, കിടുകിടാ വിറയ്ക്കുന്ന തണുപ്പ്, എങ്ങും തിങ്ങിനില്ക്കുന്ന അന്ധകാരം. ശാന്തസാന്ദ്രമായ നിശ്ശബ്ദത.
ഒരു കൊച്ചുതൊഴുത്തിലേക്കു കുമ്പിട്ടു കണ്ണുചിമ്മി നോക്കുന്ന നക്ഷത്രക്കുരുന്നുകള്‍! പഞ്ചപുച്ഛമടക്കി നില്ക്കുന്ന കാളകള്‍, കഴുതകള്‍... അവയ്ക്കിടയില്‍ ഒരു ദരിദ്രസ്ത്രീ തന്റെ കുഞ്ഞിനെ പ്രസവിച്ചുകിടത്തുന്നു-പിള്ളക്കച്ചകള്‍കൊണ്ടുപൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍. മനുഷ്യകുലത്തിന്റെ രക്ഷകനാണ് അവിടെ പിറന്നുവീണത് - പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്.
നാസയിലെ (NASA- Space centre U.S.A)) വാനനിരീക്ഷണകേന്ദ്രത്തിന്റെ ദീര്‍ഘകാലപഠനങ്ങളും പരീക്ഷണങ്ങളും ഈ അടുത്തകാലത്തു പൂവണിയുകയുണ്ടായി: നോക്കിനോക്കി ചെന്നപ്പോഴുണ്ട് അതാ കാണുന്നു ഒരു വമ്പന്‍ നക്ഷത്രക്കൂട്ടം. അടുത്തെങ്ങുമല്ല, അങ്ങകലെ, ഇതുവരെ ആരുടെയും കണ്ണെത്താത്ത വളവുകളില്‍ - സുമാര്‍ 20 കോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം! ആ നക്ഷത്രക്കൂട്ടത്തിനുമാത്രം 50 കോടി പ്രകാശവര്‍ഷം കനമുണ്ട്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ അറിയപ്പെടുന്ന, ഇനിയും അറിയപ്പെടാത്ത ഈ പ്രപഞ്ചത്തിന്റെ വീതിവിസ്താരമെന്തായിരിക്കും? 'അനന്തമജ്ഞാതമവര്‍ണനീയം'! അതിന്റെയൊക്കെ സ്രഷ്ടാവ് എന്തേ നിസ്സഹായതയുടെ മൂര്‍ത്തീഭാവമായി ഒരു തൊഴുത്തില്‍വന്ന് അഭയം പ്രാപിക്കാന്‍?
ലോകത്തെ രക്ഷിക്കാന്‍ വന്നവനെയാണ് ഇവിടെ നാം കണ്ടുമുട്ടുക. പാപം പ്രപഞ്ചത്തിലേക്ക് അഹങ്കാരത്തിലൂടെ പ്രവേശിച്ചുവെങ്കില്‍, പരിത്രാണം വിനയത്തിലൂടെയാണ് വന്നുചേര്‍ന്നത് - നേരേ വിപരീതക്രമത്തില്‍. അഹംഭാവികളെ അടിയറവു പറയിക്കാന്‍ അവിടുന്നു വിനീതനായി വന്നു. ഫുള്‍ട്ടന്‍ ഷീന്‍ പ്രസ്താവിക്കുന്നതുപോലെ അവിടുന്ന് ഒരു ഗുഹയില്‍ പിറന്നതുകൊണ്ട്, ചെന്നവര്‍ക്കെല്ലാം അവിടെ കുമ്പിടേണ്ടിവന്നു.
എല്ലാ സുഖസന്തോഷങ്ങളും അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കുന്നതിലാണ് ജീവിതവിജയമെന്നു വിശ്വസിച്ച ലോകത്തിന് അതേ നാണയത്തില്‍ രക്ഷകന്‍ മറുപടി നല്കുന്നു! എല്ലാ സുഖസൗകര്യങ്ങളും വെടിഞ്ഞ് വേദനയുടെ ആള്‍രൂപമായി അവിടുന്നു വന്നു - ഉടഞ്ഞുപൊടിയുന്ന, അലിഞ്ഞലിയുന്ന ഗോതമ്പുമണിപോലെ. മനുഷ്യന്‍ ദൈവമാകാന്‍ ശ്രമിച്ചതാണ് ആദ്യത്തെ പാപം. ദൈവം മനുഷ്യനായിക്കൊണ്ടാണ് വിമോചനപ്രക്രിയ.
അധികാരത്തെ ധിക്കരിച്ചതാണ് ആദ്യപാപമെങ്കില്‍ അധികാരങ്ങള്‍ക്കെല്ലാം വിധേയപ്പെട്ടുകൊണ്ടാണ് വീണ്ടെടുപ്പ്.
തെറ്റ് മറ്റുള്ളവരില്‍ ചാരുകയായിരുന്നു ആദ്യത്തെ ആദം. തെറ്റുകളെല്ലാം ഏറ്റെടുത്തുകൊണ്ടായിരുന്നു പരിഹാരബലി.
ഉള്ളതിലേറെ ഭാവിച്ചുകൊണ്ടാണ് ആദ്യപാപമെങ്കില്‍ ഉള്ളതുകൂടി പരിത്യജിച്ചുകൊണ്ടായിരുന്നു പരിത്രാണം. നമുക്കായി നല്കപ്പെട്ട ശിശുവാണ് യേശു. അവന് അപ്പത്തിന്റെ ഭവനത്തില്‍ (ബെത്‌ലഹം)ത്തന്നെയാണു ജനിക്കേണ്ടത്. അതിനുവേണ്ടിയാണ് അവന്റെ മാതാപിതാക്കള്‍ അവിടംവരെ വന്നത്. പിറന്ന ഉടനെ അവന്‍ ഭക്ഷണപ്പാത്രത്തില്‍ (പുല്‍ത്തൊട്ടിയില്‍) കിടത്തപ്പെടുന്നതില്‍ പ്രതീകാത്മകത ഉണ്ടോ? ഭാവിയില്‍ അവന്‍ ജീവന്റെ അപ്പമായിത്തീരേണ്ടിയിരുന്നതിന്റെ മുന്നാസ്വാദനമായിരുന്നുവോ അത്?
ഏതായാലും, ലൂക്കാസുവിശേഷകന്‍ പ്രത്യേകം എടുത്തുപറയുകയാണ്: 'ശിശുവിനെ പുല്‍ത്തൊട്ടിയില്‍ കിടത്തി'. അതു മൃഗങ്ങളുടെ തീറ്റി കിടക്കുന്ന സ്ഥലമാണ്. കാലത്തിന്റെ അവസാനംവരെ മനുഷ്യരുടെ അപ്പമായിത്തീരേണ്ടവന്‍ പിറന്ന ഉടനെ അവിടെത്തന്നെ കിടത്തപ്പെടണമെന്നത് നൂറ്റാണ്ടുകള്‍ മുമ്പേയുള്ള ദൈവനിയോഗമായിരുന്നു.
ഇതാ, രക്ഷകന്‍ ഇനിയും അവതരിക്കാത്ത സ്ഥലങ്ങള്‍: കൊള്ളയും കൊലയും കലാപവും കാട്ടാളത്തവും അരങ്ങുതകര്‍ക്കുന്നു! അക്രമവും അഴിമതിയും അഴിഞ്ഞാടുന്നു! മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകത്തെ ഞെട്ടിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതിയ രാജ്യങ്ങളിലാണ് ഏറ്റവും കുടുതല്‍ ഭയപ്പാട്. ബോംബു ധരിച്ച ചാവേറുകള്‍ ആബേലിന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നു - അതും ദൈവനാമത്തില്‍ത്തന്നെ!
യേശുവിന്റെ സഭ പീഡിപ്പിക്കപ്പെടുന്നു. എത്രയോ സ്ഥലങ്ങളില്‍ ആദിമനൂറ്റാണ്ടുകളെ അനുസ്മരിപ്പിക്കുന്ന അതിദാരുണരംഗങ്ങള്‍ അരങ്ങേറുന്നു! ക്രൈസ്തവരക്തം തെരുവീഥികളിലൂടെ ഒഴുകുന്നു. സുഡാനിലെയും എത്യോപ്യയിലെയും ഇന്തോനേഷ്യയിലെയും പാക്കിസ്ഥാനിലെയും മറ്റും സ്ഥിതി എത്ര ദയനീയമാണ്! മതേതരത്വത്തിന്റെ മുഖമുദ്രയുള്ള മാതൃഭൂമിയുടെ സ്ഥിതിയും സമാനമല്ലേ? എത്രയെത്ര മിഷനറിമാരും വിശ്വാസികളും രഹസ്യമായും പരസ്യമായും പീഡിപ്പിക്കപ്പെടുന്നു! സന്ന്യാസിനികള്‍ മാനഭംഗം ചെയ്യപ്പെടുന്നു! സ്വതന്ത്രമായി ജീവിക്കാനുള്ള മൗലികാവകാശമാണ് നിഷേധിക്കപ്പെടുന്നത്.
സഭ ഇന്നു ദുഃഖിതയാണ്. ഒത്തിരി ഇടങ്ങളില്‍ സമാധാനത്തിന്റെ രാജാവായ യേശു ഇനിയും സംലഭ്യനാകണം.
തന്റെ അനുയായികള്‍ക്കും അനുഭാവികള്‍ക്കും ക്രിസ്തുവിനെ സമ്മാനിക്കാന്‍ നിരന്തരം പണിയെടുക്കുന്ന സഭയുടെ അന്തിമമായ ശ്രമമാണ് ഓരോ വര്‍ഷത്തെയും ക്രിസ്മസ്. പുല്‍ക്കൂട്ടില്‍ പിറന്ന ക്രിസ്തുവിനെ മനുഷ്യഹൃദയങ്ങളില്‍ പുനരവതരിപ്പിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും മകുടം ചാര്‍ത്തുമാറ് സഭ ആണ്ടുതോറും ക്രിസ്മസ് ആചരിക്കുന്നു. 'ക്രിസ്തു നമ്മില്‍ രൂപപ്പെടുന്നതുവരെ' സഭ പ്രസവവേദനയനുഭവിക്കുകയാണ്. ആ വേദനയില്‍ നമുക്കും പങ്കുചേരണം. എല്ലാവരിലും ക്രിസ്തു ജനിക്കുമാറാകട്ടെ.
ഫാ. ജോസഫ് നെച്ചിക്കാട്ട്
